സ്വാശ്രയ മെഡിക്കൽ പ്രവേശനം: സുപ്രീം കോടതിയിലെ കേന്ദ്ര നിലപാട് കേരളത്തിലെ സർക്കാർ - മാനേജ്മെന്റ് ധാരണ തകിടം മറിക്കും

മാനേജ്‌മെന്റുകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മെറിറ്റ് സീറ്റായാലും മാനേജ്‌മെന്റ് സീറ്റായാലും കൗണ്‍സിലിംഗ് നടത്തേണ്ടത് സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ന്യൂനപക്ഷാവകാശം മെറിറ്റില്ലാതെ പ്രവേശനം നടത്തുന്നതിന് അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽ പ്രവേശനം: സുപ്രീം കോടതിയിലെ കേന്ദ്ര നിലപാട് കേരളത്തിലെ സർക്കാർ - മാനേജ്മെന്റ് ധാരണ തകിടം മറിക്കും

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഏകീകൃത കൗണ്‍സിലിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.  മെഡിക്കല്‍ പ്രവേശനത്തിന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ കൗണ്‍സിലിംഗ് റദ്ദാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ കൗണ്‍സിലിംഗിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.


മാനേജ്‌മെന്റുകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മെറിറ്റ് സീറ്റായാലും മാനേജ്‌മെന്റ് സീറ്റായാലും കൗണ്‍സിലിംഗ് നടത്തേണ്ടത് സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ന്യൂനപക്ഷാവകാശം മെറിറ്റില്ലാതെ പ്രവേശനം നടത്തുന്നതിന് അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

മുഴുവന്‍ സീറ്റും ഏറ്റെടുത്തുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു കേരളഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും അതിനാല്‍ അപ്പീല്‍ നല്‍കേണ്ടത് കേരള സര്‍ക്കാരാണെന്നുമായിരുന്നു മാനേജ്‌മെന്റുകളുടെ വാദം.

ഇതോടെ കൗണ്‍സിലിംഗ് നടപടികള്‍ പാതിവഴിയില്‍ പിന്നിട്ട കേരളത്തില്‍ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഈ മാസം 30ന് അവസാനിക്കും. ഇരു കക്ഷികളുടേയും വാദം കേട്ട സുപ്രീം കോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ പ്രവേശനത്തിന് സമയം നീട്ടി നല്‍കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനത്തിലെ അപാകത പരിഹരിക്കുന്നതിന് ഏകീകൃത പരീക്ഷയും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശന നടപടികളും  നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും  ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരായ ഹര്‍ജിയിലാണ് മാനേജ്‌മെന്റുകള്‍ക്കനുകൂലമായ ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അമ്പത് ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ നീറ്റിന്റെ അടിസ്ഥാനത്തില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാതിരുന്ന സംസ്ഥാനസര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി പുതിയ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള ധാരണയനുസരിച്ച് മെറിറ്റിലെ 20 ശതമാനം സീറ്റില്‍ രണ്ടര ലക്ഷം രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ 11 ലക്ഷവുമാണ് ഫീസ് നിശ്ചയിച്ചത്. എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷം രൂപയാണ് ഫീസ്.

സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 78 എംബിബിഎസ് സീറ്റും 219 ബിഡിഎസ് സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ 70 എംബിബിഎസ് സീറ്റും 198 ബിഡിഎസ് സീറ്റും സ്വാശ്രയ കോളജുകളിലാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ സ്‌പോട്ട് അലോട്ടമെന്റ് നടക്കും.

മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താമെന്ന് ബോംബെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Read More >>