സ്വാശ്രയ കരാർ വ്യവസ്ഥകൾ കണ്ണൂർ ലോബിയിൽ സ്വാധീനമുളള മാനേജുമെന്റുകൾ അടിച്ചേൽപ്പിച്ചത്; ജസ്റ്റിസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്നു നീക്കാനും സമ്മർദ്ദം; വി ഡി സതീശൻ തുറന്നടിക്കുന്നു

''യുഡിഎഫ് ബഹളമുണ്ടാക്കിയിരുന്നില്ലെങ്കിൽ ബിഡിഎസ് ഫീസും പ്രതിവർഷം നാലു ലക്ഷം രൂപയായി ഇവർ ഏകീകരിക്കുമായിരുന്നു. നാലു ലക്ഷം രൂപ കൊടുത്ത്, ആകെ ഇരുപതു ലക്ഷം രൂപ ചെലവാക്കി ആരാണ് ബിഡിഎസിനു പഠിക്കുക. ഒന്നോ ഒന്നേകാൽ കോടിയോ കൊടുത്ത് നീറ്റ് മെരിറ്റുളള കുട്ടികൾ എംബിബിഎസ് പഠിക്കേണ്ട അവസ്ഥ വന്നില്ലേ. ''

സ്വാശ്രയ കരാർ വ്യവസ്ഥകൾ കണ്ണൂർ ലോബിയിൽ സ്വാധീനമുളള മാനേജുമെന്റുകൾ അടിച്ചേൽപ്പിച്ചത്; ജസ്റ്റിസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്നു നീക്കാനും സമ്മർദ്ദം; വി ഡി സതീശൻ തുറന്നടിക്കുന്നു

നീറ്റു മെരിറ്റുളള കുട്ടികൾ ഒരു കോടിയോ ഒന്നേകാൽ കോടിയോ ഫീസുകൊടുത്ത് എംബിബിഎസിനു പഠിക്കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിയത്, മന്ത്രിസഭയിലെ കണ്ണൂർ ലോബിയിൽ സ്വാധീനമുളള മാനേജുമെന്റുകളുടെ താൽപര്യത്തിന് സർക്കാർ വഴങ്ങിയതുകൊണ്ടാണെന്ന് കെ പി സിസി വൈസ് പ്രസിഡൻറ് വി ഡി സതീശൻ.

നാരദാ ന്യൂസിനു നൽകിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നഷ്ടം കൂടി കേരളത്തിലെ മറ്റു വിദ്യാർത്ഥികൾ താങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. കണ്ണൂരിലെ ചില മാനേജുമെന്റുകളുടെ താൽപര്യത്തിനു വഴങ്ങിയാണ് ബിഡിഎസിന് ഏകീകൃത ഫീസായ നാലു ലക്ഷം രൂപയാക്കാൻ സർക്കാർ മുതിർന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ മാനേജ്മെന്റുകളുടെ താൽപര്യത്തിനു വഴങ്ങി ഇപ്പോൾ ജെയിംസ് കമ്മിറ്റിയിൽ നിന്ന് ജസ്റ്റിസ് ജെയിംസിനെ നീക്കാൻ ഈ ലോബി ശക്തമായ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.


അഭിമുഖ സംഭാഷണത്തിലേയ്ക്ക്...

എന്താണ് പുതിയ സ്വാശ്രയ കരാറിനെക്കുറിച്ച് സർക്കാരിനെതിരെ യുഡിഎഫിന്റെ കൃത്യമായ ആരോപണം..?


