ഉറി നടന്നിട്ടു നാളേയ്ക്കു പത്തു നാൾ; മോദി ആഞ്ഞടിച്ചിട്ടും ഇന്ത്യക്കു നയതന്ത്ര വിജയമില്ല

ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞാണു ബിജെപി ദേശീയ സമ്മേളനത്തിലും തുടർന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാക്കിസ്ഥാനെതിരെ ആക്രമണം തുടരുന്നത്. എന്നാൽ അന്വേഷണത്തിൽ വലിയ വഴിത്തിരിവൊന്നുമുണ്ടാക്കാൻ ആക്രമണം നടന്ന് ഇത്ര നാൾ പിന്നിട്ടിട്ടും സൈന്യത്തിനു കഴിഞ്ഞിട്ടില്ല.

ഉറി നടന്നിട്ടു നാളേയ്ക്കു പത്തു നാൾ; മോദി ആഞ്ഞടിച്ചിട്ടും ഇന്ത്യക്കു നയതന്ത്ര വിജയമില്ല

ഉറി ഭീകരാക്രമണത്തിനു രാജ്യത്തിനകത്തു നിന്നു സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയം സൈനികാന്വേഷണത്തിൽ ഇനിയും ദൂരീകരിച്ചില്ല. അതേസമയം സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നു പാക്കിസ്ഥാൻ ആവർത്തിച്ചു. ഉറി ഭീകരാക്രമണത്തിനു സപ്തംബർ 28ന് പത്തു ദിവസം തികയുമ്പോൾ ഇന്ത്യ നേരിടുന്ന നയതന്ത്ര പരാജയമാണിത്.

ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞാണു ബിജെപി ദേശീയ സമ്മേളനത്തിലും തുടർന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാക്കിസ്ഥാനെതിരെ ആക്രമണം തുടരുന്നത്. എന്നാൽ അന്വേഷണത്തിൽ വലിയ വഴിത്തിരിവൊന്നുമുണ്ടാക്കാൻ ആക്രമണം നടന്ന് ഇത്ര നാൾ പിന്നിട്ടിട്ടും സൈന്യത്തിനു കഴിഞ്ഞിട്ടില്ല.


സ്വാതന്ത്ര്യ ദിനത്തിനു മുമ്പു തന്നെ നടന്ന ആസൂത്രണമാണ് ആക്രമണത്തിനു പിന്നിലെന്നു സേനാ വൃത്തങ്ങൾ ആരോപിച്ചിരുന്നു. രാജ്യത്തിനകത്തുനിന്നു പിന്തുണയില്ലാതെ ബ്രിഗേഡ് ആസ്ഥാനം ലക്ഷ്യമാക്കാൻ ഭീകരർക്കു കഴിയില്ലെന്നും സൈനിക സ്രോതസ്സുകളിൽ നിന്നു വാർത്ത പുറത്തു വന്നിരുന്നു.

ബ്രിഗേഡ് ആസ്ഥാന കേന്ദ്രം മാത്രമല്ല, ബ്രിഗേഡ് കമാൻഡറുടെ  വീടു പോലും ഭീകരർക്കു മാപ്പു ചെയ്യാൻ പറ്റിയെന്നതു ചൂണ്ടിക്കാട്ടിയാണു 'രാജ്യത്തിനകത്തുനിന്നുള്ള സഹായം' എന്ന തിയറി സൈന്യം മുന്നോട്ടുവച്ചും മാധ്യമങ്ങൾ അതേറ്റെടുത്തതും. 'ആഭ്യന്തര ശത്രുക്കളെ' ന്ന സംഘപരിവാറിന്റെ തിയറിയുമായി ചേർന്നു നിൽക്കുന്നതാണ് ഈ സൈനിക സിദ്ധാന്തമെന്നതുകൊണ്ടാണ് ബിജെപി സമ്മേളനം ഉറി വിഷയത്തിലും പാക് വിരുദ്ധതയിലും മാത്രമായി സമ്മേളന അജണ്ട നിലനിർത്തിയിരുന്നത്.

സൈനിക നീക്കങ്ങൾ കൂടി വ്യക്തമായറിയുന്നവർ ഭീകരാക്രമണത്തിനു പിന്നിലുണ്ടെന്നായിരുന്നു സൈന്യത്തിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, പാക്കിസ്ഥാനെതിരെ ഒരു തെളിവും കണ്ടെത്താൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെന്ന് ആവർത്തിക്കുകയാണ് പാക്കിസ്ഥാൻ.

ആഭ്യന്തര സഹായം ആക്രമണത്തിനു ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപത്തിന് മൂർത്തമായ തെളിവുകളൊന്നും ഇതേവരെ ലഭിച്ചതായി ഇന്ത്യ പറഞ്ഞിട്ടില്ല. ഇത് തങ്ങളുടെ 'നിരപരാധിത്വ'ത്തിന് അടിസ്ഥാനമായി അവതരിപ്പിക്കാൻ പാക്കിസ്ഥാനു കഴിയുന്നതാണ് ഭീകരാക്രമണത്തിന് പത്തുനാൾ തികയുമ്പോഴുള്ള ചിത്രം.

പാക്കിസ്ഥാന്റെ ഭീകരവാദ ചരിത്രമാണ് പ്രധാനമന്ത്രിക്കു പിന്നാലെ ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും തന്റെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിൽ നിരത്തിയത്. അന്താരാഷ്ട്ര അന്വേഷണം വേണമെന്നു പാക്കിസ്ഥാൻ മറുപടിയായി ആവർത്തിക്കുകയും ചെയ്യുന്നു.

അന്വേഷണത്തിൽ വഴിത്തിരിവുണ്ടാവുകയും 'ആഭ്യന്തര സഹായം ലഭിച്ചു'വെന്ന കാര്യത്തിലെങ്കിലും മൂർത്തമായ അന്വേഷണഫലം ഉണ്ടാവുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് ഉറി വിഷയത്തിൽ പാക്കിസ്ഥാനെതിരെ നയതന്ത്ര വിജയം സാധ്യമാവുകയുള്ളൂ.

Read More >>