വരുന്നൂ... പെൺനടൻ

പുരുഷനും സ്ത്രീയും മല്‍സരിച്ചഭിനയിക്കുന്ന ഇന്നത്തെ കാലത്ത് ഒരു കാലഘട്ടത്തിന്റെ ഓര്‍പ്പെടുത്തലുകളും ഇന്നിന്റെ പുനരാഖ്യാനവുമായി 'പെണ്‍നടന്‍' അരങ്ങിലെത്തുന്നു. പ്രശസ്ത സിനിമാ-നാടക നടന്‍ സന്തോഷ് കീഴാറ്റൂരാണ് പെണ്‍നടനായി അരങ്ങിലെത്തുന്നത്.

വരുന്നൂ... പെൺനടൻ

സനക് മോഹൻ എം

രാത്രിയും പകലും പോരാട്ടത്തിന്റെ ആഹ്വാനവും നവോത്ഥാനത്തിന്റെ അലയൊലികളും. എങ്ങും കലാപരിപാടികളും കവിതകളും നാടകങ്ങളും. ക്ഷേത്രങ്ങളിലും കഥകളി സ്ഥലത്തും സ്വാതന്ത്ര്യ ജീവിതത്തിന്റെ ചർച്ചകൾ. രാത്രി ഏറെ വൈകി. പോലീസ് തടഞ്ഞു നിർത്തിയ കാറിന്റെ പിൻസീറ്റിൽ നല്ല ഉയരമുള്ള സുന്ദരനായ ഒരാളും സുന്ദരിയായ സ്ത്രീയും. സംശയത്തോടെ തന്നെ ഇൻസ്പെക്ടർ അവരെ പോകാൻ അനുവദിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇൻസ്പെക്ടർ ആയാളെ വീണ്ടും കണ്ടു. കാറിൽ സ്ത്രീ ഉണ്ടായിരുന്നില്ല. ''കഴിഞ്ഞ ദിവസം സുന്ദരിയായ ഒരു സ്ത്രീ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു, എന്നിട്ടും ഞാൻ വെറുതെ വിട്ടതു നിങ്ങളായതു കൊണ്ടാണ്. ഇപ്പോൾ താങ്കൾ കാറിൽ ഒറ്റയ്ക്കിരിക്കുന്നു'' ഒരു പുഞ്ചിരിയോടെയാണ് ആ മനുഷ്യനോട് ഇൻസ്പെക്ടർ ഇത് പറഞ്ഞത്. പക്ഷെ, ഇതു പറഞ്ഞു തീർന്നതും അയാൾ വലിയ ഉച്ചത്തിൽ ചിരിച്ചു. ആ പോലീസ് ഉദ്യോഗസ്ഥർ അന്തംവിട്ടു.


ആ ചിരിച്ചത് വെറും ഒരു മനുഷ്യനായിരുന്നില്ല. മലയാളികളുടെ ആരാധക നടൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു. അന്നു കൂടെ ഉണ്ടായതു സുന്ദരിയായ സ്ത്രീ ആയിരുന്നില്ല. അസാധാരണമാംവിധം സ്ത്രീകഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിക്കുന്ന ഓച്ചിറ വേലുക്കുട്ടിയായിരുന്നു. കുമാരനാശാന്റെ കരുണ നാടകം അവതരിപ്പിച്ചു വരുന്ന വഴിയായിരുന്നു. ഭാഗവതരും ഓച്ചിറയും ഏഴു വർഷം ഏഴായിരം വേദികളിൽ കരുണയിലെ ഉപഗുപ്തനും വാസവദത്തയ്ക്കും ജീവൻ നൽകി. അത്ഭുതമായ അഭിനയ മികവു നാടെങ്ങും പ്രകീർത്തിക്കപ്പെട്ടു. ഓച്ചിറയെന്ന പെൺനടൻ അരങ്ങിൽ മാത്രം തിളങ്ങി. അണിയറിൽ ആരും തിരിച്ചറിഞ്ഞില്ല.

