ഗോവിന്ദച്ചാമിയുടെ വധശിക്ഷ എന്തു കൊണ്ടു റദ്ദാക്കി? സൗമ്യ കേസിലെ സുപ്രീം കോടതി വിധിയുടെ വിശദമായ വായന...

മലർത്തിക്കിടത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതു തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു കുറയുന്നതിനു കാരണമാകും എന്നു പ്രതിക്ക് അറിയില്ലെന്നായിരുന്നു കോടതി നിരീക്ഷണം

ഗോവിന്ദച്ചാമിയുടെ വധശിക്ഷ എന്തു കൊണ്ടു റദ്ദാക്കി? സൗമ്യ കേസിലെ സുപ്രീം കോടതി വിധിയുടെ  വിശദമായ വായന...

റെജിമോൻ കുട്ടപ്പൻ

ഡോക്ടർ ഷേർലി വാസു, സൗമ്യയെ പോസ്റ്റുമോർടം  നടത്തിയ ഫോറൻസിക് സർജനും പ്രോസിക്യൂഷന്റെ 64 ആം നമ്പർ സാക്ഷിയും. ഇവർ  സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചു രണ്ടു പ്രധാനപെട്ട മുറിവുകളാണു  സൗമ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ഒന്നാമത്തേത്, പ്രതി, സൗമ്യയുടെ തലമുടിയിൽ വലതു കൈ കൊണ്ടു പിടിച്ചു നാലു തവണ മുന്നോട്ടും പിന്നോട്ടും ട്രെയിനിന്റെ കംപാർട്മെന്റിലെ പരന്ന പ്രതലത്തിൽ ഇടിച്ചതു മൂലം ഉണ്ടായത്.

രണ്ടാമത്തെ മുറിവു  ട്രെയിനിൽ നിന്നും പുറത്തേക്കു ഉള്ള വീഴ്ച കൊണ്ടോ തള്ളിയിട്ടതു കൊണ്ടോ ഇടതു കണ്ണിനു താഴെ മുതൽ  താടിയെല്ലു വരെ ഉണ്ടായത്.   സൗമ്യയുടെ 13 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. കീഴ്ത്താടിയിൽ അഞ്ചു  സെന്റിമീറ്ററോളം ഉരഞ്ഞ പാടുണ്ട്.


ഈ മുറിവുകൾക്കു പുറമെ ആന്തരിക രക്തസ്രാവം ശ്വാസ തടസമുണ്ടാക്കി.  മലർത്തിക്കിടത്തി ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതു കൊണ്ടു തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു  കുറഞ്ഞതും ഇതു തലച്ചോറിനു ക്ഷതം ഏൽപ്പിച്ചതും മരണ കാരണമായെന്നു റിപ്പോർട്ട്.

ആദ്യത്തെ മുറിവു കൊണ്ടു  തലകറക്കം ഉണ്ടാക്കാം. എന്നാൽ ബോധം നഷ്ടപ്പെടണമെന്നില്ല എന്നാണു  ഡോക്ടർ സമർപ്പിച്ച റിപ്പോർട്ടു പറയുന്നത് .

തലയ്ക്കേറ്റ ഒന്നാമത്തെ മുറിവു  പ്രതി ഏൽപ്പിച്ചതു തന്നെയാണെന്നു  കോടതിക്ക് ബോധ്യപ്പെട്ടു. മറ്റു കംപാർടുമെന്റിൽ യാത്ര ചെയ്തിരുന്ന  സാക്ഷികളുടെ മൊഴിയിൽ സൗമ്യയുടെ കംപാർട്മെന്റിൽ നിന്നും നിലവിളി ശബ്ദം കേട്ടിരുന്നു എന്നു  പറയുന്നു. ഒപ്പം ശാസ്ത്രീയ തെളിവുകളും ഒന്നാമത്തെ മുറിവിന്റെ നിഗമനങ്ങൾ ശരി വെയ്ക്കുന്നു.

