അലിഖിത നിയമങ്ങളെ ഉടലഴകുകൊണ്ട് വെല്ലുവിളിച്ചവള്‍; സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 20 വര്‍ഷം...

ശരീര പ്രദര്‍ശനത്തിന് അതിര്‍ വരമ്പുകള്‍ കല്‍പ്പിച്ചിരുന്ന ഒരു സമൂഹത്തെ തന്‍റെ സൗന്ദര്യം കൊണ്ട് കീഴടക്കിയ സില്‍ക്ക് ഓര്‍മ്മയായിട്ടു ഇന്ന് 20 വര്‍ഷം തികയുന്നു.

അലിഖിത നിയമങ്ങളെ ഉടലഴകുകൊണ്ട് വെല്ലുവിളിച്ചവള്‍; സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 20 വര്‍ഷം...

അവരുടെ പേര് വിജയലക്ഷ്മിയെന്നായിരുന്നു. പക്ഷെ ലോകം അവരെ വിളിച്ചത് സില്‍ക്ക് സ്മിത എന്നാണ്. അടുത്ത കാലത്ത് വിദ്യാ ബാലന്‍ നായികയായി ഇറങ്ങിയ ദി ഡര്‍ട്ടി പിക്ച്ചറിലൂടെ മാത്രം സില്‍ക്കിനെ പരിചയമുള്ളവര്‍ വിരളമാണ്. ശരീര പ്രദര്‍ശനത്തിന് അതിര്‍ വരമ്പുകള്‍ കല്‍പ്പിച്ചിരുന്ന ഒരു സമൂഹത്തെ തന്‍റെ സൗന്ദര്യം കൊണ്ട് കീഴടക്കിയ സില്‍ക്ക് ഓര്‍മ്മയായിട്ടു ഇന്ന് 20 വര്‍ഷം തികയുന്നു.

സീത കോകചിലുക, യമകിന്‍കരുഡ, സകല കലാവല്ലഭന്‍, പട്ടണത്തുരാജാക്കള്‍, തീര്‍പ്പ് , തനിക്കാട്ട് രാജ, ശിവന്നകണ്‍കള്‍, പായുംപുലി, തുടിക്കും കരങ്ങള്‍, സദ്മ, തായ് വീട്, പ്രതിജ്ഞ, ജീത്ഹമാരി, ജാനിദോസ്ത്, സില്‍ക് സില്‍ക് സില്‍ക് , മിസ് പമീല, അഥര്‍വ്വം, വിജയ്‌പഥ്, സ്ഫടികം, ഇങ്ങനെ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ച സില്‍ക്ക് സ്മിതയ്ക്ക് വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല അഭിനയ ജീവിതം. ബാലു മഹേന്ദ്രയുടെ ‘മൂന്റ്രാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ അവരുടെ  അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. എന്നിട്ടും സിനിമാലോകവും പ്രേക്ഷകരും അവരെ കേവലമൊരു സെക്സ് സിംബലായി മാത്രം തളച്ചിടുകയായിരുന്നു.


നമുക്ക് ചുറ്റും നിലനിന്നിരുന്ന അലിഖിത നിയമങ്ങളെ ഉടലഴകുകൊണ്ട് വെല്ലുവിളിച്ച സില്‍ക്ക്, തന്റേതായ വഴികളിലൂടെ മലയാള സിനിമാ ലോകത്ത് ഒരിടം കണ്ടെത്തി. ആ യാത്ര മുന്‍പ് നമ്മള്‍ കണ്ടതും കേട്ടതുമായ സിനിമാക്കഥകളിലെ ക്ലീഷേകളിലേക്ക് തന്നെയാണ് നമ്മെ കൊണ്ടുപോകുന്നത്.

ആന്ധ്രാപ്രദേശിലെ എല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച വിജയലക്ഷ്മി പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്നാല്‍ ദാരിദ്യം മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച അവള്‍ അന്നത്തെ കാലത്തെ ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ  13ാം വയസില്‍ വിവാഹിതയായി. ഭര്‍ത്താവ് അവളെ കേവലമൊരു യന്ത്രമായി മാത്രമാണ് കണ്ടിരുന്നത്. തന്‍റെ സുഖങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കേണ്ട യന്ത്രം. ഒടുവില്‍ മനം മടുത്ത് അവള്‍ താലിച്ചരട് പൊട്ടിച്ചെറിഞ്ഞു മദ്രാസിലേക്ക് വണ്ടി കയറി. ആ യാത്രയില്‍ എല്ലൂരിനപ്പുറമൊരു ലോകമുണ്ടായിരുന്നു എന്നറിയാതിരുന്ന വിജയലക്ഷ്മി മരിച്ചു, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ പുതുവിപ്ലവമായി മാറിയ സില്‍ക്ക് സ്മിത ജനിച്ചു...

