പ്രയാര്‍ പറഞ്ഞതിന് വിരുദ്ധമായി ആര്‍എസ്എസ് നേതൃത്വം; ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് സ്ഥിരീകരണം

വൈക്കം, ഏറ്റുമാനൂര്‍ അടക്കം കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ ഇപ്പോഴും ശാഖകള്‍ നടത്തുന്നതായാണ് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കുന്നത്.

പ്രയാര്‍ പറഞ്ഞതിന് വിരുദ്ധമായി ആര്‍എസ്എസ് നേതൃത്വം; ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് സ്ഥിരീകരണം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചില ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരണം. ആര്‍എസ്എസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര പറമ്പുകളില്‍ ശാഖ നടത്തുന്നതായി ആര്‍എസ്എസ് നേതൃത്വം സ്ഥിരീകരിച്ചതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


വൈക്കം, ഏറ്റുമാനൂര്‍ അടക്കം കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ ഇപ്പോഴും ശാഖകള്‍ നടത്തുന്നതായാണ് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കുന്നത്. കൊച്ചി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം എന്നിവയടക്കം നിരവധി ക്ഷേത്രങ്ങളില്‍ ഇപ്പോഴും തങ്ങളുടെ ശാഖ നടക്കുന്നതായി ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ എം ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈക്കം മഹാദേവ ക്ഷേത്രം കേരളത്തില്‍ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന സ്ഥലമാണ്.

കൊച്ചി ദേവസ്വത്തിന്റെ കീഴിലുള്ള എറണാകുളം നഗര മധ്യത്തിലെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലും ശാഖ നടക്കുന്നുണ്ട്. ക്ഷേത്ര മതില്‍ കെട്ടിന് പുറത്തായാണ് ഇവിടെ ശാഖ പ്രവര്‍ത്തിക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 400ല്‍ അധികം ക്ഷേത്രങ്ങളാണുള്ളത്. ഇതില്‍ പലയിടങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് ഹൈന്ദവ സംഘടനയും ഭക്ത സംഘടനയുമാണെന്നാണെന്നുമാണ് പ്രയാര്‍ പറഞ്ഞത്. സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവരുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.