പുരുഷനും സ്ത്രീയും മൽസരിച്ചഭിനയിക്കുന്ന ഇന്നത്തെ കാലത്ത് ഒരു കാലഘട്ടത്തിന്റെ ഓർപ്പെടുത്തലുകളും ഇന്നിന്റെ പുനരാഖ്യാനവുമായി 'പെൺനടൻ' അരങ്ങിലെത്തുന്നു. പ്രശസ്ത സിനിമാ-നാടക നടൻ സന്തോഷ് കീഴാറ്റൂരാണ് പെൺനടനായി അരങ്ങിലെത്തുന്നത്. കായംകുളം കൊച്ചുണ്ണിയിൽ നിന്നും വിക്രമാദിത്യൻ സിനിമയിലെ കുഞ്ഞുണ്ണിയെന്ന കള്ളനിലേക്കും പിന്നീട് മലയാള സിനിമയിലെ ഒഴിച്ചു കൂടാനാവാത്ത താരമായും വളരുമ്പോൾ അഭിനയ ജീവിതം സമ്മാനിച്ച നാടകത്തെ ഉപേക്ഷിക്കാൻ സന്തോഷ് തയ്യാറല്ല. ഏകാംഗ നാടകത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും എല്ലാം സന്തോഷ് തന്നെ. നാടകത്തിൽ നിന്നും സിനിമയിലെത്തിയ അനേകം കലാകാരൻമാർ നമുക്കിടയിലുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും ഓർമകൾ ചികഞ്ഞെടുക്കുന്ന വേദികളിൽ നാടകത്തെ കുറിച്ച് വാചാലരാകും.

ചിലപ്പോൾ ഇന്നത്തെ നാടകത്തിന്റെ പരിതാപകരമായ അവസ്ഥയെ ചൂണ്ടിക്കാണിച്ച് പ്രതാപകാലത്തെ ഓർമ്മിപ്പിക്കും. എന്നാൽ ഇതിനെല്ലാം അപ്പുറം സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ നാടകരംഗത്തേക്കും അതേ സജീവതയിൽ നിൽക്കുകയാണ് സന്തോഷ് കീഴാറ്റൂർ. നാട്യങ്ങളില്ലാത്ത ഈ കലാകാരൻ മലയാളി ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് പെൺനടനിലൂടെ നമുക്ക് കാണിച്ച് തരുന്നത്.

'ലീല'
ആദർശധീരമായ സ്നേഹത്തിന്റെ അചഞ്ചല ഭാവമാണ് ആശാന്റെ ലീല...
ആത്മഹത്യർയിലവസാനിക്കുന്ന പ്രണയം,
ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത പ്രണയ ജീവിതവും..
ആത്മസുഖസാധമാണ് പ്രണയമെന്ന് ലീല നമ്മോട് അവകാശപ്പെടുന്നു..
ആശാന്റെ ലീല..
ഞാൻ അഭിനയിച്ച കഥാപാ ത്രങ്ങൾ...
ആശാന്റെ സ്ത്രീകഥാപാത്രങ്ങൾ...
എത്രയെത്ര വേദികൾ...
എത്രയെത്ര രാവുകൾ...
അരങ്ങിൽ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകൾ''

ഫെയ്സ്ബുക്കിലെ സുഹൃത്തു ഷെയർ ചെയ്ത വീഡിയോ കണ്ടപ്പോഴാണ് ഈ വാചകങ്ങൾ കേട്ടത്. പെൺനടന്റെ ട്രെയ്ലറായിരുന്നു. നാടകത്തിനും ട്രെയ്ലറോ..? ആകാംക്ഷയോടെ രണ്ടും മൂന്നും തവണ ആ വീഡിയോ കണ്ടു. മനസിനെ സ്പർശിക്കുന്ന വാചകങ്ങളായിരുന്നു ഇത്. പെൺനടന മാടിയത് സിനിമാതാരം സന്തോഷ് കീഴാറ്റൂരാണെന്നറിഞ്ഞപ്പോൾ അത്ഭുതം വിട്ടുമാറിയില്ല. വീഡിയോയിലെ നായിക ഒരു പുരുഷനോ? സന്തോഷേട്ടനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് പെൺനടനെ അറിഞ്ഞത്. രണ്ട് മഹാനടൻമാരെ അന്ന് അടുത്തറിഞ്ഞു. ഒന്ന് ഓച്ചിറ വേലുക്കുട്ടി ആശാനും, മറ്റൊന്നു സന്തോഷ് കീഴാറ്റൂരും. മലയാള നാടകത്തിന്റെ പ്രതാപ ഘട്ടം എന്നത് നവോത്ഥാനത്തിന്റെ മുന്നേറ്റമായിരുന്നു.തമിഴ് നാട്ടിൽ നിന്നും പുരാണ കഥകളുമായി വന്ന നാടകരംഗം മലയാളി മനസിൽ ചേക്കേറാൻ തുടങ്ങിയത് പച്ചയായ മനുഷ്യ ജീവിതങ്ങളെ അരങ്ങിലെത്തിക്കാൻ തുടങ്ങിയതോടെയാണ്. കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നാടകം വഹിച്ച പങ്ക് ചെറുതല്ല. ആ കാലഘട്ടത്തിൽ മലയാള നാടക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് പെൺനടൻ അരങ്ങി ലെത്തുന്നത്. കുമാരനാശാന്റെ കാവ്യം വരച്ചു വെച്ച കഥാപാത്രങ്ങളായിരുന്നു ഓച്ചിറയിലൂടെ അരങ്ങിലെത്തിയത്. ആ കാവ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കീഴാറ്റൂർ ഓച്ചിറയുടെ ജീവിതം അരങ്ങിലെത്തിക്കുന്നതും.