പരിയാരം മെഡിക്കൽ കോളജിൽ ഒന്നേകാൽ ലക്ഷം രൂപ ഫീസുണ്ടായിരുന്നത് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപയാക്കിയതാണ് ഏറ്റവും വലിയ ചെയ്ത്ത്. എന്നിട്ടും അവിടെ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. രണ്ടരയെന്നത് മൂന്നാക്കിയാലും ആ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. അതിനു വേറെ കാരണമുണ്ട്. അവിടെ ആയിരത്തോളം ബാക്ക് ഡോർ അപ്പോയിന്മെന്റാ നടത്തിയിരിക്കുന്നത്. നാട്ടിലെ പാർടിക്കാരെ മുഴുവൻ ജോലിക്കു കയറ്റിയിട്ടുണ്ട്. കോളജു നടത്തിക്കൊണ്ടുപോകാൻ പറ്റുന്നില്ല. യാതൊരു കോസ്റ്റ് അനാലിസിസുമില്ലാതെയാണ് ആയിരക്കണക്കിനു പോസ്റ്റുകൾ സൃഷ്ടിച്ചത്. അതിന്റെ ഭാരം മുഴുവൻ മറ്റു കോളജിലെ കുട്ടികൾ വഹിക്കണമെന്നു പറയുന്നത് എന്തു നീതിയാണ്?

എന്തുകൊണ്ടാണ് എം വി ജയരാജൻ ചെയർമാനായിരിക്കുന്ന കോളജിന് ഇക്കാര്യത്തിൽ മാതൃകയാവാൻ കഴിയാത്തത്? എല്ലാക്കാര്യത്തിലും സ്റ്റേറ്റ് - കോഓപ്പറേറ്റീവ് ഇൻറർവെൻഷനെക്കുറിച്ച് സിദ്ധാന്തം പറയുന്നവരാണല്ലോ ഇവർ. ഈ കോളജല്ലേ മാതൃക കാണിക്കേണ്ടത്. കിട്ടിയ അവസരം ഉപയോഗിച്ചത് ആ കോളജിന്റെ നഷ്ടം നികത്താനാണ്. പക്ഷേ, രണ്ടരയല്ല മൂന്നു ലക്ഷം രൂപ ഫീസുയർത്തിയാലും അവർക്ക് ആ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല.

യുഡിഎഫ് ബഹളമുണ്ടാക്കിയിരുന്നില്ലെങ്കിൽ ബിഡിഎസ് ഫീസും പ്രതിവർഷം നാലു ലക്ഷം രൂപയായി ഇവർ ഏകീകരിക്കുമായിരുന്നു. നാലു ലക്ഷം രൂപ കൊടുത്ത്, ആകെ ഇരുപതു ലക്ഷം രൂപ ചെലവാക്കി ആരാണ് ബിഡിഎസിനു പഠിക്കുക. ഒന്നോ ഒന്നേകാൽ കോടിയോ കൊടുത്ത് നീറ്റ് മെരിറ്റുളള കുട്ടികൾ എംബിബിഎസ് പഠിക്കേണ്ട അവസ്ഥ വന്നില്ലേ. ഇതൊക്കെ കണ്ണൂർ ലോബിയിൽ സ്വാധീനമുളള ചില മാനേജുമെന്റുകളുടെ താൽപര്യങ്ങളാണ്. ഇപ്പോ അവരാവശ്യപ്പെട്ട ഉയർന്ന ഫീസും കിട്ടി; യഥേഷ്ടം തലവരിയും വാങ്ങാം. അതാണവസ്ഥ. അവരിപ്പോൾ ജസ്റ്റിസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. അത്രയ്ക്കു സ്വാധീനം അവർക്കുണ്ട്.

ഇപ്പോ പല മാനേജുമെന്റുകളും പറയുന്നതെന്താന്നറിയോ? സർക്കാർ അങ്ങനെയൊക്കെ പലതും പറയും, എഗ്രിമെന്റൊക്കെ പലതും വെയ്ക്കും. പക്ഷേ, ഇവിടെ കാശു തരാതെ അഡ്മിഷൻ പറ്റില്ല എന്ന് പച്ചയ്ക്കു പരസ്യമായി പറയുകയാണ്. അപ്പോ ഈ കരാറുകൊണ്ട് എന്തു നേട്ടമാണുളളത്?

നിലവിലെ ഫീസ് ഘടനയിൽ താങ്കൾ കാണുന്ന പോരായ്മകളെന്തൊക്കെയാണ്?

