സൗമ്യവധം; നീതിപീഠത്തെ വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ നീതിപീഠത്തെ വിമർശിച്ച് കൊണ്ട് മാധ്യമങ്ങളും ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് വസ്തുത. മുഴുവൻ മലയാളിക്കുവേണ്ടി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി ശരിവെയ്ക്കണമായിരുന്നു എന്നാണോ വാദിക്കുന്നത്. ഇതിനിടയിൽ തെളിവ് എന്നൊരു സംഗതി കോടതിക്ക് ആവശ്യമില്ലെന്നാണോ?. കൊലപാതകം നടത്തിയതിന് തെളിവ് എവിടെ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. അതിന് കൃത്യമായ ഉത്തരം കൊടുക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വിമർശിക്കേണ്ടത് കോടതിയെ അല്ല, കൃത്യമായ തെളിവുകൾ ഹാജരാക്കാതിരുന്ന പ്രോസിക്യൂഷനെയാണ്.

സൗമ്യവധം; നീതിപീഠത്തെ വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

അഡ്വ: സുമി പിഎസ് 

'സൗമ്യവധത്തിൽ തെളിവെവിടെ എന്ന് സുപ്രീം കോടതി' കഴിഞ്ഞ ദിവസത്തെ പത്രങ്ങളുടെ തലക്കെട്ടാണിത്. നാളത്തെ തലക്കെട്ടുകൾ ആലോചിച്ചാൽതന്നെ രസമായിരിക്കും. വധശിക്ഷ റദ്ദാക്കിയ പ്രതി രണ്ട് വർഷത്തിനുള്ളിൽ പുറത്തുവരും. എല്ലാ ദൃശ്യമാധ്യമങ്ങളും ഇപ്പോൾതന്നെ ഈ ചോദ്യം ഉന്നയിച്ച് കഴിഞ്ഞു. എന്തുകൊണ്ട് സൗമ്യവധക്കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി, ഇതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചോദ്യം. വാർത്തയും ചർച്ചയും തുടങ്ങിക്കഴിഞ്ഞു. എന്തുകൊണ്ട് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്തു?. ഈ ചോദ്യത്തിന്റെ അർത്ഥം അറിയാവുന്നവർ വാർത്താ മാധ്യമങ്ങളിൽ തീരെ ഇല്ലാതിരിക്കില്ല. എന്നാൽ അത് എങ്ങനെ പ്രൈം ടൈമിലെ ചൂടുള്ള വാർത്തയാക്കാം എന്ന് തല പുകയ്ക്കുന്നവർക്ക് അതിനുള്ള വഴിയുണ്ട് താനും.


കോടതി നടപടികളിലെ സ്വാഭാവികമായ ഒരു ചോദ്യമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. തെളിവ് എവിടെ എന്ന ചോദ്യത്തിന് പിന്നാലെ തന്നെ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ദർ സൂചന നൽകിയിരുന്നു. ഈ സൂചന വ്യക്തമായിരിക്കുകയാണ്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുമ്പോൾ സൗമ്യവധത്തിൽ കോടതിയുടെ ചോദ്യത്തിന്റെയും വിധിയുടെയും നിയമപരമായ പ്രസക്തി എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ഒപ്പം മാധ്യമങ്ങളുടെ ഈ വിഷയത്തിലെ അമിതാവേശത്തിന്റെ പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ ഈ കേസിന്റെ വിശദാംശങ്ങൾ എത്തിയിട്ടില്ല. മാദ്ധ്യമങ്ങൾ നൽകുന്ന വിശദാംശങ്ങൾ വെച്ചു തന്നെ ഈ വിഷയത്തെ സമീപിക്കാം.

1. കോടതിയുടെ ചോദ്യം തന്നെ ആദ്യം പരിശോധിക്കാം. ഗോവിന്ദചാമിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ബലാൽസംഗം, കൊലപാതകം, കളവ് എന്നിവയാണ്. സൗമ്യയെ ബലാൽസംഗം ചെയ്തതിനും കളവ് നടത്തിയതിനുമുള്ള തെളിവ് കോടതിക്ക് ബോധ്യപ്പെട്ടു.
ഈ ഭാഗം നിയമത്തിന്റെ സാങ്കേതികതയിലൂടെ ലളിതമായി ഒന്നു പരിശോധിക്കാം. നിയമപരമായി ഇതിൽ അനേകം വകുപ്പുകൾ കടന്നുവരുന്നുണ്ടെങ്കിലും ലളിതമാക്കുന്നതിന് വേണ്ടി നമുക്ക് പ്രധാനപ്പെട്ട രണ്ടു വകുപ്പുകൾ മാത്രം എടുക്കാം.

