പാഴായിപ്പോകുന്ന മരണങ്ങൾ

ചിറ്റാറിലെ അപകടം വാസ്തവത്തിൽ അല്പം എങ്കിലും സുരക്ഷാ ബോധം ഉള്ള ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ്. ജയന്റ് വീലുകളിൽ ഏതു പ്രായത്തിലും ഉയരത്തിലും ഉള്ള കുട്ടികൾക്ക് കയറാം എന്നതിന് സാധാരണ കർശന നിയന്ത്രണം ഉണ്ട്. അത് നിയന്ത്രിക്കാൻ അവിടെ ആളുകൾ ഒക്കെ കാണണം. അത് പോലെ കുട്ടികൾ കയറി ഇരുന്നാൽ അവർ വീണു പോകാതെ സുരക്ഷിതമായ ഒരു ലോക്കിംഗ് സംവിധാനവും, അത് പിഴച്ചാൽ അപകടം ഉണ്ടാകാതിരിക്കാൻ മറ്റൊരു സംവിധാനവും (റൈഡ് തന്നെ നിൽക്കുന്നതുൾപ്പടെ) മിനിമം വേണം. മുരളി തുമ്മാരക്കുടി എഴുതുന്നു.

പാഴായിപ്പോകുന്ന മരണങ്ങൾ

മുരളി തുമ്മാരുകുടി

ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണ് പത്തനംതിട്ടയിലെ ചിറ്റാറിലെ കാർണിവലിനിടക്ക് ജയന്റ് വീലിൽനിന്നും തെറിച്ചുവീണ് സഹോദരങ്ങളായ പ്രിയങ്കയും അലനും മരിച്ചത്. മക്കളുമായി അല്പം സന്തോഷിക്കാൻ ഒരുഉത്സവസ്ഥലത്ത് പോയ കുടുംബത്തിന് ഇതിലും വലിയ ദുരന്തം വരാനുണ്ടോ?

സമൂഹത്തിന്റെ ദുരന്തവും ചെറുതല്ല. കാരണം ഉത്സവസ്ഥലങ്ങളിൽ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന സംവിധാനങ്ങളിലെ മരണം ഇത് ആദ്യത്തേതല്ല. അവസാനത്തേതും ആകില്ല. ചിറ്റാറിലെ റൈഡ് നടത്തിയ അഞ്ചോ ആറോ പേരെ അറസ്റ്റ് ചെയ്തു എന്നു വായിച്ചു. പഴയ പരിചയം വച്ചാണെങ്കിൽ ഇവർക്കൊക്കെ വലിയ താമസമില്ലാതെ ജാമ്യം കിട്ടും, പിന്നെ ഇത് 'മനപ്പൂർവം' ആയ കൊല ഒന്നും അല്ലാത്തതിനാൽ കേസ്‌ നടത്തുന്നതിലൊന്നും ആർക്കും വലിയ താല്പര്യം ഒന്നും ഉണ്ടാവില്ല. കുടുംബത്തിന് എന്തെങ്കിലുമൊക്കെ നഷ്ടപരിഹാരം കൊടുക്കാൻ ജനപ്രതിനിധികൾ ഒക്കെ അല്പം താല്പര്യമെടുക്കും, കഥ കഴിഞ്ഞു. അടുത്ത അപകടം വരുന്നതുവരെ പിന്നെ ഇക്കാര്യത്തിൽ ഒരു നടപടിയും ഇല്ല.


ഇത് ശരിക്കും കഷ്ടമാണ്. അടിസ്ഥാനപരമായ പല പിഴവുകളിൽ നിന്നാണ് ഇത്തരം അപകടങ്ങളും മരണവും ഉണ്ടാകുന്നത്. അപ്പോൾ അതെന്താണ് എന്ന് അറിയാനുള്ള ഒരു ശ്രമം എങ്കിലും സമൂഹം നടത്തണം. ആ തെറ്റുകൾ തിരുത്തണം. ഇതിനെപ്പറ്റി എല്ലാവരേയും ബോധവൽക്കരിക്കണം. അപ്പോഴാണ് ആ മരണം പാഴാവാതിരിക്കുന്നത്. അല്ലാതെ ആ കുട്ടിയുടെ കണ്ണുകളും കരളും ഒക്കെ സംഭാവന ചെയ്ത് അതിനെ പുകഴ്ത്തി ലേഖനം എഴുതുമ്പോൾ അല്ല.

