വിശ്വാസത്തേക്കാൾ വലുത് വിജ്ഞാനമാകണം

ആത്യന്തികമായി എല്ലാം മാനവിക നന്മ ലക്ഷ്യം വച്ചുള്ളതാകണം. ഈ നന്മ പരിപാലിക്കപ്പെടാന്‍ മതം സഹായിക്കുമെങ്കില്‍ മാത്രം അവയെ കേള്‍ക്കുക, ഇല്ലെങ്കില്‍ എന്തിന് മടിക്കണം? മതാന്ധത പടിക്ക് പുറത്ത് നില്‍ക്കട്ടെ!

വിശ്വാസത്തേക്കാൾ വലുത് വിജ്ഞാനമാകണം

മഹാബലിയുടെ സ്ഥാനത്ത് വാമനനെ പ്രതിഷ്ഠിക്കുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുന്നു. വാമനനാണ് നമ്മുക്ക് സഹോദര്യത്തിന്‍റെ സന്ദേശം നല്‍കിയതത്രേ, അദ്ദേഹമാണ് സോഷലിസ്റ്റിക് ഫ്രീഡം ഉണ്ടാക്കിയത് എന്ന്.. ഇത്രനാള്‍ മാവേലിത്തമ്പുരാനെ അടിയങ്ങള്‍ കാത്തിരുന്നത് പൊറുക്കാനാവാത്ത തെറ്റാണ് പോലും..എന്തെല്ലാം കേള്‍ക്കണം ഈശ്വരാ?

വെറുതെ പറയുകയല്ല, കാര്യകാരണ സഹിതമാണ് വച്ചു വിളമ്പുന്നത്, അതില്‍ എരിവും പുളിവും ശ്ശി നന്നായി ചേര്‍ത്തിട്ടുമുണ്ട്. പറയുന്നത് ഇക്കൂട്ടരായത് കൊണ്ട് പലര്‍ക്കും സംശയം. ചില ദേശീയ നേതാക്കളുടെ പിന്താങ്ങല്‍ കൂടിയാകുമ്പോള്‍ പറയുകയും വേണ്ട!


അവിശ്വസനീയായ ഒരു ഐതീഹ്യം നമ്മള്‍ നാളിതുവരെ കൊണ്ടാടുന്നു, കാരണം ജാതിമതഭേദമെന്യ ഏവരും കൊണ്ടാടുന്ന സമൃദ്ധിയുടെ ഒരു ഉത്സവമാണ് മലയാളിക്ക് ഓണം.
ഇനി വേറൊരു ഇനമുണ്ട്. സ്വജാതിയോട് അവരുടെ ആഹ്വാനം ഇങ്ങനെയാണ്- "മറ്റുള്ള മതസ്ഥരെ നോക്കരുത്, ചിരിക്കരുത്, മിണ്ടരുത്..".

വളരെ സിമ്പിളായി പറയാം- 'ഇവരുടെയൊക്കെ തലയ്ക്ക് ഓളമാണ്.' ഇവരെയൊക്കെയാണ്‌ ആദ്യം അകറ്റി നിര്‍ത്തേണ്ടത്. ആത്യന്തികമായി എല്ലാം മാനവിക നന്മലക്ഷ്യം വച്ചുള്ളതാകണം. ഈ നന്മ പരിപാലിക്കപ്പെടാന്‍ മതം സഹായിക്കുമെങ്കില്‍ മാത്രം അവയെ കേള്‍ക്കുക, ഇല്ലെങ്കില്‍ എന്തിന് മടിക്കണം? ഇല്ലെങ്കില്‍ മതാന്ധത പടിക്ക് പുറത്ത് നില്‍ക്കട്ടെ.

നാളെ ഏതെങ്കിലും കത്തനാരോ, കപ്യാരോ, സുവിശേഷകനോ അല്ലെങ്കില്‍ പോപ്‌ തന്നെയോ പറയുകയാണ്‌ ദൈവഹിതം നടപ്പിലാക്കിയ ദൈവപുത്രന്‍ ഇസ്കര്യാതൊവ് യൂദയാണെന്ന്..കഴിഞ്ഞേ കാര്യം! വാദങ്ങള്‍ അവരും നിരത്തും. യേശുക്രിസ്തുവിനെ 30 വെള്ളിക്കാശിന് യൂദാസ് ഒറ്റുക്കൊടുത്തത്‌ കൊണ്ടല്ലെ ക്രൂശ് മരണം നടന്നതെന്ന് അവര്‍ വാദിക്കും. അങ്ങനെ നടന്നത് കൊണ്ടാണെല്ലോ പാപികളുടെ മോചനം സാധ്യമായത്. അങ്ങനെ നോക്കിയാല്‍ പാപമോചനത്തിന്‍റെ കാരണക്കാരന്‍ യൂദാസാണ്. അതിനാല്‍ ഇനി മുതല്‍ നമ്മള്‍ ക്രിസ്തുവിനെ മാറ്റി യൂദാസിനെ ആരാധിക്കുന്നു. തീര്‍ന്നേ കാര്യം! എവിടെ നിന്ന് എവിടെയെത്തി കാര്യങ്ങള്‍?

ഇനി മുഖ്യകാര്യത്തിലേക്ക് കടക്കാം. മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കി വാര്‍ത്തകളില്‍ ഇടം നേടാന്‍ ശ്രമിക്കുന്ന ഈ മഹത്വ്യക്തികളെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കണം. ഇവരുടെ വാക്കുകള്‍ പ്രവര്‍ത്തികള്‍ എല്ലാം നിരീക്ഷണ വിധേയമാക്കണം. നമ്മള്‍ സമാധാനമായി ചിന്തിക്കുന്നതും ജീവിക്കുന്നതൊന്നും ഇവര്‍ക്ക് പിടിച്ചിട്ടില്ല.

ഇല്ലാത്ത കാര്യങ്ങള്‍ വാക്ചാതുര്യത്തോടെ  പെരുപ്പിച്ചു കാട്ടി  മനുഷ്യനെ തമ്മില്‍ തല്ലിക്കുക എന്നുള്ളതാണ് ഇവരുടെ ജീവിതാഭിലാഷം. ഇവരെ നമ്മുക്ക് വിഷം തീനി കുറുക്കന്മാര്‍ എന്ന് വിളിക്കാം, നമ്മുടെ ചോരയ്ക്ക് കൊതിപൂണ്ടു നടക്കുന്ന കൌശലക്കാരായ വിഷം തീനി കുറുക്കന്മാര്‍!

Read More >>