drama_1ഓച്ചിറ ഒരു പെൺനടനായിരുന്നു. 1930 കളിൽ നാടക കൊട്ടകകളിലെ പെൺശബ്ദം. കലാകാരികൾ നിറഞ്ഞാടുന്ന നാടക -സിനിമാരംഗം ചുറ്റും കാണുമ്പോൾ ഓച്ചിറയെപോലുള്ളവർ നമുക്ക് അത്ഭുതമായിരിക്കും. ഇങ്ങനെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന ഓർമ്മപ്പെടുത്തലാണ് സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ. ഓച്ചിറയെകുറിച്ച് സന്തോഷ് പലപ്പോഴായി കേട്ടിരുന്നു. കൊല്ലത്ത് ഒരു നാടകം അവതരിപ്പിക്കാൻ പോയപ്പോഴാണ് ഓച്ചിറ വേലുക്കുട്ടിയെകുറിച്ച് കുറെക്കൂടി അടുത്തറിയുന്നത്. അതിനു ശേഷം ജയറാം നായകനായ കമലിന്റെ നടൻ സിനിമയിലൂടെ ഓച്ചിറയെന്ന നടനെ അടുത്തറിഞ്ഞു. അന്നു മുതൽ സന്തോഷിനെ ഓച്ചിറ പിടികൂടി. അന്വേഷണങ്ങൾക്കൊടുവിൽ ഓച്ചിറയെ സമൂഹം അറിയേണ്ട കാലഘട്ടം ഇതാണെന്നു സന്തോഷിനു മനസിലായി. പെൺജീവിതം വലിയ ചർച്ചയാകുന്ന കാലത്ത് എന്തുകൊണ്ടും പെൺനടൻ പുതിയ ചർച്ചകൾക്ക് വഴിതുറക്കും.

''മലയാളത്തിലെ ഏറ്റവും മികച്ച ഏകാംഗ നാടമാണിത്. നാടകം മാത്രമല്ല, കുമാരനാശാന്റെ കവിതകളും ഏറ്റവും നന്നായി പഠിപ്പിക്കുന്നു. കേരളത്തിലെ ക്യാമ്പസുകൾ പെൺനടനെ അറിയണം, പഠിക്കണം'' പ്രശസ്തരായ സാംസ്‌കാരിക പ്രവർത്തകർ നാടകത്തെ കുറിച്ച് പറഞ്ഞതാണിത്. സന്തോഷിന്റെ ജൻമനാടായ തളിപ്പറമ്പിൽ സംഘടിപ്പിച്ച ഏകനാട്യ നാടകോൽസവത്തിൽ ശ്വാസമടക്കിപ്പിടിച്ചാണ് കാണികൾ പെൺനടൻ കണ്ടത്. എറണാകുളം ഫൈൻ ആർട്സ് ഹാളിലും കണ്ണൂർ ക്യൂബ് സംഘടിപ്പിച്ച പരിപാടിയിലും പെൺനടൻ കാണികളെ വിസ്മയിപ്പിച്ചു. രതിമൂർച്ചയുടെ രംഗം പോലും അങ്ങേയറ്റം വികാരപരമായും അതേസമയം അശ്ലീലതയിലേക്ക് വഴുതി വീഴാതെയും സന്തോഷ് നടനവൈഭവം കൊണ്ട് മികവുറ്റതാക്കി. ഏകപാത്ര നാടകം എന്നതിലുപരി ഒരു പൂർണ നാടകത്തിന്റെ അനുഭവമാണു പെൺനടൻ കാണികൾക്കു നൽകുന്നത്.

