മാനഭംഗത്തിന്റെ നിര്‍വചനം മാറ്റേണ്ട കാലം കഴിഞ്ഞു; ഉപദ്രവമേല്‍പ്പിക്കുന്നവരുടെ മാനമല്ലേ പോകേണ്ടത് ; കൊച്ചിയില്‍ പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ആക്രമിക്കപ്പെട്ട അശ്വിനി ദ്രാവ

പൊലീസിന്റെ ചില ചോദ്യങ്ങള്‍ നമ്മെ ഞെട്ടിക്കും. ''അവര്‍ മാറില്‍ തൊടാന്‍ വന്നുവെന്നല്ലേ അശ്വിനി ആദ്യം പറഞ്ഞത്, കയറിപിടിച്ചെന്ന് ഇപ്പോള്‍ പറയുന്നു, പിടിച്ചില്ലല്ലോ, തൊട്ടല്ലേ ഉള്ളൂ'' പൊലീസ് എന്നോട് ചോദിച്ചതാണിത്. പിടിച്ചതും തൊടലും തമ്മിലെന്താ വ്യത്യാസം. ഇരയെ വീണ്ടും വേട്ടയാടുകയല്ലേ. അവര്‍ പ്രശ്നക്കാരോ ഗുണ്ടകളോ അല്ലെന്നുള്ള പൊലീസിന്റെ വാദം വേറെയും.

മാനഭംഗത്തിന്റെ നിര്‍വചനം മാറ്റേണ്ട കാലം കഴിഞ്ഞു; ഉപദ്രവമേല്‍പ്പിക്കുന്നവരുടെ മാനമല്ലേ പോകേണ്ടത് ; കൊച്ചിയില്‍ പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ആക്രമിക്കപ്പെട്ട അശ്വിനി ദ്രാവ

ഈ മാസം പതിനഞ്ചിനു കാക്കാനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുളള റോഡിലൂടെ നടന്നു പോകുമ്പോഴാണ് കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി അശ്വിനിയും സുഹൃത്തും  ഐടി കമ്പനിയിലെ ജീവനക്കാരനുമായ ശംഭുവും ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ രണ്ടു യുവാക്കള്‍ അശ്വനിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്ത ശംഭുവിനെ കത്തി കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. പട്ടാപ്പകല്‍ നാലു മണിക്കാണ് സംഭവം. മുപ്പതിലേറെ ആളുകള്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു മദ്യലഹരിയിലായിരുന്ന രണ്ടു യുവാക്കള്‍ നടത്തിയ ഈ അഴിഞ്ഞാട്ടം. അന്നു സംഭവിച്ചതും പിന്നീടുണ്ടായതുമായ കാര്യങ്ങള്‍ അശ്വിനി ദ്രാവിഡ് നാരദാന്യൂസിനോട് പറഞ്ഞതിങ്ങനെ...


നോട്ടം കൊണ്ടുപോലും തടയാത്തവര്‍

ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണു കൊച്ചിയിലെത്തിയത്. സെസില്‍ ജോലി ചെയ്യുന്ന സുഹൃത്തു ശംഭുവുമൊത്ത് സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ നടക്കുമ്പോഴാണു വെള്ളനിറത്തിലുള്ള എത്തിയോസ് കാര്‍ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചു കടന്നുപോയത്. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ മുന്നിലും പിറകിലുമായാണ് റോഡരികിലൂടെ നടന്നത്. കാര്‍ കടന്നുപോയപ്പോല്‍ ആ ഞെട്ടലില്‍ നിന്നും സ്വഭാവികമായി ആരു ചോദിച്ചു പോകുന്ന രീതിയില്‍ അവരെ നോക്കി എന്താ ഇതെന്നു ചോദിച്ചു. മറ്റൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. നൂറു മീറ്റര്‍ മുന്നോട്ടു പോയ കാര്‍ തിരിച്ചുവന്നു.

