അവധിയുടെ മറവില്‍ നിലം നികത്തുന്നവര്‍ക്ക് പിടി വീഴും; മാളുകളില്‍ ഭക്ഷണസ്ഥാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയാലും നടപടി

സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു സംബന്ധിച്ചു വിവരം നല്‍കുന്നതിനു 9061518888 എന്ന പ്രത്യേക വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിന്റെ ചിത്രവും മറ്റ് തെളിവുകളും ഇതില്‍ സമര്‍പ്പിക്കാം. നിലം നികത്തല്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനു താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

അവധിയുടെ മറവില്‍ നിലം നികത്തുന്നവര്‍ക്ക് പിടി വീഴും; മാളുകളില്‍ ഭക്ഷണസ്ഥാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയാലും നടപടി

കൊച്ചി: തുടര്‍ച്ചയായ അവധിയുടെ മറ പിടിച്ചു നിലം നികത്തുന്നവര്‍ക്കും ഓണവിപണിയെ മറയാക്കി സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ. സഫിറുള്ള. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ വ്യാപകമാകുന്നുവെന്ന പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.


സിവില്‍ സ്റ്റേഷനിലും താലൂക്ക് ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദേശം നല്‍കി. നിലം നികത്തുന്നതായി വിവരം ലഭിക്കുന്ന സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും പ്രത്യേക സ്‌ക്വാഡുകള്‍ മിന്നല്‍ സന്ദര്‍ശനം നടത്താനും തീരുമാനമായിട്ടുണ്ട്. നിലം നികത്തല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ നിലം നികത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കും.

താലൂക്കു തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണു പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ ആര്‍.ഡി.ഒമാര്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നിലം നികത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായവും ലഭ്യമാക്കും. ഷോപ്പിങ് മാളുകളും സിനിമാ തീയേറ്ററുകളുമടക്കമുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് പരമാവധിയിലും (എം.ആര്‍.പി) അധിക നിരക്ക് ഈടാക്കുന്നതായി നിരവധി പരാതികളാണ് ദിവസം തോറും ലഭിക്കുന്നുണ്ടെന്നും . പാക്കറ്റിലുള്ള ഭക്ഷണസാധനങ്ങള്‍, കുപ്പിയിലുള്ള കുടിവെള്ളം, പാനീയങ്ങള്‍ എന്നിവയ്ക്ക് അധികനിരക്ക് ഈടാക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് കളക്ടര്‍ പറഞ്ഞു.

സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു സംബന്ധിച്ചു വിവരം നല്‍കുന്നതിനു 9061518888 എന്ന പ്രത്യേക വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിന്റെ ചിത്രവും മറ്റ് തെളിവുകളും ഇതില്‍ സമര്‍പ്പിക്കാം. നിലം നികത്തല്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനു താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.  കണയന്നൂര്‍ - 0484 2360704, കൊച്ചി - 2215559, പറവൂര്‍ - 2442326, ആലുവ - 2624052, കുന്നത്തുനാട് - 2522224, കോതമംഗലം - 0485 2822298, മൂവാറ്റുപുഴ - 0485 2813773 എന്നീ നമ്പറുകളിൽ വിളിച്ചു പരാതി അറിയിക്കാം.  ഇതിനു പുറമെ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും പരാതികള്‍ അറിയിക്കാം.

Read More >>