ഫയലിൽ ഉറങ്ങുന്നത് ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രീ, ആർദ്രയ്ക്കും സുധാകരനും നീതി കിട്ടാൻ സെക്രട്ടേറിയറ്റിലെ ഏതു ദൈവം കനിയണം?

എസ്എസ്എൽസി ബുക്കിൽ ആർദ്രയുടെ ജാതി ഈഴവ; ജാതി സർട്ടിഫിക്കറ്റിൽ അവൾ പുലയ. കണ്ണു മിഴിച്ച കമ്മിഷണർ "ആരവിടെ"യെന്ന് അമറി. കിർത്താഡ്സുകാർ പാഞ്ഞെത്തി. അങ്ങനെയാണ് മില്യൂ ആൻഡ് സർക്കംസ്റ്റൻസ്, ആന്ത്രപ്പോളജി, ജീനിയോളജി പരിശോധനകൾ ആരംഭിച്ചത്.

ഫയലിൽ ഉറങ്ങുന്നത് ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രീ, ആർദ്രയ്ക്കും സുധാകരനും നീതി കിട്ടാൻ സെക്രട്ടേറിയറ്റിലെ ഏതു ദൈവം കനിയണം?

നാരദാ ന്യൂസ് പരിചയപ്പെടുത്തിയ സുധാകരൻ ചിത്രമാളിക എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം വായനക്കാർ മറന്നിട്ടുണ്ടാവില്ല. സുധാകരൻറെ മകൾ ആർദ്രയുടെ ദുർവിധിയും ആ വാർത്തയിൽ സരുൺ ജോസ് വിവരിച്ചിരുന്നു. പ്ലസ്ടുവിന് 95 ശതമാനം മാര്‍ക്കു വാങ്ങിയിട്ടും ജാതി സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വത്തിൽ മെഡിസിൻ വിദ്യാഭ്യാസം എന്ന സ്വപ്നം തകർന്ന് വിദ്യാഭ്യാസം മുടങ്ങിയ നിർഭാഗ്യവതിയാണ് സുധാകരൻ സുവർണ ദമ്പതികളുടെ മകൾ ആർദ്രാ സുധാകരൻ. അക്കഥ തേടിയും ഞങ്ങൾ ഏറെ അലഞ്ഞു. ആ അന്വേഷണത്തിന്റെ റിപ്പോർട്ടാണിത്.


ഔദ്യോഗികാധികാരത്തിന്റെ മത്തും ദുരയും അഹന്തയും വിവരക്കേടും വിഡ്ഢിത്തരങ്ങളുമൊക്കെച്ചേർന്ന് അജ്ഞരായ മനുഷ്യരുടെ ജീവിതം ഞെരിച്ചുടയ്ക്കുന്ന ഭീകരത നേരിട്ടറിയാൻ ആർദ്രാ സുധാകരൻ ഒരു സ്പെസിമെൻ കേസാണ്. അവൾ നടന്ന വഴിയിലൂടെ പോയാൽ കോടതിവിധിയും ഭരണഘടനയും തോന്നിയതുപോലെ വ്യാഖ്യാനിക്കുന്നവരെ നിങ്ങൾക്കും കാണാം, ഫോട്ടോസ്റ്റാറ്റു പേപ്പറിൽ നിന്ന് ആന്ത്രപ്പോളജിയും ജീനിയോളജിയും ഗണിച്ചെടുക്കുന്ന ചെപ്പടിവിദ്യ കാണാം. "മില്യൂ ആൻഡ് സർക്കംസ്റ്റാൻസെസ്" എന്നൊക്കെ അരോചകമാംവിധം പുലമ്പുന്നവരെ കാണാം...

അങ്ങനെ അവരവർ പിടിച്ച മുയലിന്റെ ആയിരം കൊമ്പുകളിൽ സർക്കാർ ചെലവിൽ തലകീഴായി തൂങ്ങിക്കിടക്കുന്നവരുടെ ഭ്രാന്താലയമാകുന്നു കിർത്താഡ്സ് (The Kerala Institute for Research, Training and Development Studies of Scheduled Castes and Tribes എന്നു മുഴുവൻ പേര്).

ആർദ്ര - ഗുമസ്തയുക്തിയുടെ  രക്തസാക്ഷി


ജാതി തന്നെയാണ് പ്രശ്നം. ഒരാളിന്റെ ജാതി തീരുമാനിക്കാൻ അതിനു ചുമതലപ്പെട്ടവർ കൈക്കൊളളുന്ന യുക്തിയും. ആർദ്രയുടെ അമ്മ സുവർണ ജനിച്ചത് ഈഴവ സമുദായത്തിൽ. ആർദ്രയുടെ അച്ഛൻറെ ജാതി? എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് പുലയ എന്നാണ്. പക്ഷേ സർക്കാർ പറയുന്നു,  സുധാകരനെ പുലയനല്ലെന്ന്! പുലയനുളള ഒരു ആനൂകൂല്യവും കൊടുക്കരുതെന്ന്..!

