നിയമച്ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാൽ...

ഹൈക്കോടതിയിലെ അപ്പീൽ പരിഗണിക്കുമ്പോൾ ജസ്റ്റിസ് കെമാൽ പാഷയ്ക്കും ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായർക്കും കൃത്യമായ നിലപാടുണ്ടായിരുന്നു. The victim had reposed utmost confidence in the Indian Railways when she opted to travel by the ladies compartment, to have a safe journey, especially without the interference of the other sex എന്നൊരു വാചകം വിധിന്യായത്തിലെഴുതാൻ അവരെ പ്രേരിപ്പിച്ച നീതിബോധമാണ് സുപ്രിംകോടതിയിലെ ന്യായാധിപന്മാർക്കില്ലാതെ പോയത്.

നിയമച്ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാൽ...

അസംബന്ധം എന്ന ഒറ്റവാക്കിലൊതുക്കാം, ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ കഴിഞ്ഞ ദിവസം സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയ്ക്കുളള വിശേഷണം. ഈ വിധിയെഴുതിയവരെ ഇന്ത്യൻ നീതിനിർവഹണ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങളായി വേണം പരിഗണിക്കേണ്ടത്. അതു പറയാൻ ഒരു കോടതിയലക്ഷ്യക്കേസിനെയും ഭയക്കേണ്ടതില്ല. നിയമവാഴ്ചയെ അട്ടിമറിക്കുന്ന വിധിന്യായങ്ങൾ പരമോന്നത നീതിപീഠത്തിൽ നിന്ന് പുറത്തുവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിയമജ്ഞർ വിലയിരുത്തട്ടെ.


കൊലപാതകത്തിന് നിയമം കൽപ്പിക്കുന്ന പ്രാഥമിക നിർവചനത്തെപ്പോലും അട്ടിമറിച്ചാണ് സുപ്രിംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽ നിന്ന് വിമുക്തനാക്കിയത്. അതിനുളള അധികാരം വിധിയെഴുതിയ ജഡ്ജിമാർക്ക് എവിടുന്നു കിട്ടി എന്നുകൂടി ജനാധിപത്യ സമൂഹം പരിശോധിക്കണം. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടുവെന്നതിനെക്കാൾ ആശങ്കപ്പെടുത്തുന്നത്, സുപ്രിംകോടതി ജഡ്ജിമാർ ഇങ്ങനെയൊരു വിധിയെഴുതി എന്നതാണ്. അസാധാരണമാണ് ഈ സാഹചര്യം.

സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് സൌമ്യ ഇരയായത്. ഗോവിന്ദച്ചാമി ഹാബിച്വൽ ക്രിമിനലാണ്. അക്കാര്യം കോടതിയ്ക്കും ബോധ്യമുണ്ട്. ട്രെയിനിന്റെ കമ്പാർട്ടുമെന്റിൽ ഒറ്റയ്ക്കു കിട്ടിയ സൌമ്യയെ ഇയാൾ തലമുടിയ്ക്കു കുത്തിപ്പിടിച്ച് മുറിയുടെ ഭിത്തിയിൽ നാലോ അഞ്ചോ തവണ ഇടിച്ചുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടു പറയുന്നു. അങ്ങനെ ഇടിച്ചു ബോധം കെടുത്തിയ ഇരയെ ട്രെയിനിൽ നിന്ന് ട്രാക്കിലേയ്ക്കു വലിച്ചെറിഞ്ഞ ശേഷം കൂടെ ചാടി, ഇരുട്ടിലേയ്ക്കു വലിച്ചിഴച്ചായിരുന്നു ബലാത്സംഗം. അങ്ങനെയാണ് പ്രോസിക്യൂഷൻ കേസ്.

