വഴിതെറ്റി സഞ്ചരിച്ച മാതാപിതാക്കളാണ് ടിഎ ഷാഹിദിന്റെ ക്ലീഷേകള്‍

ടി എ ഷാഹിദ് തിരക്കഥ എഴുതിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ടായിരുന്നു..

വഴിതെറ്റി സഞ്ചരിച്ച മാതാപിതാക്കളാണ് ടിഎ ഷാഹിദിന്റെ ക്ലീഷേകള്‍

മോഹന്‍ലാല്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ് ബാലേട്ടന്‍. ബാലേട്ടന് വേണ്ടി തിരക്കഥ എഴുതിയ ടി എ ഷാഹിദ് പിന്നീട് ഏഴു ചിത്രങ്ങള്‍ക്ക് കൂടി തിരക്കഥ രചിച്ചു. ബാലേട്ടന്‍ (2003), മത്സരം (2004), നാട്ടുരാജാവ് (2004), മാമ്പഴക്കാലം (2004), ബെന്‍ ജോണ്‍സണ്‍ (2005), രാജമാണിക്യം (2005), പച്ചക്കുതിര (2006), താന്തോന്നി (2010), എംഎൽഎ മണി പത്താം ക്ലാസ്സും ഗുസ്തിയും (2012) എന്നിവയാണ്  ടി എ ഷാഹിദ് തിരക്കഥ ഒരുക്കിയ ചിത്രങ്ങള്‍. കരൾ രോഗത്തെ തുടർന്ന്  2012 സെപ്റ്റംബർ 28-ന് അന്തരിച്ച ടി എ ഷാഹിദ് പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ സഹോദരന്‍ കൂടിയാണ്.


ഷാഹിദ് തിരക്കഥ എഴുതിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. എല്ലാ തിരക്കഥകളിലും ചില സാമ്യത പ്രകടമാണ്. അച്ഛനമ്മമാര്‍ക്ക് എന്നും അദ്ദേഹത്തിന്‍റെ തിരക്കഥകളില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കിയിരുന്നു. മിക്ക അവസരങ്ങളിലും  നായകന്റെ അച്ഛനോ അമ്മയോ എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടവരാവുമെന്ന കാര്യം അച്ചട്ടാണ്. അവരുടെ തെറ്റുകളുടെയും ശരികളുടെയും കൊള്ളരുതായ്മകളുടെയും ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവരാണ് അദ്ദേഹത്തിന്‍റെ നായകന്മാരില്‍ ഭൂരിപക്ഷവും.

ആദ്യ ചിത്രമായ ബാലേട്ടന്‍ മുതല്‍ അദ്ദേഹം ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല...

ബാലേട്ടന്‍

balettan

വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി,നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ബാലേട്ടനിലെ പ്രധാന ട്വിസ്റ്റ്‌ എന്ന് പറയുന്നത് നായകന്‍റെ അച്ഛന്റെ കുടുംബ രഹസ്യം തന്നെയാണ്. നായകന്‍റെ അച്ഛന് 'മറ്റൊരു' ഭാര്യയും ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുമുണ്ട് എന്നതാണ് കഥയുടെ വഴിത്തിരിവ്. ആരുമറിയാതെ അവരെ സംരക്ഷിക്കാനും മറ്റുമായി മോഹനലാലിന്റെ കഥാപാത്രം നടത്തുന്ന തത്രപ്പാടുകളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്.

ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടിഎ ഷാഹിദ് ആണ്.

മത്സരം

malsram

അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി നായകനായ മത്സരമാണ് ടിഎ ഷാഹിദ് തിരക്കഥ ഒരുക്കിയ രണ്ടാമത്തെ ചിത്രം.  കുപ്പിക്കണ്ടം ഹംസ എന്ന നെഗറ്റീവ് കഥാപാത്രയാണ് ചിത്രത്തില്‍ മണി അവതരിപ്പിച്ചത്.

ഒരേ സമയം നാട്ടിലെ തെമ്മാടിയും  എല്ലാവരുടെയും പ്രിയങ്കരനുമായ ഹംസ   ഒരു ജാര സന്തതിയാണ്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ കുപ്പിക്കണ്ടം ഹംസയുടെ പ്രധാന എതിരാളി അവന്റെ അഛന്‍ അച്ചംകണ്ടം തൊമ്മച്ചനാണ്. അഛനും മകനും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മണിയെ കൂടാതെ വിജയരാഘവന്‍. തിലകന്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സുരേഷ് കൃഷ്ണ, ശ്രീരാമന്‍, ഹേമന്ത് രാവണ്‍, അഗസ്റിന്‍, അബുസലിം,  സുചിത, ഗീഥാസലാം, ശ്രീവിദ്യ, കാര്‍ത്തിക, വിന്ധ്യ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിന്നു.

