മലബാറിലെ മാപ്പിളമാർ

അറേബ്യൻ മണൽക്കാടുകൾ ലോകസമ്പദ് വ്യവസ്ഥയ്ക്ക് വലിയ മാറ്റം കൊണ്ടുവന്നു. ഈ കൊച്ചു കേരളത്തിൽ നിന്നും വലിയ പഠിത്തവും പത്രാസും ഒന്നും ഇല്ലാത്ത നിരവധിപ്പേർ ഗൾഫ് മരുഭൂമി സ്വപ്നം കണ്ട് അങ്ങോട്ടേക്ക് കുതിച്ചു. അതിൽ മലബാറികളെ പ്രത്യേകം എടുത്തുപറയണം.

മലബാറിലെ മാപ്പിളമാർ

അടുത്തകാലത്ത് ദുബായിലുള്ള നാരദയുടെ ഓഫീസിലേക്ക് പുതിയ സ്റ്റാഫിനെ നിയമിക്കാനും അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുവാനും കുറച്ചധികം ദിവസം ഈയുള്ളവന് അറബിനാട്ടില്‍ ചെലവഴിക്കേണ്ടതായി വന്നു. ഒറ്റയ്ക്കല്ല, കൂടെ സഹപ്രവർത്തകനായ അക്ഷയ് കുമാറും ഉണ്ട്. ഡൽഹി സ്വദേശിയായ മലയാളിയാണ് ഇദ്ദേഹം, പക്ഷെ മലയാളം അറിയില്ല എന്നുമാത്രമല്ല, ഒരു പക്കാ വടക്കേ ഇന്ത്യക്കാരനായിട്ടാണ് ഇദ്ദേഹം ജീവിക്കുന്നതും.

ദുബായ് വാസത്തിനിടയില്‍ രാത്രി മാത്രമാണ് ഞങ്ങളുടെ പാചകം, എന്തൊക്കെയോ ഉണ്ടാക്കും. സ്റ്റവില്‍ നിന്നും ഇറക്കിവച്ച ശേഷം അപ്പോള്‍ കാണുന്ന ആ രൂപത്തിന് അനുസരിച്ച് ഒരു പേരിടും, എന്നിട്ട് അത് ഒരു മഹാസംഭവമാണ് എന്ന മട്ടില്‍ ഭക്ഷിക്കുകയും ചെയ്യും. കഴിഞ്ഞു!


കാലത്തുള്ള ചായകുടി തൊട്ടടുത്തുള്ള കാസർകോഡ് സ്വദേശിയായ മലബാറിയുടെ അടുത്തു നിന്നാകും. 65 വയസുള്ള ഇദ്ദേഹത്തിന്റെ തലയിൽ സ്‌കൾ ക്യാപ് എപ്പോഴും ഉണ്ടാകും. എല്ലാവരെയും അവിടേക്ക് സ്വാഗതം ചെയ്യുന്ന നിസ്വാർത്ഥമായ ചിരി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ചില രാത്രികളിലെ ഹാങ്ങോവർ കൂൾ ഡൗൺ ചെയ്യുവാൻ ചായയുടെ കൂടെ ഈ മാപ്പിളയുടെ 'ചിരി' അത്യാവശ്യമായിരുന്നു താനും.

അദ്ദേഹത്തെ ദിവസവും കാണുമെങ്കിലും ഞങ്ങള്‍ അന്യോന്യം പരിചയപ്പെട്ടിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം ആ പീടികയുടെ പുറത്ത് ഈയുള്ളവൻ മലയാള പത്രങ്ങൾ ഓടിച്ചു നോക്കിയിങ്ങനെ ഇരിക്കുകയാണ്. അപ്പോഴാണ്‌, വളരെ നാളുകൾക്കു ശേഷം ഒരു സുഹൃത്തിനെ അവിടെ വച്ച് നേരിൽ കാണാന്‍ ഇടയായത്. രംഗം തുടർന്ന് ഞങ്ങളുടെ ലോഹ്യം പറച്ചിലിലേക്ക് മാറി. പിന്നീട് അത് ചര്‍ച്ചയായി, ഗൾഫ് മലയാളികളാണ് വിഷയം!

