സൗദിയെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധികാലം; പ്രവാസികള്‍ക്ക് ആശങ്കയൊഴിയാത്ത കാലം

അമേരിക്ക ഷെയില്‍ ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പുമായെത്തിയെങ്കിലും സൗദി കാര്യമാക്കിയില്ല. 'എതിരാളികള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതാണ് കാണാന്‍ കഴിയുക, ഞങ്ങള്‍ക്കിതെല്ലാം തരണം ചെയ്യാനാകും' , എന്നായിരുന്നു സൗദി പെട്രോളിയം മന്ത്രി അലി അല്‍ നയ്മിയുടെ പ്രതികരണം. ആ വാക്കുകള്‍ തിരിച്ചടിച്ച അവസ്ഥയിലാണിന്ന് സൗദി. 'സാമ്പത്തിക പ്രതിസന്ധി കൊടുമ്പിരി കൊണ്ടിക്കുകയാണിവിടെ, എണ്ണവരുമാനമില്ലാതെ എങ്ങനെ കടം തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഞങ്ങള്‍', പുതിയ പെട്രോളിയം മന്ത്രി ഖാലിഫ് അല്‍ ഫാലിഫ് കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. അത്രമേല്‍ രൂക്ഷമാകുകയാണ് സൗദിയുടെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

സൗദിയെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധികാലം; പ്രവാസികള്‍ക്ക് ആശങ്കയൊഴിയാത്ത കാലം

ആലോചിച്ചാല്‍ കര്‍ഷക ആത്മഹത്യ പെരുകിയ നാളുകളെക്കാള്‍ രൂക്ഷമായാകും ഗള്‍ഫ് പ്രതിസന്ധിയുടെ ബാക്കിപത്രം കേരളത്തിലിടപെടുക. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടന്നുപോകുന്നത്. എന്നാല്‍ ഇടിയുന്നത് അവിടത്തെ സാമ്പത്തിക വ്യവസ്ഥ മാത്രമല്ല, മലയാളിയുടെ മനസ്സമാധാനം കൂടിയാണ്. സൗദിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വലിയ അളവില്‍ വെട്ടിക്കുറച്ച വാര്‍ത്ത പ്രവാസികളിലുണ്ടാക്കിയ ആശങ്ക ചെറുതല്ല. മന്ത്രിമാരുടേയും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടേയും വേതനം 20 ശതമാനമാണ് വെട്ടിക്കുറച്ചത്. 2014 ല്‍ ആരംഭിച്ച എണ്ണ വിലത്തകര്‍ച്ച സൗദിയെ അപകടകരമായ സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമ്പന്നതയുടെ നല്ല നാളുകളിലേക്ക് മടങ്ങി പോകാന്‍ സൗദിക്ക് ഏറെ എളുപ്പവുമായിരിക്കില്ല.


അത്ര എളുപ്പമല്ല സൗദിക്ക്


2014 വരെ എണ്ണ വിപണിയില്‍ ഒപ്പെക്ക് രാജ്യങ്ങളിലെ അതികായരായിരുന്നു സൗദി അറേബ്യ. അമേരിക്ക ഷെയില്‍ ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പുമായെത്തിയെങ്കിലും സൗദി കാര്യമാക്കിയില്ല. 'എതിരാളികള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതാണ് കാണാന്‍ കഴിയുക, ഞങ്ങള്‍ക്കിതെല്ലാം തരണം ചെയ്യാനാകും' , എന്നായിരുന്നു സൗദി പെട്രോളിയം മന്ത്രി അലി അല്‍ നയ്മിയുടെ പ്രതികരണം. ആ വാക്കുകള്‍ തിരിച്ചടിച്ച അവസ്ഥയിലാണിന്ന് സൗദി. 'സാമ്പത്തിക പ്രതിസന്ധി കൊടുമ്പിരി കൊണ്ടിക്കുകയാണിവിടെ, എണ്ണവരുമാനമില്ലാതെ എങ്ങനെ കടം തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഞങ്ങള്‍', പുതിയ പെട്രോളിയം മന്ത്രി ഖാലിഫ് അല്‍ ഫാലിഫ് കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. അത്രമേല്‍ രൂക്ഷമാകുകയാണ് സൗദിയുടെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗദിയില്‍ എണ്ണ വിലയിടിവ് ഉണ്ടാക്കിയ പ്രതിസന്ധി അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ല. സൗദി ബജറ്റില്‍ 80 ശതമാനവും പെട്രോളിയത്തെ ആശ്രയിച്ചാണ്. മൂന്ന് വര്‍ഷം മുമ്പ് കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും 2014 ല്‍ പ്രതിസന്ധി തുടങ്ങിയതോടെ ഈ മേഖലയിലെ പദ്ധതികള്‍ ഏതാണ്ട് മരവിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാമ്പത്തികഭദ്രത ഇപ്പോള്‍ സൗദിക്കില്ല. നിലവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ കരാറനുസരിച്ചാണ്.