സൌമ്യയുടെ തലപിടിച്ച് ഭിത്തിയിലിടിച്ച കാര്യം സുപ്രിംകോടതി വിധിയിലും എടുത്തു പറഞ്ഞിട്ടുണ്ട്. The injury described in No.1 is caused by hitting 4-5 times against a flat surface 9 holding the hair from back with a right hand (പേജ് 8-9). ഒന്നാം മുറിവിനെക്കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വിധിയിലുദ്ധരിച്ച ഭാഗം വിശദമായി ഉദ്ധരിക്കട്ടെ -
Injury No.1 is sufficient to render her dazed and insensitive.It is capable of creating dazeness to head and rendering incapable to respond. These wounds may not be of the nature of exclusive cause of death. This injury will be caused only if the head is forcefully hit to backward and forward against a hard flat surface. Need not become total unconscious. But can do nothing. The injury described in No.1 is caused by hitting 4-5 times against a flat surface holding the hair from back with a right hand. These injuries are photographed in detail in Ext. P.70. CD. This is my independent findings. I have also checked the matters listed in the requisition from an independent evaluation what I understand is that after hitting the head on a flat and hard substance several times and rendering insensitive dropped.

ഇതു വിശ്വസിച്ച കോടതിയ്ക്കെങ്ങനെ the accused cannot be held liable for injury no.2 എന്ന നിഗമനത്തിലെത്തിച്ചേരാനാവും? സാമാന്യബുദ്ധിയുടെ ഏതു തലത്തിലാണ് ഈ രണ്ടുനിഗമനങ്ങളും ഒരേ സമയം നിലനിൽക്കുക? വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്.  Need not become total unconscious. But can do nothing എന്നത് ഒരു വിദഗ്ധാഭിപ്രായമാണ്. വിദഗ്ധാഭിപ്രായത്തിന് ജഡ്ജിമാർ നൽകേണ്ട പരിഗണനയെക്കുറിച്ച് കോടതിയ്ക്ക് അംഗീകൃത നിലപാടുകളുമുണ്ട്.  വിദഗ്ധാഭിപ്രായത്തിനു നൽകേണ്ട പ്രാധാന്യമെന്ത് എന്ന് കേരള ഹൈക്കോടതി വിധിയുടെ 198- ാം ഖണ്ഡികയിൽ Ramesh Chandra Agrawal v. Regency Hospital Ltd. and others എന്ന കേസിലെ സുപ്രിംകോടതി നിലപാടുദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. ഇത്തരം ആഴമേറിയ പരിശോധനയും നിരീക്ഷണവും കൊണ്ട് സമ്പന്നമാണ് ആ വിധിന്യായം. പക്ഷേ, സുപ്രിംകോടതിയിലെത്തുമ്പോഴോ.

പതിനാറാം ഖണ്ഡികയിലെ ഈ ഭാഗം വായിക്കുക.
While the said proposition need not necessarily be incorrect what cannot also be ignored is the evidence of P.W. 4 and P.W. 40 in this regard which is to the effect that they were told by the middle aged man, standing at the door of the compartment, that the girl had jumped out of the train and had made good her escape.

എത്ര നിരുത്തരവാദപരമായാണ് ഒരു ഫോറൻസിക് വിദഗ്ദയുടെ അഭിപ്രായത്തെ ഏതോ ഒരജ്ഞാതന്റെ അഭിപ്രായത്തോട് തുലനം ചെയ്ത് പ്രതിയെ വിശുദ്ധനാക്കുന്നത്? മുടിയ്ക്കു കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചു ചതച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന മുറിവിനു ശേഷമുളള സൌമ്യയുടെ ശാരീരികാവസ്ഥയെക്കുറിച്ച് ഒരു ഫോറൻസിക് വിദഗ്ധ പറയുന്നതാണോ, ഏതോ ബോഗിയുടെ വാതിലിൽ ബീഡിയും വലിച്ചു നിന്ന ആരോ പറഞ്ഞെന്ന് മറ്റൊരാൾ പറഞ്ഞതാണോ കോടതി വിശ്വാസത്തിലെടുക്കേണ്ടത്? ഇതൊക്കെ ഏതു കോത്താഴത്തു ചെലവാകുന്ന ന്യായങ്ങളാണ് എന്ന് അന്തം വിടുന്നവർക്കു നേരെ ദയവായി കോടതിയലക്ഷ്യം ആരോപിക്കരുത്.

ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് സുപ്രിംകോടതി സ്വരം കടുപ്പിച്ചെന്നും സാഹചര്യത്തെളിവുകൾ ആധാരമാക്കി ശിക്ഷ ഉറപ്പിക്കാമെന്നു സുപ്രീം കോടതിയുടെതന്നെ വിധികൾ ഉദ്ധരിച്ചു പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ലെന്നും മനോരമ പറയുന്നു.

തല ചതഞ്ഞ് മൃതപ്രായയായ സൌമ്യ സ്വമേധയാ ട്രെയിനിൽ നിന്ന് ചാടി വരുത്തിവച്ചതാണത്രേ രണ്ടാം മുറിവ്! ആ മുറിവിന് ഉത്തരവാദി ഗോവിന്ദച്ചാമിയല്ല, അതുകൊണ്ട് അയാൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലത്രേ!ആരുടെ നീതിബോധമാണ് വക്രബുദ്ധിയുടെ ചുഴിക്കുറ്റമുളള ഈ വ്യാഖ്യാനം കൊണ്ടു തൃപ്തിപ്പെടുക? ആരോടാണ് നാമിതൊക്കെ ചോദിക്കുക?

സംഭവിച്ചതെന്തെന്നു മനസിലാക്കാൻ സാമാന്യബുദ്ധി മതി. അബോധാവസ്ഥയിലായ സൌമ്യയെ ട്രെയിനിലിട്ടു ബലാത്സംഗം ചെയ്താൽ ഗോവിന്ദച്ചാമിയ്ക്കു രക്ഷപെടാനാവില്ല. അടുത്ത സ്റ്റേഷനിലെത്തുമ്പോൾ ലേഡീസ് കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതി അപ്പോൾത്തന്നെ റെയിൽവേ ജീവനക്കാരുടെ പിടിയിലാവാൻ എല്ലാ സാധ്യതയുമുണ്ട്. അതൊഴിവാക്കാൻ പ്രയോഗിച്ച ബുദ്ധിയാണ് മൃതപ്രായയായ സൌമ്യയെ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തേയ്ക്കു തളളിയിട്ടത്. പ്രതിയ്ക്കും ഒപ്പം ചാടാവുന്ന വേഗതയേ അപ്പോൾ ട്രെയിനിനുണ്ടായിരുന്നുളളൂ. കൃത്യം കഴിഞ്ഞ് അയാൾ സംഭവസ്ഥലത്തു നിന്നും രക്ഷപെടുകയും ചെയ്തു.

ഇര കൊല്ലപ്പെടണമെന്ന് വിചാരിക്കാതെയാണത്രേ പ്രതി ഇതൊക്കെ കാട്ടിക്കൂട്ടിയത്. പോരെങ്കിലോ, ഇങ്ങനെ മുറിവേറ്റയാളെ ബലാത്സംഗം ചെയ്യാൻ വേണ്ടി മലർത്തി കിടത്തുമ്പോൾ ശ്വാസനാളികയിൽ രക്തം കയറി മരിച്ചുപോകുമെന്നൊക്കെ മനസിലാക്കാൻ വേണ്ട അറിവും ഗോവിന്ദച്ചാമിയ്ക്കില്ലായിരുന്നു. ഹാബിച്വൽ ക്രിമിനലുകൾക്ക് പാരാമെഡിക്കൽ കോഴ്സിൽ ട്യൂഷൻ നൽകണമെന്ന് വിധിയിലെഴുതി വെയ്ക്കാത്തത് നമ്മുടെ ഭാഗ്യം.

ഗോവിന്ദച്ചാമി ചെയ്തത് വെറും ബലാത്സംഗമാണ്, കൊലപാതകമല്ല എന്ന സുപ്രിംകോടതിയുടെ നിയമവിരുദ്ധമായ തീർപ്പുകൽപ്പിക്കലിന്റെ മറുവശമെന്താണ്? ട്രെയിനിൽ നിന്ന് ചാടാതെ ബോഗിയ്ക്കുളളിൽ ചാമിയ്ക്കു വഴങ്ങിയിരുന്നെങ്കിൽ സൌമ്യ കൊല്ലപ്പെടുമായിരുന്നില്ല എന്നല്ലേ ഇപ്പറഞ്ഞതിന്റെ പച്ചമലയാളം. എങ്കിൽ ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന ഒരു ബലാത്സംഗക്കേസിൽ കാര്യം തീർന്നേനെയെന്നും