ഒരു കഥ പറഞ്ഞു: മലബാറിലെ മാപ്പിളയെ കുറിച്ചുള്ള കഥയായിരുന്നു അത്. ദുബായില്‍ ചായക്കട നടത്തുന്ന മാപ്പിളയുടെ പീടികയിൽ സ്ഥിരമായി ഒരു അറബി രാവിലെ ചായകുടിക്കാൻ എത്തുമായിരുന്നു. അപ്പോള്‍ ഈ മാപ്പിള തന്നെ ഗ്ലാസ്‌ കഴുകി അതില്‍ ചായയൊഴിച്ച് അറബിയുടെ മുന്നില്‍ മേശപ്പുറത്ത് വച്ചു നല്‍കും. ചായ കുടിച്ചു കഴിയുമ്പോള്‍, ഈ മാപ്പിള തന്നെ ആ ഗ്ലാസ്‌ എടുത്തുകൊണ്ടു പോയി കഴുകി വയ്ക്കുകയും ചെയ്യുമായിരുന്നു. പോകെപ്പോകെ അവര്‍ നല്ല സുഹൃത്തുകളായി. അങ്ങനെയാണ് മാപ്പിളയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം അറബിയെ നാട്ടിലേക്കു ക്ഷണിക്കുന്നത്.

അറബി ഇവിടെ കേരളത്തില്‍ എത്തി, മാപ്പിളയുടെ വീടും പരിസരവും കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തന്റെ കൊട്ടാരത്തിന്റെ മൂന്നിരട്ടി വരുന്ന ഒരു വീട്, മക്കളെല്ലാം നല്ല മണി മണിയായി ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്നു. അറബി ആകെ കണ്‍ഫ്യൂഷനിലായി. താന്‍ വന്നത് കേരളത്തിലോ, അതോ അമേരിക്കയിലോ?

അതായിരുന്നു ഒരു സമയം! കേരളത്തിൽ ഏറ്റവും പിന്നോക്കമായിരുന്ന മലബാറും വടക്കൻ മലബാറും മാപ്പിളമാരും നേടിയെടുത്ത സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വിപ്ലവം!

വ്യാവസായിക വിപ്ലവമാണ് ആഗോളതലത്തിൽ സർപ്ലസ് വർധിപ്പിച്ചത്. സർപ്ലസ് ഉണ്ടാകുമ്പോഴാണ് ഇന്നവേഷനും ഉണ്ടാകുന്നത്. വ്യാവസായിക വിപ്ലവം വഴിതുറന്നത് മെഷീൻ ഏജിനാണ്. മെഷീനുകൾ മെച്ചപ്പെടുകയും അവ പ്രവർത്തിപ്പിക്കാൻ പുതിയ ഇന്ധനങ്ങൾ വരികയും ചെയ്തു. ആവി എഞ്ചിൻ കൽക്കരിക്കും പെട്രോളിനും ഡീസലിനും വൈദ്യുതിക്കും ഒക്കെ വഴിമാറി. ഫോസിൽ ഇന്ധനങ്ങൾക്ക് ലോകരാഷ്ട്രങ്ങളെല്ലാം ആവശ്യക്കാരായി. അങ്ങനെയൊരു ഘട്ടത്തിലാണ് ഗൾഫിൽ ഓയിൽ ബൂം ആരംഭിക്കുന്നതും അത് ഷെൽ പോലെയുള്ള കമ്പനികളിലൂടെ വൻതോതിലുള്ള നിക്ഷേപത്തിനു വഴിയൊരുക്കുന്നതും.

