സൌമ്യ വധക്കേസ് - സുപ്രിംകോടതി വിധിയ്ക്കെതിരെ ജസ്റ്റിസ് വി രാംകുമാറും; സർക്കാർ അഭിഭാഷകനെ ആക്ഷേപിച്ച രാഷ്ട്രീയക്കാർക്കും രൂക്ഷവിമർശനം

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഒന്നും രണ്ടും മുറിവുകളും അതേതുടർന്നുണ്ടായ കുഴപ്പങ്ങളുമാണ് സൌമ്യയുടെ മരണകാരണമായത് എന്നു വ്യക്തമായിരിക്കെ ഒരു മുറിവിനെ മാത്രം വേറിട്ടു പരിഗണിച്ചതും തന്റെ അഭിപ്രായത്തിൽ അനാവശ്യമായിരുന്നുവെന്ന് ജസ്റ്റിസ് രാംകുമാർ തുറന്നടിക്കുന്നു.

സൌമ്യ വധക്കേസ് - സുപ്രിംകോടതി വിധിയ്ക്കെതിരെ ജസ്റ്റിസ് വി രാംകുമാറും; സർക്കാർ അഭിഭാഷകനെ ആക്ഷേപിച്ച രാഷ്ട്രീയക്കാർക്കും രൂക്ഷവിമർശനം

സൌമ്യ വധക്കേസ് പ്രതിയെ കൊലക്കുറ്റത്തിൽ നിന്നൊഴിവാക്കിയ സുപ്രിംകോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് വി രാംകുമാർ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഒന്നും രണ്ടും മുറിവുകളും അതേതുടർന്നുണ്ടായ കുഴപ്പങ്ങളുമാണ് സൌമ്യയുടെ മരണകാരണമായത് എന്നു വ്യക്തമായിരിക്കെ ഒരു മുറിവിനെ മാത്രം വേറിട്ടു പരിഗണിച്ചതും തന്റെ അഭിപ്രായത്തിൽ അനാവശ്യമായിരുന്നുവെന്ന് ജസ്റ്റിസ് രാംകുമാർ തുറന്നടിക്കുന്നു. The Forensic Nuances Of Saumya’s Case, Examined എന്ന തലക്കെട്ടിൽ www.livelaw.in പോർട്ടലിൽ എഴുതിയ ലേഖനത്തിലാണ് സുപ്രിംകോടതി വിധിയോടുളള തന്റെ വിയോജിപ്പുകൾ അദ്ദേഹം അക്കമിട്ടു നിരത്തിയത്.


സൌമ്യ സ്വമേധയാ ട്രെയിനിൽ ചാടിയെന്നു സ്ഥാപിക്കാൻ ഏതോ ഒരു മധ്യവയസ്കന്റെ മൊഴിയെ ആശ്രയിച്ചതിനെയും ജസ്റ്റിസ് രാംകുമാർ വിമർശിക്കുന്നു. ഏതു നിലയ്ക്കായാലും കേട്ടുകേൾവിയായി കരുതി തളളിക്കളയേണ്ടതായിരുന്നു ആ പ്രസ്താവന. എന്നാൽ, സൌമ്യ സ്വയം ചാടിയതാണെന്നു കരുതിയാലും അതിന്റെ ഉത്തരവാദിത്തം പ്രതിയ്ക്കു തന്നെയാണ്. ആക്രമണം മൂലമുളള കുറ്റം ചുമത്താൻ പ്രതി ഇരയുടെ ശരീരത്തിൽ സ്പർശിക്കേണ്ട ആവശ്യമില്ല എന്ന് നിയമം വ്യവസ്ഥിതമാക്കിയിട്ടുളളതാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

ആക്രമണത്തിനു ശേഷം ഇര ഏതാനും ദിവസം ജീവിച്ചതും അവസാന ശ്വാസം ആശുപത്രിയിലായിരുന്നുവെന്നതും കൊല ചെയ്യാൻ പ്രതിയ്ക്ക് മനപ്പൂർവമായ ഉദ്ദേശമില്ലായിരുന്നു എന്നതിന് തെളിവാണെന്ന സുപ്രിംകോടതി നിരീക്ഷണവും ശരിയല്ല. ഫലപ്രദമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇര രക്ഷപെടുമായിരുന്നതൊന്നും അംഗീകരിക്കാവുന്ന എതിർവാദമല്ല. രക്തത്തിൽ അണുബാധയുണ്ടായി സംഭവിച്ച മരണം, താനേൽപ്പിച്ച മുറിവു മൂലമല്ലെന്നും അതുകൊണ്ട് കൊലക്കുറ്റം നിലനിൽക്കുകയില്ലെന്നുമുളള പ്രതിഭാഗം വാദം അനന്തറാം കേസിൽ സുപ്രിംകോടതി തളളിക്കളഞ്ഞ കാര്യവും ജസ്റ്റിസ് വി രാംകുമാർ എടുത്തു പറയുന്നുണ്ട്.

കൊലക്കുറ്റം പോലുളള ഗൌരവതരമായ കുറ്റം അസ്ഥിരപ്പെടുത്തുമ്പോൾ, അതു ചുമത്തിയ കീഴ്ക്കോടതികൾ മുന്നോട്ടു വെയ്ക്കുന്ന കാരണങ്ങളെയും പരിശോധിക്കേണ്ടതാണ്. ഈ വിധിയിൽ അങ്ങനെയുണ്ടായിട്ടില്ലെന്നും അദ്ദേഹം നീരീക്ഷിക്കുന്നു.

ഒരുവിഭാഗം മാധ്യമങ്ങളും ആരോപണ പ്രത്യാരോപണങ്ങളിൽ അഭിരമിക്കുന്ന രാഷ്ട്രീയക്കാരും ചേർന്ന് സൌമ്യ കേസിലെ വാദിഭാഗം അഭിഭാഷകനായിരുന്ന അഡ്വ. തോമസ് പി ജോസഫിനെ കുറ്റപ്പെടുത്തുന്നതിനെതിരെയും ലേഖനത്തിൽ രൂക്ഷ വിമർശനമുണ്ട്. കേസും നിയമവും നന്നായി പഠിക്കുന്ന തോമസ് പി ജോസഫിനെപ്പോലുളളവരെ അപമാനിക്കുന്നത് വേദനാജനകമാണ്. പരസ്പരം ചെളി വാരിയെറിഞ്ഞുളള ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കളി അവരുടെ ദിനചര്യയുടെ ഭാഗമാണ്. സൌമ്യ കേസും അതിനൊരു അപവാദമല്ലെന്നും ജസ്റ്റിസ് വി രാംകുമാർ വിമർശിക്കുന്നു.

Read More >>