സൈക്കിൾ ചവിട്ടി സയോണ ഈസിയായി സ്വർണമണിയും; പക്ഷേ സർക്കാർ സഹായിച്ച് സൈക്കിൾ സ്വന്തമാക്കാൻ വേണ്ടിവന്നത് ആറുകൊല്ലം!

2010ലെ കോമൺവെൽത്ത് ഗെയിംസിൽ സയോണ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ പ്രായം പതിനെട്ടു വയസ്. 9 സ്വര്‍ണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 5 വര്‍ഷംകൊണ്ട്‌ 19 ദേശീയ മെഡലുകൾ സ്വന്തമാക്കിയാണ് സയോണ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ടീമിൽ ഇടംനേടിയത്. കടംവാങ്ങിയ സൈക്കിൾ ചവിട്ടിയായിരുന്നു തൊടുപുഴയിലെ നിർദ്ധനമായ ഒരു പട്ടികജാതി കുടുംബത്തിൽ പിറന്ന സയോണ ഇതൊക്കെ സ്വന്തമാക്കിയത്. അക്കാലത്തെ ഏറ്റവും ഉജ്വലമായ കായികവാർത്തകളിലൊന്നായിരുന്നു ഈ നേട്ടം.

സൈക്കിൾ ചവിട്ടി സയോണ ഈസിയായി സ്വർണമണിയും; പക്ഷേ സർക്കാർ സഹായിച്ച് സൈക്കിൾ സ്വന്തമാക്കാൻ  വേണ്ടിവന്നത് ആറുകൊല്ലം!

എൽഡിഎഫ് സർക്കാർ നൂറു ദിവസം തികച്ച സെപ്തംബർ ഒന്നിന് പട്ടികജാതി പട്ടികവർഗ വകുപ്പു പുറത്തിറക്കിയ 1223/2016 നമ്പർ ഉത്തരവ് ഒരേസമയം ഒരു ജീവിതസ്വപ്നത്തിന്റെ സാക്ഷാത്‌കാരവും സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വിളംബരവുമാണ്.  ദേശീയതലത്തിൽ 9 സ്വർണമെഡലുൾപ്പെടെ 19 മെഡലുകൾ നേടിയ സൈക്ലിംഗ് താരം കുമാരി സയോണയുടെ 'സ്വന്തമായി ഒരു സൈക്കിൾ' എന്ന സ്വപ്നത്തിന്റെ സാക്ഷാത്‌കാരമാണ് ഈ ഉത്തരവ്.  എന്നാൽ 2010 നവംബർ 11ന് സയോണ സമർപ്പിച്ച അപേക്ഷയുടെ മേൽ തീരുമാനമുണ്ടാകാൻ ആറു വർഷം വേണ്ടിവന്നു എന്നറിയുമ്പോൾ ഈ ഉത്തരവ് സർക്കാർ കെടുകാര്യസ്ഥയുടെ വിളംബരം കൂടിയാകുന്നു.


[caption id="attachment_40557" align="aligncenter" width="640"]IMG-20160901-WA0015 കുമാരി സയോണയ്ക്ക് സൈക്കിൾ വാങ്ങി നൽകുന്നതിനായി പട്ടികജാതി - പട്ടികവർഗ്ഗ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്[/caption]

2010 നവംബർ 11ന് സയോണയുടെ അപേക്ഷ കൈപ്പറ്റിയത് അന്ന് വകുപ്പു മന്ത്രിയായിരുന്ന എ കെ ബാലൻ. സയോണയ്ക്ക് 545470 രൂപയുടെ സഹായം കേരള സർക്കാർ അനുവദിച്ച് ഉത്തരവിറങ്ങുമ്പോഴും മന്ത്രിക്കസേരയിൽ എ കെ ബാലൻ. ഇതിനിടയിൽ അതിവേഗം ബഹുദൂരം ഓടിമറഞ്ഞത് ആറു സംവത്സരങ്ങൾ.