എനർജി സെക്റ്റർ പ്രധാനപ്പെട്ട വ്യാപാര വ്യവസായ മേഖലയായതോടെ പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ വലിയ സർപ്ലസിന്റെ ഉറവിടമായി മാറി. അതിനൊത്തുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ വർക് ഫോഴ്സിനായി അവർ ഇതര മൂന്നാംലോക രാഷ്ട്രങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണുപയോഗിച്ചത്. ഇത് ഏറ്റവുമധികം ഉപകാരമായത് ഒരുപക്ഷെ മലബാറിലെ മാപ്പിളമാർക്കാകും. ലോകരാഷ്ട്രങ്ങൾ ഓയിൽ ബ്ലോക്ക് തേടി പോയപ്പോൾ മലബാർ മാപ്പിള അവരവരുടെ ജീവിതത്തിനാവശ്യമായ ഇന്ധനം തേടിപ്പോവുകയായിരുന്നു.

അറേബ്യൻ മണൽക്കാടുകൾ ലോകസമ്പദ് വ്യവസ്ഥയ്ക്ക് വലിയ മാറ്റം കൊണ്ടുവന്നു. ഈ കൊച്ചു കേരളത്തിൽ നിന്നും വലിയ പഠിത്തവും പത്രാസും ഒന്നും ഇല്ലാത്ത നിരവധിപ്പേർ ഗൾഫ് മരുഭൂമി സ്വപ്നം കണ്ട് അങ്ങോട്ടേക്ക് കുതിച്ചു. അതിൽ മലബാറികളെ പ്രത്യേകം എടുത്തുപറയണം. അവര്‍ക്ക് പൊതുവേ അടിസ്ഥാന വിദ്യാഭാസം പോലും ഉണ്ടായിരുന്നില്ല. ഏതിനും എന്തിനും തയ്യാർ. ഏതു ജോലിയും അവര്‍ ചെയ്യും. ബോട്ടുകളിലും മറ്റുമായിരിക്കും അവര്‍ അവിടെയെത്തുന്നത്. പിന്നീടങ്ങോട്ട് ജീവിക്കുക എന്നുള്ളത് മാത്രമായിരിക്കും ലക്ഷ്യം. അതിന്റെ പ്രയോജനം ലഭിച്ചത് സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഉന്നമനത്തില്‍ മാത്രമായിരുന്നില്ല.

ഗള്‍ഫില്‍ നിന്നും ഒഴുകിയ പണം മലബാറിലെ സാമൂഹിക മേഖലയെ ആകെ മാറ്റിമറിച്ചു. തങ്ങളുടെ അടുത്തതലമുറയ്ക്ക് എങ്ങനേയും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണം എന്നായിരുന്നു ആദ്യകാല കുടിയേറ്റക്കാരായ മലബാറി മാപ്പിളമാരുടെ ഒരേയൊരു ലക്ഷ്യം.

ഇതിനു വേറൊരു കാരണം കൂടിയുണ്ട്. കേരളത്തിലേക്കുള്ള ജർമ്മൻകാരുടെയും ബ്രിട്ടീഷുകാരുടെയും വരവില്‍ ഗുണം അനുഭവിച്ചത്‌ തിരുവിതാംകൂറും മധ്യതിരുവിതാംകൂറുമായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർ താൽപര്യം കാണിച്ചിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങളോടു ചേർന്നു പള്ളിക്കൂടങ്ങൾ ഉണ്ടായത് ആ വരവോടെ കൂടിയായിരുന്നല്ലോ. വിദ്യാഭ്യാസ മേഖലയിൽ നസ്രാണികൾ മുൻപന്തിയിൽ വന്നു.

പിന്നീട് ജർമൻ സ്വാധീനം ആരോഗ്യമേഖലയിൽ എത്തി. അതും പള്ളികള്‍ കേന്ദ്രീകരിച്ചു തന്നെയായിരുന്നു. അങ്ങനെ, നമ്മുടെ സ്ത്രീകൾ നഴ്സിംഗ് രംഗത്തെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈ ജോലിയുടെ ആവശ്യകത വളരെ വർധിച്ചു. തിരുവിതാംകൂർ ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും സ്ത്രീകൾ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ പിൻഗാമികളായി. ബേസിക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിരുന്ന ആൺ കഥാപാത്രങ്ങൾ ടൈപ്പും ഷോർട്ഹാൻഡും പഠിച്ചു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സർക്കാർ സേവനങ്ങള്‍ക്കെല്ലാം പ്രധാനഭാഷയായി ആംഗലേയം മാറി. തന്മൂലം, ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ആപ്പീസുകളിലും തിരുവിതാംകൂർ മലയാളികൾ തന്നെ കയറിപ്പറ്റി. എന്നാല്‍, മലബാറികൾ എവിടെയും എത്തിപ്പെട്ടില്ല താനും!

