സുരേന്ദ്രന്റെ വലയിൽ കുരുങ്ങിയ ആഷിക് അബുവും ഇടത്-ഫെമിനിസ്റ്റുകളും ശബരിമലയുടെ ബൗദ്ധചരിത്രത്തെ എന്തു ചെയ്യും?

ശബരിമലയിലെ സ്ത്രീ പ്രവേശന ചർച്ചകളിൽ മുങ്ങിപ്പോവുന്നത് പത്താം നൂറ്റാണ്ടിനുമപ്പുറത്തെ ശബരിമലയുടെ ബൗദ്ധ ചരിത്രം. ഹൈന്ദവരായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം വേണമെന്ന ആർ എസ് എസിന്റെ പുതുക്കിയ നിലപാടിനാണ് സ്വയമറിയാതെയെങ്കിലും ആഷിക് അബുവിനെപ്പോലുള്ള പ്രഖ്യാപിത ഇടതുപക്ഷക്കാരും സ്ത്രീവാദികളും കയ്യടിക്കുന്നത്.

സുരേന്ദ്രന്റെ വലയിൽ കുരുങ്ങിയ ആഷിക് അബുവും ഇടത്-ഫെമിനിസ്റ്റുകളും ശബരിമലയുടെ ബൗദ്ധചരിത്രത്തെ എന്തു ചെയ്യും?

ശബരിമലയിലെ സ്ത്രീ പ്രവേശന ചർച്ചകളിൽ മുങ്ങിപ്പോവുന്നത് പത്താം നൂറ്റാണ്ടിനുമപ്പുറത്തെ ശബരിമലയുടെ ബൗദ്ധ ചരിത്രം. ഹൈന്ദവരായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം വേണമെന്ന ആർ എസ് എസിന്റെ പുതുക്കിയ നിലപാടിനാണ് സ്വയമറിയാതെയെങ്കിലും ആഷിക് അബുവിനെപ്പോലുള്ള പ്രഖ്യാപിത ഇടതുപക്ഷക്കാരും സ്ത്രീവാദികളും കയ്യടിക്കുന്നത്. അതുവഴി, ആധുനിക രൂപത്തിലുള്ള ഹിന്ദുമതം രൂപപ്പെടുന്നതിനും മുമ്പത്തെ, സർവമതക്കാർക്കും പാരമ്പര്യം അവകാശപ്പെടാവുന്ന ശബരിമലയെക്കുറിച്ചുള്ള ചർച്ച ഇവർ ബിജെപി നേതാവ് കെ.സുരേന്ദ്രനോട് ചേർന്ന് മുക്കുകയും ചെയ്യുന്നു.


ശബരിമല ഒരു ബൗദ്ധ പുണ്യസ്ഥലമായിരുന്നു എന്നതിന് നിരവധി തെളിവുകൾ കേസരി ബാലകൃഷ്ണപിള്ളയും എ.ശ്രീധരമേനോനും തൊട്ട് ആധുനിക ചരിത്രകാരന്മാർ വരെ കണ്ടെത്തിയിട്ടുണ്ട്. ബാബർ കീഴടക്കും മുമ്പ് ഹിന്ദുക്കളുടെതായിരുന്നെന്ന വാദം കൊണ്ടാണ് ബാബരി മസ്ജിദ് തകർത്തതിനെ സംഘപരിവാർ ന്യായീകരിക്കുന്നത്. സംഘപരിവാറിന്റെ ഈ യുക്തി പിന്തുടരാൻ മാത്രം ആൾബലം കേരളത്തിൽ ബുദ്ധമതക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ ശബരിമല മറ്റൊരു സംഘർഷഭൂമിയായേക്കാമായിരുന്നത്ര ശക്തമാണ് ചരിത്രകാരന്മാർ നിരത്തുന്ന തെളിവുകൾ.

അയ്യപ്പക്ഷേത്രം വന്നത് പത്താം നൂറ്റാണ്ടിൽ മാത്രം

പന്തള രാജകുമാരനാണ് വിശ്വാസ പ്രകാരം സ്വാമി അയ്യപ്പൻ. പന്തളം രാജവംശക്കാർക്ക് ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തിൽ ഇന്നും പ്രത്യേകാവകാശങ്ങൾ ഉണ്ട്. ശബരിമല ശാസ്താവിന്റെ പ്രതിഷ്ഠ നടത്തിയതും ക്ഷേത്രം പണിയിച്ചതും പന്തളം രാജാക്കന്മാരാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.