മദ്രാസിലെത്തിയ വിജയലക്ഷ്മി സിനിമയില്‍ എക്‌സ്ട്രാ നടികളെ സപ്ലൈ ചെയ്തിരുന്ന മുത്തുലക്ഷ്മി എന്ന സ്ത്രീയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട്  1979 ല്‍ മലയാളിയായ ആന്റണി ഈസ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ പത്തൊന്‍പതാം വയസ്സില്‍ അവള്‍ സിനിമയിലേക്ക്. ഹിന്ദി സിനിമയില്‍ സ്മിതാ പാട്ടീലിന്റെ നാമത്തില്‍ നിന്ന് സ്മിതയെ എടുത്ത് വിജയലക്ഷി എന്ന പേര് അവിടെ അവർ ഉപേക്ഷിച്ചു. തുടര്‍ന്ന് സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയ്ക്ക് ശേഷം അവർ സിൽക്ക്‌ സ്മിതയായി.

തീക്ഷ്ണമായ കണ്ണുകളും വശ്യമായ പുഞ്ചിരിയും നിഷ്കളങ്കമായ ലജ്ജാശീലവും അവളെ  തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള താരമാക്കി. എണ്‍പതുകളുടെ അവസാനപകുതിയും തൊണ്ണൂറുകളുടെ തുടക്കവും തെന്നിന്ത്യന്‍ സിനിമ അവരിലേക്ക് മാത്രമായി ഒതുങ്ങി. മണ്ണിന്റെ മണവും പെണ്ണിന്റെ കരുത്തുമുള്ള കഥകള്‍ പറഞ്ഞ ചിത്രങ്ങള്‍ക്കൊപ്പം സില്‍ക്കിന്റെ ചിത്രങ്ങളും തീയറ്ററുകളില്‍ നിറഞ്ഞു.

പ്രതാപകാലത്ത്, ഒരു നൃത്തരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടാന്‍ സില്‍ക്ക് 50,000 രൂപവരെ വാങ്ങിയിരുന്നു. രജനീകാന്ത്, ധര്‍മ്മേന്ദ്ര, കമല്‍ഹാസന്‍, ശോഭന്‍ ബാബു, ചിരഞ്ജീവി, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം വരെ സില്‍ക്ക് അഭിനയിച്ചു.

ഏതു കയറ്റത്തിനും ഒരിറക്കമുണ്ടെന്നു പറയുന്നത് പോലെ, സ്വന്തമായി നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായതോടു കൂടി പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും സില്‍ക്ക് പതിയെ താഴോട്ടു വരാന്‍ തുടങ്ങി. തന്നെ പ്രശസ്തയാക്കിയ കഥാപാത്രങ്ങള്‍ക്ക് ഇനി പ്രായം അനുവദിക്കില്ല എന്നു കൂടി മനസ്സിലാക്കിയതോടെ അവര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടു.

ആഘോഷങ്ങളുടെയും ആഹ്‌ളാദാരവങ്ങളുടെയും നടുവില്‍ ആടിത്തീര്‍ത്ത സ്മിതയുടെ ജീവിതം ഒരു ദിവസം ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിശബ്ദമായ് അവസാനിച്ചു, അല്ല അവസാനിപ്പിച്ചു. 1996 സെപ്റ്റംബര്‍ 23 ന് ആടിത്തീരാത്ത വേഷങ്ങളെ കുറിച്ചുള്ള ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി അവര്‍ വിട പറഞ്ഞു.