തിരുവിതാംകൂർ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു സാമന്തരാജ്യം പോലെയായിരുന്നല്ലോ. മലബാറാകട്ടെ, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലുമായിരുന്നു. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു, അവിടം. തലശ്ശേരി ബാസൽ മിഷൻ പോലെ മലയാള ഭാഷയെപ്പോലും പുതുക്കിയ ഇടപെടലുകൾ നടന്നയൊരിടത്താണ് പിൽക്കാലത്ത് സ്കൂളിങ് എന്ന ദൗത്യത്തിൽ നിന്നു ബ്രിട്ടീഷുകാർ പൂർണ്ണമായും പിന്മടങ്ങി നിന്നത്. എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ മലബാറിനെയും മാപ്പിളമാരെയും അവഗണിച്ചത്? അവരുടെ ഭരണത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാറിലേക്ക് കൊണ്ടു പോകാൻ താല്പര്യം കാണിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?

തെക്കേഇന്ത്യയിൽ നിന്നും ദേശീയ കോൺഗ്രസിന്റെ കീഴിൽ അണിനിരന്നു സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത് മലബാറില്‍ നിന്നു മാത്രമായിരുന്നു. സാമൂതിരിയുടെ നാവികപ്പടയുടെ നായകനായിരുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ പിന്തുടർച്ചക്കാരായ മാപ്പിളച്ചുണക്കുട്ടികൾ ബ്രിട്ടീഷുകാരെ വെള്ളം കുടിപ്പിച്ചു. മാപ്പിള കലാപം, വാഗൻ ട്രാജഡി ഇതൊക്കെ ഇവരുടെ പോരാട്ടവീര്യത്തിന് ഉത്തമ ഉദാഹരണങ്ങളാണ്.

സ്വാതന്ത്ര്യസമരത്തോട് പുറം തിരിഞ്ഞുനിന്ന തിരുവിതാകൂർ രാജാവ് ഇന്ത്യൻ യൂണിയനില്‍ ലയിക്കാന്‍ പോലും തയ്യാറായിരുന്നില്ല എന്നോര്‍ക്കണം. അവരെയാണ് ഇന്നുള്ളവർ തോളിലേറ്റി നടക്കുന്നത്. ഏറ്റവുമധികം ദേശീയത പുലര്‍ത്തിയവരായ മലബാറിലെ മാപ്പിളമാരെക്കുറിച്ച് ഇവര്‍ അടക്കം പറയുന്നതാണ് രസകരം. പാകിസ്ഥാന്‍ ചാരൻ, ഐസിസ് ഭീകരൻ, തീവ്രവാദി, അങ്ങനെയങ്ങനെ!

കേരളത്തിൽ നിന്നും സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പല്ലും നഖവും ഉപയോഗിച്ചു വെള്ളക്കാര്‍ക്കെതിരെ പൊരുതിയത് മലബാറികൾ മാത്രം, എന്നിട്ട് ഇപ്പോള്‍ അവര്‍ തീവ്രവാദികള്‍ മാത്രമാണ് പോലും!