ഞാനാണല്ലോ ആദ്യമായി ഇത് ഉയർത്തിക്കൊണ്ടുവന്നത്. വളരെ അപകടകരമായ രീതിയിലാണ് ഫീസ് വർദ്ധന. സംസ്ഥാന മെരിറ്റ് അനുസരിച്ചാണ് ആദ്യത്തെ 50 ശതമാനം സീറ്റിൽ പ്രവേശനം. അടുത്ത 35 ശതമാനം നീറ്റിലെ മെരിറ്റ് അനുസരിച്ചാണ്. നീറ്റിലെ മെരിറ്റ് എന്നുവെച്ചാൽ ഒന്നുകിൽ സംസ്ഥാന മെരിറ്റോടൊപ്പം. അല്ലെങ്കിൽ അതിനെക്കാൾ മീതെ. അവരും നല്ല ഗ്രേഡുളള മെരിറ്റോറിയസായിട്ടുളള കുട്ടികളാണ്. അതിലിപ്പോ ഒരു കുട്ടിയ്ക്ക് അഡ്മിഷൻ കിട്ടണമെങ്കിൽ ഇവരുടെ ഫീസ് അനുസരിച്ച് 55 ലക്ഷം രൂപയും തലവരി പണവും കൊടുക്കണം. 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് തലവരിപ്പണം. അപ്പോത്തന്നെ ഏതാണ്ട് ഒരുകോടി രൂപയായി.

അപ്പോൾ യുഡിഎഫിന്റെ ആക്ഷേപം, സർക്കാർ സീറ്റിന്റെ അമ്പതു ശതമാനം സർക്കാർ മെരിറ്റിൽ തീരുന്നുവെന്നാണ്?

അതെ. തീരുന്നു. മറ്റേത് നീറ്റു മെരിറ്റായി കൊടുക്കാൻ ഇവർ തീരുമാനിച്ചിരിക്കുകയാണ്. നീറ്റു മെരിറ്റും ഇതുപോലെ പ്രധാനമാണ്. നീറ്റു മെരിറ്റിലെ ഒരു സീറ്റ് സർക്കാർ എഗ്രിമെന്റു വെച്ചതു പ്രകാരം തന്നെ 55 ലക്ഷം രൂപയാണ്. തലവരി വേറെ കൊടുക്കണം എൻആർഐ ആണെങ്കിൽ 15 ലക്ഷം രൂപ വെച്ച് 75 ലക്ഷമാകും. അത് പ്ലസ് തലവരിയാണ്.

മൊത്തം ഒന്നേകാൽ കോടി ചോദിച്ചിരിക്കുന്ന കോളജുകളുണ്ട്. നീറ്റു മെരിറ്റിലെ കുട്ടികൾക്ക് 30 മുതൽ 55 വരെ ചോദിച്ചിട്ടുണ്ട്. ഒരു കോളജ് എനിക്കറിയാം. ഒന്നേ പത്താണ് റേറ്റ് (ഒരുകോടി പത്തുലക്ഷം രൂപ). നീറ്റു മെരിറ്റിൽ വന്ന കുട്ടികൾ ആദ്യം കോഴ കൊടുക്കാൻ തയ്യാറാവില്ല. കോഴ കൊടുക്കാൻ തയ്യാറാകാത്തവർക്ക് നിസാര കാരണം പറഞ്ഞ് ഓൺലൈൻ അപേക്ഷ തള്ളും. അല്ലെങ്കിൽ ഡോക്യുമെന്റ്സ് ഹാജരാക്കാൻ പ്രോപ്പറായ സമയം കൊടുക്കില്ല. ചില സ്ഥലത്ത് ഫിക്സഡ് ഡെപ്പോസിറ്റു ചോദിക്കും. പ്രധാനപ്പെട്ട ഒരു കാര്യം ബാങ്കു ഗ്യാരണ്ടിയാണ്. ബാങ്കു ഗ്യാരണ്ടി വളരെ വെല്ലോഫ് ആയിട്ടുളള ആൾക്കുപോലും കൊടുക്കാൻ പറ്റില്ല. വലിയ ബിസിനസുകാർക്കു മാത്രമേ ഇതു കൊടുക്കാൻ പറ്റൂ. മിഡിൽ ക്ലാസിലെന്നല്ല, അപ്പർ മിഡിൽ ക്ലാസിലുള്ളവർക്കുപോലും പഠിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ചോദിക്കുന്ന കോഴ കൊടുക്കാൻ സമ്മതമുള്ളവർക്കു മാത്രമേ അഡ്മിഷൻ കിട്ടൂ. അവർക്കു മാത്രമേ പഠിക്കാൻ അവസരം കിട്ടൂ..

