സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: അമൃതയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദേശീയ പട്ടികയില്‍നിന്നു സ്വന്തമായി പ്രവേശനം നടത്താന്‍ അമൃതയ്ക്ക് അനുമതി നല്‍കി ഈ മാസം അഞ്ചിനു ഹൈക്കോടതി ഉത്തരവു നല്‍കി. അതിനെതിരെയാണു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി: ദേശീയ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയില്‍നിന്നു മെറിറ്റ് അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശനം നല്‍കാന്‍ കല്‍പിത സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രവേശന നടപടികള്‍ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം 23നു നല്‍കിയ ഉത്തരവിനെ അമൃത ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.


ദേശീയ പട്ടികയില്‍നിന്നു സ്വന്തമായി പ്രവേശനം നടത്താന്‍ അമൃതയ്ക്ക് അനുമതി നല്‍കി ഈ മാസം അഞ്ചിനു ഹൈക്കോടതി ഉത്തരവു നല്‍കി. അതിനെതിരെയാണു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും സംസ്ഥാനത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന വിലയിരുത്തലിലാണു ഹൈക്കോടതിയുടെ ഉത്തരവെന്നും അതു നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

സമാനമായ കേസില്‍ കഴിഞ്ഞ 22ന് മധ്യപ്രദേശിലെ സ്വകാര്യ കോളജുകളുടെയും സര്‍വകലാശാലകളുടെയും പ്രവേശന നടപടികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയില്‍നിന്നും അനുകൂല വിധി സംമ്പാദിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

അമൃതയ്‌ക്കെതിരായ ഹര്‍ജിയില്‍ സംയുക്ത കൗണ്‍സലിങ്ങിലൂടെയല്ലാതെ പ്രവേശനം നടത്തിയകാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമൃതയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നത് ഇന്നു സ്വാശ്രയ കോളജുകളുടെ കേസ് വാദത്തിനെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശിച്ചേക്കും. കോയമ്പത്തൂരാണ് ആസ്ഥാനമെങ്കിലും യുജിസിയുടെ പട്ടികയനുസരിച്ച് അമൃത കേരളത്തിലെ കല്‍പിത സര്‍വകലാശാലയാണ്.

Read More >>