indian-worker

അറബ് വസന്തകാലത്ത് തെരുവിലിറങ്ങിയ യുവാക്കളെ ആകര്‍ഷിക്കാന്‍ അലവന്‍സും, ശമ്പളവും സബ്‌സിഡിയുമടക്കം വന്‍ തുകയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിതാഖത്ത് പോലും ഇവര്‍ക്ക് തൊഴില്‍ നല്‍കാനാണ് നടപ്പാക്കിയതെന്നും ഇപ്പോൾ ഇതെല്ലാം തിരിച്ചെടുക്കേണ്ട സ്ഥിതിയിലേക്ക് സൗദി എത്തിയെന്നും ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് പോയിറ്റിയേഴ്‌സിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷനില്‍ അസോസിയേറ്റ് ഫെലോ ആയ ജിനു സഖറിയ പറയുന്നു.

പൊന്നു കണ്ടാല്‍ പോരാ, കണ്ണീര്‍ കുടിക്കുന്നവരുണ്ട്

അറബിപ്പൊന്ന് തേടി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ പ്രവാസം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ചെറുതൊന്നുമല്ല പോഷിപ്പിച്ചത്. 26 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ തൊഴിലെടുക്കുന്നത്. സൗദിയില്‍ മാത്രം പ്രവാസികളുടെ എണ്ണം 10 ലക്ഷം വരും. കഴിഞ്ഞ വര്‍ഷം 86843 കോടി രൂപ ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലെത്തിയെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ഒന്നേകാല്‍ ലക്ഷം കോടി രൂപയ്ക്ക്‌മേല്‍ വരും. പ്രവാസി നിക്ഷേപത്തില്‍ 25 ശതമാനവും സൗദിയില്‍ നിന്നാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വദേശിവത്ക്കരണത്തിന്റെ പാതയിലായി സൗദിയടക്കമുള്ള രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയവര്‍ ഒന്നരലക്ഷത്തോളം വരും. തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ പട്ടിണി കിടക്കുന്നവര്‍ അതിലേറെ. പത്തു മാസത്തിലേറെ ശമ്പളക്കുടിശികയുള്ളവരും ഇതിലുണ്ട്. ഇത് ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ വിസമ്മതിക്കുകയാണ്.

labour

വിദഗ്ധ തൊഴില്‍ മേഖലകളില്‍ മാത്രമേ സ്വദേശിവത്ക്കരണം ബാധിക്കുകയുള്ളൂവെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പെയിന്റിങ്ങ്, പ്ലംബിംഗ്, ചെറുകിട കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്നതാണ് കണ്ടത്. നാട്ടില്‍ നിന്ന് ലോണ്‍ തരപ്പെടുത്തി വിദേശത്ത് പോയ നിരവധി ആളുകളും ഇക്കൂട്ടത്തിലുണ്ട്. നിർമ്മാണ മേഖല പ്രതിസന്ധിയിലായതോടെ യാണ് വലിയൊരു വിഭാഗം ദുരിതത്തിലായത്. നിര്‍മ്മാണരംഗത്തെ നിലവിലെ ജോലികള്‍ അവസാനിക്കുന്നതോടെ കൂടുതല്‍പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദേശമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ടാക്‌സി, ടൂറിസം, പച്ചക്കറി മാര്‍ക്കറ്റുകള്‍ അങ്ങനെ ജോലി ചെയ്യാന്‍ മടിച്ചിരുന്ന പല മേഖലകളിലേക്കും സൗദി പൗരന്മാര്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിട്ടുണ്ട്. മലയാളി യുവാക്കള്‍ ഏറെ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പുകളിലും സ്വദേശിവത്ക്കരണം എത്തിയിട്ടുണ്ട്. എല്ലാ മേഖലകളേയും പ്രതിസന്ധി ബാധിക്കുമ്പോല്‍ തകരുന്നത് ട്രാവല്‍ ഏജന്‍സികള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ വലിയ നെറ്റ് വര്‍ക്കാണ്.