പണമുള്ളവർക്കു മാത്രമേ സ്വാശ്രയ കോളജിൽ പ്രവേശനമുള്ളൂ...?

അതേ.. അങ്ങനെയൊരു സാഹചര്യം ഈ സർക്കാരുണ്ടാക്കിയിരിക്കുന്നു. എന്നിട്ട് സർക്കാരിത് ഡിഫെൻഡു ചെയ്യുകയാ. ഇവർക്കു പറ്റിയ പ്രധാനപ്പെട്ട ഒരു അബദ്ധം.. ഇവരാദ്യമേ പറഞ്ഞു, നൂറു ശതമാനം സീറ്റും സർക്കാർ ഏറ്റെടുക്കുമെന്ന്. പലരും പറഞ്ഞു, ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി വന്നു, കണ്ടോ മാനേജുമെന്റിനെ വിറപ്പിക്കുന്നതു കണ്ടോ എന്നു ചോദിച്ചു. സംഭവിച്ചതെന്താ... ഞാനിതു ശ്രദ്ധിക്കാൻ കാരണം, ബിഡിഎസിന് ഇവരാദ്യം ധാരണയിലെത്തി. മാനേജുമെന്റുമായിട്ട്.. ബിപിഎൽ 25000, ബാക്ക്വേഡ് വിഭാഗം 45000, അദേഴ്സ് 185000

എല്ലാ സീറ്റിലും നാലു ലക്ഷം രൂപ വെച്ച് ഇവർ തീരുമാനിച്ചു. ഇതിനു മുമ്പ് അമ്പതു ശതമാനം മെരിറ്റു സീറ്റിൽ ബിപിഎൽ വിഭാഗത്തിന് 23000, പിന്നാക്ക വിഭാഗത്തിന് 45000, മറ്റുള്ളവർക്ക് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്നിങ്ങനെ ആയിരുന്നു ഫീസ്. അപ്പോ ഒറ്റയടിക്ക് എല്ലാ സീറ്റും നാലു ലക്ഷമാക്കി. ഇവരേറ്റവും കൂടുതൽ വിമർശിക്കുന്ന ക്രിസ്ത്യൻ മാനേജ്മെന്റ് ഒരു എംബിബിഎസ് സീറ്റിനു വാങ്ങുന്നത് 4,40,000 ആണ്. എംബിബിഎസ് ഒരു വർഷം നാലു ലക്ഷത്തി നാൽപതിനായിരത്തിന് പഠിപ്പിക്കാമെങ്കിൽ അതിന്റെ പത്തിലൊന്നു ചെലവു പോലും വരാത്ത ബിഡിഎസിന് എന്തിനു നാലു ലക്ഷം ?ഈ ചോദ്യം ഞാനുയർത്തി. പ്രതിപക്ഷ നേതാവ് ഏറ്റുപിടിച്ചു, വിഷയം ജനശ്രദ്ധയിലെത്തി. തുടർന്ന് സർക്കാർ ഈ ധാരണയിൽനിന്നു പിന്മാറി.

ഒരാലോചനയുമില്ലാതെ സർക്കാർ ഇങ്ങനെയൊരു ധാരണയിലെത്തി എന്നാണോ ?


അതേ. ഒരാലോചനയുമില്ലാതെ മാനേജുമെന്റുകൾ ചോദിച്ചതു കൊടുത്തു. ഞാനും പ്രതിപക്ഷ നേതാവും ഈ വിഷയവുമേറ്റെടുത്തതോടെ എസ്എഫ്ഐയെക്കൊണ്ട് ഇവർ പത്രസമ്മേളനം നടത്തിച്ചു. എന്നിട്ട് എസ്എഫ്ഐ എതിർത്തുവെന്ന് കാരണം പറഞ്ഞ് ഇവർ പിൻവലിച്ചു.

