ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് സത്യത്തിൽ ആരാ പറഞ്ഞത്?

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്നു പറഞ്ഞത് സി കേശവനാണെന്ന് കുമ്മനം മുതൽ ഡോ. ഗോപാലകൃഷ്ണൻ വരെയുളളവർക്കറിയാം. എന്നാൽ അതിനെക്കാൾ വലിയ മറ്റൊരു അറിവും അവർക്കുണ്ട്. നിരീശ്വരവാദികളെന്ന് പുകൾപെറ്റ കമ്മ്യൂണിസ്റ്റുകാരുടെ കഴുത്തിൽ വിശ്വസനീയമായ തരത്തിൽ ചാർത്തിക്കൊടുക്കാൻ പറ്റിയ ആഭരണമാണ് ഈ ആരോപണം.

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് സത്യത്തിൽ ആരാ പറഞ്ഞത്?

സോഷ്യൽ മീഡിയയും ചാനലുകളും സിപിഐ(എം) നേതാക്കളും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ചരിത്രപാഠത്തിന് കുമ്മനം രാജശേഖരൻ മുതൽ ഡോ. ഗോപാലകൃഷ്ണൻ വരെയുളള സംഘപരിവാർ നേതൃത്വം വഴങ്ങിക്കൊടുക്കാതിരിക്കുന്നതിന് കാരണമുണ്ട്.  ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്നു പറഞ്ഞത് സി കേശവനാണെന്ന് അവർക്കുമറിയാം. എന്നാൽ അതിനെക്കാൾ വലിയ മറ്റൊരു അറിവുണ്ട്. നിരീശ്വരവാദികളെന്ന് പുകൾപെറ്റ കമ്മ്യൂണിസ്റ്റുകാരുടെ കഴുത്തിൽ വിശ്വസനീയമായ തരത്തിൽ ചാർത്തിക്കൊടുക്കാൻ പറ്റിയ ആഭരണമാണ് ഈ ആരോപണം. കമ്മ്യൂണിസ്റ്റുകാർ ഇതല്ല, ഇതിലപ്പുറവും പറയുമെന്ന് വിശ്വസിക്കാൻ നാട്ടിൽ ഇഷ്ടംപോലെ ആളുണ്ട്.


പൊതുബോധം രൂപപ്പെടുന്നത് ചരിത്രപുസ്തകങ്ങളുടെ കൂലങ്കഷമായ അപഗ്രഥനത്തിലൂടെയല്ല. അതേറ്റവും നന്നായി അറിയാവുന്നത് നുണപ്രചരണങ്ങളിലൂടെ വൻകലാപങ്ങളുണ്ടാക്കി അധികാരം കൈക്കലാക്കിയവർക്കാണ്. എത്ര സമർത്ഥമായാണ് സി കേശവന്റെ പ്രസ്താവനയുടെ പൈതൃകം കമ്മ്യൂണിസ്റ്റുകാരുടെ തലയിലിട്ടത്? അമ്പലങ്ങളുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിൽ സംഘപരിവാറിന്റെ ഏറ്റവും സമർത്ഥമായ തന്ത്രം ഇതുതന്നെയായിരുന്നു. കുമ്മനം രാജശേഖരൻ മുതൽ ഡോ. ഗോപാലകൃഷ്ണൻ വരെയുളളവർ ഒരു ജാള്യവുമില്ലാതെ ഈ ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്.
ആലോചിച്ചുറപ്പിച്ച് രൂപപ്പെടുത്തിയ അടവായി വേണം ഇതിനെ കണക്കാക്കാൻ.

Kummanam Rajasekharan Facebook Postഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് ഉച്ചയ്ക്കു 12.57ന് കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ആംഗലേയത്തിലെഴുതിയ ഒരു വരി പ്രതികരണം നോക്കൂ - Targeting destruction of temples, Communists had proclaimed then,"If a temple is destroyed, a quantum of superstition gets destroyed". ലക്ഷ്യം വ്യക്തം. ഈ ഇംഗ്ലീഷ് കേരളത്തിനു പുറത്തുളള നേതാക്കൾക്കുളള സൂചനയാണ്. "വെച്ചു കാച്ചിക്കോ" എന്ന് .

ഇന്നത്തെ കേരളീയർക്ക് ആരാണ് സി കേശവൻ? ഇന്ത്യയിലെത്രപേർക്ക് സി കേശവനെ അറിയാം? മാപ്രാണം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നുവെന്ന്  സംഘപരിവാരം നാടുനീളെ പ്രചരിപ്പിച്ചാൽ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റുകാരുടെ തലയിലാവും. ബർഡൻ ഓഫ് പ്രൂഫിന്റെ സമർത്ഥമായ കുരുക്ക്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ, ഇഎംഎസിന്റെ കംപ്ലീറ്റ് വർക്ക്സിൽ ഇപ്പറഞ്ഞ വാചകമുണ്ടെന്നും പുസ്തകം താൻ ഹാജരാക്കാമെന്നും എത്ര ആധികാരികമായാണ് ഡോ. ഗോപാലകൃഷ്ണൻ വെച്ചലക്കിയത്!

