ഞാൻ കണ്ട തെരേസ

ഇന്റർനെറ്റ് സെർച്ച് എന്ന് പറയുമ്പോൾ ഗൂഗിൾ എന്നും, സോഷ്യൽ മീഡിയ എന്ന് കേൾക്കുമ്പോൾ ഫെയ്സ്ബുക് എന്നും മനസ്സിൽ തെളിയുപോലെ പാവങ്ങൾ എന്ന് കേൾക്കുമ്പോൾ മദർ തെരേസ എന്ന് മനസ്സിൽ തെളിയത്തക്ക വിധം പാവങ്ങളുടെ ഒരു ബ്രാൻഡ് അംബാസിഡർ ആയി മാറാൻ ഈ അമ്മക്ക് കഴിഞ്ഞു.

ഞാൻ കണ്ട തെരേസ

ലീന മേഴ്സി

നാലാം ക്ലാസ്സിലെ സ്‌കോളർഷിപ്പ് ടെസ്റ്റിന് വേണ്ടി, പാവങ്ങളുടെ 'അമ്മ മദർ തെരേസ്സ, പാവങ്ങളുടെ 'അമ്മ മദർ തെരേസ്സ എന്ന് ഇങ്ങനെ കാണാപാഠം പഠിക്കുന്നതാണ് മദർ തെരേസയെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ. ഇന്ത്യയിൽ കൽക്കട്ട എന്നൊരു സ്ഥലമുണ്ടെന്നും അവിടെ പാവങ്ങളെ സഹായിക്കൽ ആണ് ഈ അമ്മയുടെ പണി എന്നുമാണ് ആദ്യഘട്ടത്തിൽ അറിഞ്ഞത്. അതിനപ്പുറം അന്നൊന്നും അമ്മയെ കുറിച്ച് അധികമൊന്നും ചിന്തിച്ചിട്ടുമില്ല.

പിന്നീടുള്ള കുറെ കാലം കൂട്ടുകാർക്കിടയിൽ എന്തെങ്കിലുമൊക്കെ ആരെങ്കിലും ഒക്കെ വെറുതെ കൊടുക്കുന്നത് കണ്ടാൽ

ഓ അവൾ ഒരു മദർ തെരേസ എന്ന് കളിയാക്കുന്നതിൽ നിന്നാണ് ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തിന് തുടർച്ച ഉണ്ടാകുന്നത്. എന്നിരുന്നാലും താൻ പറയുന്ന വാക്കുകൾ അതിന്റെ പൂർണ്ണതയിൽ, വെള്ളം ചേർക്കാതെ പ്രവർത്തിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്ന ഒരാളെന്ന നിലയിൽ അമ്മ എപ്പോഴോ മനസ്സിൽ കയറി കൂടി എന്ന് വേണം പറയാൻ. അഗതികളുടെ അമ്മ എന്ന പേരിനെ അവർ മൂല്യവത്താക്കി മാറ്റി. അതാവും ആ പേരിനെയും അതിന് പിന്നിലുള്ള പ്രവർത്തികളെയും ചേർത്ത് നിർത്താൻ എന്നെ പ്രേരിപ്പിച്ചത്.

പിന്നീട് ഡിഗ്രി കഴിഞ്ഞു എന്റെ ഒരു വർഷം എറണാകുളത്തെ ചില ചേരികളിലൂടെ അലഞ്ഞു തിരിഞ്ഞു തീർക്കുന്നതിനു ഇടയിലാണ് വീണ്ടും ഞാൻ അമ്മയെ പഠിക്കാൻ ശ്രമിക്കുന്നത്. സ്വാർത്ഥത ഇല്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മുക്ക് മറ്റൊരാളെ സ്‌നേഹിക്കാൻ പറ്റും എന്നതിന്റെ ഉത്തരമായാണ് അന്ന് മദർ തെരേസയുടെ ഓരോ ചലനങ്ങളെയും ഞാൻ കണ്ടത്. എന്റെ ചേരി പ്രവർത്തനങ്ങൾ അന്നൊക്കെ ചിലരെങ്കിലും നല്ലതെന്നു പറഞ്ഞു പുകഴ്ത്തുമ്പോൾ കിട്ടുന്ന ഒരു നിഗൂഢ സന്തോഷം ആസ്വാദിക്കമ്പോഴൊക്കെ ഞാൻ ഓർത്തു 'ഇങ്ങനെ ആവുമോ അമ്മയും'. ലോകം മുഴുവൻ പാവങ്ങളുടെ അമ്മയായി പുകഴ്ത്തുന്നതിൽ ഒരു നിഗൂഢ സന്തോഷം അമ്മയും അനുഭവിക്കുന്നുണ്ടാകുമോ? അതോ അത് കൂടുതൽ തന്റെ പ്രവൃത്തികളോടു നീതി പുലർത്താൻ പ്രചോദനമാവുകയാണോ ചെയ്തിട്ടുണ്ടാവുക? ഉത്തരം അറിയില്ലെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ അമ്മയിൽ രണ്ടും സംഭവിച്ചിരിക്കാം എന്ന് തോന്നുന്നു.

