ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സുരേന്ദ്രനെതിരെ രംഗത്തെത്തി. മെന്‍സസിനെക്കുറിച്ച് രാഷ്ട്രീയ നേതാവായിട്ടുളളതോ, അല്ലാത്തതോ ആയ ഒരു പുരുഷനും പ്രതിപാദിക്കാന്‍ സാധ്യമല്ലെന്ന് ശോഭ പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് അഭിപ്രായം പറയുകയാണ് വേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുത്ത സുരേന്ദ്രന്റെ അഭിപ്രായങ്ങളെ തള്ളി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി.

കെ. സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ബിജെപി വക്താവ് ജെ.ആര്‍ പത്മകുമാര്‍ പറഞ്ഞു. തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത്. പാര്‍ട്ടി വേദിയില്‍ സുരേന്ദ്രന്റെ അഭിപ്രായം ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും പദ്മകുമാര്‍ അറിയിച്ചു.


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സുരേന്ദ്രനെതിരെ രംഗത്തെത്തി. ആര്‍ത്തവത്തെ കുറിച്ച് രാഷ്ട്രീയ നേതാവായിട്ടുളളതോ, അല്ലാത്തതോ ആയ ഒരു പുരുഷനും പ്രതിപാദിക്കാന്‍ സാധ്യമല്ലെന്ന് ശോഭ പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് അഭിപ്രായം പറയുകയാണ് വേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഈ വിഷയം പൊതുചര്‍ച്ചയ്ക്ക് വിധേയമാകുന്നതിനോട് വിരോധമില്ല. പക്ഷെ ചര്‍ച്ച നടത്തുമ്പോള്‍ വേദത്തെക്കുറിച്ചും ഉപനിഷത്തിനെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അറിവുണ്ടായിരിക്കണം. എന്താണ് ക്ഷേത്രത്തിന്റെ തന്ത്ര സംസ്‌കാരം, തന്ത്ര ശാസ്ത്രം എന്നതിനെക്കുറിച്ചും ആധികാരികമായി പഠിച്ചതിനുശേഷം രാഷ്ട്രീയക്കാര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുകയാണ് വേണ്ടത്. അത് എന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല. കേരളത്തിലെ രാഷ്ട്രീയ നേതാവായിട്ടുളള ഏത് പുരുഷനും ആര്‍ത്തവ സമയത്ത് സ്ത്രീക്ക് ഉണ്ടാകുന്ന ശാരീരിക അവസ്ഥാന്തരത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ സാധിക്കില്ല- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ പോസ്റ്റിനെതിരെ ബിജെപി അനുകൂലികള്‍ ശക്തമായ രീതിയിലാണ് എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിലുളള പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു സ്ഥാനം നല്‍കിയതിലൂടെ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ലെന്ന വസ്തുതയാണ് തെളിയുന്നതെന്ന വാദമാണ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചത്. ആര്‍ത്തവം പ്രകൃതി നിയമമാണ്.  സെമറ്റിക് മതങ്ങളിലെ പോലെ കടുംപിടുത്തം ഹിന്ദു സമൂഹം ഒരിക്കലും കാണിക്കാറില്ല. മണ്ഡലമകര വിളക്ക് കാലത്തിലെ തിരക്ക് ഒഴിവാക്കാനായി എല്ലാ ദിവസവും നടതുറക്കാമെന്ന അഭിപ്രായം ഹൈന്ദവ നേതൃത്വം പരിഗണിക്കണം. തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കെ സുന്ദ്രേന്റെ പോസ്റ്റിനെ അനുകൂലിച്ച് സംവിധായകന്‍ ആഷിഖ് അബു അടക്കമുളള ഇടതുപക്ഷ സഹയാത്രികര്‍ രംഗത്തെത്തിയപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നേതാവിന്റെ അഭിപ്രായത്തെ തള്ളിപ്പറയുകയും ചെയ്തു. കപട പുരോഗമനവാദി ചമയാന്‍ ഇറങ്ങിയാല്‍ ഇപ്പോള്‍ 'ചേട്ടാ' എന്നുവിളിക്കുന്നവര്‍ പോലും നാളെ കൂടെ കാണില്ലെന്ന് മുന്നറിയിപ്പുകളും കമന്റുകളിലൂടെയുണ്ടായി. താങ്കളുടെ നിലപാടിനോട് പുച്ഛമാണെന്നും ഹിന്ദു എന്ന നിലയിലും ബിജെപി അനുഭാവി എന്ന നിലയിലും എതിര്‍പ്പ് അറിയിക്കുന്നെന്നും കമന്റുകളില്‍ പല ബിജെപി അനുഭാവികളും വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടായിരത്തിലേറെ ഷെയറുകളും അതിനൊത്ത ലൈക്കുകളുമായി മുന്നേറുന്ന സുരേന്ദ്രന്റെ പോസ്റ്റിനോട് അനുകൂല നിലപാടാണ് ഫേസ്ബുക്കില്‍ തുടരുന്നത്.

Read More >>