സോണി ബി തെങ്ങമം അന്തരിച്ചു

സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന തെങ്ങമം ബാലകൃഷ്ണപിള്ളയുടെ മകനാണ്

സോണി ബി തെങ്ങമം അന്തരിച്ചു

കൊല്ലം: മുൻ വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമം അന്തരിച്ചു. ഇന്നു രാവിലെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിൽ നിന്നു കാലുകളിലേക്ക് സന്ദേശങ്ങൾ എത്താത്ത മൾട്ടിപ്പിൾ സ്‌കിലേറിസിസ് എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

രാവിലെ 10 മണി മുതൽ പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിൽ വെച്ച മൃതദേഹത്തിൽ മന്ത്രിമാരായ വി എസ് സുനിൽ കുമാർ, കെ. രാജു, സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു . കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തിൽ ഇന്ന് വൈകീട്ടാണ് സംസ്‌കാരം.

സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന തെങ്ങമം ബാലകൃഷ്ണപിള്ളയുടെ  മകനാണ്. വഞ്ചിയൂർ കോടതിയിലെ ഹെഡ് ക്ലാർക്ക് അഡ്വ. ഷീജയാണ് ഭാര്യ. നഴ്‌സറി വിദ്യാർത്ഥിയായ അനുപമ മകളാണ്.

വി എസ് അച്ച്യുതാനന്ദൻ മന്ത്രിസഭയുടെ അവസാന കാലഘട്ടത്തിലാണു  സോണി വിവരാവകാശ കമ്മീഷണറായി ചുമതലയേൽക്കുന്നത്. എഐഎസ്എഫ് മുൻ ദേശീയ സെക്രട്ടറി , സിപിഐ  കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

Read More >>