അക്കഥ വഴിയേ പറയാം. കഥ രേഖീയമായിത്തന്നെ നീങ്ങട്ടെ.

[caption id="attachment_44524" align="aligncenter" width="640"]ആർദ്രയുടെ പ്ലസ് ടു മാർക്കുലിസ്റ്റ്
ആർദ്രയുടെ പ്ലസ് ടു മാർക്കുലിസ്റ്റ്[/caption]

പ്ലസ് ടുവിന് തൊണ്ണൂറു ശതമാനം മാർക്കു വാങ്ങി ജയിച്ച ആർദ്രയ്ക്കു മെഡിസിനു പോകാൻ മോഹം. ജാതി സർട്ടിഫിക്കറ്റിനുവേണ്ടി അവൾ പത്തനാപുരം താലൂക്കാഫീസിലെത്തി. നോർമൽ കേസിൽ നമ്മുടെ നാട്ടിലെ ഏത് റവന്യൂ ഉദ്യോഗസ്ഥനും കുട്ടിയുടെ എസ്എസ്എൽസി ബുക്കിലെ ജാതി ചാർത്തി സർട്ടിഫിക്കറ്റു കൊടുക്കും. അതാണ് നടപ്പുവഴക്കം. അതനുസരിച്ച് ആർദ്രയ്ക്ക് ഒബിസി ക്രിമിലെയർ സർട്ടിഫിക്കറ്റു നിഷ്പ്രയാസം കിട്ടണം. ആരുടെയും റെക്കമെൻഡേഷനില്ലാതെ. പക്ഷേ പത്തനാപുരം താലൂക്ക് ഓഫീസർ ലംബോധരൻ പിളള ആളൊരു പരോപകാരിയാണ്. അദ്ദേഹത്തിന് ആർദ്രയെ സഹായിച്ചേ തീരൂ. അങ്ങനെ ആർദ്ര പുലയ സമുദായക്കാരിയാണെന്നു തെളിയിക്കുന്ന ജാതി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടു പ്രകാരം അദ്ദേഹം നൽകി.

ഈ സർട്ടിഫിക്കറ്റുമായി എൻട്രസ് പരീക്ഷാ കമ്മിഷണറുടെ മുന്നിലെത്തിയപ്പോൾ കളി മാറി. എസ്എസ്എൽസി ബുക്കിൽ ആർദ്രയുടെ ജാതി ഈഴവ; ജാതി സർട്ടിഫിക്കറ്റിൽ അവൾ പുലയ. കണ്ണു മിഴിച്ച കമ്മിഷണർ "ആരവിടെ"യെന്ന് അമറി. കിർത്താഡ്സുകാർ പാഞ്ഞെത്തി. അങ്ങനെയാണ് മില്യൂ ആൻഡ് സർക്കംസ്റ്റൻസ്, ആന്ത്രപ്പോളജി, ജീനിയോളജി പരിശോധനകൾ ആരംഭിച്ചത്. അതോടെ പഠിക്കാൻ മിടുമിടുക്കിയായിരുന്ന ആർദ്രയുടെ വിദ്യാഭ്യാസ ജീവിതം അവസാനിച്ചു.

ആന്ത്രപ്പോളജി പരിശോധിക്കാൻ ആധാരമാക്കിയത് ഫോട്ടോസ്റ്റാറ്റ് പേപ്പർ!

anthrapology-geneology-photostat-paper

അതൊരു ഒന്നര പരിശോധനയായിരുന്നു.  ആദ്യമേ പറയട്ടെ. ആർദ്രയുടെ ജാതി തീരുമാനിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ആർദ്രയുടെയും സുധാകരൻറെയും ജാതി തീരുമാനിക്കാൻ കിർത്താഡ്സ് കിങ്കരന്മാരും സംസ്ഥാന സർക്കാരിന്റെ റിവ്യൂ കമ്മിറ്റിയും ആധാരമാക്കിയ യുക്തികളുടെ പരിശോധനയാണിത്.

മിശ്രവിവാഹിതർക്കു പിറക്കുന്ന കുട്ടികളുടെ ജാതി എങ്ങനെ തീരുമാനിക്കും? അതിനു രണ്ടു യുക്തികളുണ്ടായിരുന്നു. ആദ്യം അമ്മയുടെ ജാതിയാണ് കുട്ടിയുടെ ജാതിയെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചു. പിന്നെപ്പറഞ്ഞു, അച്ഛന്റെ ജാതിയാണ് കുട്ടിയുടെ ജാതിയെന്ന്. അച്ഛനോ അമ്മയോ പട്ടികജാതി / പട്ടിക വർഗം ആയാൽ സംഗതി പിന്നെയും കുഴയും. അതിൽതന്നെ ആരെങ്കിലും മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ സംഗതി പിന്നെയും കുഴയും.