ക്ഷേത്ര പ്രവേശന വിളംബരം സ്വാതന്ത്ര്യ പ്രഘോഷമാണ് എന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല. അത് സാമൂഹിക തിന്മകൾക്കു നേരെ നടന്ന ഒരു നീക്കമായിരുന്നു. അതു നടന്നത് ബ്രിട്ടീഷ്കാരുടെ നേര്‍ക്കല്ല, മറിച്ചു നാട്ടുരാജാവിനെതിരെയാണ്. ക്ഷേത്ര പ്രവേശനം അനുവദിക്കാത്ത പക്ഷം ഈഴവർ കൂട്ടമായി ഇസ്ലാം മതത്തിൽ ചേരും എന്ന ഭീഷണിയും ഒരു കാരണമായിരുന്നു. കേരളകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ സുകുമാരൻ ബി എ രചിച്ച 'അസവർണർക്കു നല്ലത് ഇസ്ലാം' എന്ന ലഘുലേഖ ഉണർത്തിയ തീക്കാറ്റിൽ ഒട്ടൊന്നുലഞ്ഞുപോയ തിരുവിതാംകൂറിലെ രാജാധികാരം ധൃതിപിടിച്ചു ചമച്ച ആ ഉത്തരവിനു പിന്നിൽ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റിന്റെ കടുംപിടുത്തവുമുണ്ടായിരുന്നുവെന്ന് ചരിത്രരേഖകൾ തന്നെ സാക്ഷിക്കുന്നു. എന്നിട്ടും നമ്മുടെ ഔദ്യോഗിക ചരിത്രകാരന്മാര്‍ അതു വളച്ചൊടിച്ചു. ആവശ്യത്തിനും അനാവശ്യത്തിനും നമ്മളുടെ സ്കൂളുകളില്‍ ആ ഭരണംചാരിച്ചരിത്രം നിർബന്ധിച്ചു പഠിപ്പിച്ചു.

ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും പോകരുത് എന്നാഗ്രഹിച്ചവരാണ് തിരുവിതാംകൂർ ക്രൈസ്തവർ. അതിനു പ്രധാനകാരണം, വന്നവന്‍ വെളുത്ത ക്രിസ്ത്യാനിയാണ് എന്നുള്ളതായിരുന്നു. ഇവിടെയുള്ള ക്രിസ്ത്യാനികള്‍ ഇളം കറുപ്പു നിറമുള്ളവരാണ്. ഉയര്‍ന്ന ജാതിയിൽ നിന്നും വന്നവരും സിറിയൻ ക്രിസ്ത്യാനികളും തമ്മില്‍ ചേർന്നുപോകും എന്നതായിരുന്നു ഇവരുടെ ഏകദേശ ധാരണ.

ഈ ചിന്തകളോട് വിയോജിച്ചു നിന്ന മലബാർ മാപ്പിളമാർ 'സ്വാതന്ത്ര്യം ജന്മാവകാശം' എന്ന ലക്ഷ്യത്തിലുറച്ചു നിന്നു പോരാടി. അങ്ങനെയെങ്കില്‍ മലബാറിൽ യാതൊരു വികസനവും വേണ്ട എന്ന നിലപാടില്‍ ബ്രിട്ടീഷ് ഇന്ത്യ ഉറച്ചുനിന്നു. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസമേഖല കൈവശം വച്ച ക്രൈസ്തവ മാനേജ്‌മെന്റുകള്‍ തങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം ഇല്ലായിരുന്ന മലബാറിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ ആരോഗ്യ സ്‌ഥാപനങ്ങൾ തുടങ്ങാൻ താല്‍പര്യം കാണിച്ചതുമില്ല. ഇവിടെയാണ് എല്ലാം തകിടം മറിച്ചുകൊണ്ടു ഗൾഫ് എന്ന സ്വപ്നഭൂമി അവതരിക്കുന്നത്.

അവിടെനിന്നും വന്ന വിദേശപണം മലബാറിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവന്നു. പലരും ഇന്ത്യയിലെ ഇതര സർവ്വകലാശാലകൾ തേടിപ്പോയി. പ്രാഥമികപഠനം, ഉപരിപഠനം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതിക ഉന്നതപഠനം, അങ്ങനെ തുടര്‍ന്നു അവരുടെ വിദ്യാഭ്യാസരേഖ. ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളികളിൽ, 70 ശതമാനത്തോളവും മാപ്പിള കുട്ടികളാണ്.