ഈ പന്തളം രാജാക്കന്മാർ ആദ്യമായി തിരുവിതാംകൂറിൽ പ്രവേശിച്ച് അധികാരം സ്ഥാപിച്ചത് എ.ഡി. 904ൽ ആണെന്ന് ശങ്കുണ്ണി മേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നു. അതായത്, ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠയും ക്ഷേത്രംപണിയും നടന്നത് എ.ഡി. പത്താം നൂറ്റാണ്ടിലോ അതിനു ശേഷമോ ആയിരുന്നെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.

ശാസ്താവെന്നത് ബുദ്ധന്റെ കൂടി പേരാണെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിൽ മുഴങ്ങുന്ന ശരണം വിളികൾക്ക് ബുദ്ധമതത്തിലെ ശരണ മന്ത്രങ്ങളുമായുള്ള ബന്ധവും (ബുദ്ധം ശരണം സംഘം ശരണം ധർമ്മം ശരണം) വ്യക്തമാണ്.

ശാസ്താ പ്രതിഷ്ഠക്കും മുമ്പ് പ്രമുഖ ബൗദ്ധ തീർത്ഥ സ്ഥലം

ശാസ്താവിന്റെ പ്രതിഷ്ഠക്ക് വളരെ മുമ്പുതന്നെ ശബരിമല വളരെ പ്രധാനമായൊരു ബൗദ്ധ തീർത്ഥസ്ഥലമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ ഒന്നടങ്കമുള്ള പക്ഷം. താന്ത്രിക മതം പിൽക്കാലത്ത് ഹിന്ദു മതത്തെയും ബുദ്ധമതത്തെയും രഞ്ജിപ്പിച്ചുവെന്നതിനും ചരിത്രകാരന്മാർ തെളിവു നിരത്തുന്നുണ്ട്. ബുദ്ധമതം പൂർണ്ണമായി താന്ത്രികരൂപം പൂണ്ട ശേഷമാണ് അയ്യപ്പപ്രതിഷ്ഠ നടന്നിട്ടുള്ളതെന്നാണ് ഇവരുടെ മതം. അയ്യപ്പപ്രതിഷ്ഠയോടു കൂടി ശബരിമല പ്രസിദ്ധമായ ഹിന്ദു തീർത്ഥസ്ഥലമായും ഭവിച്ചുവെന്നാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്.

ശാസ്താവിനും മുമ്പ് ശബരിമലയിൽ ഇരിപ്പിടമുള്ളത് അവലോകിതേശ്വരനായിരുന്നുവെന്നും ചരിത്രം പറയുന്നു. ശബരിമലയിൽ മാത്രമല്ല, കൊടുങ്ങല്ലൂരിലുള്ള മൂലവാസത്തും അവലോകിതേശ്വരന് പ്രതിഷ്ഠയുണ്ട്. ഇക്കാരണം കൊണ്ടാണ് കൊടുങ്ങല്ലൂരുകാർ ശബരിമലക്ക് പോകേണ്ടതില്ലെന്ന വിശ്വാസം അടുത്ത കാലം വരെയും പ്രബലമായി നിലനിന്നിരുന്നത്.

അവലോകിതേശ്വരൻ ശിവനാവാം; എന്തായാലും ശിവപുത്രനല്ല

ഈ അവലോകിതേശ്വരൻ തന്നെയാണ് ശാസ്താവെന്ന വാദവും നിലനിൽക്കുന്നതല്ല. ഇന്ത്യയിലെ ബൗദ്ധവിഗ്രഹ ശാസ്ത്രത്തെപ്പറ്റി റിഷേർ എന്ന ഫ്രഞ്ചു പണ്ഡിതൻ എഴുതിയ പ്രസിദ്ധകൃതിയാണ് ഇക്കാര്യത്തിൽ ഇന്ത്യൻ ചരിത്രകാരന്മാർക്ക് അവലംബം. ഇതനുസരിച്ച് അവലോകിതേശ്വരന്റെ വിഗ്രഹങ്ങൾക്ക് ശിവ വിഗ്രഹങ്ങളുമായാണ് അടുത്ത സാദൃശ്യം. അങ്ങനെ വന്നാൽ ശബരിപീഠം ശിവക്ഷേത്രമാണെന്നേ പരമാവധി വാദിക്കാനാവൂ. ശബരിമലയിൽ മുമ്പേ ഇരിപ്പിടമുള്ള അവലോകിതേശ്വരൻ ശിവന്റെ ഭാവമാണെന്നു വ്യക്തമാകുന്നതോടെ അദ്ദേഹം ശിവപുത്രനായ ശാസ്താവല്ലെന്ന് (ശിവ-വിഷ്ണുമാരുടെ പുത്രനാണ് ശാസ്താവെന്നാണ് ഐതിഹ്യം) ഉറപ്പിച്ചു പറയാമെന്നും ചരിത്രകാരന്മാർ കരുതുന്നു.