സൌമ്യയുടെ ശരീരത്തിലെ രണ്ടാം മുറിവിന് കാരണക്കാരൻ ഗോവിന്ദച്ചാമിയല്ല എന്ന വ്യാഖ്യാനം കുറേക്കൂടി നല്ല ഭാഷയിൽ സുപ്രിംകോടതിയ്ക്ക് ഇങ്ങനെ ചോദിക്കാമായിരുന്നു - സൌമ്യയുടെ ചോര, സൌമ്യയുടെ ശ്വാസനാളത്തിലേയ്ക്ക് ഒഴുകിയതിന് ഗോവിന്ദച്ചാമിയെങ്ങനെ ഉത്തരവാദിയാകും? അതൊരു ചോദ്യമല്ലേ. ഇമ്മാതിരി ചോദ്യങ്ങളുമായി ജഡ്ജിമാർ കേസു കേൾക്കാനിരുന്നാൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചു പോവുകയേ നിർവാഹമുളളൂ. കുത്തിക്കൊന്ന കേസു പരിഗണിക്കുമ്പോൾ, മുറിഞ്ഞാൽ ചോരയൊഴുകണമെന്ന ഉദ്ദേശം പ്രതിയ്ക്കുണ്ടായിരുന്നു എന്നതിന് എന്തു തെളിവെന്നു ചോദിച്ചാൽ.. കഴുത്തറത്തു കൊന്ന കേസു പരിഗണിക്കുമ്പോൾ, ശ്വാസനാളം മുറിഞ്ഞുപോയാൽ ജീവൻ നഷ്ടപ്പെടുമെന്ന അറിവ് പ്രതിയ്ക്കുണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ എന്നു ചോദിച്ചാൽ... കെണിഞ്ഞുപോവുകയേ ഉളളൂ..

ഹൈക്കോടതിയിലെ അപ്പീൽ പരിഗണിക്കുമ്പോൾ ജസ്റ്റിസ് കെമാൽ പാഷയ്ക്കും ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായർക്കും കൃത്യമായ നിലപാടുണ്ടായിരുന്നു. The victim had reposed utmost confidence in the Indian Railways when she opted to travel by the ladies compartment, to have a safe journey, especially without the interference of the other sex എന്നൊരു വാചകം വിധിന്യായത്തിലെഴുതാൻ അവരെ പ്രേരിപ്പിച്ച നീതിബോധമാണ് സുപ്രിംകോടതിയിലെ ന്യായാധിപന്മാർക്കില്ലാതെ പോയത്. ഈ നീതിബോധമുളളവരാണ് ന്യായാധിപരുടെ കസേരയിലിരിക്കേണ്ടത്.

അങ്ങനെയുളളവർ പുറപ്പെടുവിക്കുന്ന വിധികളാണ് നീതിനിർവഹണ സംവിധാനത്തിൽ സാമാന്യജനത്തിന്റെ വിശ്വാസമുറപ്പിക്കുന്നത്. ജീവിതത്തിലെ സുപ്രധാനമായ ഒരു മുഹൂർത്തം സ്വപ്നം കണ്ട് സമ്പൂർണമായ സുരക്ഷിതബോധത്തിൽ യാത്ര ചെയ്ത ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കയറി അതിക്രൂരമായി അവളെ കൊല്ലുകയായിരുന്നു ഗോവിന്ദച്ചാമി. സംശയരഹിതമായി അക്കാര്യം നിയമവ്യവസ്ഥയ്ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പ്രതിയെ കൊലക്കുറ്റത്തിൽനിന്ന് ഏതു വിധേനെയും രക്ഷിച്ചേ തീരൂ എന്ന വാശിയുമായി വിധി പറയാനിരുന്നാൽ ഇതും ഇതിലപ്പുറവും സംഭവിക്കും.