അവിടെ ഗോപാലകൃഷ്ണൻ തർക്കിക്കുന്നത് എം വി ഗോവിന്ദനോടോ അഭിലാഷ് മോഹനോടോ അല്ല. ആ ചർച്ച കേൾക്കുന്ന പതിനായിരക്കണക്കിന് ആർഎസ്എസ് ബിജെപി പ്രവർത്തകരോട് "സംഗതി ഈഎംഎസിന്റെ പേരിൽ വീശിക്കോ മക്കളേ" എന്ന് കിട്ടിയ തക്കത്തിൽ ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപാലകൃഷ്ണൻ മാത്രമല്ല, ആരും എവിടെയും ഒരു പുസ്തകവും കാണിക്കാൻ പോകുന്നില്ല.

എവിടെയൊക്കെ സി കേശവൻറെ പ്രസ്താവന കമ്മ്യൂണിസ്റ്റുകാരുടെ പേരിൽ ആവർത്തിക്കുന്നുണ്ടോ അവിടെയൊക്കെ, "ഭഗവാനെന്തിനാ പോലീസ് പാറാവ്" എന്ന നായനാരുടെ വിഖ്യാതമായ ഡയലോഗിന്റെ അകമ്പടിയുണ്ടാകും.  സമർത്ഥമായ മിക്സിംഗാണത്. നായനാരങ്ങനെ പറഞ്ഞിട്ടില്ല എന്ന് വാദിക്കാൻ കമ്മ്യൂണിസ്റ്റുകാർക്കു കഴിയില്ല. നായനാരതു പറഞ്ഞിട്ടുണ്ട്. നായനാർ പറഞ്ഞിട്ടുണ്ട് എന്ന് സംശയാതീതമായി സ്ഥാപിക്കപ്പെട്ട ഒരു പ്രസ്താവനയിൽ നിന്ന് ഇഎംഎസ്  പറഞ്ഞിരിക്കാനിടയുളള പ്രസ്താവനയിലേയ്ക്ക് വാദം നീട്ടിയെടുക്കാം. അതെളുപ്പമാണ്. ഇവിടെ പ്രത്യേകമൊരു പ്രസ്താവനയൊന്നും ഇഎംഎസിന്റെയോ കെ ദാമോദരന്റെയോ പേരിൽ നിർമ്മിക്കേണ്ട ആവശ്യമില്ല. ചരിത്രത്തിന്റെ ഓർമ്മയിലുളള ഒരു വാചകമെടുക്കുകയേ വേണ്ടൂ.

ഇഎംഎസ് ഇങ്ങനെയെഴുതിയ പുസ്തകമെവിടെയെന്ന് റിപ്പോർട്ടറിന്റെ ചാനൽ സ്റ്റുഡിയോയിൽ അഭിലാഷും ഗോവിന്ദൻമാഷും ഗോപാലകൃഷ്ണനോട് ആവർത്തിച്ചു ചോദിക്കുന്നുണ്ട്. സി കേശവൻ ഇതു പറഞ്ഞ പുസ്തകമെവിടെയെന്നും മറു ചോദ്യമുയരും. അതുപക്ഷേ, തെരുവിലെ വാഗ്ദ്വങ്ങളിലായിരിക്കും. അവിടെ എത്രപേർക്ക് സി കേശവൻറെ ഉദ്ധരണിയുളള പുസ്തകം ഹാജരാക്കി തങ്ങളുടെ വാദം സമർത്ഥിക്കാനാവും?

ചുരുക്കത്തിൽ സോഷ്യൽ മീഡിയയ്ക്കു പുറത്ത് ആശയക്കുഴപ്പമുണ്ടാക്കാൻ പര്യാപ്തമായ ഒരായുധം തന്നെയാണിത്. സംശയമില്ല. ചാനലുകളിൽ അതിങ്ങനെ ആവർത്തിക്കുന്നതിന്റെ ഉദ്ദേശം അതാണ്. അമ്പലപ്പറമ്പുകളിലെ എണ്ണമറ്റ പൊതുയോഗങ്ങളിൽ കെ പി ശശികലയും മറ്റും ഈ ആയുധം ഉപയോഗിക്കാൻ പോകുന്നതേയുളളൂ.

ചരിത്രബോധമില്ലാത്ത തലമുറയെ ലക്ഷ്യം വെച്ച് സംഘപരിവാർ ഒരു മിത്തു നിർമ്മിക്കുകയാണ്. ചാനലു തോറും നടന്ന് അറിവില്ലായ്മ വിളംബരം ചെയ്യുകയല്ല അവർ. കൃത്യമായ ലക്ഷ്യത്തോടെ ആവിഷ്കരിച്ച  പ്രചരണമാണത്.  ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഒരുകാലത്ത് പറഞ്ഞിരുന്നു എന്ന് ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കപ്പെടും. മലയാളിയുടെ മുന്നിൽ സി കേശവനു പകരം കെ ദാമോദരനും ഇഎംഎസുമൊക്കെ തരാതരംപോലെ രംഗപ്രവേശം ചെയ്യുന്നുണ്ട്. കേരളത്തിനു പുറത്ത് ഉദ്ധരണി സി കേശവന്റെ പേരിൽത്തന്നെ ആയിക്കൂടെന്നുമില്ല. പക്ഷേ, അവിടെയൊക്കെ അദ്ദേഹത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ പഴയ കേന്ദ്ര കമ്മിറ്റി അംഗമോ മന്ത്രിയോ ലോക്കൽ സെക്രട്ടറിയോ ഒക്കെ ആയി നിഷ്പ്രയാസം അവതരിപ്പിക്കാവുന്നതേയുളളൂ.

ഇങ്ങനെയൊക്കെയാണ് ശൂന്യതയിൽ നിന്ന് പ്രചരണായുധങ്ങളുണ്ടാക്കുന്നത്.