നമ്മുടെ നാട്ടിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഏറെ ഉണ്ട്. ഇത് പാർട്ടിസമ്മേളനം തൊട്ട് ഗാനമേള വരെആകാം. പള്ളിപെരുന്നാൾ തൊട്ട് ബീച്ച് ഫെസ്റ്റിവൽവരെ ആകാം. ഇതിലൊക്കെ ഏറെ അപകടസാധ്യതകൾ ഉണ്ട്. തിക്കും തിരക്കും മൂലം ഉണ്ടാകുന്ന അപകടങ്ങൾ, താല്കാലികമായി വൈദ്യുതിലൈനുകൾ താഴെക്കൂടെയുംതലക്ക് മുകളിലൂടെയും ഒക്കെ കെട്ടി വലിക്കുന്നത്, താല്കാലികമായി കെട്ടിയുണ്ടാക്കുന്ന ഗാലറികൾ, അഗ്‌നിബാധക്കുള്ള സാധ്യതകൾ, കരിമരുന്നുപ്രയോഗം ഉള്ളിടത്ത് അതിന്റെ പ്രത്യേക സാധ്യതകൾ, ആനയെകൊണ്ടുവരുന്നിടത്ത് ആനയും ആയി ബന്ധപ്പെട്ട അപകടങ്ങൾ, ഉത്സവവും ആയി ബന്ധപ്പെട്ട് വാഹനത്തിരക്ക് വർദ്ധിക്കുന്നതും ആയി ബന്ധപ്പെട്ട്, ഉത്സവസ്ഥലങ്ങളും അങ്ങോട്ടുള്ള വഴികളിലും ഉണ്ടാകുന്ന കൂടിയ അപകടസാധ്യത, എന്നിങ്ങനെ ഓരോ ആൾക്കൂട്ടത്തിലും അപകടസാധ്യത ഉണ്ട്. യൂറോപ്പിൽ ഇപ്പോൾ ഓരോ ആൾക്കൂട്ടവും തീവ്രവാദി ആക്രമണത്തിനു ഇരയായേക്കാം എന്ന ചിന്താഗതിയിൽ ആണ് പ്ലാൻ ചെയ്യുന്നത്. വലിയ താമസം ഇല്ലാതെ ഇതെല്ലാം നമ്മളും കണക്കു കൂട്ടിയേ മതിയാവൂ.

ചുരുങ്ങിയത് ചില കാര്യങ്ങൾ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഏതു ഉത്സവവും കാർണിവലും നടത്താൻ അധികൃതർ സമ്മതം നല്കാവൂ. ഒന്നാമത്, അപകടസാധ്യതകളും (അഗ്‌നിബാധ, മെഡിക്കൽ എമർജൻസി എന്നിങ്ങനെ) പരിഹാരപ്രക്രിയകളും എണ്ണമിട്ട് എഴുതിയ ഒരു കണ്ടിൻജൻസി പ്ലാൻ ഓരോ ഉത്സവത്തിനും കാർണിവലിനും ഉണ്ടാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനൊരു മാതൃക ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമത്, ചെറിയ അപകടങ്ങളോ തീപിടുത്തമോ മറ്റോ ഉണ്ടായാൽ പെട്ടെന്ന് ഇടപെടാൻ പരിശീലനം ലഭിച്ച ഒരു എമർജൻസി റെസ്‌പോൺസ് ടീം, ഒരു ആംബുലൻസ് ഉൾപ്പടെ അവിടെ സജ്ജമായിരിക്കണം. മൂന്നാമത്, ഫെസ്റ്റിവൽ കമ്മിറ്റിക്കാരിൽ ഒരാളെങ്കിലും സുരക്ഷാവിഷയത്തിൽ പരിശീലനം നേടിയിരിക്കണം. അയാൾക്ക് സുരക്ഷാ സംവിധാനത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയും വേണം. കേരളത്തിൽ ഓരോ വർഷവും ആയിരക്കണക്കിന് ഉത്സവം ആണ് നടക്കുന്നത്. അപ്പോൾ ആഘോഷക്കമ്മിറ്റിക്കാർക്ക് വേണ്ടി മാത്രമായി ഒരു രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി, തൃശൂരിൽ ഇപ്പോൾ ചുമ്മാ ഇട്ടിരിക്കുന്ന സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏറ്റവും വേഗത്തിൽ തുടങ്ങാവുന്നതാണ്. കേരളത്തിൽ കാർണിവലും ഉത്സവങ്ങളും പ്രാർത്ഥനാ കൂട്ടായ്മയും ഒക്കെ ഇപ്പോൾ കോടികൾ മറയുന്ന ബിസിനസ്സ് ആണ്. അപ്പോൾ നല്ല സുരക്ഷാ സംവിധാനവും അതിനുള്ള പരിശീലനം ലഭിച്ച ആളുകളും ഇല്ലാതെ പരിപാടി നടത്താൻ പറ്റില്ല എന്ന് പറഞ്ഞാൽ അതിന് പണം ഒരു പ്രശ്‌നമാവില്ല. വ്യക്തിപരമായ ഉത്തരവാദിത്തം വരും എന്ന് കണ്ടാൽ കമ്മിറ്റിക്കാർ ഇപ്പോഴത്തെ പോലെ കളക്ടറുടെയോ കമ്മീഷണറുടെയോ ഒക്കെ ഒരു അനുമതി മേടിച്ചു സ്വന്തം തടി രക്ഷ പെടുത്തുന്നത് നിർത്തും.