IPC S.376: ബലാത്സംഗം (Rape)
IPC S.302: കൊലപാതകം. (Murder)

ബലാത്സംഗത്തിന് തെളിവുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞതാണ്. അതുകൊണ്ട് ഗോവിന്ദചാമി IPC S. 376 അനുസരിച്ച് ശിക്ഷിക്കപ്പെട്ടു. അതായത് ഗോവിന്ദചാമിയെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയല്ല കോടതി ചെയ്തത്. അപ്പോൾ ഗോവിന്ദചാമിയെ വെറുതെ വിട്ടു എന്ന തരത്തിൽ മാധ്യമങ്ങൾ നടത്തുന്ന ചർച്ച തെറ്റിദ്ധാരണ കൊണ്ടോ കച്ചവട താല്പര്യം കൊണ്ടോ മാത്രം ആണെന്ന് വിചാരിക്കണം. കൊലപാതകം എന്ന ചാർജിലാണ് കോടതിക്ക് കൂടുതൽ വ്യക്തത വേണ്ടി വന്നത്. ഒരാളെ കൊല്ലണമെന്ന ലക്ഷ്യത്തോടും തയ്യാറെടുപ്പോടും കൂടി ആക്രമിക്കുകയും ആൾ മരിക്കുകയും ചെയ്യുമ്പോളാണ് അത് കൊലപാതകം എന്ന നിർവചനത്തിലാകുന്നത്. കൊലപാതകത്തിന് IPC S.302 അനുസരിച്ച് വധശിക്ഷ വരെ കിട്ടാം. വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഗോവിന്ദചാമിയുടെ അപേക്ഷയും. കൊലപാതകം എന്ന ചാർജിൽ നിന്ന് ഒഴിവായാൽ അയാൾക്ക് വധശിക്ഷ വിധിക്കാനാവില്ല. അതാണല്ലോ ഇപ്പോൾ സംഭവിച്ചതും. അതുകൊണ്ടാണ് സൗമ്യ ഗോവിന്ദചാമിയുടെ അക്രമണം ഭയന്ന് എടുത്ത് ചാടിയതല്ല എന്നും അല്ലാതെ ആരോപിക്കുന്നതിന് തെളിവെന്തേ എന്നും കോടതി ചോദിച്ചത്. ട്രെയിനിൽ നിന്നും തലയിടിച്ച് വീണ സൗമ്യയെ ഗോവിന്ദച്ചാമിയെ ബലാൽസംഘം ചെയ്തതായാണ് സാഹചര്യ തെളിവുകൾ കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ട്രെയിനിൽ നിന്ന് തള്ളിയിട്ട് തലയിൽ കല്ലുകൊണ്ട് അടിച്ചു എന്ന പ്രോസിക്യൂഷൻ വാദത്തിതിന് തെളിവ് ഉണ്ടെങ്കിൽ അത് കൊലപാതകത്തിന് തെളിവായേനെ. എന്നാൽ ഈ കേവലം വാദത്തിനപ്പുറം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അതുകൊണ്ട് അത്രയും സ്വാഭാവികമാണ് ആ ചോദ്യം. ഇത്തരം ഒരു കേസിൽ ജഡ്ജി ചോദിക്കാവുന്ന ഒരു സാധാരണ ചോദ്യം മാത്രം. ആ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സാധിച്ചില്ല, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കുകയും ചെയ്തു.