അറേബ്യയിലേക്കും നീളുന്ന ശബരിമല ചരിത്രം

ശിവനുമായുള്ള ചാർച്ചയിലും ഒതുങ്ങുന്നതല്ല ശബരിമലയിൽ ഇരിപ്പിടമുള്ള അവലോകിതേശ്വരനെക്കുറിച്ചുള്ള ചരിത്രം. അവലോകിതേശ്വരൻ അവതരിച്ച സുഖാവതി ലോകം അറേബ്യയിലാണെന്നും ചരിത്രകാരന്മാരിൽ അഭിപ്രായമുണ്ട്. അവലോകിതേശ്വരനു തുല്യനായ അൽമക എന്നൊരു ദൈവത്തെ ഇസ്ലാമിനു മുമ്പുള്ള (എ.ഡി.ആറാം നൂറ്റാണ്ടിനും മുമ്പുള്ള) സബയൻ അറബികൾ ആരാധിച്ചിരുന്നു. ഇന്ത്യയിൽ പ്രാചീനകാലം തൊട്ടേ (അതായത് ഇസ്ലാമിനും മുമ്പേ) ധാരാളമായി കുടിയേറി പാർത്തിരുന്നവരാണ് സബയന്മാർ. ഈ സബയൻ അറബിക്കച്ചവടക്കാരിൽ നിന്നാവാം ബുദ്ധമതക്കാർക്ക് അവലോകിതേശ്വരനെ ലഭിച്ചതെന്നും ചരിത്രകാരന്മാർ കരുതുന്നു.

ഇസ്ലാം മതത്തിന്റെ സ്ഥാപനത്തിനുംമുമ്പ്, സിലോണിലെ ആഡംസ്പീക്ക് (സമന്തകൂടാ) പർവതത്തിലേക്കെന്ന പോലെ, തങ്ങളുടെ മറ്റൊരു ദേവനായ അവലോകിതേശ്വരന്റെ ഇരിപ്പിടമായ ശബരിമലയിലേക്കും അറേബ്യൻ സബയന്മാർ തീർത്ഥയാത്ര പോകാറുണ്ടായിരുന്നുവെന്ന് കേസരി ബാലകൃഷ്ണപിള്ളയെപ്പോലുള്ള ചരിത്രകാരന്മാർ അനുമാനിക്കുന്നു. അങ്ങനെയൊരു തീർത്ഥയാത്രികനായ സബയൻ, യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ എരുമേലിയിൽ വച്ച് സമാധിയടഞ്ഞതാവാം വാവർ എന്നും കേസരി അനുമാനിക്കുന്നു. അറബി ആയതിനാൽ കേരളീയർ വാവരെ മുസ്ലീമാക്കി സങ്കല്പിക്കുകയും ചെയ്തതാവാം!

ബൗദ്ധ പാരമ്പര്യം തർക്കാതീതം

ബൗദ്ധ പാരമ്പര്യത്തിനും അപ്പുറത്തേക്ക് നീണ്ടു കിടക്കുന്നതാണ് ശബരിമലയുടെ ചരിത്രമെന്നു ചുരുക്കം. ഇതിൽ തർക്കങ്ങളുയരാമെങ്കിലും ശബരിമലയുടെ ബൗദ്ധ പാരമ്പര്യം തർക്കങ്ങൾക്ക് അതീതമാണ്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട താലൂക്കിന്റെ കിഴക്കുള്ള മാവേലിക്കര താലൂക്കിലും, മാവേലിക്കരക്ക് കിഴക്കുള്ള അമ്പലപ്പുഴ, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലും, മാവേലിക്കരക്ക് തെക്കുള്ള കുന്നത്തൂർ താലൂക്കിലും ബുദ്ധവിഗ്രഹങ്ങൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.