ആർദ്രയുടെ അച്ഛന്റെ പേര് സുധാകരൻ. ജാതി പുലയൻ. എല്ലാ രേഖകളിലും സുധാകരൻ പുലയനാണ്. അമ്മ ഈഴവയും. സുധാകരന്റെ അച്ഛനും അമ്മയും ക്രിസ്തുമതം സ്വീകരിച്ചിരുന്നവരാണ് എന്നാണ് കിർത്താഡ്സുകാർ കണ്ടെത്തിയത്.

കിർത്താഡ്സിന്റെ കോഴിക്കോട് വിജിലൻസ് സെല്ലിൽ v/851/2015 എന്ന പേരിലൊരു ഫയലുണ്ട്. ആദ്യത്തെ തലക്കെട്ട് "ആന്ത്രപ്പോളജിക്കൽ റിപ്പോർട്ട്" എന്നാണ്. ആന്ത്രപ്പോളജി എന്നാൽ നരവംശ ശാസ്ത്രം. മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച വിജ്ഞാനശാഖ. ആർദ്രാ സുധാകരൻ എന്ന കുട്ടിയുടെ ജാതി തീർച്ചപ്പെടുത്തുന്ന ആന്ത്രപ്പോളജിക്കൽ റിപ്പോർട്ടെന്നു കേൾക്കുമ്പോൾ നാമെന്തു കരുതും ?

തലമുറകളിലേയ്ക്കു നീളുന്ന പഠനം. ഗൌരവമായ വിശകലനം. പക്ഷേ, റിപ്പോർട്ടു വായിച്ചാൽ ചിരിച്ചു മണ്ണു കപ്പും. അച്ഛന്റെയും അമ്മയുടെയും സർട്ടിഫിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റു കോപ്പി കൊണ്ട് ആർദ്രയുടെ ആന്തപ്പോളജി പഠിച്ചു കളഞ്ഞു, കിർത്താഡ്സിലെ കിങ്കരപ്പട. അവർക്കുണ്ടോ, ആർദ്രയുടെ ജീനിയോളജിയും ഫോട്ടോസ്റ്റാറ്റു കോപ്പി നോക്കി മനസിലാക്കാൻ ബുദ്ധിമുട്ട്.

കിർത്താഡ്സുകാർ പുലമ്പുന്നത് അർത്ഥമറിയാത്ത വാക്കുകൾ

[caption id="attachment_44513" align="aligncenter" width="640"]സുവർണ ചെന്നു കയറിയപ്പോൾ സുധാകരന്റെ വീട് നിയോ ലോക്കൽ റെസിഡൻസ് ആയെന്ന് കിർത്താഡ്സ്
സുവർണ ചെന്നു കയറിയപ്പോൾ സുധാകരന്റെ വീട് നിയോ ലോക്കൽ റെസിഡൻസ് ആയെന്ന് കിർത്താഡ്സ്[/caption]

വിജിലൻസ് അന്വേഷണം നടത്തിയ കിർത്താഡ്സ് ഉദ്യോഗസ്ഥന്റെ കരണക്കുറ്റി അടിച്ചു പുകയ്ക്കേണ്ട ഒരു പരാമർശമുണ്ട്, റിപ്പോർട്ടിൽ. അതിങ്ങനെയാണ്: After marriage they were living at Sastamkavu, padinjattethil, Pathirikal, ie, neo local residence.

എത്ര നീചമായാണ് ഈ വാചകത്തിൽ neo local residence എന്ന പരാമർശം തിരുകിക്കയറ്റിയത്? Neolocal residence-ന്റെ നിർവചനം ഇങ്ങനെയാണ് - type of post-marital residence when a newly married couple resides separately from both the husband's natal household and the wife's natal household. വിവാഹശേഷം ആണും പെണ്ണും അവരവുടെ കുടുംബവീടുകളിൽ നിന്ന് മാറിയാലേ അത് neo local residence ആവൂ. സുധാകരൻ 1994ൽ സുവർണയെ പ്രണയിച്ചു വിവാഹം കഴിച്ചു കൊണ്ടുവന്നത് അവരുടെ കുടുംബവീട്ടിലേയ്ക്കാണ്. സുധാകരൻ ജനിച്ച്, പിച്ച വെച്ചു വളർന്ന കുടിലിലേയ്ക്ക്.

