റോമിന്റെ ഹൃദയ കാഴ്ചകള്‍ 

ഞങ്ങൾ സിസ്റ്റൈൻ ചാപ്പലിനകത്തെക്ക് കയറി. സാന്ദ്രമായ ഒരു നിശബ്ദത. ആരും പരസ്പരം സംസാരിക്കുന്നില്ല. ഉള്ളിലേക്ക് കയറുമ്പോൾ ചിത്രങ്ങൾ എടുക്കുന്നതിൽനിന്നും സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ചാപ്പലിന്റെ ഭിത്തികളിലും മേൽത്തട്ടിലും ഏദൻതോട്ടം മുതൽ നിത്യശിക്ഷ (ലാസ്റ്റ്‌ജേഡ്ജ്മെന്റ്) വരെ ഉണ്ട്. ഫ്രെസ്‌കോ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച ചുവരുകളും ഭിത്തികളും. ശ്രീകല ദാസ് എഴുതുന്നു.

റോമിന്റെ ഹൃദയ കാഴ്ചകള്‍ 

ശ്രീകല ദാസ്

യൂറോപ്യൻ നഗരങ്ങൾ സന്ദർശിക്കുന്ന ടൂർ പാക്കേജിൽ അൻപതിൽപരം വ്യത്യസ്ഥർ ആയ മനുഷ്യരോടൊപ്പം ഒരു യാത്ര. ഏകദേശം ഒൻപത് രാജ്യങ്ങളുടെ മഞ്ഞും മഴയും വെയിലും തൊട്ടറിഞ്ഞുകൊണ്ട്, വഴിനീളെ കണ്ട കാഴ്ചകൾ ഉത്സവങ്ങളായി സൂക്ഷിച്ചുകൊണ്ട്, പ്രകൃതിയുടെയും മനുഷ്യരുടെയും സ്വരചേർച്ചകൾക്കിടയിലൂടെ പാട്ടുകൾ മൂളി യാത്രചെയ്തു. ഞങ്ങളുടെ ഗൈഡ് മഹേഷ് ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞും തമാശകൾ പറഞ്ഞും ഓരോ സ്ഥലത്തെയും വിശേഷങ്ങൾ പങ്കുവച്ചും ഒപ്പമുണ്ടായി. ഹോളണ്ടുകാരൻ ഡ്രൈവർ ടുസാന്ദ് ഒരു കിറുക്കൻ ആയിരുന്നു. ഹിന്ദി പാട്ടുകൾ അവൻ അവന്റെ സ്വന്തം ഭാഷയിൽ പാടുകയും ഒരുതരംഗം എന്നതുപോലെ സ്‌കാനിയ പറപ്പിക്കുകയും ചെയ്തു.


പത്താമത്തെ ദിവസം ആണ് റോമിലേക്ക് യാത്രതിരിച്ചത്. ലോകത്തെ ചെറിയ രാജ്യങ്ങളിൽ ഒരെണ്ണമായ വത്തിക്കാൻസിറ്റിയും പിന്നെ കൊളോസിയം, പിസ ഗോപുരം ഇവ ആയിരുന്നു ലക്ഷ്യം. റോമിലേക്ക് പ്രവേശിച്ചപ്പോൾ തികച്ചും വ്യത്യസ്ഥം ആയൊരു കാറ്റ് വന്നു പൊതിഞ്ഞു. ആഗസ്റ്റിലെ ചൂടിൽ വരണ്ടമണ്ണ്. ഗൈഡ് ആയി ഇറ്റലിക്കാരി Adalina ഒപ്പംകൂടി. ചരിത്രം ഉറങ്ങുന്ന റോം. റോമുലസും രീമസും മലയുടെ മുകളിൽ നിന്ന് വാഗ്വാദത്തിൽ ഏർപ്പെടുന്ന ചിത്രം വെറുതെ ഒന്ന് സങ്കൽപ്പിച്ചു. രീമസിനെ കൊന്നു ആ രക്തത്തിൽ റോമുലസ് പടുത്തുയർത്തിയ നഗരം റോം. അധികാരം ഭൂമിയിൽ മനുഷ്യൻ എന്ന സ്പീഷിസിനെ എപ്പോഴും മയക്കികൊണ്ടിരിക്കുന്നു. 753 ബിസിയിൽ സംഭവിച്ചു എന്ന് അവകാശപ്പെടുന്ന ഐതിഹാസികതയിൽനിന്നും പിറന്ന റോമാ നഗരം.

