തമിഴ് തൊഴിലാളികളെ തീവെച്ചു കൊന്ന കേസില്‍ തോമസ്‌ ആല്‍വ എഡിസണ് വധശിക്ഷ

എഡിസണ്‍ പുലര്‍ച്ചെ പെട്രോളുമായെത്തി മുറി പുറത്തുനിന്നും പൂട്ടി ജനലിലൂടെ തൊഴിലാളികളുടെ മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു

തമിഴ് തൊഴിലാളികളെ തീവെച്ചു കൊന്ന കേസില്‍ തോമസ്‌ ആല്‍വ എഡിസണ് വധശിക്ഷ

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ തമിഴ് തൊഴിലാളികളെ തീവെച്ചു കൊന്ന കേസില്‍ തോമസ്‌ ആല്‍വ എഡിസണ് വധശിക്ഷ.

2009 ഫെബ്രുവരി 21 ന് പുലര്‍ച്ചെ രണ്ട് മണിയോടെ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ രാത്രി ഏഴു മണിയോടെ കൂലികുടിശ്ശിക ചോദിച്ചതിനെ തുടര്‍ന്ന് രാത്രി തൊഴിലാളികളുമായുണ്ടായ വാക്കേറ്റത്തിനിടെ കരാറുകാരന്‍ തോമസ് ആല്‍വ എഡിസണെ തല്ലി മുറിയില്‍ നിന്ന് ഇറക്കിവിട്ടു. ഇതില്‍ കുപിതനായ എഡിസണ്‍ പുലര്‍ച്ചെ പെട്രോളുമായി മടങ്ങിയെത്തി മുറി പുറത്തുനിന്നും പൂട്ടി ജനലിലൂടെ തൊഴിലാളികളുടെ മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ എഡിസണും പൊള്ളലേറ്റു. ഇതില്‍ തൂത്തുക്കുടി സ്വദേശികളായ വിജയ് (22), സുരേഷ് ( 22), ടെബി(22) എന്നിവര്‍ കൊല്ലപ്പെട്ടു. എന്നാല്‍ നാലാമന്‍ 75 ശതമാനം പൊള്ളലോടെ രക്ഷപെട്ടു.


എഡിസണ്‍ വാടകയ്‌ക്കെടുത്ത മുറിയിലാണ് നാല് തൊഴിലാളികളെയും താമസിപ്പിച്ചിരുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗില്‍ കരാര്‍ ജോലികളേറ്റെടുത്തിരുന്ന എഡിസന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. പണിയെടുത്തതിന്റെ പൈസയായ 14,000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു.

രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിക്കുന്നത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്ന എഡിസണെ തമിഴ്‌നാട് പോലീസിന്റെ സഹായത്താലാണ് അന്ന് പിടികൂടിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് പറഞ്ഞാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിം പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റമാണ് ഹാജരായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനെ കോടതി ചുമതലപ്പെടുത്തി. പൊള്ളലേറ്റ നിലയില്‍ ആസ്പത്രിയിലെത്തിച്ചവരെ അവിടെ പ്രവേശിപ്പിക്കാതെ മനുഷ്യത്വരഹിതമായി പെരുമാറിയ ആസ്പത്രി ജീവനക്കാരെയും കോടതി വിമര്‍ശിച്ചു.

മരണമൊഴി എടുത്ത മജിസ്‌ട്രേറ്റ് അടക്കം 36 പേരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. മരണപ്പെട്ട മൂന്നുപേരില്‍ രണ്ട് പേരുടെയും മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിന് സാധിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആന്‍ഡ്രൂസിന്റെ മൊഴികളും പെട്രോള്‍ വാങ്ങിയ പമ്പിലെ ജീവനക്കാരുടെ മൊഴികളും കേസില്‍ നിര്‍ണ്ണായകമായി. എറണാകുളം സെന്‍ട്രല്‍ സിഐ ജി വേണുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Read More >>