കണക്കുപോലുമില്ലാതെ സര്‍ക്കാര്‍


സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണ്ണമാക്കാനുള്ള നടപടികളിലേക്കാകും സൗദി അടക്കമുള്ള രാജ്യങ്ങള്‍ നീങ്ങുക. നിതാഖത്ത് പ്രഖ്യാപിച്ച സമയത്ത് തുടങ്ങേണ്ടിയിരുന്ന പരിഹാരപ്രക്രിയകള്‍ ഇനിയെങ്കിലും ആരംഭിച്ചില്ലെങ്കില്‍ തിരിച്ചുവരുന്നവരുടെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലേക്ക് പോകും. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ പുനരധിവാസം സംബന്ധിച്ച് കൃത്യമായ പദ്ധതിയുണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കേണ്ടതാണ്.

[caption id="attachment_45927" align="aligncenter" width="573"]keralites ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍[/caption]

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പ്രവാസികളുടെ കണക്കു പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കയ്യിലില്ല. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രവാസികാര്യമന്ത്രാലയം നിര്‍ത്തലാക്കിയത് പ്രവാസികളോടുള്ള അവഗണനയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. ചെറുരാജ്യങ്ങളായ ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ പ്രത്യേക മന്ത്രാലയവും രൂപീകരിച്ചു കഴിഞ്ഞു. തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് ഈ രാജ്യങ്ങള്‍ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂല്യം ചോരുന്ന എണ്ണവിപണി

അമേരിക്ക ഷെയ്ല്‍ ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതാണ് ആഗോളതലത്തില്‍ എണ്ണവിലയിടിവുണ്ടാകാനുള്ള അടിസ്ഥാന കാരണം. പ്രതിദിനം ഒന്നരക്കോടി ബാരലിന് മുകളിലാണ് അമേരിക്കയുടെ ഷെയില്‍ ഓയില്‍ ഉത്പാദനം. 9.4 കോടി ബാരല്‍ എണ്ണയാണ് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യമായിട്ടുള്ളത്. റഷ്യയും എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇറാനുമേലുള്ള ഉപരോധം അമേരിക്ക നീക്കിയതോടെ എണ്ണവിപണിയില്‍ അവര്‍ സജീവമായ ഇടപെടല്‍ തുടങ്ങിയിരുന്നു. ഉപരോധത്തിന്റെ കാലത്ത് മടിച്ചു നിന്ന യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുമെല്ലാം ഇറാനെ ആശ്രയിക്കാന്‍ തുടങ്ങി. ഇറാനില്‍ നിന്നും വന്‍ തോതില്‍ പെട്രോളിയം ഗ്യാസ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ആഭ്യന്തരസംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയ, ഇറാഖ്, ലിബിയ രാജ്യങ്ങളിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് തീവ്രവാദഗ്രൂപ്പുകള്‍ പിടിച്ചെടുത്തിരുന്നു. കുറഞ്ഞ വിലക്കാണ് ഇവര്‍ അത് വില്‍ക്കുന്നത്.

oil

ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോള, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പ്രതിദിനം പത്ത് ലക്ഷം ബാരലിനുമേല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളാണ്. മധേഷ്യയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആഫ്രിക്കന്‍ പെട്രോളിയം ഉത്പാദക അസോസിയേ,നുമായി ധാരണയിലെത്താനുള്ള സാധ്യതയും വിദൂരമല്ല. ആഫ്രിക്കന്‍ പ്രെട്രോളിയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍രെ നേതൃത്വത്തില്‍ നവംബര്‍ പകുതിയോടെ ആഫ്രിക്കന്‍ രാജ്യങ്ങലിലെ പെട്രോളിയം മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. എണ്ണ ഉത്പാദനവും കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടായേക്കും
ഈ വര്‍ഷം തുടക്കത്തില്‍ എണ്ണവില 30 ഡോളറിനും താഴെയെത്തിയിരുന്നു. നിലവില്‍ ബാരലിന് 46 ഡോളറായെങ്കിലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50 ഡോളറില്‍ കൂടാന്‍ സാധ്യതയില്ല. ബാരലിന് ചുരുങ്ങിയത് 67 ഡോളറെങ്കിലും ലഭിച്ചാല്‍ മാത്രമേ സൗദിക്ക് ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. ഡിമാന്‍ഡ് കൂട്ടാന്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തയ്യാറാണെന്ന് സൗദി ഒപ്പെക്കിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് ഇറാനും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ക്കുള്ളത്. മാത്രമല്ല നിലവിലെ 36 ലക്ഷം ബാരലില്‍ നിന്ന് 40 ലക്ഷം ബാരലാക്കി ഉത്പാദനം ഉയര്‍ത്താനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇറാഖ്-കുവൈറ്റ് യുദ്ധത്തിന്റെ അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും മേല്‍പ്പറഞ്ഞതാണെന്ന് വീണ്ടും ഓര്‍ക്കേണ്ടതാണ്.