drama_santhosh_1കേരളത്തിൽ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും തുടച്ചു നീക്കാൻ ഇറങ്ങിപ്പുറപ്പെട്ട നവോത്ഥാനത്തിന്റെ പ്രചരണങ്ങൾക്ക് ശക്തി പകരുന്ന നാടകങ്ങളായിരുന്നു ഓച്ചിറയുടേത്. സ്ത്രീകൾ അന്ന് നാടക രംഗത്തേക്കു വരാൻ മടിച്ചു നിൽക്കുന്നത് കണ്ട് ഓച്ചിറ വേലുക്കുട്ടി സ്വയം സ്ത്രീയായി അരങ്ങിലെത്തുകയായിരുന്നു. ഒരു സത്രീ അരങ്ങിൽ അഭിനയിക്കുന്നതിനേക്കാൾ ഭംഗിയായി സ്ത്രീവേഷം ചെയ്ത് ഓച്ചിറ തിളങ്ങി. അന്നത്തെ നാടക കൊട്ടകകളിൽ ഇന്ന് കാണുന്ന മൈക്കോ, ലൈറ്റിംഗ് സംവിധാനങ്ങളോ ഇല്ല. ഏറ്റവും പിറകിലിരിക്കുന്ന ശ്രോതാവിനും മുൻപിലിരിക്കുന്ന ആളിനും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്നതും കേൾക്കാൻ കഴിയുന്നതുമായ ശബ്ദം നടൻമാർ ഉപയോഗിക്കണമായിരുന്നു. അത്ര തന്നെ ആസ്വാദനരീതിയിൽ പെൺശബ്ദം ഉപയോഗിക്കുകയെന്നാൽ ഓച്ചിറ വേലുക്കുട്ടിയെന്ന മഹാനടനെ നമുക്കു മസിലാക്കാൻ സാധിക്കും. ആയിരങ്ങളാണ് അന്നു നാടക കൊട്ടകകളിൽ ഉണ്ടാകുകയെന്നു കൂടി ഓർക്കണം.

ഇത്രയും മഹാനായ കലാകാരനെകുറിച്ച് ഇന്നത്തെ സമൂഹത്തിന് അറിയില്ല. ഇദ്ദേഹത്തിന്റെ ഓർമകൾക്കായി എന്താണ് ഇവിടെ ഉള്ളതെന്ന് ചോദിച്ചാൽ സാംസ്‌കാരിക കേരളം തലകുനിക്കും. സ്വന്തം ജീവിതം ദുരന്ത പൂർണമായി പര്യവസാനിക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ മാത്രം ഓർമയായി ഒതുങ്ങേണ്ടയാളല്ല ഓച്ചിറ വേലുക്കുട്ടി എന്ന മഹാപ്രതിഭ.

പെൺ സമൂഹം നേരിടുന്ന വെല്ലുവിളികളുടെ നേർചിത്രമാണ് പെൺനടൻ. സ്ത്രീകൾ പോലും മടിച്ചിരുന്ന അരങ്ങിനെ സ്ത്രീയായി കീഴ്പ്പെടുത്തിയ ഓച്ചിറയുടെ ജിവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 'ഇയാൾ ശരിക്കും പെണ്ണാണോ' എന്ന് വരെ സംശയങ്ങളുമായി മലയാളികളെത്തി. ഒളിഞ്ഞുനോട്ടത്തിനും കുത്തുവാക്കിനും ഇരയായി. വേദികളിലെ സ്ത്രൈണത ജീവിതത്തിലും എത്തിയതോടെ സ്വന്തം ഭാര്യയിൽ നിന്നുപോലും വേലുക്കുട്ടി വേദനകൾ നേരിടേണ്ടി വന്നു. അരങ്ങിൽ തിളങ്ങിയ അണിയറയിൽ ദുരിതം തിന്ന ഓച്ചിറയുടെ ജീവിതത്തിലൂടെ ഒരു നടന്റെ ജീവിതവും പെൺനടൻ ആവിഷ്‌ക്കരിക്കുന്നുണ്ട്. സംസ്‌കൃതവും കടുകട്ടിമലയാളവുമാണ് അന്നത്തെ നാടകങ്ങളുടെ ഭാഷ. ആശാന്റെ കവിതകളുടെ നാടകാവിഷ്‌ക്കാരം ഊഹിക്കാമല്ലോ. ആ കാവ്യങ്ങളും നാടകങ്ങളും വിലയിരുത്തി പഠിച്ചാണ് സന്തോഷ് കീഴാറ്റൂർ പുതിയ കാലത്തിന്റെ പെൺനടനായി അരങ്ങിലെത്തുന്നത്.

