'ശത്രുതയ്ക്ക് വിരാമമിട്ട്' റഷ്യയും അമേരിക്കയും ഒന്നിച്ചു; ലക്ഷ്യം ഐഎസ്

ഐഎസ്സിനൊപ്പം അല്‍ഖ്വെയ്ദയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ നുസ്രയേയും(ജബാ ഫത്തേ അല്‍ ഷാം) അമേരിക്ക-റഷ്യ സംയുക്ത സംഘം നേരിടും

ജനീവ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് എതിരെ പോരാടാന്‍ അമേരിക്കയും റഷ്യയും കൈകൊടുക്കുന്നു. ഐഎസ്സിനൊപ്പം അല്‍ഖ്വെയ്ദയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ നുസ്രയേയും(ജബാ ഫത്തേ അല്‍ ഷാം) അമേരിക്ക-റഷ്യ സംയുക്ത സംഘം നേരിടും. 2.9 ലക്ഷം പേരുടെ മരണത്തിനും ജനസംഖ്യയുടെ പകുതിയോളം പേരുടെ പലായനത്തിനും ഇടയാക്കിയ അഞ്ചുവര്‍ഷത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിനും ഈ ധാരണ വഴിത്തിരിവുണ്ടാക്കിയേക്കും.

യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ജനീവയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. തിങ്കളാഴ്ച മുതല്‍ ഇവരുടെ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം, സിറിയന്‍ സര്‍ക്കാര്‍ സേന വിമതരുമായുള്ള പോരാട്ടം തത്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തെ റഷ്യ പിന്തുണയ്ക്കുമ്പോള്‍, അദ്ദേഹത്തിനെതിരെയുള്ള വിമത വിഭാഗങ്ങള്‍ക്കാണ് യു.എസ്സും കൂട്ടാളി രാജ്യങ്ങളും പിന്തുണ നല്‍കുന്നത്. രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിലേക്ക് ഇപ്പോഴത്തെ ധാരണയെ വികസിപ്പിക്കാനായാല്‍ സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് അറുതിയാവും. റഷ്യ-യു.എസ്. ധാരണയെ സിറിയന്‍ വിമതര്‍ സ്വാഗതംചെയ്തിട്ടുണ്ട്.

Read More >>