നാട്ടുരാജാവ്

natt rajav

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, മനോജ്‌ കെ. ജയൻ, കലാഭവൻ മണി, നയൻതാര, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ നാട്ടുരാജാവിലും കഥാഗതി നിയന്ത്രിക്കുന്നത് നായകന്‍റെ അച്ഛന്‍ കഥാപാത്രമാണ്. ഫ്യൂഡല്‍ മാടമ്പിയായ പുലിക്കാട്ടില്‍ മാത്തന്‍റെ മകനായ പുലിക്കാട്ടില്‍ ചാര്‍ളിയായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രം, അച്ഛന്റെ കൊള്ളരുതായ്മകള്‍ക്ക് എതിരെ പോരാടുകയും അതിന് പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന മകന്റെ കഥയാണ് പറയുന്നത്. ഇവിടെയും അച്ഛന്‍കഥാപാത്രത്തിന്റെ വിവാഹേതര ബന്ധങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.

ബെന്‍ജോണ്‍സണ്‍

ben johnson

അനിൽ സി മേനോൻ സംവിധായം ചെയ്ത ‘ബെൻ ജോൺസണില്‍' കഥാനായകൻ ഒരു പോലീസ്‌ ഇൻസ്‌പെക്‌ടറാണ്‌. ഒരു പോലീസുകാരനും സ്ഥലം മാറി വരാൻ ആഗ്രഹിക്കാത്ത മുത്തങ്ങാക്കുഴി സ്‌റ്റേഷനിലേക്ക്‌ സ്ഥലം മാറ്റം ചോദിച്ചു വാങ്ങി വരുന്ന എസ്‌ഐ ജോൺസന്‍റെ കഥയാണ്‌ കലാഭവന്‍ മണി നായകനായി എത്തിയ ഈ ചിത്രം പറയുന്നത്.

മുന്‍ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം മാറി, ഈ ചിത്രത്തില്‍ നായകന്‍റെ അമ്മയെയാണ് കഥാകൃത്ത് ഫോക്കസ് ചെയ്തിരിക്കുന്നത്. പണ്ട് എപ്പോഴോ ഇഷ്ടപ്പെട്ടയാളുടെ കൂടെ ഒളിച്ചോടി പോയ അമ്മയില്‍ നിന്നുമാണ് ഇവിടെ കഥ വികസിക്കുന്നത്.

രാജമാണിക്യം

rajamanikayam

തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന രാജമാണിക്യം എന്ന കഥാപാത്രത്തെ മലയാളികള്‍ നിറ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണവും ഉഗ്രന്‍ സംഘട്ടനരംഗങ്ങളുമായി മമ്മൂട്ടി തിളങ്ങുന്ന ഈ ചിത്രം സംവിധാനം ചെയതത് അന്‍വര്‍ റഷീദാണ്.

മമ്മൂട്ടിയെ കൂടാതെ സായി കുമാർ, മനോജ്‌ കെ ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലും കഥഗതി നിര്‍ണയിക്കുന്നത് നായകന്‍റെ അമ്മയാണ്. നായകന്‍റെ അമ്മ മകന്‍ അറിയാതെ മറ്റൊരാളെ വിവാഹം കഴിക്കുന്നതും അമ്മയെ അന്വേഷിച്ചു മകന്‍ മണവാള ചെക്കന്റെ വീട്ടില്‍ എത്തുന്നിടത്ത് നിന്നുമാണ് കഥ വികസിക്കുന്നത്.

പച്ചക്കുതിര

pachakuthira

തന്‍റെ കഥകളില്‍ അമ്മയ്ക്കും അച്ഛനും ഒരു പ്രത്യേക സ്ഥാനം തന്നെ ടിഎ ഷഹിദ് കൊടുത്തിരുന്നു. സംവിധായകന്റെ കമലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന ലേബലിലാണ് ഈ ദിലീപ് ചിത്രം പില്‍ക്കാലത്ത് അറിയപ്പെട്ടതെങ്കിലും ടിഎ ഷാഹിദ് എന്ന എഴുത്തുക്കാരന്‍ തന്‍റെ കഥകളില്‍ അമ്മയ്ക്കും അച്ഛനുമൊക്കെ കൊടുക്കുന്ന പ്രാധാന്യം ഈ ചിത്രത്തിലും പ്രകടമാണ്.

നായകന്റെ അമ്മ പണ്ട് നാട് വിട്ട് പോയി. അവിടെ വച്ചു നായകന് ഒരു സഹോദരന്‍ ജനിക്കുന്നു. അമ്മയുടെ മരണ ശേഷം ആ സഹോദരന്‍ നായകനെ കാണാന്‍ നാട്ടിലേക്ക് വരുന്നു. ഇതാണ് പച്ചക്കുതിരയുടെ കഥാഗതി.

താന്തോന്നി 

thanthonni

ജോഷിയുടെ സഹസംവിധായകനായിരുന്ന ജോര്‍ജ് വര്‍ഗീസ്‌ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രമാണ് താന്തോന്നി. അമ്മയുടെ വീട്ടുകാരെ ഭയന്ന് ഒളിച്ചു താമസിക്കുന്ന അച്ഛന് താങ്ങും തണലുമായി മാറുന്ന മകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ കഥയില്‍ നിന്നും വികസിക്കുന്ന മറ്റ് സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു..

Story by