2010ലെ കോമൺവെൽത്ത് ഗെയിംസിൽ സയോണ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ പ്രായം പതിനെട്ടു വയസ്. 9 സ്വര്‍ണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 5 വര്‍ഷംകൊണ്ട്‌  19 ദേശീയ മെഡലുകൾ സ്വന്തമാക്കിയാണ് സയോണ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ടീമിൽ ഇടംനേടിയത്.  കടംവാങ്ങിയ സൈക്കിൾ ചവിട്ടിയായിരുന്നു തൊടുപുഴയിലെ നിർദ്ധനമായ ഒരു പട്ടികജാതി കുടുംബത്തിൽ പിറന്ന സയോണ ഇതൊക്കെ സ്വന്തമാക്കിയത്. അക്കാലത്തെ ഏറ്റവും ഉജ്വലമായ കായികവാർത്തകളിലൊന്നായിരുന്നു ഈ നേട്ടം.

[caption id="attachment_40581" align="alignleft" width="76"]sayona സയോണ[/caption]

മത്സരങ്ങളിലേയ്ക്കു വേണ്ട  സൈക്കിള്‍ വാങ്ങാന്‍ ആകെയുണ്ടായിരുന്ന പതിനൊന്നു സെന്റു സ്ഥലവും തുച്ഛമായ വിലയ്ക്ക്  വിറ്റ് അമ്മയും മക്കളും അടച്ചുറപ്പില്ലാത്ത ഒരു കുഞ്ഞുവീടിലേയ്ക്ക് താമസം മാറ്റിയ കാലം.  11 സെന്റ്‌ സ്ഥലം വിറ്റ സയോണയുടെ മാതാവ് ഓമനയ്ക്കു  കിട്ടിയത്‌ 55,000 രൂപ. ഗുണനിലവാരമുളള സെക്കിൾ വാങ്ങാൻ ആ പണം തികയുമായിരുന്നില്ല. അവർ പണം മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഈ വാർത്തകൾ അന്ന് മന്ത്രി എ കെ ബാലന്റെ കാതിലെത്തി. അങ്ങനെയാണ് സ്വന്തമായി ഒരു സൈക്കിളിനുവേണ്ടിയുള്ള സർക്കാർ സഹായം തേടി സയോണയുടെ അപേക്ഷ തിരുവനന്തപുരത്തെ ഭരണഫയൽക്കൂനയിലെത്തിയത്.

ഇടയ്ക്കു പറയട്ടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസ് കണ്ണീരു പൊടിയുന്ന ഓർമ്മയാണ് സയോണയ്ക്ക് . സൈക്ലിംഗ് മത്സരത്തിലെ 40 കിലോ മീറ്റര്‍ ക്രൈറ്റീരിയം വിഭാഗത്തില്‍ സ്വർണമണിഞ്ഞ കേരളാ താരം എം. ലിഡിയമോള്‍ സണ്ണിയുടെ തൊട്ടുപിന്നിൽ കുമാരി സയോണയും ഉണ്ടായിരുന്നു. അഞ്ച് കിലോ മീറ്റര്‍ വീതമുള്ള എട്ട് ലാപ്പുകളിലും സയോണയായിരുന്നു മൂന്നാംസ്ഥാനത്ത്.  അവസാനലാപ്പിൽ സയോണയുടെ സൈക്കിളിന്റെ ടയർ പഞ്ചറായി. എന്നിട്ടും അവൾ നാലാം സ്ഥാനത്തു ഫിനിഷു ചെയ്തു.

നമുക്കു സയോണയുടെ അപേക്ഷയിലേക്കു മടങ്ങാം. മന്ത്രിയ്ക്കു ലഭിച്ച അപേക്ഷ അതേ മാസം തന്നെ പട്ടികജാതി പട്ടികവർഗ വകുപ്പു ഡയറക്ടറുടെ റിപ്പോർട്ടിന് അയച്ചു. പിന്നീട് ആ ഫയൽ സമർപ്പിക്കപ്പെട്ടത് 2012 ആഗസ്റ്റ് 27ന്. ഡയറക്ടറുടെ റിപ്പോർട്ടു സഹിതം. ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടാൻ സെക്രട്ടറി ഫയലിൽ കുറിച്ചത് 2012  സെപ്തംബർ 7ന്. ഫയൽ ധനകാര്യവകുപ്പിലെത്തിയത് സെപ്തംബർ 20ന്.