ശിക്ഷാനിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ ഗോവിന്ദച്ചാമിയ്ക്കു നൽകാതിരിക്കാൻ ഒരു കാരണവും കേരള ഹൈക്കോടതിയ്ക്കു കണ്ടെത്താനും കഴിഞ്ഞില്ല. അക്കാര്യം സുപ്രിംകോടതിയ്ക്കും സംശയരഹിതമായി ബോധ്യപ്പെട്ടിട്ടുണ്ട്. വിധിയുടെ ഖണ്ഡിക 13ൽ ഇങ്ങനെ പറയുന്നു -
So far as the offence under Section 376 IPC is concerned, from a consideration of the postmortem report 14 (Exhibit P-69) D.N.A. Profile (Exhibit P-2) and the evidence of P.W. 64 and P.W. 70, there can be no manner of doubt that it is the accused appellant who had committed the said offence. The D.N.A. profile, extracted above, clinches the issue and makes the liability of the accused explicit leaving no scope for any doubt or debate in the matter.

സൌമ്യയുടെ ശരീരത്തിൽ 24 മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടു പറയുന്നു. സാമാന്യ ബുദ്ധിയുളള ആർക്കുമറിയാം, ആ 24 മുറിവുകളുടെയും ഉത്തരവാദി ഗോവിന്ദച്ചാമി മാത്രമാണ്. അതിൽനിന്നൊരെണ്ണം അടർത്തി മാറ്റി അതിനുത്തരവാദി ഗോവിന്ദച്ചാമിയല്ല എന്നൊക്കെ തീർപ്പു കൽപ്പിക്കുന്ന ജുഡീഷ്യൽ അത്യാചാരങ്ങളുടെ മറുവശം അന്വേഷണ വിധേയമാക്കുകതന്നെ വേണം. ദൌർഭാഗ്യവശാൽ നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ അതിനു മാർഗങ്ങളില്ല. ജുഡീഷ്യൽ അക്കൌണ്ടബിലിറ്റി എന്ന ഏട്ടിലെ പശുവിനെ സ്വതന്ത്രഭാരതത്തിലും ദശാബ്ദങ്ങളായി നമ്മുടെ യുവറോണർമാർ പട്ടിണിയ്ക്കിട്ടിരിക്കുകയാണല്ലോ....

നിയമവാഴ്ചയിൽ വിശ്വസിക്കുന്നവർക്കൊന്നും സുപ്രിംകോടതി വിധി ഉൾക്കൊളളാനാവില്ല. അതൊരു വിധിയല്ല. ദുർവ്യാഖ്യാനങ്ങളുടെ അസംബന്ധ ജൽപനമാണ്. പരമോന്നത നീതിപീഠം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിലവാരമോ ഗൌരവമോ ഈ വിധിയിലില്ല. കേസ് ഇഴകീറി പഠിച്ച്, പ്രതിഭാഗവും വാദിഭാഗവും നിരത്തിയ തെളിവുകളും മൊഴികളും സമൂലം പരിശോധിച്ച് 436 ഖണ്ഡികകളിലായി ജസ്റ്റിസ് കെമാൽ പാഷയും ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായരും എഴുതിയ വിധിയെ യുക്തിപരമായോ നിയമപരമായോ ഏതെങ്കിലും തരത്തിൽ റദ്ദാക്കാൻ വേണ്ടതൊന്നും സുപ്രിംകോടതി വിധിയിലില്ല. സാധാരണ ഇത്തരം വിധികൾ പുറപ്പെടുവിക്കുമ്പോൾ സമാനമായ മറ്റു കേസുകളിൽ സുപ്രിംകോടതി അംഗീകരിച്ച നിലപാടുകൾ വിശദമായി വിധിയിൽ ഉദ്ധരിച്ചു ചേർക്കാറുണ്ട്. ഇത്തരം ഒരു വിധിയും പരാമർശിക്കപ്പെടാത്തതും ഈ വിധിയെ അസാധാരണമാക്കുന്നുണ്ട്.

നിയമവാഴ്ചയിൽ വിശ്വാസം നിലനിൽക്കണമെങ്കിൽ നടപ്പാകേണ്ടത് സുപ്രിംകോടതിയുടെ വിധിയല്ല; കേരള ഹൈക്കോടതിയുടെ വിധിയാണ്. അതിനാൽ ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലുക തന്നെ വേണം.

ചിത്രത്തിനു കടപ്പാട് - ദി ഹിന്ദു