'ഇത് ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമോ കഥയോ ചരിത്രമോ അല്ല, മലയാളസമൂഹം അവഗണിച്ച ഒരു കലാകാരനെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് പെൺനടൻ നിർവഹിക്കുന്നത്. അതുപോലെ കലയിൽ ജീവിതം സമർപ്പിച്ച കലാകാരനെയും കാണിക്കുന്നു''. ഇത് പറയുമ്പോൾ സന്തോഷ് കീഴാറ്റൂർ എന്ന നടനെ നമുക്ക് വാക്കുകളിൽ കാണാം. മനസിൽ പതിഞ്ഞ കഥാപാത്രവുമായി അലഞ്ഞു നടന്ന് ഒടുവിൽ സിനിമയിൽ അഭിനയിച്ചു കിട്ടുന്ന കാശു മുടക്കി സ്വന്തമായി ഏകാംഗ നാടകം തയ്യാറാക്കി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ വെമ്പുന്ന യഥാർത്ഥ കലാകാരന്റെ വാക്കുകളായിരുന്നു അത്. മൈക്കിന്റെ മുന്നിൽ സംഭാഷണം വികാരപരമായി ഉരുവിടുന്ന നാടകങ്ങളിൽ നിന്ന് മാറി, നാടകം എങ്ങനെ ദൃശ്യഭാഷയാകുന്നു എന്നും അതിൽ നടന്റെ പ്രാധാന്യം എന്താണെന്നും അനുഭവിക്കുന്നതാണ് പെൺനടൻ.

drama_santhosh_2സുഹൃത്ബന്ധങ്ങൾ മാത്രം കൈമുതലാക്കി ഇറങ്ങിത്തിരിച്ചാണ് സന്തോഷ് ഈ നാടകം ചെയ്തത്. സിനിമാ സുഹൃത്തുക്കളും ടെക്നീഷ്യൻമാരും സഹായിച്ചു. കേരളത്തിൽ ആദ്യമായി ഒരു നാടകത്തിനു ട്രെയ്ലർ ഇറങ്ങുന്നത് ഒരു പക്ഷെ പെൺനടനായിരിക്കും. നാടകത്തിലെ അഭിനയ മുഹൂർത്തങ്ങൾ എഡിറ്റ് ചെയ്തു സുഹൃത്തുക്കൾ ഒരുക്കിയ ട്രെയ്ലർ ഇപ്പോൾ യൂട്യൂബിൽ ഹിറ്റാണ്. ബാംഗ്ളൂർ, ദുബായ്, ഡൽഹി, കോഴിക്കോട്, തലശ്ശേരി ബ്രണ്ണൻ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നാടകം അവതരിപ്പിക്കുന്നുണ്ട്. കണ്ടവർ കണ്ടവർ അവരവരുടെ നാടുകളിലേക്കു നാടകം അവതരിപ്പിക്കാൻ ക്ഷണിക്കുന്ന അനുഭവമാണു സന്തോഷിനുണ്ടായത്. സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേർന്നാണു നാടകം രചിച്ചത്. തൃശൂർ ഡ്രാമ സ്‌കൂളിലെ മധുസൂദനൻ മാസ്റ്റർ സംഗീതവും ഷെറിൻ ലൈറ്റിംഗും നിർവഹിക്കുന്നു. എറണാകുളത്തെ പി വി ജോയ് വസ്ത്രാലങ്കാരം, പട്ടണം റഷീദ് മെയക്ക് അപ്പും ചെയ്യുന്നു.

Read More >>