നൂറു കണക്കിന് രക്ഷിതാക്കളും കുട്ടികളും നമ്മളോടും കാര്യങ്ങൾ പറയാറുണ്ട്. ഇന്നുച്ചയ്ക്ക് എന്നെ ഒരു കുട്ടിയുടെ പേരന്റു വിളിച്ചു. അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ്. സർക്കാർ ഫിക്സു ചെയ്തിരിക്കുന്നത് രണ്ടു ലക്ഷത്തി പത്താണ്. മാനേജുമെന്റ് സീറ്റിന്. അതിനു പുറമെ എല്ലാവർഷവും അഡീഷണൽ എഴുപത്തി അയ്യായിരം കൂടി വേണമെന്നാണ് മാനേജ്മെന്റു ഡിമാൻറ്. അപ്പോ രക്ഷിതാവ് രസീതു വേണമെന്നു പറഞ്ഞു. രസീതൊന്നും പറ്റില്ല. വെള്ളക്കടലാസിൽ എഴുതിത്തരാമെന്ന് മാനേജുമെന്റ്. സർക്കാരുമായി ഈ മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രമെന്റിന് എന്തു വിലയാണുള്ളത്?

കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതൊക്കെത്തന്നെയല്ലേ സംഭവിച്ചത്?


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ഫീസില്ലല്ലോ. കഴിഞ്ഞ തവണ കോളജുകൾ കോഴ വാങ്ങിയിട്ടുണ്ടാവാം. അതു ഞാൻ സമ്മതിക്കുന്നു. പക്ഷേ, സർക്കാർ ഫീസ് ഇത്രയുമില്ലല്ലോ. ഇപ്പോ ഒരു കോടി രൂപ മുതൽ ഒന്നേകാൽ കോടി രൂപ വരെയായി എംബിബിഎസിന്. ക്ലിയറാണല്ലോ. ഇപ്പോ പറയുന്നതെന്താ? മുഖ്യമന്ത്രി സഭയിൽ പറഞ്ഞു... ഞങ്ങൾ ഫീസ് ഇത്രയും ഉയർത്തിയത് പുറംവരവ് ഇല്ലാതാക്കാനാണ്. പക്ഷേ, സംഭവിച്ചതോ. ഫീസ് വർദ്ധിപ്പിച്ചതുമായി, പുറം വരവുമായി. ഇതാണ് സംഭവിച്ചത്.

എന്തുകൊണ്ടാണ് നാലു ക്രിസ്ത്യൻ മാനേജ്മെന്റ് സ്വാശ്രയ കോളജുകൾക്ക് പ്രത്യേക ഫീസു നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാലു ലക്ഷം, ഇപ്പോ നാലു ലക്ഷത്തി നാൽപതിനായിരം. ഇതെന്തുകൊണ്ടാണ് ഈ മാനേജുമെന്റുകളെ നിയന്ത്രിക്കാൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിയാതെ പോകുന്നത്?

സർക്കാരിനു പറ്റിയ ഏറ്റവും പ്രധാനപ്പെട്ട അബദ്ധം സ്വാശ്രയ കേസുകൾ പഠിച്ചിട്ടില്ല എന്നുള്ളതാണ്. സുപ്രിംകോടതിയുടെ എല്ലാ വിധികളും മാനേജുമെന്റുകൾക്ക് അനുകൂലമാണ്. സുപ്രിംകോടതി പറഞ്ഞിരിക്കുന്നതെന്താ. ക്രോസ് സബ്സിഡി പാടില്ല. മാനേജുമെന്റു സീറ്റിലെ കുട്ടികളുടെ പണം കൊണ്ട് മെരിറ്റു സീറ്റിലെ കുട്ടികൾ പഠിക്കേണ്ട. എല്ലാം ഒരേപോലെ. ക്രിസ്ത്യൻ മാനേജുമെന്റ് ആ കോടതിവിധിയിൽ ഉറച്ചു നിന്നു. യൂണിഫോം ഫീസ് നിശ്ചയിച്ച് പ്രവേശനം ഞങ്ങൾതന്നെ നടത്തുമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു, ആദ്യം. കുറേക്കൊല്ലം അങ്ങനെ പോയി. പിന്നെ യുഡിഎഫ് വന്നു. ഞങ്ങൾ സംസാരിച്ചു. ഇതുശരിയല്ല, അമ്പതു ശതമാനം മെരിറ്റു കൊടുക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയെ മറികടന്ന് അമ്പതു ശതമാനം മെരിറ്റോറിയസായ കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങളീ ധാരണയായത്.