രാഷ്ട്രീയ അവബോധം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാത്രമായിരുന്നു ഒരുകാലത്തെ പ്രധാന രാഷ്ട്രീയ ശക്തിയെങ്കിൽ അവരെ തുറന്ന സംവാദത്തിന് വിളിച്ച് പിൻതലമുറയിലെ മാപ്പിളക്കുട്ടികൾ രംഗത്തെത്തി. തങ്ങളുടെ പിതാക്കന്മാർ ലീഗ് നേതാക്കന്മാരുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുമ്പോൾ, പുതിയ തലമുറ അവർക്ക് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കുന്ന കാഴ്ച നമ്മള്‍ കണ്ടുവരുന്നു.

ബാബരി മസ്ജിദ്, ഇന്ത്യൻ ജനാധിപത്യ മതേതര മൂല്യങ്ങളുടെ യഥാർത്ഥ ശിലയായിരുന്നു. സംഘപരിവാര്‍ അവരുടെ ശിലയുമായി എത്തിയത് മതേതര ഇന്ത്യയുടെ നാഭിയിൽ കത്തിവെച്ചുകൊണ്ടായിരുന്നു. ഇത് മുസ്ലിം ജനത മാത്രമല്ല ഒട്ടൊരു ഞെട്ടലോടെ കണ്ടത്; ലോകം മുഴുവൻ ഭാരതത്തെ സംശയദൃഷ്ടിയുമായി വീക്ഷിക്കുവാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനം വളരെ ദുഃഖത്തോടെയുള്ളതാണ്. വടക്കൻ മലബാറിലെ മാപ്പിളമാരെയും കേരളത്തിലെ മുസ്ലിം ജനതയെയും വല്ലാതെ ആടിയുലച്ച സംഭവമാണ് ബാബരിപ്പള്ളിയുടെ തകർച്ച. അത് അവരിലുണ്ടാക്കിയ പ്രതിഫലനമാണ് 'അബ്ദുൽ നാസർ മ്അദനി'.

കൊല്ലം ജില്ലയിൽ നിന്നും ആരംഭിച്ച ആ തുടക്കം, കേരളത്തിൽ അങ്ങോളമിങ്ങളോളം കത്തിക്കയറി. ലീഗ് കൊടികുത്തി വാഴുന്ന വടക്കൻ മലബാറിലും, ലീഗിന്റെ സമീപനത്തെ അര്‍ത്ഥശങ്കയില്ലാത്ത വിധം രൂക്ഷമായി മദനി വിമർശിച്ചു. ഇതിനെല്ലാം ശേഷവും ലീഗ് അന്ന് കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ പിന്തുണച്ചു, ആ മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. ബാബ്റി മസ്ജിദ് വിഷയമൊന്നും ലീഗിനെ കുലുക്കിയതേയില്ല.

വിദ്യാഭ്യാസം ലഭിച്ച അടുത്ത തലമുറയുടെ മുസ്ലീം ലീഗിനോടുള്ള രോഷമാണ് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മിലിറ്റന്റ് സംഘടയുടെയും തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സാമൂഹ്യസംഘടനയുടെയും രൂപീകരണത്തിന് കാരണമായത്‌. അവർ പിന്നീട് എസ്ഡിപിഐ എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടനയായി മാറി.

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഓഫ് ഷൂട്ടായിരുന്നു, പിഎഫ്ഐ എന്നു വേണമെങ്കിൽ പറയാം. അവരുടെ നേതാക്കന്മാരായവരിൽ പലരും പഴയ സിമി പ്രവർത്തകരായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായി തുടങ്ങുകയും പിന്നീടു വേർപെട്ടു പോവുകയും ചെയ്ത സംഘടനയായിരുന്നു, അത്. സിമി പിൽക്കാലത്ത് നിരോധിക്കപ്പെട്ടെങ്കിലും അതിൽ നിന്നു പുറത്തുകടന്ന ഇന്റലക്റ്റുകൾ ഇന്ന് മുസ്ലീം രാഷ്ട്രീയത്തിലെ സമരോത്സുകധാരയ്ക്കു നേതൃത്വം നൽകുകയാണ്. അത് ഗുണത്തിനോ ദോഷത്തിനോ എന്നുള്ളത് രണ്ടാമത്തെ വിഷയം. പക്ഷെ ഇസ്ലാമിക രാഷ്ട്രീയം മുമ്പുള്ളതുപോലെ ഏകമുഖമല്ല, ഇന്ന് എന്നതു നിശ്ചയം.

