പ്രണയലേഖനത്തെ ചൊല്ലി പ്രിന്‍സിപ്പല്‍ അപമാനിച്ചു; ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

ഇരുകണ്ണുകളുടെയും കാഴ്ച പൂര്‍ണ്ണമായി നഷ്ടമായ പെണ്‍കുട്ടി മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് കുട്ടിയെ ചികില്‍സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രണയലേഖനത്തെ ചൊല്ലി പ്രിന്‍സിപ്പല്‍ അപമാനിച്ചു; ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

മുവാറ്റുപുഴ: ബാഗില്‍ നിന്നും പ്രണയ ലേഖനങ്ങള്‍ കണ്ടെത്തിയെന്നതിന്റെ പേരില്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വെച്ച് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതിന്റെ  മനോവിഷമത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി.

ഇരുകണ്ണുകളുടെയും കാഴ്ച പൂര്‍ണ്ണമായി നഷ്ടമായ പെണ്‍കുട്ടി മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് കുട്ടിയെ ചികില്‍സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 80 ശതമാനത്തോളം പൊളളലേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുളള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.


മുവാറ്റുപുഴ ഗവ:മോഡല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് പ്രിന്‍സിപ്പലും രണ്ട് അധ്യാപികമാരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് പ്രണയ ലേഖനങ്ങള്‍ കണ്ടെത്തിയത്. താന്‍ എഴുതിയ കവിതകളാണ് എന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും അത് ചെവികൊളളാന്‍ അധ്യാപിക തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തു കൂടെയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു.

പരിശോധന നടത്തി രണ്ടു കുട്ടികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. പത്താം ക്ലാസ് മുതല്‍ പരിചയമുള്ള ആള്‍ക്ക് എഴുതിയതാണെന്ന് കുട്ടി തന്നെ സമ്മതിച്ചതെന്നും പ്രിന്‍സിപ്പല്‍ കുട്ടിയെ വിളിച്ച് ഉപദേശിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയാണ് ചെയ്തതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു തരത്തിലും കുട്ടിയെ ടീച്ചര്‍ പരസ്യമായി ശാസിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അധ്യാപികയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യത്തിലാണ് നാട്ടുകാര്‍. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്.

Read More >>