അമ്മയെ കുറിച്ചുള്ള വായനയിൽ എവിടെയോ ഒരു കർക്കശക്കാരി ആയ, വിട്ടുവീഴ്ച ഇല്ലാത്ത ഒരു സ്ഥാപന നടത്തിപ്പുകാരിയായി വായിച്ചിട്ടുണ്ട്. സ്വന്തം വീട്ടുകാരോട് പോലും വളരെ അപൂർവമായി മാത്രം ബന്ധപ്പെടാൻ അനുവാദം ഉണ്ടായിരുന്ന അവിടുത്തെ കന്യസ്ത്രീകൾ പൊള്ളുന്ന വെയിലിൽ ചെരുപ്പ് പോലും ഇല്ലാതെ കിലോമീറ്ററുകൾ നടന്നു സേവനം ചെയ്തിരുന്നു എന്ന് വായിച്ച് അത്ഭുതപെട്ടിട്ടുണ്ട്. അമ്മയുടെ അനുവദമില്ലാതെ അവിടെ ഒന്നും നടക്കുക ഇല്ലായിരുന്നത്രേ!

വേദനിക്കുന്നവരോട് അകമഴിഞ്ഞ സ്‌നേഹം മാത്രം മനസ്സിൽ ഉള്ള ഒരാൾക്ക്, ആ ലക്ഷ്യത്തെ മാത്രം മുന്നിൽ കാണാൻ കഴിയുന്ന ഒരാൾ ഒരു പക്ഷേ ഇങ്ങനെയൊക്കെയായി മാറുമായിരിക്കും. അതുപോലെ തന്നെ യേശുവിനോടുള്ള അകമഴിഞ്ഞ സ്‌നേഹവും വിശ്വാസവുമാകും നിങ്ങളുടെ വേദനയും പ്രയാസങ്ങളും എല്ലാം യേശു നിങ്ങൾക്ക് തരുന്ന ചുംബനങ്ങളാണെന്ന് പറയാൻ അവരെ പ്രേരിപ്പിച്ചിരിക്കുക. വേദനിക്കുന്നവനോടാണ് ഇങ്ങനെ പറയുന്നത് എന്നതുകൊണ്ട് തന്നെ അത് പ്രധാനപ്പെട്ട കാര്യമാണ്. ആ ചുംബനങ്ങളുടെ ഏറ്റെടുക്കൽ ആയിട്ടാവും തന്റെ പ്രവർത്തിയെ അമ്മ കണ്ടിരുന്നത് എന്ന് വിചാരിച്ചാലും തെറ്റില്ല. എന്നിരുന്നാലും ഒരു ക്രിസ്ത്യാനി അല്ലാത്ത ഒരാൾ ഇതിനെ എങ്ങനെ കണ്ടിരുന്നു എന്ന് ഞാൻ ഓർത്തിട്ടുണ്ട്.

ഒരു വിശ്വാസി അല്ലാത്തതിനാൽ തന്നെ അമ്മ വിശുദ്ധ പദവിയിലേക്ക് ആനയിക്കപ്പെട്ടു എന്ന വാർത്തയിൽ എനിക്ക് അമിതമായ സന്തോഷമൊന്നും ഇല്ല. അതിലുമുപരി ഇന്റർനെറ്റ് സെർച്ച് എന്ന് പറയുമ്പോൾ ഗൂഗിൾ എന്നും, സോഷ്യൽ മീഡിയ എന്ന് കേൾക്കുമ്പോൾ ഫെയ്സ്ബുക് എന്നും മനസ്സിൽ തെളിയുപോലെ പാവങ്ങൾ എന്ന് കേൾക്കുമ്പോൾ മദർ തെരേസ എന്നും മനസ്സിൽ തെളിയത്തക്ക വിധം പാവങ്ങളുടെ ഒരു ബ്രാൻഡ് അംബാസിഡർ ആയി മാറാൻ ഈ അമ്മക്ക് കഴിഞ്ഞു. ഇതാണ് അമ്മയെ എന്റെ മുന്നിൽ ഏറ്റവും ആദരണീയ ആക്കുന്നത്

സാമ്പത്തിക അസമത്വം നിറഞ്ഞ രാഷ്ട്രങ്ങളിൽ ഇന്ത്യ രണ്ടാമത് എന്ന വാർത്ത വായിക്കുമ്പോഴാണ് മദർ തെരേസയുടെ സമകാലിക പ്രസക്തി ബോധ്യമാകുക. എത്ര ഏറെ വികസന പാതയിൽ ആണെങ്കിലും ഇന്ത്യയിലിന്നും അമ്മയെ പോലുള്ള ആളുകളെ ആവശ്യമുണ്ട്. അമ്മയുടെ പ്രസക്തി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. ഒപ്പം കൽക്കട്ടയിൽ അമ്മയെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. കൽക്കട്ടയിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇപ്പോഴും ഏറെ പ്രസക്തമാണെന്നതും ഒരു വസ്തുത ആയി അവശേഷിക്കുന്നു.