ഓടുന്ന ട്രെയിനിൽ നിന്ന് ഒരാൾ തനിയെ വീഴുമ്പോഴും എടുത്തു ചാടുമ്പോഴും പിറകിൽ നിന്ന് മറ്റൊരാൾ തള്ളിയിടുമ്പോഴും ഉണ്ടാകുന്ന മുറിവുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. ട്രെയിനിൽ നിന്ന് വീഴുമ്പോൾ തലയ്ക്കുണ്ടാകാവുന്ന മുറിവും കല്ലുകൊണ്ട് തലയ്കടികുമ്പോഴുണ്ടാകുന്ന മുറിവും തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടെങ്കിൽ അതുമതിയാവുമല്ലോ എന്നാണ് മാധ്യമങ്ങളും നാട്ടുകാരും ചോദിക്കുന്നത്. അതാണ് കോടതി ആവശ്യപെടുന്നതും. ദൃക്‌സാക്ഷികളില്ലാതിരിക്കുന്ന കേസുകളിൽ സാഹചര്യതെളിവുകളും ശാസ്ത്രീയതെളിവുകളും മാത്രമാണ് അവലംബമാകുന്നത്. ഈ തെളിവുകൾ ഒരു ചങ്ങലയുടെ കണ്ണിപോലെ ഇടമുറിയാതെ ബന്ധിക്കപ്പെടണം. കണ്ണികൾ കൂടി ചേരുന്നില്ലെങ്കിൽ അതെങ്ങനെ സംശയാതീതമായ തെളിവാകും? കണ്ണികൾ കൂട്ടി ചേർക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥരുടേതാണ്. കോടതിയുടെ മുന്നിൽ പ്രതി കുറ്റാരോപിതൻ മാത്രമാണ്. കുറ്റം ചെയ്തു എന്ന മുൻവിധിയോടെ കോടതിക്ക് അയാളെ കാണാനാകില്ല. അതാണ് എല്ലാ ഇഴകളും പരിശോധിക്കാൻ കോടതി ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കല്ല് കൊണ്ട് തലയ്കടിച്ച് കൊന്നു എന്ന കേസിൽ തള്ളിയിട്ടു എന്നതും മരണ കാരണം കല്ലുകൊണ്ടുണ്ടായ മുറിവാണെന്നും ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനാകേണ്ടതാണ്. അതിന് പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ കോടതിവിധിയിൽനിന്ന് വ്യക്തമാകുന്നത്. അത് കേസന്വേഷിച്ചവരുടെ തെറ്റാണ്. തെളിവുണ്ടായിട്ടും കോടതിയെ ബോധ്യപ്പെടുത്താനായില്ലെങ്കിൽ അത് കേസിൽ ഹാജരായ അഭിഭാഷകരുടെ തെറ്റാണ്. അതിന് കോടതിയെ കുറ്റം പറയാൻ സാധിക്കില്ല. ഇപ്പോഴത്തെ വിധി പറഞ്ഞ കോടതിയെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളെ വിശകലനം ചെയ്യേണ്ടതുണ്ട്. തെറ്റ് ചോദ്യം ചോദിച്ച കോടതിയുടേതല്ല. ഇനി സൗമ്യ അക്രമണം ഭയന്ന് എടുത്തു ചാടിയതാണെങ്കിൽ കൂടി ഗോവിന്ദചാമി തന്നെയാണ് സൗമ്യയുടെ മരണത്തിന് കാരണം. 304 IPC അനുസരിച്ചും 376 IPC അനുസരിച്ചും അയാൾ ശിക്ഷിക്കപെടും, അതുറപ്പായിരുന്നു. അതായത് ഇപ്പോൾ തന്നെ അയാൾ ജീവപര്യന്തത്തിന് വരെ അർഹനാണ്. എന്നാൽ അതുപോലും ലഭിച്ചില്ലെന്നതാണ് സത്യം.

ഇവിടെ സംഭവിച്ചത് കൊലപാതകം തെളിയിക്കാനായില്ല എന്ന പ്രോസിക്യൂഷൻ പരാജയമാണ്. അതിന് കിട്ടാവുന്ന വലിയ ശിക്ഷയായ വധശിക്ഷയിൽ നിന്നും ഗോവിന്ദചാമി ഒഴിവാക്കി എന്നതാണ്. അതുപോലെ കോടതി വാദിഭാഗം വാദിക്കുമ്പോൾ പ്രതി ഭാഗത്തോട് ചേർന്നും പ്രതിഭാഗം വാദിക്കുമ്പോൾ വാദിഭാഗത്തോട് ചേർന്നും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. തെളിവുകളുടെ വ്യക്തത മാത്രമാണ് ഇതിന്റെ ലക്ഷ്യം.

2. മാധ്യമങ്ങളുടെ അമിതാവേശം ഈ വിഷയത്തിൽ ചർച്ച ചെയ്യാതെ പോകാനാകില്ല. ഒന്നോ രണ്ടോ മിനിറ്റിൽ വ്യക്തമായി പറയാവുന്ന കാര്യം മാധ്യമങ്ങൾ 'ബ്രേക്കിംഗ് ന്യൂസ്' ആക്കി സൗമ്യയുടെ അമ്മയടക്കം ഒരു സമൂഹത്തെയാകെ ആശങ്കയിലാക്കി. ഇപ്പോഴും അത് തുടരുന്നു. അതിനി എത്ര ദിവസം തുടരുമെന്ന് പറയാൻ സാധിക്കില്ല. നീതിപീഠത്തിലുള്ള വിശ്വാസം തകർന്നു എന്ന രീതിയിലാണ് ചർച്ചകൾ തുടരുന്നത്. കേരളത്തിൽ നടന്ന സംഭവത്തിൽ, മാധ്യമങ്ങളിലും പൊതുസമൂഹം ഉണ്ടായ ചർച്ചകൾ ഒന്നുംതന്നെ അറിയാത്ത കോടതിയാണ് ഈ വിധി പറഞ്ഞിരിക്കുന്നത്. പൊതുബോധത്തിന് അനുസരിച്ച് വിധി പറയാതെയാണ് സൗമ്യവധത്തിൽ കോടതി ഉത്തരവിട്ടിരിക്കുന്നത്. കൃത്യമായ തെളിവുകൾ മാത്രം നോക്കിയാൽ ഗോവിന്ദച്ചാമിയെ ശിക്ഷിക്കാനുള്ള സാധ്യത വിരളമാണെന്ന നിയമവിദഗ്ദരുടെ വാദങ്ങൾ ഇപ്പോൾ ശരിയാകുകയാണ്.

ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾ ആളുകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആ ജാഗ്രത മാധ്യമങ്ങൾ വാർത്തകൾ കൊടുക്കുമ്പോൾ കാണിക്കാറില്ല; പ്രത്യേകിച്ച് കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ. ഈ ജനാധിപത്യരാജ്യത്ത് പരമോന്നത കോടതി കേസ് പരിഗണിക്കവേ വാദിഭാഗത്തോട് ചോദിച്ച ഒരു സ്വാഭാവിക (സൗമ്യ വധത്തിൽ, തെളിവുകൾ എവിടെ എന്ന ചോദ്യം) ചോദ്യത്തെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ഒരു വിഭവമാക്കി വിളമ്പി. പകുതി മറച്ചു വെച്ചും ബാക്കി വളച്ചൊടിച്ചും സെൻസേഷണലാക്കി. ഒരു വാർത്താദുരന്തം എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്. 'തെളിവെവിടെ?', 'തെളിവ് ചോദിച്ച് കോടതി' തുടങ്ങിയ തലക്കെട്ടുകളോടെ വാർത്തകൾ നിരന്നു. സൗമ്യ വധത്തിൽ ഗോവിന്ദചാമി കുറ്റവിമുക്തനാകാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി. ബലാൽസംഗം തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നത് മാധ്യമങ്ങൾ ഗോപ്യമാക്കി വെച്ചു. തുടർന്ന് സോഷ്യൽ മീഡിയയിലും പുറത്തും കോടതിയെ അസഭ്യം പറയലും വിമർശനങ്ങളും ഉണ്ടായി. സൗമ്യ വധകേസിൽ ഗോവിന്ദചാമിയെ വെറുതെ വിടുന്നു എന്ന നിലക്കാണ് പ്രതികരണങ്ങൾ പലതും വന്നത്. തെളിവുകൾ നോക്കിയ കോടതി, വിശ്വാസ്യമായ തെളിവുകളുടെ പുറത്ത് ശിക്ഷ വിധിച്ചു. കൊലപാതകം നടന്നതിൽ സംശയം പ്രകടിപ്പിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

അയാൾക്കെതിരെയുള്ള കളവും ബലാൽസംഗവും തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അയാൾ എന്തായാലും ശിക്ഷിക്കപെടുമെന്നും ഉള്ള വസ്തുത ആരും പറഞ്ഞിരുന്നില്ല. കോടതി കേസ് പരിഗണിക്കുന്നതിനിടയ്ക്കു നടത്തിയ പരാമർശമാണെന്നുള്ള കാര്യം പോലും പലരും മറന്നു. അഥവാ, തെളിവില്ലെങ്കിൽ തന്നെ കോടതിയല്ല കേസന്വേഷകരും പ്രോസിക്യൂഷനുമാണ് വിമർശിക്കപെടേണ്ടത് എന്ന വിവേചനം പോലും ഉണ്ടായില്ല പലർക്കും. കോടതികൾ അഴിമതി രഹിതമാണെന്നോ സ്വാധീനിക്കപെടുന്നില്ല എന്നോ അഭിപ്രായമില്ല. എന്നാൽ കോടതിയുടെ നടപടിക്രമങ്ങളിലുണ്ടാകുന്ന സ്വാഭാവിക ചോദ്യങ്ങൾ സന്ദർഭങ്ങളിൽ നിന്ന് അടർത്തി ഉപയോഗിക്കുന്നത് ആശാവഹമല്ല.

3. അവസാനമായി, ഗോവിന്ദചാമി എന്ന വികലാംഗനായ യാചകൻ വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ലക്ഷങ്ങൾ ചെലവ് വരുന്ന അഭിഭാഷകനെ ഉപയോഗപെടുത്തിയതിന്റെ സാമ്പത്തിക സ്‌ത്രോതസിൽ സംശയം ഉണ്ടെങ്കിൽ തീർച്ചയായും സർക്കാരിന് അന്വേഷിച്ച് കണ്ടെത്താവുന്നതാണ്. അന്വേഷിക്കേണ്ടതുമാണ്. അതിന്റെ വിഹിതം തെളിവുകളുടെ അപര്യാപ്തത ആയിട്ടുണ്ടോ എന്നും അന്വേഷിക്കണമല്ലോ.

ഗോവിന്ദചാമിയുടെ സാമ്പത്തിക സ്‌ത്രോതസ് സർക്കാരിന്റെ പരിധിയിലും അയാളുടെ കുറ്റം കോടതിയുടെ പരിധിയിലുമാണ്.