ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ മറവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കവാടം തകര്‍ത്തു; ഒരു മാസമായിട്ടും പുനര്‍നിര്‍മാണമില്ല; ബാറിനെ സഹായിക്കാനെന്ന് ആരോപണം

വര്‍ഷങ്ങളായി വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. അനധികൃതമായി ബാറിനെ സഹായിച്ചതിന്റെ പേരില്‍ ആരോപണ വിധേയരായ 2 പ്രസിഡന്റുമാര്‍ രാജിവെച്ച ചരിത്രവും വിളക്കുടി പഞ്ചായത്തിനുണ്ട്. പുതിയ വിവാദവും ബാറിന്റെ പേരിലാകുമ്പോള്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടിയും ഭരണസമിതിയും

ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ മറവില്‍  സര്‍ക്കാര്‍ സ്‌കൂള്‍ കവാടം തകര്‍ത്തു; ഒരു മാസമായിട്ടും പുനര്‍നിര്‍മാണമില്ല; ബാറിനെ സഹായിക്കാനെന്ന് ആരോപണം

സമദ് പുന്നല

കഴിഞ്ഞ മാസം 29 നാണ് പത്തനാപുരം കുന്നിക്കോട് ഗവ. എല്‍പി സ്‌കൂളിന്റെ മതിലും ശതാബ്ദി സ്മാരകഗേറ്റും രാത്രിയുടെ മറവില്‍ പൊളിച്ചു നീക്കിയത്. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റി സ്‌ക്കൂളിലേക്ക് പാര്‍ക്കും പൂന്തോട്ടവും നിര്‍മ്മിക്കാന്‍ എന്ന പേരിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

സ്‌കൂള്‍  കവാടത്തില്‍  നിന്നും 180 മീറ്റര്‍ മാത്രം അകലെയുള്ള  ബാറിനെ സഹായിക്കാന്‍ പഞ്ചായത്തിന്റെ ഒത്താശയോടെയാണ് മതില്‍ പൊളിച്ചു നീക്കിയെന്നാരോപിച്ചു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും  ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ 3 ദിവസത്തിനുള്ളില്‍ ഗേറ്റ് പുനര്‍നിര്‍മ്മിക്കുമെന്ന് വിളക്കുടി പഞ്ചായത്തു അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല.  ബാറിനെ സഹായിക്കാന്‍ 200 മീറ്റര്‍ അകലത്തില്‍ താത്കാലിക കവാടം നിര്‍മ്മിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് ആരോപണം. ഇതിന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും മൗന സമ്മതവും ഉണ്ടെന്നും ആരോപണമുണ്ട്.


ഓണം അവധി കാരണമാണ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തതെന്ന് കരാറുകാരന്‍ പറയുന്നത്. ഇതിനിടെ കമാനം ഉള്‍പ്പെടെയുള്ള കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരുന്ന പ്രവേശനകവാടം അലുമിനിയം ടിന്‍ ഷീറ്റ് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കാമെന്ന് കരാറുകാരന്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ അതിന് പിടിഎ തയ്യാറായില്ല.

bar

വര്‍ഷങ്ങളായി വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. അനധികൃതമായി ബാറിനെ സഹായിച്ചതിന്റെ പേരില്‍ ആരോപണ വിധേയരായ 2 പ്രസിഡന്റുമാര്‍ രാജിവെച്ച ചരിത്രവും വിളക്കുടി പഞ്ചായത്തിനുണ്ട്. പുതിയ വിവാദവും ബാറിന്റെ പേരിലാകുമ്പോള്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടിയും ഭരണസമിതിയും.

വിദ്യാലയത്തിന്റെ പ്രവേശനകവാടം അടച്ചുകൊണ്ട് മതില്‍ കെട്ടിയ സംഭവത്തില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. അടിയന്തിരമായി ചേര്‍ന്ന പാര്‍ട്ടി കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. പഞ്ചായത്ത് കമ്മിറ്റിയിലെ കത്തുകളും അപേക്ഷകളും സെക്ഷനിലാണ് സെക്രട്ടറി പാര്‍ക്കിനായുള്ള അപേക്ഷ കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ ചര്‍ച്ചകളോ അന്വേഷണങ്ങളോ നടത്താതെ, സ്‌കൂള്‍ പിടിഎയ്ക്ക് വിടാനായിരുന്നു തീരുമാനമെന്നും ആക്ഷേപമുണ്ട്.

ഇതിനിടയില്‍ പഞ്ചായത്തിന്റെ അനുവാദത്തോട് കൂടി നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവണീശ്വരം സ്വദേശിയായ കരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും, കുട്ടികള്‍ക്ക് സുരക്ഷിതമായി കളിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നും പ്രവേശനകവാടം തടസ്സപ്പെടുത്തിയത് തങ്ങളുടെ അറിവോടെ അല്ലയെന്നും സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്. വിളക്കുടി പഞ്ചായത്ത് അംഗം സജീദുമായി ആലോചിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റ് കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നതായും. ഇതനുസരിച്ച് പഞ്ചായത്തിന്റെ എഞ്ചിനീയര്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുകയും ഇവരുടെ നിര്‍ദേശപ്രകാരമാണ് പ്രവേശനകവാടം അടച്ചു കൊണ്ട് മതില്‍ പണിഞ്ഞതെന്ന് കരാറുകാരന് പറയുന്നുണ്ട്. നിര്‍മ്മാണം ആരംഭിക്കുന്നത് അധികൃതരെ അറിയിച്ചിരുന്നതാണെന്നും പറയുന്നു.

ശബരീ ബൈപാസിലെ വാഹനതിരക്ക് കാരണമാണ് നിര്‍മ്മാണം ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും ആയി ചെയ്‌തെന്നും കരാറുകാരന്‍ പറയുന്നു. തുടര്‍ന്ന് ഇടത് യുവജനസംഘടനകള്‍ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ സിപിഐ(എം) തയ്യാറായതെന്നും കമ്മിറ്റിയില്‍ ആരോപണം ഉണ്ട്.

Story by
Read More >>