മാർക്കറ്റിലെ പുതിയ ബ്രാൻഡുകളെക്കുറിച്ച്  സയോണയുടെ കത്ത് സെപ്തംബർ 24ന്. ബ്രാൻഡിന്റെ പേര്, വില, ഗ്യാരണ്ടി വ്യവസ്ഥകളെക്കുറിച്ച് ധനകാര്യവകുപ്പിനു സംശയമായി. ഫയൽ തിരിച്ച് എസ് സി എസ് ടി വകുപ്പിലേയ്ക്ക്. ധനകാര്യ വകുപ്പ് ആവശ്യപ്പെട്ട വിവരങ്ങളടങ്ങിയ റിപ്പോർട്ടു സമർപ്പിക്കാൻ പട്ടികജാതി വകുപ്പു ഡയറക്ടർക്കു 2012 നവംബർ 12ന്  നിർദ്ദേശം.

Look - 566 ടീം റെപ്ലിക്ക മോഡൽ സൈക്കിളിന്റെ വിശദാംശങ്ങൾ തേടിപ്പിടിച്ച് റിപ്പോർട്ടു തയ്യാറാക്കിയപ്പോൾ പിന്നെയും രണ്ടുവർഷം കടന്നുപോയി. 2014 ഫെബ്രുവരി 4ന് റിപ്പോർട്ടു സമർപ്പിച്ചു. അപ്പോൾ വകുപ്പു സെക്രട്ടറിയ്ക്കു പിന്നെയും സംശയമായി. 566 ടീം റെപ്ലിക്ക സൈക്കിളും ഇടുക്കിയിലെ പ്രാദേശിക വിപണിയിലുളള 1.25 ലക്ഷം രൂപയുടെ സൈക്കിളും ഒന്നു തന്നെയാണോ എന്നന്വേഷിച്ച് റിപ്പോർട്ടു വേണമെന്നായി. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ പിന്നെയും ഒരു വർഷം.

ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ഫയലങ്ങനെ കറങ്ങിത്തിരിച്ചു ചലിക്കുന്നതിനിടെ സംസ്ഥാനത്ത് ഭരണം മാറി. വകുപ്പു വീണ്ടും എ കെ ബാലൻറെ കൈയിൽ. 2010ൽ തനിക്കു ലഭിച്ച നിവേദനത്തിൽ അന്തിമതീരുമാനമെടുക്കാനുളള നിയോഗം അങ്ങനെ അദ്ദേഹത്തിനു തന്നെ കൈവന്നു. ദേശീയ സൈക്ലിംഗ് താരത്തിന്  5,45,470 രൂപയുടെ സർക്കാർ സഹായം. സഹതാരമായ സുഹൃത്തിന്റെ സൈക്കിളിൽ നടത്തി വരുന്ന പരിശീലനത്തിന് വിരാമം.

നിർദ്ധന കുടുംബത്തിൽ ജനിച്ച സയോണ അഞ്ചുവർഷം കൊണ്ട് പത്തൊമ്പതു മെഡലുകളാണ് നേടിയത്. ഒമ്പതു സ്വർണമുൾപ്പെടെ. ആ കുട്ടിയ്ക്കൊരു സഹായം നൽകാനുള്ള തീരുമാനത്തിലെത്തിച്ചേരാൻ കേരള സർക്കാരിന് വേണ്ടിവന്നത് ആറു വർഷം. മെഡലുകൾ ലക്ഷ്യമിട്ട് സയോണയെപ്പോലുളളവർ ട്രാക്കിൽ പായുമ്പോൾ സെക്കൻഡും മിനിട്ടും വെച്ച്  സമയം അവർക്കു മുന്നിൽ അടിയറ പറയും. മറുശത്ത് സമയദൈർഘ്യത്തിൽ ലോകറെക്കോഡു സ്ഥാപിച്ചാണ് നമ്മുടെ ഭരണസംവിധാനം  കെടുകാര്യസ്ഥതയ്ക്കുള്ള സ്വർണമെഡലുകൾ വാരിക്കൂട്ടുന്നത്. ഓരോ ഫയലും എത്ര വർഷം വൈകിപ്പിക്കാം എന്ന കാര്യത്തിലാണ് സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകൾ  പരസ്പരം മത്സരിക്കുന്നത്.

ഈ ശൈലിയ്ക്ക് വിരാമമിടാൻ സയോണയുടെ അപേക്ഷ കാരണമാകുമെങ്കിൽ അതായിരിക്കും എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടം.