നായപ്പേടിയിൽ വെളിക്കിറങ്ങാൻ പോലുമാകാതെ ഒരു കടലോരഗ്രാമം; ശീലുവമ്മയെ ബലി കൊടുത്തിട്ടും പുല്ലുവിളക്കാർക്ക് രക്ഷയില്ല; മറുപടി പറയേണ്ടത് സർക്കാർ

പുല്ലുവിളയിലെ തീര നിവാസികള്‍ക്ക് കോട്ടുകാല്‍ പഞ്ചായത്ത് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സന്നദ്ധ സംഘടനകള്‍ പണിതുകൊടുത്ത കമ്മ്യൂണിറ്റി ടോയ്‌ലറ്റും അടച്ചിട്ടനിലയിലാണ്. ഇവിടെയെത്താനും പുല്ലുവിള തീരവാസികൾ ഒരു കീലോമീറ്ററോളം നടക്കണം.

നായപ്പേടിയിൽ വെളിക്കിറങ്ങാൻ പോലുമാകാതെ ഒരു കടലോരഗ്രാമം; ശീലുവമ്മയെ ബലി കൊടുത്തിട്ടും പുല്ലുവിളക്കാർക്ക് രക്ഷയില്ല; മറുപടി പറയേണ്ടത് സർക്കാർ

പുല്ലുവിള കടൽത്തീരത്തേക്കു ചെന്നാൽ മലമൂത്ര വിസ്സര്‍ജനത്തിനായി നിരന്നിരിക്കുന്ന ആളുകളെക്കാണാം. ഇരുകൈയും കൊണ്ട് തെരുവുനായ്ക്കളെ ആട്ടിനിർത്തിവേണം കാര്യം സാധിക്കാൻ. ഒക്കെ അവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. അങ്ങനെയൊരു വെളുപ്പാൻകാലത്താണ് ശീലുവമ്മയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.

ദിവസം മുഴുവൻ വടിയുമായി നടക്കുന്നവരുണ്ടിവിടെ. കൊച്ചുകുട്ടികളെ അമ്മമാർ പുറത്തു വിടുന്നില്ല. നായപ്പേടിയിൽ ജീവിക്കുകയാണ് തിരുവനന്തപുരത്തെ ഈ കടലോര ഗ്രാമം.


ശീലുവമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ക്കുകൂടി കടിയേറ്റു. പുല്ലുവിള സ്വദേശി അന്തോനിയപ്പന്‍, ഇരൈമ്മന്‍ തുറയിലെ ആന്റണി, കരിച്ചല്‍ സ്വദേശി ജോയി എന്നിവര്‍ക്കാണ് കടിയേറ്റത്. ജനനേന്ദ്രിയത്തോട് ചേര്‍ന്ന് മാരകമായി മുറിവേറ്റ അന്തോനിയപ്പന്‍ ആശുപത്രിയിലാണ്. ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ.

IMG_5872

മാലിന്യം തന്നെയാണ് പുല്ലുവിളയുടെ ശാപം. രാത്രിയിൽ തീരത്ത് തള്ളിയിരുന്ന ഇറച്ചിക്കോഴി മാലിന്യമാണ് പുല്ലുവിളയിൽ തെരുവുനായ്ക്കളെ എത്തിച്ചത്. പ്രദേശവാസികൾ സംഘടിച്ച് രണ്ടുകോഴിക്കടയും പൂട്ടി. പക്ഷേ, നായ്ക്കൾ പോയില്ല. ഇപ്പോഴും രാത്രികാലത്ത് കവറുകളിൽ കെട്ടിയ അറവുമാലിന്യം ഇവിടെകൊണ്ടുവന്നു തള്ളുന്നുണ്ട്. സംസ്ക്കരിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ അടുക്കള മാലിന്യവും പെരുവഴിയിൽത്തന്നെയാണ് തള്ളുന്നത്. അതും തീരത്തെ മനുഷ്യവിസർജ്യവും ഭക്ഷിച്ച് നായ്ക്കൾ പെരുകിക്കൊണ്ടിരിക്കുന്നു.

IMG_6031

'ഈ മാലിന്യപ്രശ്‌നം പരിഹരിക്കാതെ തെരുനായ്ക്കളുടെ ശല്ല്യം തീരുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. പുല്ലുവിളയിലുള്ള രണ്ട് കോഴിക്കടകളില്‍നിന്ന് ഇവിടെ രാത്രികാലത്ത് മാലിന്യം കൊണ്ടുവന്നിട്ടിരുന്നു. നായ്ക്കളുടെ ശല്ല്യം സഹിക്കാതായതോടെ ഇവിടുത്തെ ആളുകള്‍ കോഴിക്കട പൂട്ടിച്ചു'സ്ഥലവാസിയായ വര്‍ഗ്ഗീസ് നാരദ ന്യൂസിനോട് പറഞ്ഞു.

എന്നാലിപ്പോഴും കടല്‍ തീരത്ത് കൂടുകളില്‍ കെട്ടി തള്ളിയിട്ടുള്ള അറവ് മാലിന്യങ്ങള്‍ക്കും ഭക്ഷണാവശിഷ്ടങ്ങള്‍ക്കുമായി കടിപിടി കൂടുന്ന നായ്ക്കള്‍ പുല്ലുവിള തീരത്തെ നിത്യ കാഴ്ചയാണ്.

