ശമ്പളവര്‍ദ്ധനവും ബോണസുമില്ല; സൂര്യാ ടി വിയില്‍ ജീവനക്കാര്‍ സമരത്തില്‍; കൊച്ചിയിലെ ഓഫീസില്‍ സിഇഒ അടക്കമുള്ളവരെ തടഞ്ഞുവെച്ചു

ഫെസ്റ്റിവെല്‍ ബോണസിന്റെ പേരില്‍ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കുന്നുണ്ടെങ്കിലും ഓണത്തിന് ബോണസ് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ജീവനക്കാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. 120 ഓളം ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ശമ്പളവര്‍ദ്ധനവും ബോണസുമില്ല; സൂര്യാ ടി വിയില്‍ ജീവനക്കാര്‍ സമരത്തില്‍; കൊച്ചിയിലെ ഓഫീസില്‍ സിഇഒ അടക്കമുള്ളവരെ തടഞ്ഞുവെച്ചു

കൊച്ചി: ശമ്പള വര്‍ദ്ധനവും ഓണത്തിന് ബോണസും നിഷേധിച്ചതിനെ തുടര്‍ന്നാണ് സൂര്യാ ടി വിയില്‍ ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ സമരവുമായി രംഗത്തിറങ്ങിയത്. കൊച്ചിയില്‍ വാഴക്കാല ഓഫീസില്‍ ജീവനക്കാര്‍ സിഇഒ സി പ്രവീണ്‍, എച്ച് ആര്‍ മേധാവി ജവഹര്‍ മൈക്കിള്‍ എന്നിവരെ തടഞ്ഞു വെച്ചു. രണ്ടു വട്ടം മാനേജ്‌മെന്റുമെന്റുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒരുറപ്പും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ഫെസ്റ്റിവെല്‍ ബോണസിന്റെ പേരില്‍ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കുന്നുണ്ടെങ്കിലും ഓണത്തിന് ബോണസ് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ജീവനക്കാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. 120 ഓളം ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഓരോ മാസവും ഓഫീസില്‍ നിന്നു ലഭിക്കുന്ന സാലറി സ്ലിപ്പില്‍ മാറ്റങ്ങളുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.


''മാലിന്യം ഒഴുകുന്ന  പൈപ്പില്‍ നിന്നാണ് ഞങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നത്. സ്ത്രീ ജിവനക്കാര്‍ക്ക് പ്രസവാനുകൂല്യം പോലുമില്ല''- സൂര്യ ടി വിയിലെ ജീവനക്കാരനായ വിനീഷ് പറഞ്ഞു.

കൊച്ചിയില്‍ സമരം നടക്കുന്ന കാര്യം ചാനല്‍ ഉടമയായ  കലാനിധി മാരനെ അറിയിക്കാന്‍  സിഇഒയും എച്ച് ആറും തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. കഴിഞ്ഞ ദിവസം വാഴക്കാല ഓഫീസില്‍ ജീവനക്കാര്‍ ബിഎംഎസ് യൂണിയന്‍ രൂപീകരിച്ചിരുന്നു.


Read More >>