കാര്‍ ചേര്‍ത്തുനിര്‍ത്തി എന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൈയില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിലേക്കു വലിച്ചു കയറ്റാനുള്ള ശ്രമമാണോ എന്നറിയില്ല. കുതറാന്‍ ശ്രമിച്ചപ്പോള്‍ മാറില്‍ പിടിക്കുകയായിരുന്നു. ഇതിനിടെ തടയാന്‍ ശ്രമിച്ച ശംഭുവിനെ ഒരാള്‍ കയ്യില്‍ കുത്തി മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി. ആ ഷോക്കില്‍ എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. റോഡിനപ്പുറം മുപ്പതിലേറെപേര്‍ നോക്കി നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തേക്ക് ആരും വന്നില്ല. ഒരു ചെറുപ്പക്കാരന്‍ റോഡ് മുറിച്ചു കടന്നെത്തി. അവന്റെ ബൈക്ക് എടുക്കാനാണു വന്നതെന്ന് മനസ്സിലായി. അയാള്‍ ഓട്ടോയ്ക്ക് കൈകാണിച്ചു. ശംഭുവിനെ ഞാനൊറ്റയ്ക്കാണു അതില്‍ കയറ്റി ആശുപത്രിയേക്ക് കൊണ്ടുപോയത്.

[caption id="attachment_44912" align="aligncenter" width="697"]shambhu അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ച ശംഭു[/caption]

കണ്ണില്‍ പൊടിയിടാനൊരു 100...

ശംഭുവിന്റെ  ഓഫീസിനു വെറും അരക്കിലോമീറ്റര്‍ മുന്‍പില്‍ വെച്ചാണു ഞങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആ ഷോക്കില്‍ എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോള്‍ 100 എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്തു. നമ്പര്‍ ബിസിയായിരുന്നു. 100 ല്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞാല്‍ എന്തൊരു സുരക്ഷാ വീഴ്ചയാണ്. ചാനല്‍ ചര്‍ച്ചയിലും ഞാന്‍ ഈ കാര്യം പറഞ്ഞിരുന്നു. ഒരു സ്ത്രീക്ക് പെട്ടെന്നു അപകടം സംഭവിച്ചാല്‍ വേറേ നമ്പര്‍ ഡയല്‍ ചെയ്യുന്നതിനെക്കാള്‍ എളുപ്പമാണ് 100 ഡയല്‍ ചെയ്യാന്‍.

100-ല്‍ വിളിച്ചിട്ടു കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ നമ്പര്‍ ബിസിയൊന്നുമില്ല, അങ്ങനെയൊന്നും സംഭവിക്കില്ലെന്നാണു പൊലീസ് പറഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു കോള്‍ അകലെ പൊലീസുണ്ടെന്നു പറയുന്നതു തന്നെ വലിയ സമാധാനമല്ലേ.

ഇരയെ വീണ്ടും വേട്ടയാടുന്ന പൊലീസ് ന്യായങ്ങള്‍

ശംഭുവിന്റെ കൈയ്യിലെ മുറിവിനു  ഒമ്പതു സ്റ്റിച്ചാണിട്ടത്. എന്നിട്ടും പൊലീസ് പറയുന്നതു കത്തി കൊണ്ടല്ല, താക്കോല്‍ കൊണ്ടാണു മുറിവേൽപ്പിച്ചതെന്നാണ്. അവര്‍ ഉപദ്രവിക്കുന്ന ഞെട്ടലില്‍ ആയുധമേതെന്നു ശ്രദ്ധിച്ചില്ല. താക്കോല്‍ കൊണ്ടൊക്കെ മുറിവേല്‍പ്പിച്ചാല്‍ ഒമ്പതു സ്റ്റിച്ചൊക്കെ ഇടേണ്ടി വരുമോ എന്നറിയില്ല! ഇനി പൊലീസ് പറയും പോലെ താക്കോലിനു പകരം കത്തിയോ മറ്റോ ആയിരുന്നെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യുമായിരുന്നു.

പൊലീസിന്റെ ചില ചോദ്യങ്ങള്‍ നമ്മെ ഞെട്ടിക്കും. ''അവര്‍ മാറില്‍ തൊടാന്‍ വന്നുവെന്നല്ലേ അശ്വിനി ആദ്യം പറഞ്ഞത്, കയറിപിടിച്ചെന്ന് ഇപ്പോള്‍ പറയുന്നു, പിടിച്ചില്ലല്ലോ, തൊട്ടല്ലേ ഉള്ളൂ'' പൊലീസ് എന്നോട് ചോദിച്ചതാണിത്. പിടിച്ചതും തൊടലും തമ്മിലെന്താ വ്യത്യാസം. ഇരയെ വീണ്ടും വേട്ടയാടുകയല്ലേ. അവര്‍ പ്രശ്നക്കാരോ ഗുണ്ടകളോ അല്ലെന്നുള്ള പൊലീസിന്റെ വാദം വേറെയും.

പ്രതികള്‍ രണ്ടു ദിവസത്തിനകം പൊലീസിന്റെ പിടിയിലായി. ഐപിസി 354 ചുമത്തിയിട്ടും രണ്ടു ദിവസം കൊണ്ട് അവര്‍ ജാമ്യത്തിലിറങ്ങി. ജാമ്യമില്ലാ വകുപ്പായിട്ടും ജാമ്യത്തിലിറങ്ങണമെങ്കില്‍ നിസാര പിടിപാടായിരിക്കില്ല. ഞെട്ടലും നടുക്കവും തോന്നുന്നു.

[caption id="attachment_44913" align="alignleft" width="470"]aswini dravid അശ്വിനി ദ്രാവിഡ്[/caption]

ഇര പേടിച്ച് ജീവിക്കും...അവര്‍ വേട്ട തുടരും

എന്നോടു ചെയ്തതല്ല. ഇനിയും ഒരു പെണ്ണിനെ കയറിപിടിക്കാനോ വെട്ടിപരിക്കേല്‍പ്പിക്കാനോ നിയമവ്യവസ്ഥയെ പേടിക്കേണ്ടെന്ന സന്ദേശമല്ലേ അത്. ഒരു പെണ്ണിനെ ഉപദ്രവിച്ചിട്ട് ഇത്ര എളുപ്പത്തില്‍ ജാമ്യം കിട്ടിയാല്‍ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാകും. സൗമ്യയും ജിഷയുമൊക്കെ ഇവിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

പ്രകോപനമില്ലാതെ ഇത്രയധികം അക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവര്‍ പൊലീസിന്റെ അഭിപ്രായത്തില്‍ ക്രിമിനല്‍സ് അല്ലായിരിക്കും. പക്ഷേ പൊലീസ് തന്നെ ഇവരെ ക്രിമിനലാക്കി മാറ്റുകയാണ് . 20-22 വയസു മാത്രമാണ് ഇവരുടെ പ്രായം, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇവര്‍ ഫസ്റ്റ് ക്ലാസ് ക്രിമിനില്‍സ് ആയി മാറും. നമ്മുടെ നിയമവ്യവസ്ഥ തന്നെയാണ് ഇത്തരക്കാര്‍ക്ക് വളം  വെച്ചു കൊടുക്കുന്നത്.

നാലായിരം രൂപയോളം ആശുപത്രിയില്‍ ചെലവായി.  കേസു നടത്താന്‍ ഇനി വക്കീലിനെ വയ്ക്കണമല്ലോ. ഞങ്ങളുടെ കൈയ്യില്‍ നിന്നാണ് ഇതെല്ലാം ചെലവാകുന്നത്. കുറ്റം ചെയ്തവനല്ലേ ഇതെല്ലാം ചെയ്യണ്ടത്. മനുഷ്യത്വമില്ലാത്ത നാടാണിത്.

ആരുടെ മാനമാണ് പോകുന്നത്...

ഒരു സ്ത്രീയെ ഉപദ്രവിച്ചാല്‍ സ്ത്രീയുടെ മാനം പോകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഉപദ്രവിച്ച ആള്‍ക്കല്ലേ മാനമില്ലാതാകുന്നേ. മാനഭംഗത്തിന് ഇപ്പോഴുള്ള നിര്‍വ്വചനമാണ് മാറേണ്ടത്.

ഉപദ്രവമേറ്റയാളാണു കുറ്റം ചെയ്തതെന്ന രീതിയാണു പൊലീസിന്. ഇതൊന്നും പുറത്തു പറയരുത്, മാനം പോകുമെന്നു സമൂഹവും. എനിക്കും സമ്മര്‍ദ്ദമുണ്ടായി. ഇതൊക്കെ കൊണ്ടാണ് ആരും പരാതിയുമായി മുന്നോട്ടു  വരാത്താത്തത്. എനിക്കിപ്പോള്‍ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. എന്നെ  ആക്രമിച്ചവര്‍ ഈ സമൂഹത്തില്‍ തന്നെയുണ്ടല്ലോ. എന്റെ വിവരങ്ങള്‍ എല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം എന്നെ കണ്ടു പിടിക്കാനോ ഉപദ്രവിക്കാനോ അവര്‍ക്കു എളുപ്പത്തില്‍ സാധിക്കും.

Read More >>