പ്രതിവർഷം നാലു ലക്ഷം രൂപ ഫീസിന് ...?

അതേ... അതേ... നാലു ലക്ഷം രൂപയ്ക്ക് പഠിപ്പിക്കാമല്ലോ.. ഇപ്പോ അതു പറ്റില്ലല്ലോ. അതല്ലെങ്കിലും അവർക്കു നാലു ലക്ഷം രൂപ വെച്ചു മേടിക്കാം. ക്രിസ്ത്യൻ മാനേജുമെന്റിന് സ്വന്തം നിലയിൽ ഇതേ ഫീസു നിശ്ചയിച്ച് പഠിപ്പിക്കാം. അവർ എക്സ്പെൻസ് കാണിച്ചാൽ മതി. അതിനെക്കാൾ പണം ഇപ്പുറത്തു വരുന്നുണ്ട്. ഉദാഹരണം പറയാം. ഈ നാലു ലക്ഷത്തി നാൽപതിനായിരം വെച്ചിട്ട് ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് നൂറു സീറ്റിന് ഒരു വർഷം കിട്ടുന്നത് അഞ്ചര കോടി രൂപയാണ്.

സർക്കാരുമായി എഗ്രിമെന്റു വെച്ച കോളജുകൾക്ക് കിട്ടുന്നത് ഏഴു കോടി അഞ്ചു ലക്ഷം രൂപയും പ്ലസ് തലവരി പണവുമാണ്. ഏകദേശം അഞ്ചുകോടി തലവരി പണം കിട്ടും. എൻആർഐ തലവരിയും മാനേജുമെന്റും കൂടി കൂട്ടുമ്പോ. ക്രിസ്ത്യൻ മാനേജുമെന്റിന് ലഭിക്കുന്നതിന്റെ നേരെ ഇരട്ടി തുകയാണ് എഗ്രിമെന്റു വെച്ച മാനേജുമെന്റുകൾക്ക് ഇപ്പോൾ കിട്ടുന്നത്. അപ്പോ ടോട്ടൽ വരുമ്പോ സർക്കാർ എഗ്രിമെന്റിൻറെ പ്രസക്തിയെന്താ..

ആരോഗ്യമന്ത്രിയുടെ വിശദീകരണം താങ്കൾ ശ്രദ്ധിച്ചിരുന്നോ. 25000 രൂപയ്ക്കു പഠിക്കാൻ കഴിയുന്ന ബിപിഎൽ, മറ്റു പിന്നാക്ക വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിലെ കുട്ടികളുടെ എണ്ണം കൂടിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്...? 


122 സീറ്റാണ് വർദ്ധിപ്പിച്ചത് എന്നാണ് അവകാശവാദം. 70 സീറ്റ് പാലക്കാട് ഞങ്ങൾ തുടങ്ങിയ മെഡിക്കൽ കോളജിൽത്തന്നെയുണ്ട്. പാലക്കാട് മെഡിക്കൽ കോളജിലും മഞ്ചേരി മെഡിക്കൽ കോളജിലും സീറ്റുണ്ട്. ആകെ സീറ്റുകളുടെ എണ്ണം കൂടിയതാണ് ഇവർ പറയുന്നത്.