തലമുറമാറ്റം മാദ്ധ്യമരംഗത്തും വലിയ ചലനങ്ങളാണുണ്ടാക്കിയത്. മലബാറിലെ മാപ്പിളമാരുടെ സ്വന്തം പത്രം എന്നവകാശപ്പെട്ടിരുന്ന ലീഗ് മുഖപത്രം ചന്ദ്രികയെ കടത്തിവെട്ടി, അവരുടെ ഇടയില്‍ നിന്നും പുതിയ വാര്‍ത്താമാദ്ധ്യമം എത്തി. ലീഗ് നേതാക്കളുടെ ഫോട്ടോ വെച്ച് മാത്രം മലബാർ മാപ്പിളമാരുടെയിടയില്‍ പ്രവര്‍ത്തനം നടത്തിയ ചന്ദ്രികയെ പിന്തള്ളി 'മാധ്യമം' വേറിട്ട വാർത്താവിനിമയമായി മാപ്പിളമാരുടെ മുന്നിൽ വന്നു. ക്രിട്ടിക്കൽ റിയലിസ്റ്റിക് ജേർണലിസവുമായി...

ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമാണ് മാധ്യമം. എന്നാൽ ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത സ്വീകാര്യത മുസ്ലീം ജനസാമാന്യത്തിനിടയിൽ മാധ്യമത്തിനുണ്ട്. അവരുടെ ആഴ്ചപ്പതിപ്പ് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷ രാഷ്ട്രീയ ഉള്ളടക്കത്തിനു നൽകിയ പ്രാധാന്യം പലർക്കും ഓർമ്മകാണും. മലയാളിയുടെ ബൗദ്ധിക അലസതയെ മുതലെടുക്കാൻ കൊടുക്കാവുന്ന സ്ലോ പോയിസൺ എന്താണെന്ന് അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. മാധ്യമം പത്രത്തിനില്ലാത്ത സ്വീകാര്യത അതിലൂടെ മാധ്യമം ആഴ്ചപ്പതിപ്പിനു ലഭിച്ചു. മാതൃഭൂമിയോളമില്ലെങ്കിലും കോഫിടേബിൾ പബ്ലിക്കേഷൻ പോലെ മലയാളത്തിലെ വായനക്കൂട്ടങ്ങൾ മാധ്യമത്തെ ഉൾക്കൊണ്ടു.

ഇതിനിടയിൽ സദ് വാർത്ത, വർത്തമാനം, സിറാജ് എന്നിങ്ങനെ എട്ടോ ഒൻപതോ പുതിയ പ്രസിദ്ധീകരണങ്ങൾ വന്നു. അവയിൽ ചിലതെല്ലാം നിന്നുപോയെങ്കിലും സ്വരം ബഹുവിധമാവുകയായിരുന്നു.

പുതിയ തലമുറ പുതിയ ചിന്ത...

മലബാറിനെ മാത്രമല്ല മലബാർ മാപ്പിളമാരെയും ദേശീയ അന്തർദേശീയ തലത്തിലേക്ക് 'മാധ്യമം' കൊണ്ടുപോയി. ഗൾഫില്‍ നിന്നും എഡിഷൻ ആരംഭിച്ചു. മാധ്യമം പത്രം മലബാർ മാപ്പിളമാരുടെയും പുതുതലമുറയുടെയും വാർത്തകളുടെ ലോകമായി.