[caption id="attachment_44514" align="aligncenter" width="640"]സുധാകരന്റെ എസ്എസ്എൽസി ബുക്ക് - വിലാസം ശ്രദ്ധിക്കുക സുധാകരന്റെ എസ്എസ്എൽസി ബുക്ക് - വിലാസം ശ്രദ്ധിക്കുക[/caption]

കിർത്താഡ്സിന്റെ റിപ്പോർട്ടിലേ ഇതേ അഡ്രസ് തന്നെയാണ് സുധാകരന്റെ എസ്എസ്എൽസി ബുക്കിലും. ശാസ്താംകാവിലെ ലക്ഷം വീടു കോളനിയിലെ ഓല കെട്ടി മറച്ച വീട്. കക്കൂസും
കിണറുമൊന്നുമില്ലാത്ത കോളനി. ആ വീട്ടിലേയ്ക്കൊരു പെണ്ണു വന്നപ്പോൾ കീർത്താഡ്സുകാർ അതിന്റെ സ്റ്റാറ്റസു മാറ്റി. അതിനെ neo local residence ആക്കി. കക്കൂസും കുടിവെളളവുമൊന്നുമില്ലാത്ത ഒരു വീടിന് ഇതിലപ്പുറം എന്തു ഭാഗ്യം വേണം?

ആന്ത്രപ്പോളജി, ജീനിയോളജി, neo local residence തുടങ്ങിയ വാക്കുകൾ ആർദ്രയ്ക്കു കിട്ടേണ്ട ആനുൂകൂല്യം അട്ടിമറിക്കാനാണ് ഉപയോഗിച്ചത്. ഒരു ആന്ത്രപ്പോളജിയും ഒരു ജീനിയോളജിയും ആരും പരിശോധിച്ചില്ല. ആകെ പരിശോധിച്ചത് രണ്ട് സർട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റു കോപ്പി. അതുപയോഗിച്ച് സവർണയുക്തിയുടെ ധാർഷ്ട്യം തുളുമ്പുന്ന റിപ്പോർട്ടുണ്ടാക്കി. അതിന് മേലാവിലുളളവർ തുല്യം ചാർത്തിക്കൊടുത്തു. ഇനി സുധാകരന് നീതി ലഭിക്കണമെങ്കിൽ സുപ്രിംകോടതി വരെ കയറിയിറങ്ങണം. അതാണ് കുരുക്ക്.

സ്ക്രൂട്ടണി കമ്മിറ്റിയുടെ തോന്നിയവാസം

[caption id="attachment_44515" align="aligncenter" width="640"]സുധാകരന്റെ കുടുംബത്തിലെ ആർക്കും ഒരാനുകൂല്യവും കൊടുത്തുപോകരുതെന്ന് സർക്കാർ സുധാകരന്റെ കുടുംബത്തിലെ ആർക്കും ഒരാനുകൂല്യവും കൊടുത്തുപോകരുതെന്ന് സർക്കാർ[/caption]

ഈ റിപ്പോർട്ടിനെതിരെ സർക്കാരിന്റെ സ്ക്രൂട്ടണി കമ്മിറ്റിയെ സമീപിച്ച ആർദ്രയ്ക്കും സുധാകരനും ലഭിച്ചത് വിചിത്രമായ ഉത്തരവായിരുന്നു. ആർദ്രയ്ക്ക് പട്ടികജാതി സർട്ടിഫിക്കറ്റിന് അർഹതയില്ലെന്നു വിധിക്കുക മാത്രമല്ല അവർ ചെയ്തത്. ഇവരുടെ കുടുംബത്തിൽ ആരെയും മേലാൽ പട്ടികജാതിയായി പരിഗണിക്കരുത് എന്ന കൽപനയും പുറപ്പെടുവിച്ചു, സെക്രട്ടേറിയറ്റിലെ ഏമാന്മാർ.

തീർന്നില്ല, ആരുടെയൊക്കെ ഔദ്യോഗിക രേഖകളിൽ ജാതി പുലയൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോ, അതെല്ലാം മായിച്ചു കളഞ്ഞ് പരിവർത്തിത ക്രിസ്ത്യാനി എന്നെഴുതണമെന്നുമുണ്ടായി കല്ലേപ്പിളർക്കുന്ന കൽപന. അതായത്, മകളുടെ ജാതി തീർച്ചപ്പെടുത്താൻ സർക്കാരിനെ സമീപിച്ച സുധാകരന്റെ ജാതി നഷ്ടമായി.

1983ൽ പത്തനാപുരം സെന്റ് സ്റ്റീഫൻ ഹൈസ്ക്കൂളിൽ നിന്നു ലഭിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പുലയൻ എന്നു രേഖപ്പെടുത്തിയതു കൂടി മായിച്ചു കളയണമെന്നാണ് സുധാകരനോട് കേരള സർക്കാർ കൽപ്പിച്ചത്.

