ലൈംഗികാരോപണം നേരിടുന്ന ശക്തി സിൻഹയെ എൻഎംഎംഎൽ ഡയറക്ടറായി നിയമിച്ചു

ആറുമാസത്തോളമായി ശക്തി സിന്‍ഹ തന്നെ ഫോണിൽ അസഭ്യം പറഞ്ഞും അശ്ലീല എസ്എംഎസ് സന്ദേശങ്ങളയച്ചും ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബംഗളൂരുവിലെ ഒരു ഐആർഎസ് ഉദ്യോഗസ്ഥ കേന്ദ്ര കാബിനെറ്റ് സെക്രട്ടറി അഭിജിത് സേട്ടിനെ സമീപിച്ചിരുന്നു

ലൈംഗികാരോപണം നേരിടുന്ന ശക്തി സിൻഹയെ എൻഎംഎംഎൽ ഡയറക്ടറായി നിയമിച്ചു

നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) ഡയറക്ടറായി ശക്തി സിൻഹയെ കേന്ദ്ര സർക്കാർ നിയമിച്ചു.   മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ശക്തി സിന്‍ഹ ഐപിഎസിനെ മ്യൂസിയത്തിന്റെ ഡയറക്ടറാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.  ഐആർഎസ് ഉദ്യോഗസ്ഥയെ മാസങ്ങളോളം ശല്യപ്പെടുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.  എൻഎംഎംഎൽ പോലൊരു അഭിമാനസ്ഥാപനത്തിൽ ശക്തി സിന്‍ഹയെ പോലൊരു ബ്യൂറോക്രാറ്റിനെ ഡയറക്ടറാക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്ത് സെലക്ഷൻ കമ്മിറ്റി അംഗം  പ്രതാപ് ഭാനു രംഗത്തെത്തിയിരുന്നു.  മാത്രമല്ല ഇതിൽ പ്രതിഷേധിച്ച്  പ്രതാപ് ഭാനു അംഗത്വം രാജി വെച്ചു. ശക്തി സിൻഹയെ പ്രധാന പദവിയിൽ നിയമിക്കാൻ നീക്കം നടക്കുന്ന വാർത്ത നാരദ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.


ലൈംഗികാരോപണം ഉൾപ്പെടെയുള്ള ഗുരുതരമായ ആക്ഷേപങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു.  2012 നവംബറിൽ ശക്തി സിന്‍ഹയ്ക്കെതിരെ പരാതി ഉയർന്നത്. ആറുമാസത്തോളമായി ശക്തി സിന്‍ഹ തന്നെ ഫോണിൽ അസഭ്യം പറഞ്ഞും അശ്ലീല എസ്എംഎസ് സന്ദേശങ്ങളയച്ചും ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബംഗളൂരുവിലെ ഒരു ഐആർഎസ് ഉദ്യോഗസ്ഥ കേന്ദ്ര കാബിനെറ്റ് സെക്രട്ടറി അഭിജിത് സേട്ടിനെ സമീപിച്ചിരുന്നു. രണ്ടു നമ്പരുകളിൽ നിന്നായി നിരന്തരമായ ശല്യമായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി കാബിനെറ്റ് സെക്രട്ടറി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനു കൈമാറി. ഐആർഎസ് ഉദ്യോഗസ്ഥയായ ശക്തി സിന്‍ഹയുടെ ഭാര്യയുടെ പരിചയക്കാരിയായിരുന്നു പരാതിക്കാരി.

അശ്ലീല മൊബൈൽ സന്ദേശങ്ങളുടെ പകർപ്പും പരാതിയ്ക്കൊപ്പം സമർപ്പിച്ചിരുന്നു. ഫോണെടുക്കുകയോ മെസേജുകളോടു പ്രതികരിക്കുകയോ ചെയ്യാതിരുന്നാൽ പരാതിക്കാരിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും രാത്രി ഒരു മണിയ്ക്കും രണ്ടുമണിയ്ക്കുമൊക്കെ മദ്യലഹരിയിൽ ശക്തി സിന്‍ഹ ഫോൺ വിളിച്ച്  അസഭ്യം പറയുമായിരുന്നുവത്രേ. ഫോൺ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഗുരുതര ആരോപണങ്ങൾ അവഗണിച്ചാണു കേന്ദ്രം നിയമനം നടത്തിയത്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്ത്യ-ചൈന ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശക്തി സിന്‍ഹ അമേരിക്കയിലെ ജോർജ് മാസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രം സംരക്ഷിക്കുക, പുനഃസൃഷ്ടിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം ന്യൂഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിച്ചത്. ആധുനിക, സമകാലിക ചരിത്രഗവേഷണം പരിപോഷിപ്പിക്കുന്ന ലോകപ്രശസ്ത സ്ഥാപനമാണ് എൻഎംഎംഎൽ. ഏറ്റവുമധികം പുസ്തകങ്ങളും ആനുകാലികങ്ങളും പിഎച്ച്ഡി പ്രബന്ധങ്ങളും ജേണലുകളും പത്രമാസികകളുമുളള ലൈബ്രറികളിലൊന്ന് എന്ന നിലയിലും ഇന്ത്യയുടെ അഭിമാനമാണ് ഈ സ്ഥാപനം.

രാജ്യത്തിന്റെ സാംസ്ക്കാരികതേജസായ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് അസന്മാർഗ പ്രവർത്തനങ്ങളുടെ പേരിൽ പഴികേട്ട ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ച് ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണ് മോദി സർക്കാർ. ലൈബ്രറിയുടെ ഡയറക്ടറായിരുന്ന വിഖ്യാത ചരിത്രകാരൻ മഹേഷ് രംഗരാജൻ ഒരു വർഷം മുമ്പാണ് മോദി സർക്കാരിന്റെ ഇടപെടലുകളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞത്. സാംസ്ക്കാരിക സ്ഥാപനങ്ങളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ശക്തി സിംഗിന്റെ നിയമനം.

Read More >>