ചിറ്റാറിലെ അപകടം വാസ്തവത്തിൽ അല്പം എങ്കിലും സുരക്ഷാ ബോധം ഉള്ള ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ്. ജയന്റ് വീലുകളിൽ ഏതു പ്രായത്തിലും ഉയരത്തിലും ഉള്ള കുട്ടികൾക്ക് കയറാം എന്നതിന് സാധാരണ കർശന നിയന്ത്രണം ഉണ്ട്. അത് നിയന്ത്രിക്കാൻ അവിടെ ആളുകൾ ഒക്കെ കാണണം. അത് പോലെ കുട്ടികൾ കയറി ഇരുന്നാൽ അവർ വീണു പോകാതെ സുരക്ഷിതമായ ഒരു ലോക്കിംഗ് സംവിധാനവും, അത് പിഴച്ചാൽ അപകടം ഉണ്ടാകാതിരിക്കാൻ മറ്റൊരു സംവിധാനവും (റൈഡ് തന്നെ നിൽക്കുന്നതുൾപ്പടെ) മിനിമം വേണം. എന്തെങ്കിലും അപകടം നടന്നാൽ പ്രഥമ ശുശ്രൂഷ കൊടുക്കാനുള്ള സംവിധാനം തീർച്ചയായും ഉണ്ടാകണം. ഇത്തരം റൈഡ് നടത്താൻ പരിചയവും പരിശീലനവും ഉള്ള ആളുകൾ ഉണ്ടായിരിക്കണം. ഇത് കൂടാതെ ഇങ്ങനെ ഒരു റൈഡ് നിർമിക്കാനും പ്രവർത്തിക്കാനും അനുമതി കൊണ്ടുക്കുന്നതിന് മുൻപ് ഏത് സുരക്ഷാനിലവാരം ആണ് ഈ സംവിധാനങ്ങൾക്ക് ഉള്ളത് എന്ന് പരിശോധിക്കാനുള്ള അറിവെങ്കിലും ആഘോഷം നടത്തുന്നവർക്കും അടുത്തുള്ള ഫയർസർവീസിനും ഉണ്ടാകണം. പക്ഷെ തല്കാലം അങ്ങനെയുള്ള സുരക്ഷാ മാനദണ്ഡവും ഇല്ല. അത്പരിശോധിക്കാൻ അറിവുള്ള വിദഗ്ദ്ധരും ഇല്ല. മരിച്ചതിനുശേഷം പോലീസ് അന്വേഷണം നടത്തിയതുകൊണ്ട് മരിച്ചവരുടെ കാര്യത്തിലോ ഇനി അപകടം ഉണ്ടാകാൻ പോകുന്നവരുടെ കാര്യത്തിലോ ഒരു ഗുണവും ഉണ്ടാകാൻപോകുന്നില്ല.

കാർണിവലുകളിലേയും ഉത്സവപറമ്പുകളിലേയും ഒക്കെ മരണം നമ്മുടെ സുരക്ഷാരംഗത്തെ പ്രശ്‌നങ്ങളിലെഒരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ. ഒരു വർഷം അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ പതിനായിരത്തോട് അടുക്കുകയാണ്. അതായത് ദിവസം ഇരുപത്തിയഞ്ചോളം പേരാണ് കേരളത്തിൽ ഓരോദിവസവും എന്തെങ്കിലും അപകടത്തിൽ മരിക്കുന്നത്. പകുതിയോളം പേർ റോഡപകടത്തിൽ, അഞ്ചിലധികംപേർ മുങ്ങി മരിക്കുന്നു. ഒന്നോ രണ്ടോ പേർ ഉയരങ്ങളിൽനിന്നും വീണു മരിക്കുന്നു എന്നിങ്ങനെ. എന്നിട്ടുപോലും സുരക്ഷാരംഗത്ത് നാം ആവശ്യത്തിന് ശ്രദ്ധ കൊടുക്കുന്നില്ല. സുരക്ഷ എന്നത് സ്കൂൾപഠനത്തിന്റെ ഭാഗമല്ല. നൂറ്റിഎഴുപത്തിയഞ്ച് എഞ്ചിനീയറിംഗ് കോളേജ് ഉള്ളതിൽ അഞ്ചുശതമാനത്തിൽപോലും സുരക്ഷയെപ്പറ്റി പഠിപ്പിക്കുന്നില്ല. ഒരു അപകടം നടന്നാൽ കുറ്റവാളിയെകണ്ടെത്താനുള്ള പോലീസ് അന്വേഷണം അല്ലാതെ അടിസ്ഥാന സുരക്ഷാവീഴ്ച കണ്ടെത്താനുള്ള അറിവോ സമയമോ സംവിധാനമോ തല്കാലം നമ്മുടെ ഔദ്യോഗിക സംവിധാനത്തിൽ ഇല്ല. അത് കൊണ്ട് ആള് കൂടുന്ന ഏതു സ്ഥലത്തോ റൈഡുകളിലോ ഒക്കെ പോകുന്ന മലയാളികൾ തത്കാലം സ്വന്തം സുരക്ഷ സ്വന്തം ആയി നോക്കിയേ പറ്റൂ. ഇല്ലെങ്കിൽ ഇനിയും പ്രിയങ്കമാർ ഉണ്ടാകും. അവരുടെ ജീവിതവും മരണവും പാഴാവും.