[caption id="attachment_44516" align="aligncenter" width="640"]സുധാകരന്റെ എസ്എസ്എൽസി ബുക്കിൽ ജാതി തിരുത്തണമെന്ന് സർക്കാർ
സുധാകരന്റെ എസ്എസ്എൽസി ബുക്കിൽ ജാതി തിരുത്തണമെന്ന് സർക്കാർ[/caption]

ഇതാണ് കലർപ്പറ്റ ധിക്കാരം. ജനാധിപത്യം പരാജയപ്പെടുന്നത് ഇവറ്റകളുടെ മുന്നിലാണ്. സെക്രട്ടേറിയറ്റിലെ ഗ്ലോറിഫൈഡ് ഗുമസ്തന്മാരുടെ കൽപന പ്രകാരം ചുരണ്ടി മാറ്റാവുന്നതാണോ ഒരു മനുഷ്യന്റെ ജാതി എന്നു ചോദിക്കാൻ നാട്ടിൽ ഉത്തരവാദിത്തപ്പെട്ട ആരുമില്ലാത്ത സ്ഥിതി.

നമുക്കു തൽക്കാലം ധാർമ്മിക രോഷം മാറ്റിവെയ്ക്കാം. എന്നിട്ടൊരു സുപ്രിംകോടതി വിധി വായിക്കാം.
2015 ഫെബ്രുവരി 26ന് സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാലഗൌഡയും ചേർന്ന് പുറപ്പെടുവിച്ച വിധിയാണത്
. തലമുറകൾക്കു മുമ്പേ മതം മാറിയവരുടെ പരമ്പരയിലാരെങ്കിലും പുനപരിവർത്തനം നടത്തിയാൽ പട്ടികജാതി പട്ടികവർഗമാണെന്നു തെളിയിക്കുന്ന ജാതി സർട്ടിഫിക്കറ്റിന് അവർക്ക് അർഹതയുണ്ടെന്നാണ് സുപ്രധാനമായ ഈ വിധിയുടെ രത്നച്ചുരുക്കം. ഇതേ സ്ക്രൂട്ടണി കമ്മിറ്റിയുടെ ഒരു തീരുമാനത്തെയാണ് സുപ്രിംകോടതി ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ തളളിയത്. വിധിയെക്കാൾ പ്രസക്തം ആ വിധിയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുളള നിശിതമായ അപഗ്രഥനമാണ്.

സുപ്രീംകോടതിയുടെ നെഞ്ചത്തു കയറുന്ന സെക്രട്ടേറിയറ്റ് ഗുമസ്തന്മാർ

ഇന്ത്യയിലെങ്ങനെയാണ് ജാതിവ്യവസ്ഥ പ്രവർത്തിക്കുന്നത് എന്ന് ആ വിധിയിൽ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. പക്ഷേ, ആന്ത്രപ്പോളജിയും ജീനിയോളജിയും മൂന്നു നേരം ഉരുട്ടി വിഴുങ്ങുന്ന കിർത്താഡ്സിലെ ചെങ്കീരികൾ ഇതൊന്നും വായിച്ചു നോക്കുന്നേയില്ല.   ആ വിധിയിൽ അടിവരയിട്ട് ഉദ്ധരിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്. അതിങ്ങനെയാണ്
 Since the caste is a social combination of persons governed by its rules and regulations, it may, if its rules and regulations so provide, admit a new member just as it may expel an existing member. The only requirement for admission of a person as a member of the caste is the acceptance of the person by the other members of the caste, for, as pointed out by Kirshnaswami Ayyangar, J., in Durgaprasada Rao v. Sudarsanaswami7 , “in matters affecting the well being or composition of a caste, the caste itself is the supreme judge”.

[caption id="attachment_44518" align="aligncenter" width="640"] കേരള പുലയ മഹാസഭയുടെ സർട്ടിഫിക്കറ്റ് കേരള പുലയ മഹാസഭയുടെ സർട്ടിഫിക്കറ്റ്[/caption]

സുധാകരൻ പുലയനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് സുധാകരന്റെ ബന്ധുമിത്രാദികളാണ് എന്നാണ് ഇതിന്റെ പച്ച മലയാളം. അല്ലാതെ സെക്രട്ടേറിയറ്റിലെ ഗ്ലോറിഫൈഡ് ഗുമസ്തന്മാരും കിർത്താഡ്സിൽ ഫോട്ടോസ്റ്റാറ്റു പേപ്പർ നോക്കി ആന്ത്രപ്പോളജിയും ജീനിയോളജിയും പ്രവചിക്കുന്ന വിഡ്ഢ്യാസുരന്മാരുമല്ല. സുധാകരന്റെ അച്ഛൻ ഗോപാലൻ ദീർഘകാലം പുലയ മഹാസഭയുടെ 1251-ാം നമ്പർ ശാഖയുടെ ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ പുലയ സമുദായാചാരപ്രകാരമാണ് നടത്തിയതെന്നും സാക്ഷ്യപ്പെടുത്തുന്നു കേരള പുലയ മഹാസഭ.