ഇനി രണ്ടാമത്തെ മുറിവാണു  കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. സൗമ്യ സ്വയം ട്രെയിനിൽ നിന്നു ചാടിയതു കൊണ്ടാണോ അതോ  പ്രതി തള്ളിയിട്ടതു കൊണ്ടാണോ രണ്ടാമത്തെ മുറിവു സംഭവിച്ചതെന്നു  തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

തലയ്ക്കു മുറിവേറ്റ  സൗമ്യക്ക് തനിയെ ചാടാൻ സാധിക്കില്ല എന്ന വാദം കോടതി പരിഗണിക്കുമ്പോൾ തന്നെ  സാക്ഷികളുടെ മൊഴിയനുസരിച്ചു സൗമ്യ സ്വയം ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടെന്നാണെന്നാണു  പറയുന്നത്.

അതു കൊണ്ടു തന്നെ തള്ളിയിട്ടതാണെന്ന  വാദം നിലനിൽക്കാതെ വരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പ്രകാരം  കൈ മുട്ടിൽ മുറിവുകൾ ഇല്ല.  വീണപ്പോൾ സൗമ്യയുടെ പ്രതികരണ ശേഷി പൂർണമായും പ്രവർത്തിച്ചില്ല എന്നതിന് തെളിവായാണു ഇതു സൂചിപ്പിക്കുന്നത്.

ഡോക്ടറുടെ റിപ്പോർട്ട് അനുസരിച്ചു മലർത്തി കിടത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതു  തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു  കുറയുന്നതിനു കാരണമായതായി പറയുന്നു.  തലച്ചോറിന് ക്ഷതം ഏൽപ്പിച്ചതാണു  മരണ കാരണം എന്നുള്ളതും   പ്രതിയുടെ മേൽ 302 വകുപ്പു ചുമത്താൻ  കോടതിക്കു കഴിയില്ല.

മലർത്തിക്കിടത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതു  തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു  കുറയുന്നതിനു കാരണമാകും എന്നും   ഇതു  തലച്ചോറിനു ക്ഷതമേൽപ്പിക്കുമെന്നും  പ്രതിക്ക് അറിയില്ലെന്നാണു കോടതി നിരീക്ഷണം.  സംഭവം നടന്നു ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ വച്ചാണു സൗമ്യ മരണത്തിനു കീഴടങ്ങിയത്. രണ്ടാമത്തെ മുറിവിനു കാരണം ഗോവിന്ദച്ചാമി ആണെന്നു  പ്രോസിക്യൂഷനു തെളിയിക്കാൻ കഴിഞ്ഞില്ല.  അതിനാൽ, പ്രതിയുടെ മേൽ 302 വകുപ്പു  ചുമത്താൻ  സാധിക്കില്ല.

എന്നാൽ ഫോറൻസിക് ലാബ് ഡയറക്ടർ ശ്രീകുമാർ നടത്തിയ ഡി എൻ എ പരിശോധന  സൗമ്യ ബലാത്സംഗത്തിനു ഇരയായെന്നു തെളിയിച്ചു.

അതു  കൊണ്ട് 376 വകുപ്പ് അനുസരിച്ചു ബലാത്സംഗ കുറ്റം ഏർപ്പെടുത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ് കോടതി വിധി ശരി സുപ്രീം കോടതി വെയ്ക്കുന്നു. ഒപ്പം മോഷണം, പിടിച്ചുപറി എന്നീ കുറ്റങ്ങൾക്കും  ശിക്ഷ വിധിച്ചു.

സുപ്രീം കോടതി വിധി മനസാക്ഷിക്കു നിരക്കാത്തതാണെന്നാണു കേരള സമൂഹത്തിന്റെ പ്രതികരണം.  പക്ഷെ കോടതി വിധികൾ വൈകാരികമാകാൻ പാടില്ലല്ലോ.  അതു  തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം.

വിധി ദിനം മാധ്യമങ്ങൾ നിലവിളച്ചതു  കണ്ടപ്പോൾ  ഓർമ്മ വന്നതു  ഒരക്ഷരം പഠിക്കാതെ പരീക്ഷ എഴുതിയിട്ടു  ഒന്നാം റാങ്ക് പ്രതീക്ഷിക്കുന്ന മണ്ടന്മാരെ ആണ് .