ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ സിദ്ധിഖിനെ വേദിയില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവം വിവാദമാകുന്നു

വേദിയില്‍ വെച്ചുതന്നെ സംഭവത്തില്‍ തന്റെ നീരസം സിദ്ധിഖ് വ്യക്തമാക്കി

ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ സിദ്ധിഖിനെ  വേദിയില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവം വിവാദമാകുന്നു

മലപ്പുറത്ത് സ്വകാര്യ സ്ഥാപനത്തിന്റെ  ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ സിദ്ധിഖിനെ സംഘാടകര്‍ വേദിയില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി സിദ്ധിഖ് രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച  മഞ്ചേരിയില്‍ നടന്ന ഇ-വേ ഗ്യാലറി എന്ന സ്ഥാപനത്തിന്റെ ഉത്ഘാടന ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു സിദ്ധിഖ്. പാണക്കാട് സാദ്ധിഖലി തങ്ങള്‍ ആയിരുന്നു ഉത്ഘാടകന്‍. നിശ്ചയിച്ച സമയത്തെക്കാള്‍ പത്ത് മിനിറ്റ് വൈകിയാണ് സിദ്ധിഖ് വേദിയിലെത്തിയത്.


സാദ്ധിഖലി തങ്ങള്‍ പോയതിന് ശേഷം മാത്രമേ വേദിയില്‍ കയറ്റൂ എന്ന് സംഘാടകര്‍ അറിയിച്ചതിനാലാണ് നിശ്ചയിച്ച സമയത്തെക്കാള്‍ വൈകി വേദിയില്‍ എത്തിയതെന്നാണ് സിദ്ധിഖ് നല്‍കുന്ന വിശദീകരണം. വേദിയില്‍ വെച്ചുതന്നെ തന്റെ നീരസം സിദ്ധിഖ് വ്യക്തമാക്കുകയും ചെയ്തു. ‘’പത്തരയ്ക്കുള്ള ഉദ്ഘാടനത്തിന് പത്ത് മണിക്ക് തന്നെ മഞ്ചേരിയില്‍ എത്തിയതാണ്. ഇവിടെ തങ്ങള്‍ വന്ന് പോയിട്ടേ ഇവിടെ എന്നെ കയറ്റൂ എന്ന് ഇവര്‍ പറഞ്ഞു. ആര്‍ക്കും എന്നോട് വെറുപ്പ് തോന്നരുത്. ഞാന്‍ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു'' എന്ന് പറഞ്ഞാണ് സിദ്ധിഖ് പ്രസംഗം ആരംഭിച്ചത്.

സംഭവത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ലെന്ന് സിദ്ധിഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.