ആന്ത്രപ്പോളജിയും ജീനിയോളജിനും അന്വേഷിക്കാനേൽപ്പിച്ചവർ പരിശോധിക്കേണ്ട കാര്യങ്ങളാണിതൊക്കെ. സുധാകരന്റെ അച്ഛനും അമ്മയും അവരുടെ അച്ഛനും അമ്മയുമൊക്കെ ഏത് ആചാരപ്രകാരമാണ് ജീവിച്ചത് എന്ന് ബന്ധുമിത്രാദികളോട് അന്വേഷിക്കണം. മരണാനന്തര ചടങ്ങുകൾ ഏതു സമുദായാചാരപ്രകാരമാണ് നടത്തിയത് എന്നന്വേഷിക്കണം. ജനനം മുതൽ മരണം വരെ നീളുന്ന ഓരോ സംഭവത്തിലും ജാതിയുടെ ആചാരങ്ങളുണ്ട്. ഗർഭം ധരിക്കുമ്പോൾ, പ്രസവിക്കുമ്പോൾ, പ്രസവാനന്തര ശുശ്രൂഷകൾ നടത്തുമ്പോൾ, ചോറൂണിന്, പേരിടലിന്, പിറന്നാളിന്, തിരണ്ടു കല്യാണത്തിന്, കല്യാണത്തിന് ഒക്കെ ജാതി വ്യവസ്ഥയുടെ കുരുക്കു വീണ ചടങ്ങുകളുണ്ട്. അതൊക്കെ നടക്കുന്നത് അതത് സമുദായത്തിലെ പ്രമാണിമാരുടെ മേൽനോട്ടത്തിലാവും. ഇതൊക്കെ എങ്ങനെ, ആരു നടത്തുന്നു, ആരു പങ്കെടുക്കുന്നു എന്നൊക്കെ നോക്കിയാണ് ഒരാൾ ഏത് ആചാരപ്രകാരമാണ് ജീവിക്കുന്നത് എന്നു തീരുമാനിക്കുന്നത്. അതൊക്കെ പരിശോധിച്ച് റിപ്പോർട്ടുണ്ടാക്കാനാണ് കിർത്താഡ്സ്. സർട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റു നോക്കി ജാതി തീരുമാനിക്കാനാണെങ്കിൽ വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും ധാരാളം.

ഇവരെ എന്തു ചെയ്യണം?

[caption id="attachment_44520" align="aligncenter" width="640"]സുപ്രിംകോടതി വിധിയിൽ നിന്ന് സുപ്രിംകോടതി വിധിയിൽ നിന്ന്[/caption]

ഇനി ധാർമ്മിക രോഷത്തിലേയ്ക്കു വരാം. പരിഗണിക്കേണ്ട വിഷയങ്ങളൊന്നും പരിഗണിക്കാതെയാണ് കിർത്താഡ്സുകാർ സുധാകരൻറെയും ആർദ്രയുടെയും ജാതി തീരുമാനിച്ച റിപ്പോർട്ടു തയ്യാറാക്കിയത്. അതു തെളിഞ്ഞു കഴിഞ്ഞു. ആ തീരുമാനത്തിന് തുല്യം ചാർത്തുകയായിരുന്നു സെക്രട്ടേറിയറ്റിലെ സ്ക്രൂട്ടണി കമ്മിറ്റിയിലെ തമ്പുരാക്കന്മാർ. അവരുടെ തീരുമാനം സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും തെളിഞ്ഞു. സുപ്രിംകോടതിയുടെ വിധിയ്ക്കെതിരെ തീരുമാനമെടുക്കാനൊന്നും സർക്കാർ ഗുമസ്തർക്കവകാശമില്ലെന്നു നമുക്കറിയാം. അതു തോന്നിയവാസമാണ്.

ഇത്തരം തോന്നിയവാസങ്ങൾ പൌരന്റെ ജീവിതം തകർക്കുമ്പോൾ സ്റ്റേറ്റ് എന്തു ചെയ്യണം? ആ കുറ്റം രാജ്യദ്രോഹമായി പരിഗണിക്കണം. ഡെർലിക്ഷൻ ഓഫ് ഡ്യൂട്ടി എന്നൊക്കെ മണിപ്രവാളം പറഞ്ഞാൽ ജനം തോക്കേന്തി മാവോയിസ്റ്റാകും. ജനത്തെ കലാപവും അരാജകത്വവും ക്ഷണിച്ചുവരുത്തുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് ഒന്നോ രണ്ടോ സർക്കാർ ജീവനക്കാരെ കൊലയ്ക്കു കൊടുക്കുന്നതാണ്.