അമ്പലപ്പുഴ താലൂക്കിലെ സുപ്രസിദ്ധമായ തകഴി ശാസ്താവിനെപ്പറ്റിയുള്ള ഐതിഹ്യം ആ ശാസ്താവിഗ്രഹം ശബരിമലയിൽ നിന്ന് പമ്പയിൽക്കൂടി ഒഴുകി തകഴിയിൽ ചെന്നുചേർന്നുവെന്നാണ്. മേൽപ്പറഞ്ഞ താലൂക്കുകളിലെ ബുദ്ധവിഗ്രഹങ്ങളും ആ നിലയ്ക്ക് ശബരിമലയിൽനിന്ന് ഉത്ഭവിച്ചതാവുമെന്ന് ചരിത്രകാരന്മാർ കരുതുന്നു. പത്തനംതിട്ട താലൂക്കിന് കിഴക്കായുള്ള തിരുനെൽവേലി ജില്ലയിലെ പല ഭാഗങ്ങളിലും പ്രാചീന ബുദ്ധഭിക്ഷുക്കളുടെ കല്ലുകൊണ്ടുള്ള ശയനസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശബരിമല കേന്ദ്രമായി അതിന്റെ ഇരുവശങ്ങളിലും ബുദ്ധമതക്കാർ തിങ്ങിപ്പാർത്തിരുന്നുവെന്നാണ് ഇതിൽനിന്നെല്ലാം ചരിത്രപണ്ഡിതർ എത്തിച്ചേരുന്ന നിഗമനം.

ആചാരങ്ങളിലും  ബൗദ്ധ പാരമ്പര്യം

കല്ലിടുംകുന്ന് പോലത്തെ സ്ഥലങ്ങളിൽ അയ്യപ്പഭക്തന്മാർ തുടർന്നു പോരുന്ന കല്ലിട്ടു വന്ദിക്കൽ ആചാരവും ബൗദ്ധ പാരമ്പര്യമാണ്. ടിബറ്റിൽ സന്യാസിമാരുടെ സമാധിസ്ഥലങ്ങളിൽ കല്ലിട്ടു വന്ദിക്കുന്ന ആചാരവുമായി ഇതിന് ചരിത്രകാരന്മാർ ബന്ധം കാണുന്നു. ശബരിമല ബൗദ്ധ തീർത്ഥ സ്ഥലമായിരുന്നെന്നും കല്ലിടുംകുന്നിൽ പ്രാചീന ബൗദ്ധ തീർത്ഥക്കാരിൽപ്പെട്ട ഒരു യോഗി സമാധിയടഞ്ഞുവെന്നും ഈ ആചാരത്തെ ചരിത്ര പണ്ഡിതർ അടയാളപ്പെടുത്തുന്നു. (മലമ്പാറ്റകൾ പണ്ട് കല്ലിടുംകുന്നിൽ വന്ന് മനുഷ്യനെ ശല്യപ്പെടുത്തിയിരുന്നെന്നും അതു തടുക്കുവാനാണ് അവിടെ കല്ലിടുന്നതെന്നുമുള്ള ഇന്നത്തെ ഐതിഹ്യം ഏതോ അയ്യപ്പഭക്തന്റെ വിചിത്ര ഭാവനയാവാമെന്നും അവർ!)

എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കുമെന്ന് പറയുമോ?

ഇത്രയും ദീർഘമായ ചരിത്രമുള്ള ശബരിമലയിൽ സ്ത്രീ പ്രവേശനമെന്നത് സമീപകാല തർക്കവിഷയം മാത്രമാണെന്നത് വ്യക്തമാണ്. കാൽ നൂറ്റാണ്ടു മുമ്പു മുതലെങ്കിലും ആർ എസ് എസ് ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ (സ്ത്രീ പ്രവേശനത്തിന് അനുകൂലമായിത്തന്നെ) ശ്രമിച്ചു വരുന്നുണ്ടെന്നത് പുരോഗമനവാദികളും ഫെമിനിസ്റ്റുകളും മറന്നു പോവുന്നതാണോ?

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നു തത്ത്വത്തിൽ സമ്മതിക്കുന്ന സംഘപരിവാറിനോട് എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കുമെന്ന ആവശ്യമുയർത്താനല്ലേ ഇവർക്ക് കഴിയേണ്ടത്? പ്രത്യേകിച്ചും, ചരിത്രം അങ്ങനെയായിരിക്കെ.

അതല്ലാതെ സുരേന്ദ്രനു നൽകുന്ന കയ്യടി ആർ എസ് എസ് അജണ്ടക്കുള്ള കയ്യടി മാത്രമാവില്ലേ?