സിനിമയ്ക്ക് സില്‍ക്ക് സ്മിതയുടെ ശരീരത്തെ മാത്രം മതിയായിരുന്നു. സില്‍ക്കിന്റെ ശരീരത്തെ ആഘോഷിച്ച സിനിമാ വ്യവസായം തന്നെ അവരെ അശ്ലീലമെന്നു പറഞ്ഞ് ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തി. ഒടുവില്‍ ചെന്നൈയില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആ മരണത്തോടു പോലും സിനിമാ ലോകം അയിത്തം കാണിച്ചു. അന്ന് ചെന്നൈയിലുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാറുകള്‍ സില്‍ക്കിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. സില്‍ക്കിന്റെ മൃതദേഹം കാണുന്നതു പോലും കെട്ടിയുണ്ടാക്കിയ തങ്ങളുടെ ഇമേജിനെ പൊളിക്കുമെന്ന് അവര്‍ കരുതി...

പക്ഷെ അവര്‍ മണ്മറഞ്ഞു കാലങ്ങള്‍ക്കിപ്പുറം അവര്‍ അംഗീകരിക്കപ്പെട്ടു.  അവരെപ്പറ്റി കവിതയുണ്ടായതും, ലേഖനങ്ങള്‍ ഉണ്ടായതും മാധ്യമങ്ങള്‍ അവരെ വാഴ്ത്തിയതും അവരെപ്പറ്റി പഠനങ്ങള്‍ വന്നതുമൊക്കെ മരണ ശേഷമാണ്.

സിൽക്ക് സ്മിത അനശ്വരമാക്കിയ അഞ്ചുഗാനങ്ങൾ

സ്വയം മരണത്തെ പുൽകിയ സിൽക്കിന്റെ ചിത്രം സിനിമയായപ്പോൾ ലഭിച്ച സ്വീകാര്യത സിൽക്കിന്റെ ജീവിതം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നു. സ്മിത എന്ന അഭിനേത്രിയേക്കാളും സ്മിത എന്ന നർത്തകിയെയായിരുന്നു അക്കാലത്ത് സംവിധായകൻ കൂടുതലും ഉപയോഗിച്ചത്.

  • പുഴയോരത്തില്‍ പൂന്തോണിയെത്തീല്ലാ


https://youtu.be/hsx9T3F7rgI

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം അഥർ‌വ്വത്തിലെ ഹിറ്റ് ഗാനമാണ് പുഴയോരത്തിൽ പൂന്തോണി എത്തീല്ല. ഒഎൻവി കുറുപ്പിന്റെ വരികള്‍ക്ക് ഇളയരാജ ഈണം നൽകിയിരിക്കുന്നു. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  • ഏഴിമല പൂഞ്ചോല


https://youtu.be/ZHZ7yj21bSE

ഭദ്രൻ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ചിത്രം സ്ഫടികത്തിലേതാണ് ഏഴിമല പൂഞ്ചോല എന്ന ഗാനം. മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ചാടിയ ഗാനം ആലപിച്ചത് കെ എസ് ചിത്രയും മോഹൻലാലും ചേർന്നാണ്. എസ് പി വെങ്കിടേഷ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

  • പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ


https://youtu.be/LJijpy6_EdM

1989 ൽ സിൽക്ക് സ്മിതയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ മിസ് പമീല എന്ന ചിത്രത്തിലെ ഗാനമാണ് പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ. സുരേഷ് ഗോപിയും സിൽക്ക് സ്മിതയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

  • ജുംമ്പ ജുംമ്പ


https://youtu.be/QNdFRGgjuNM

നാടോടി എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് ജുംമ്പ ജുംമ്പ. എസ് പി വെങ്കിടേഷ് ഈണം പകർന്ന ഗാനം ആലപിച്ചത് മലേഷ്യാ വസുദേവനും കെ എസ് ചിത്രയും ചേർന്നാണ്.

  • രാവേറെയായ് വാ വാ വാ


മാഫിയ എന്ന ചിത്രത്തിന് വേണ്ടി ബാബു ആന്റണിയും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് രാവേറെയായ് എന്നത്. സിൽക്കിന്റെ മാദകത്വം തുളുമ്പുന്ന നൃത്തംകൊണ്ട് ശ്രദ്ധേയമായ ഗാനത്തിന്റെ വരികൾ ബിച്ചു തിരുമലയുടേതാണ്. രാജാമണി ഈണം നൽകിയ ഗാനം ആലപിച്ചത് മാൽഗുഡി ശുഭയും.

Story by