രാജ്യദ്രോഹത്തിനു വധശിക്ഷ ഏർപ്പെടുത്തിയിട്ടുളള രാജ്യമാണ് ഇന്ത്യ. സുധാകരന്റെയും ആർദ്രയുടെയും ഭാവിയും ജീവിതവുമാണ് കിർത്താഡ്സിലെയും സ്ക്രൂട്ടണി കമ്മിറ്റിയിലെയും ഉദ്യോഗസ്ഥർ തകർത്തത്. അത് അപൂർവങ്ങളിൽ അപൂർവമായ കൊലപാതകത്തെക്കാൾ ക്രൂരമായ കുറ്റമാണ്. ഈ കുറ്റം ചെയ്തവരെ ഫയറിംഗ് സ്ക്വാഡിനു മുന്നിൽ നിർത്താനുളള ആർജവമാണ് എ കെ ബാലനും പിണറായി വിജയനും കാണിക്കേണ്ടത്.

ആത്മരോഷത്തിൽ നിന്നു തെറിക്കുന്ന വീൺവാക്കുകളാണിതെന്നു ദയവായി ധരിക്കരുത്. കിർത്താഡ്സിന്റെ വിജിലൻസ് ഉദ്യോഗസ്ഥൻ തയ്യാറാക്കിയ റിപ്പോർട്ട് മനസിരുത്തി വായിക്കുന്നവർ ഇതിനേക്കാൾ കടുത്ത ശിക്ഷാവിധികൾ അന്വേഷിച്ചേക്കാം. അത്ര ക്രൂരമായ നീതിനിഷേധമാണ് ആർദ്രാ സുധാകരൻ കുടിച്ചു തീർക്കുന്നത്.

തെരുവുനായ്ക്കൾ മാറിനിൽക്കും, ഇവരുടെ ക്രൂരതയുടെ മുമ്പിൽ

circumstances

കിർത്താഡ്സിന്റെ റിപ്പോർട്ടിൽ ഇങ്ങനെയൊരു വരിയുണ്ട്. Thus the candidate's socialisation is found to be in the mileu and circumstances of her mother's community. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം?

ആർദ്ര പിറന്നു വീണത്, സുധാകരൻ പിച്ചവെച്ചു വളർന്ന വീട്ടിലാണ്. പുലയക്കോളനിയിലെ വീട്ടിൽ. അവളുടെ അമ്മയുടെ ഈഴവരായ ബന്ധുക്കൾ - അപ്പൂപ്പനും അമ്മൂമ്മയും മാമനും മാമിയുമടക്കം ആരും - ഇന്നേവരെ ഒരു നാരങ്ങാ മിട്ടായി പോലും വാങ്ങി നൽകിയിട്ടില്ല. അവരാരും ആർദ്രയോ സഹോദരനെയോ മടിയിലെടുത്തു കൊഞ്ചിച്ചിട്ടില്ല. വിശേഷ ദിവസങ്ങളിൽ കളിപ്പാട്ടങ്ങളും പുതുവസ്ത്രങ്ങളുമായി സുവർണയുടെ അച്ഛനോ അമ്മയോ ബന്ധുക്കളോ ഈ കുട്ടികളെ കാണാനെത്തിയിട്ടില്ല. സുധാകരനെ വിവാഹം ചെയ്ത ശേഷം സ്വന്തം കുടുംബത്തിലെ ഒരു ചടങ്ങിലേയ്ക്കും സുവർണ ക്ഷണിക്കപ്പെട്ടിട്ടില്ല.

സുധാകരൻ എന്ന പുലയനെ വിവാഹം കഴിച്ച്, അയാളുടെ കുട്ടികളെ ഗർഭം ധരിച്ചു പ്രസവിച്ച തെറ്റിന് സ്വന്തം സമുദായത്തിലും കുടുംബത്തിലും നിന്ന് 22 വർഷമായി ഭ്രഷ്ടു കൽപ്പിക്കപ്പെട്ട് ജീവിക്കുകയാണ് സുവർണ. ആ സ്ത്രീയുടെ മുഖത്തു നോക്കിയാണ് Thus the candidate's socialisation is found to be in the mileu and circumstances of her mother's community എന്ന് കിർത്താഡ്സിലെ വേട്ടപ്പട്ടികൾ കുരയ്ക്കുന്നത്. തെരുവുനായ്ക്കളെക്കാൾ ഭയക്കണം, ഈ ജനാധിപത്യം ഇവരെ.