IMG_5922

തെരുവുനായ്ക്കള്‍ മാത്രമല്ല പുല്ലുവിളയിലെ പ്രശ്‌നം. ഭൂരിപക്ഷം വീടുകളിലും കക്കൂസില്ല. അതു പണിയാൻ സ്ഥലവുമില്ല. അതുകാരണം കടല്‍ തീരത്ത് പരസ്യമായാണ് മലമൂത്ര വിസര്‍ജനം.
"ഞങ്ങള്‍ ആണുങ്ങളും പെണ്ണുങ്ങളും കടല്‍ തീരത്താണ് പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്. പൊതു കക്കൂസില്ലാത്തതിനാല്‍ പെണ്ണുങ്ങള്‍ക്ക് പകല്‍ സമയത്ത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് പൊതു കക്കൂസാണ് അടിയന്തിരമായിട്ട് വേണ്ടത്. തെരുവുനായ ശല്ല്യമുള്ളതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാണ്. രാത്രികാലത്ത് വെളിക്കിരിക്കാന്‍ പുറത്തേക്കിറങ്ങാന്‍ കഴിയുന്നില്ല. നായശല്ല്യമുള്ളതുകൊണ്ട് കുട്ടികളെ ഇത്തരം ആവശ്യങ്ങള്‍ക്ക് എങ്ങനെ വിശ്വസിച്ച് പുറത്തു വിടും?"

സെല്‍വരാജന്‍ ചോദിക്കുന്നു.

പ്രധാന റോഡിനോടു ചേർന്നാണ് കരിങ്കുളം പഞ്ചായത്തിലെ പൊതു കക്കൂസ്. ഇതാകട്ടെ തീരത്തുനിന്നും അരക്കിലോമീറ്റര്‍ മാറിയും. അതുകൊണ്ട് പുല്ലുവിള തീരവാസികൾക്ക് പൊതുകക്കൂസ് ഉപയോഗിക്കാൻ കഴിയില്ല. എന്നാല്‍ തീരത്തോട് ചേര്‍ന്ന് കോട്ടുകാല്‍ പഞ്ചായത്ത് സ്ഥാപിച്ച രണ്ട് പൊതുകക്കൂസുകളുണ്ട്. നിലവില്‍ ഒന്നുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേത് ആറുമാസം മുമ്പ് പണി തീര്‍ന്നിട്ടും തുറന്നുകൊടുത്തിട്ടില്ല.

പുല്ലുവിളയിലെ തീര നിവാസികള്‍ക്ക് കോട്ടുകാല്‍ പഞ്ചായത്ത് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സന്നദ്ധ സംഘടനകള്‍ പണിതുകൊടുത്ത കമ്മ്യൂണിറ്റി ടോയ്‌ലറ്റും അടച്ചിട്ടനിലയിലാണ്. ഇവിടെയെത്താനും പുല്ലുവിള തീരവാസികൾ ഒരു കീലോമീറ്ററോളം നടക്കണം.

IMG_5958

കഴിഞ്ഞ ഭരണ സഭയുടെ കാലത്ത് രണ്ടായിരം കക്കൂസുകള്‍ക്കുള്ള തുക തീരത്തെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹെച്സ്റ്റിന്‍ ജെറി പറയുന്നു. എന്നാല്‍ 174 കുടുംബങ്ങളാണ് കക്കൂസ് നിര്‍മ്മിച്ചത്.

പുല്ലുവിള തുറയിലെ വീടുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഓരോ വീടുകള്‍ക്കും കക്കൂസ് നിര്‍മ്മിക്കുക അപ്രായോഗികമാണ്. പകരം തീരത്തോടു ചേര്‍ന്ന് ആളുകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കക്കൂസ് നിര്‍മ്മിക്കുകയാണ് വേണ്ടത്. നാട്ടുകാരുടെ ആവശ്യവും ഇതുതന്നെയാണ്.
'മീന്‍ പിടുത്തം കഴിഞ്ഞ് വരുമ്പോള്‍ ശരീരത്തിലെ ഉപ്പുരസം കളയുന്നതിന് കരിവല്‍ കായല്‍ പുഴയില്‍ കുളിച്ചിട്ടാണ് തൊഴിലാളികള്‍ വീടുകളിലേക്ക് പോയിരുന്നത്. കുറച്ചുകാലമായി അതിന് കഴിയുന്നില്ല. പുല്ലുവിളയിലെ പൊതു കക്കൂസ് മാലിന്യം ഈ പുഴയിലാണ് തള്ളുന്നത്. പുഴ കടലിനോട് ചേരുന്ന ഭാഗമായതിനാല്‍ പൊഴി മൂടി വെള്ളം ഉയരുന്ന സമയത്ത് വീട്ടുപരിസരങ്ങളിലേക്ക് മലിനജലം ഒഴുകുന്ന അവസ്ഥയുണ്ട്, ഇത് ഞങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.'

പുല്ലുവിള തുറയിലെ ലോര്‍ദ്ദോന്‍ പറഞ്ഞു.

പുല്ലുവിളയിലെ കടലോരത്ത് കഴിഞ്ഞ വര്‍ഷം എല്‍ഇഡി വഴി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം വഴി വിളക്കുകളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
'രാത്രികാലത്ത് ഇവിടെ പുറത്തിറങ്ങാന്‍ വെളിച്ചമില്ല. ഇപ്പോള്‍ ഇരുട്ടിനൊപ്പം നായപ്രശ്‌നം കൂടിയാകുമ്പോള്‍ വീടിനുള്ളിൽനിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.'

വീട്ടമ്മയായ ശാന്തി പറയുന്നു.

പത്തോ നൂറോ തെരുവുനായ്ക്കളെ തല്ലിയോ വിഷം കൊടുത്തോ കൊന്ന് പരിഹരിക്കാവുന്ന പ്രശ്നമല്ല പുല്ലുവിളയിലേത്. ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണം. മുൻഗണന നിശ്ചയിച്ച് പഞ്ചായത്തും സർക്കാരും സജീവമായി രംഗത്തിറങ്ങിയാലേ പുല്ലുവിളക്കാരുടെ ശാപമോക്ഷം സാധ്യമാകൂ.