ലീഗിനകത്തെ പൊട്ടിത്തെറിയ്ക്കു ശേഷം പാർട്ടി എതിർത്തിട്ടുകൂടി, എംകെ മുനീർ ദൃശ്യ ലോകത്തെ വാർത്തയുമായി രംഗത്ത് വന്നു. മലയാളത്തിലെ ആദ്യ മുഴുസമയ വാർത്താചാനലായാണ് മുനീറിന്റെ മുൻകൈയിൽ ഇന്ത്യാവിഷൻ ആരംഭിച്ചത്. ഇതിനെല്ലാം പണം സ്വരൂപിച്ചത് ഗൾഫ് മാപ്പിളമാരുടെ കയ്യില്‍ നിന്നുമാണ്. വിദ്യാഭ്യാസം, അതിൽ നിന്നുള്ള അറിവ്, പുതിയ മാദ്ധ്യമസംസ്കാരത്തിനു വിത്തുപാകുകയായിരുന്നു.

ഇന്നിപ്പോൾ ഇന്ത്യാവിഷൻ പൂട്ടിപ്പോയെങ്കിലും തത്സാനത്ത് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. മതം ഉള്ളടക്കമാവുന്ന ഇതര ചാനലുകളെ അപേക്ഷിച്ച് ആളുകൾക്ക് കാണാൻ കൊള്ളാവുന്ന പരിപാടികളും സാമാന്യ മര്യാദ പാലിക്കുന്ന വാർത്താകഥന രീതിയുമായി അവർ മലയാള ദൃശ്യമാദ്ധ്യമ രംഗത്തു വേറിട്ടു നിൽക്കുന്നു.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതു വർഷം കഴിഞ്ഞിരിക്കുന്നു. അധികകാലവും കോൺഗ്രസ് നമ്മളെ ഭരിച്ചു. കേരളത്തിൽ നിന്നും കോൺഗ്രസിന്റെ കൂട്ടാളിയായി "ഇന്ത്യൻ യൂണിയൻ മുസ്ളീം ലീഗും" നല്ലൊരു ശതമാനവും കേരളത്തിലും കേന്ദ്രത്തിലുമായി ഭരണം നിയന്ത്രിച്ചു. IUML മലബാറിൽ എന്തു നേട്ടമാണ് കൊണ്ടു വന്നത് എന്ന ചോദ്യം ഉയരുന്നത് അപ്പോഴാണ്. ഈയുള്ളവൻ അതിനുത്തരമായി പറയും ഒരു "കുന്തവും കൊണ്ട് വന്നിട്ടില്ല!"

പലപ്പോഴും വിദ്യാഭ്യാസ വകുപ്പു ലഭിച്ചത് മുസ്ലിം ലീഗിനായിരുന്നു. എന്നിരുന്നിട്ടും, ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം അവർ കൊണ്ടുവന്നോ? ഒരു പക്ഷെ പറയുമായിരിക്കാം ഐഐഎം കോഴിക്കോട് എന്ന്. എന്നാല്‍ അത് ലീഗിന്റെ സംഭാവനയൊന്നുമല്ല. കെ മുരളീധരൻ, തന്റെ പിതാവായ കെ കരുണാകരൻ മുഖാന്തരം കൊണ്ട് വന്ന സ്ഥാപനമാണ്‌ അത്. ഒരു IIT എങ്കിലും വടക്കൻ മലബാർ മേഖലയിൽ വളരെ നിസ്സാരമായിട്ടു കൊണ്ടുവരാൻ ഇവര്‍ക്ക് കഴിയുമായിരുന്നു. അതുപോലെ തന്നെ എയിംസ്, സെൻട്രൽ യൂണിവേഴ്സിറ്റി...

ലീഗ് വികസനം നേതാക്കളിൽ മാത്രം ഒതുങ്ങി. അതാണ് പല ചെറുപ്പക്കാരും സാമൂഹിക മാധ്യമങ്ങളിൽ ലീഗിനെ ഇത്രയും ആക്രമിക്കുന്നതിനുള്ള കാരണമെന്ന് ഉറപ്പാണ്‌.
മലബാറിലെ വികസനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ കാര്യമായ ഒരു പങ്കും വഹിച്ചിട്ടില്ല. മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ മലബാറിലെ മാപ്പിളമാർ ചോര നീരാക്കിയ പണം മാത്രമാണത്.