ഇതാണ് അധികാരത്തിന്റെ ധാർഷ്ട്യം. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചാലും ഫോട്ടോസ്റ്റാറ്റു പേപ്പർ നോക്കി ആന്ത്രപ്പോളജിയും ജീനോളജിയും പ്രവചിച്ചാലും തങ്ങളോടാരും ചോദിക്കുകയില്ലെന്ന് കിർത്താഡ്സുകാർക്കറിയാം. അവർ വിദഗ്ധരാണല്ലോ. വിവരക്കേടിലും വിഡ്ഢിത്തരങ്ങളിലും അഭിരമിക്കുന്ന വിദഗ്ധർ.

തകർത്തത് ഒരു മിടുമിടുക്കിയുടെ വിദ്യാഭ്യാസ ഭാവി

ഈ വിദഗ്ധരെല്ലാം ചേർന്നാണ് ആർദ്രാ സുധാകരന്റെ ഭാവി തകർത്തത്. എസ്എസ്എൽസിയ്ക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് വാങ്ങിയ ഈ കൂട്ടിയുടെ ഉപരിപഠന സാധ്യത തകർത്തത് നമ്മുടെ ഭരണസംവിധാനമാണ്. തങ്ങൾക്കു നിഷേധിക്കപ്പെട്ട നീതി മടക്കി വാങ്ങാൻ പൊരുതുകയാണ് സുധാകരൻ. മുഴുവൻ സമ്പത്തും ചെലവാക്കി ആ പോരാട്ടം നടത്തുമ്പോഴും, തന്റെ ഭാഗം കേൾക്കാനും ആശ്വാസ വാക്കു പറയാനും ഒരു സുഹൃത്തുപോലുമില്ലെന്ന് നെഞ്ചു പൊട്ടിയാണ് സുധാകരൻ പറയുന്നത്. അതാണ് ഈ നാട്ടിലെ ജാതിവ്യവസ്ഥ.

അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാൻ ഒരു പുലയൻ എത്ര തവണ കോടതി കയറിയിറങ്ങണം? കെ പി മനുവിന്റെ കാര്യത്തിലെടുത്ത തീരുമാനം സുപ്രിംകോടതി റദ്ദാക്കിയിട്ടും പട്ടികജാതി പട്ടിക വർഗ വകുപ്പിലെ സ്ക്രൂട്ടണി കമ്മിറ്റിയ്ക്ക് അതേ തെറ്റ് ആവർത്തിക്കാൻ ധൈര്യമുണ്ടായതെങ്ങനെ? എ കെ ബാലനും പിണറായി വിജയനും അടിയന്തരമായി അന്വേഷിക്കേണ്ട കാര്യമാണത്.

തങ്ങളുടെ മുന്നിൽ വരുന്ന ഒരു സർട്ടിഫിക്കറ്റിൻറെ കാര്യത്തിൽ തീരുമാനമെടുക്കാനേ സ്ക്രൂട്ടണി കമ്മിറ്റിയ്ക്ക് അധികാരമുളളൂ. ഒരു മനുഷ്യന്റെ കുടുംബത്തിലെ സകല മനുഷ്യരുടെയും ജാതി തീരുമാനിക്കാൻ ഈ ഗുമസ്തക്കമ്മിറ്റിയ്ക്ക് എന്തധികാരം? നിർവചിക്കപ്പെട്ട ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്റെയും സുധാകരന്റെ കുടുംബത്തിലെ സകലമനുഷ്യരുടെയും ജാതി ഈ കമ്മിറ്റി തീരുമാനിച്ചത്?

അധികാരം ഉപയോഗിച്ച് ഇത്തരം തീരുമാനമെടുക്കുക വഴി ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കു കീഴിൽ ജീവിച്ചിരിക്കാൻ യോഗ്യരല്ലെന്ന് തെളിയിക്കുകയാണ് കിർത്താഡ്സിലെ പ്രസ്തുത റിപ്പോർട്ട് തയ്യാറാക്കിയവരും അതിനു കീഴൊപ്പു വെച്ച മേലധികാരികളും സ്ക്രൂട്ടണി കമ്മിറ്റിയിലെ അംഗങ്ങളും. യുക്തിയോ നിയമമോ അവരുടെ തീരുമാനങ്ങളെ സാധൂകരിക്കുന്നില്ല. അതിനപ്പുറം സമൂഹത്തിൽ അരാജകത്വം വളർത്തുകയും പൌരന്മാരെ സ്റ്റേറ്റിനെതിരെ കലാപത്തിനു പ്രേരിപ്പിക്കുകയുമാണവർ ചെയ്യുന്നത്.

അവരെ ശിക്ഷിച്ചേ മതിയാവൂ.

(With inputs from Sarun A Jose)