രണ്ടുമൂന്നു കോളജുകൾ ഇവരുടെ അടുത്ത് പുതുതായി എഗ്രിമെന്റു നടത്താൻ വന്നു. കോളജുകൾക്ക് ഭയങ്കര സന്തോഷമല്ലേ. വലിയ ഫീസ് സർക്കാർ സമ്മതിക്കുന്നു. പ്ലസ് തലവരിയും വാങ്ങാം. എന്നുവെച്ചാൽ ഇനിയും എഗ്രിമെന്റു വെയ്ക്കാൻ കോളജുകൾ വരും. എഗ്രിമെന്റു വെയ്ക്കാൻ ഭയങ്കര അട്രാക്ഷനല്ലേ. പഴയതുപോലെയല്ലല്ലോ.. അഞ്ചു കൊല്ലം കൊണ്ട് യുഡിഎഫ് വർദ്ധിപ്പിച്ചത് 34 ശതമാനമാണ്. ഇത് ഒറ്റയടിക്ക് ആദ്യത്തെ വർഷം തന്നെ 35 ശതമാനം വർദ്ധിപ്പിച്ചു. ഒന്ന് എൺപത്തഞ്ച് രണ്ടരയാവുകയും എട്ടര പതിനൊന്നാവുകയും പന്ത്രണ്ടര പതിനഞ്ചാവുകയും ചെയ്തു. അത് വലിയൊരു അട്രാക്ഷനാണ്.

തലവരിയെ നിയന്ത്രിക്കാൻ ആർക്കെങ്കിലും - എൽഡിഎഫിനോ, യുഡിഎഫിനോ - കഴിയുമെന്ന് കരുതുന്നുണ്ടോ?


സുപ്രിംകോടതി വിധി പ്രകാരം തലവരി നിയന്ത്രിക്കാൻ കഴിയും. ഇവർക്കെന്തു പറ്റിയെന്നുവെച്ചാൽ ജെയിംസ് കമ്മിറ്റി വളരെ സ്ട്രോങ് സ്റ്റാൻഡെടുത്തു. ഇന്റർസേ മെരിറ്റേ എൻആർഐയിലും പറ്റൂ എന്നു പറഞ്ഞു. അപ്പോ ഗവണ്മെന്റ്, ഇവരോട് എഗ്രിമെന്റില്ലെങ്കിലും ഓറലായി അതു നിങ്ങൾ എന്തുവേണോ ചെയ്തോളാൻ പറഞ്ഞു. ഗവണ്മെന്റ് ഒരു സ്റ്റാൻഡും ജെയിംസ് കമ്മിറ്റി വേറൊരു സ്റ്റാൻഡുമെടുത്തു. ജയിംസിനെ മാറ്റണമെന്ന് സമ്മർദ്ദം ചെലുത്തുകയാണ് മാനേജുമെന്റുകൾ. ആയിരത്തോളം പരാതികളാണ് ജെയിംസ് കമ്മിറ്റിയിലെത്തിയിരിക്കുന്നത്. പരാതി വരും, സ്വാഭാവികമാണ്. മെരിറ്റിൽ നിന്നെടുക്കുമ്പോൾ പരാതി വരും. മെരിറ്റിൽ നിന്നെടുക്കണമെന്നാണ് പുതിയ സുപ്രിംകോടതി വിധി. പുതിയ വിധി കൂടി വരുമ്പോൾ വീണ്ടും പ്രശ്നമാകും. നീറ്റ് മെരിറ്റിൽ എന്റെ മകൾക്ക് അഡ്മിഷൻ കിട്ടിയെന്നു വിചാരിക്കുക. സർക്കാർ വെച്ചിരിക്കുന്ന എഗ്രിമെന്റിലെ തുകയല്ലാതെ ഞാൻ പണം തരില്ല എന്ന് തീരുമാനിച്ചാൽ അപ്പോ അവർ പുതിയ കാരണം കണ്ടെത്തും. ഓൺലൈൻ ആപ്ലിക്കേഷൻ ശരിയല്ല, ബാങ്ക് ഗ്യാരണ്ടിയില്ല എന്നൊക്കെ പറയും. എന്തിനാ ബാങ്ക് ഗ്യാരണ്ടിയൊക്കെ നിബന്ധനയാക്കിയത്. ഇല്ലാത്ത കാരണം പറഞ്ഞ് മെരിറ്റുള്ള കുട്ടിയുടെ അഡ്മിഷൻ നിഷേധിച്ച് കോഴ കൊടുക്കാൻ തയ്യാറുളളവർക്ക് അഡ്മിഷൻ കൊടുക്കും. നീറ്റു മെരിറ്റുണ്ടെങ്കിലും കോഴ കൊടുക്കാൻ തയ്യാറല്ലെങ്കിൽ ഒഴിവാക്കും. കൊടുത്താൽ അഡ്മിഷൻ കൊടുക്കും.

ഇതിനെ വളരെ സ്ട്രിക്ടായി കമ്മിറ്റിയും സർക്കാരും നിയന്ത്രിക്കണം. ഒരു സീറ്റിലും ഒരു വൃത്തികേടും ചെയ്യാൻ കഴിയില്ല. പക്ഷേ, സർക്കാർ വളരെ ലിബറലാക്കി കൊടുത്തിരിക്കുകയാണ്. ജെയിംസ് കമ്മിറ്റിയുടെ സ്റ്റാൻഡ് എടുക്കുന്നില്ല. പതിനഞ്ചു ശതമാനത്തിൽ എന്തുവേണോ ചെയ്തോളൂ എന്നാണ് സർക്കാർ പറയുന്നത്. അതു ശരിയല്ലല്ലോ.

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിക്കാൻ സർക്കാരിന് ചില പരിമിതികളില്ലേ, സുപ്രിംകോടതിയൊക്കെ അവർക്ക് അനുകൂലമായിട്ടല്ലേ വിധി പറയുന്നുത്..?

അതേ. പക്ഷേ, സർക്കാർ ഇത് പഠിച്ചിട്ടല്ല കൈകാര്യം ചെയ്യുന്നത്. ഏതു സർക്കാരിനും ചില ലിമിറ്റുകളുണ്ട്. പ്രത്യേകിച്ച് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ. ഒരുപാടു നിയന്ത്രണങ്ങളുണ്ട്. പക്ഷേ, തലവരിപ്പണം നമുക്ക് നിർത്തലാക്കാം. ഇപ്പോഴാണ് നമുക്കൊരു അവസരം കിട്ടിയത്. മാനേജ്മെന്റ് സീറ്റിൽ നീറ്റ് മെരിറ്റിൽത്തന്നെ അപ്പോയിന്റു ചെയ്യണമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്.. ഈ അവസരം ഉപയോഗിച്ചില്ല എന്നതാണ് എന്റെ ഏറ്റവും പ്രധാന വിമർശനം.

യുഡിഎഫ് സർക്കാരിനു കിട്ടാത്ത ഒരു അവസരം ഈ ഗവണ്മെന്റിന് കിട്ടി. മാനേജുമെന്റിന് നേരത്തെ തന്നിഷ്ടം പോലെ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇപ്പോ അങ്ങനെയല്ല. നീറ്റു മെരിറ്റിലേ അഡ്മിഷൻ പാടുള്ളൂ എന്ന നിബന്ധന കർക്കശമായി നടപ്പാക്കിയാൽ മതി. അത് സർക്കാരിന് നന്നായി ഉപയോഗിക്കാം. ജെയിംസ് കമ്മിറ്റിയെ സ്ട്രെങ്തൻ ചെയ്യുകയും അവർക്കു വേണ്ട പിന്തുണ കൊടുക്കുകയും ചെയ്താൽ കോഴ വാങ്ങാൻ പറ്റില്ല. അഞ്ചരക്കോടി രൂപയ്ക്ക് ക്രിസ്ത്യൻ മാനേജ്മെന്റിന് നടത്തിക്കൊണ്ടുപോകാൻ പറ്റുമെങ്കിൽ ഏഴര കോടി രൂപ വാങ്ങുന്നവർക്ക് എന്തുകൊണ്ട് പറ്റുന്നില്ല. പിന്നെയും തലവരി വാങ്ങാൻ സർക്കാർ ഇവർക്കു കൂട്ടു നിൽക്കുന്നതെന്തിനാ.

ഇത്ര കൃത്യമായി ഈ ആരോപണം സഭയിലുന്നയിക്കാൻ യുഡിഎഫിനു കഴിഞ്ഞുവെന്ന തോന്നലുണ്ടോ...

ചിരി....

(കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം എങ്ങോട്ട്...  വി ഡി സതീശന്റെ അഭിപ്രായം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നു.)

Read More >>