rome_1വിശ്വപ്രശസ്തി ആർജിച്ച ദേവാലയങ്ങളുടെയും (pantheons) താഴികക്കുടങ്ങളുടെയും (dome) നഗരമാണ് റോം. നവോഥനത്തിന്റെ പൌരാണികത രേഖപ്പെടുത്തിയ ഇറ്റലിയിലെ വഴിവക്കുകൾ കൈ അടക്കിയ ഗ്രഫിറ്റി രചനകൾ കാണുക ഉണ്ടായി. തങ്ങളുടെ തെരുവ് കുട്ടികളുടെ പണി ആണിതെന്നു അഡലൈന ചിരിച്ചുകൊണ്ട് പറഞ്ഞു. പോയകാലത്തിന്റെ ശേഷിപ്പുകൾക്കിടയിലൂടെ വത്തിക്കാൻ സിറ്റിയുടെ മ്യുസിയം കവാടത്തിനരികിൽ എത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയയാത്രികർ. അവരിൽ കലയെ സ്നേഹിക്കുന്നവരും ഭക്തിയുടെ ഉന്മാദംകൊണ്ടാവരും ഉണ്ടായിരുന്നിരിക്കാം. ഇറ്റാലിയൻ സുരക്ഷ ഗാർഡുകളുടെ തുളച്ചു കയറുന്ന നോട്ടങ്ങൾ സൂക്ഷ്മമായി എല്ലാവരെയും പിന്തുടരുന്നുണ്ടായിരുന്നു. ആരോ ക്യാമറ ഉയർത്തിയപ്പോൾ അവർ വിലക്കി.

നേരത്തെ റിസർവ് ചെയ്തിരുന്നതിനാൽ അധികം കാത്തു നിൽക്കേണ്ടിവന്നില്ല. മെഡിട്ടറെനിയൻ കാലാവസ്ഥയുടെ വരണ്ട വേനൽ തൊലിയിലൂടെ ഉരസി കടന്നുപോയി. നദികളും കൃഷിയും ഒന്നും ഇല്ലാത്ത ഭൂമിയിലെ ഒരുകുഞ്ഞുരാജ്യം. ഹോളിസിറ്റി എന്നറിയപ്പെടുന്ന വത്തിക്കാൻസിറ്റി. ശിശിരകാലത്ത് പൊഴിഞ്ഞു വീഴുന്ന മഞ്ഞിനെ അനുസ്മരിപ്പിക്കുന്ന കണ്ണുകളുമായി അഡലൈനയുടെ അഞ്ചു വയസുകാരൻ മകൻ അവളുടെ വിരലിൽ തൂങ്ങി.

Rome_2വത്തിക്കാൻ മ്യൂസിയത്തിന്റെ ഉള്ളിലേക്ക് സുരക്ഷ നടപടികൾ കഴിഞ്ഞു എത്തുമ്പോൾ ഏതോ ഒരു മാസ്മരികത ഉള്ളിൽ നിറഞ്ഞു. കലാലോകത്തെ ഐതിഹാസിക വ്യക്തിത്വങ്ങളായ മൈക്കിലാഞ്ചലോയുടെയും റാഫെലിന്റെയും ലിയനാർഡോ ഡാ വീഞ്ചിയുടെയും അത്ഭുത കരസ്പർശമുള്ള വത്തിക്കാൻ മ്യൂസിയം, റാഫെലിന്റെ 'മഡോണ', മൈക്കലാഞ്ചലോയുടെ ceiling, ഫിലിപ്പോലിപ്പിയുടെ Marsuppini Coronation, ബെല്ലിനിയുടെ പിയാത്ത, ഏതോ അദ്ഭുതലോകത്ത് എത്തിപ്പെട്ട കുഞ്ഞിനെപോലെ, എനിക്ക് കരയാൻ തോന്നിയ നിമിഷങ്ങൾ.

ഞങ്ങൾ സിസ്റ്റൈൻ ചാപ്പലിനകത്തെക്ക് കയറി. സാന്ദ്രമായ ഒരു നിശബ്ദത. ആരും പരസ്പരം സംസാരിക്കുന്നില്ല. ഉള്ളിലേക്ക് കയറുമ്പോൾ ചിത്രങ്ങൾ എടുക്കുന്നതിൽനിന്നും സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ചാപ്പലിന്റെ ഭിത്തികളിലും മേൽത്തട്ടിലും ഏദൻതോട്ടം മുതൽ നിത്യശിക്ഷ (ലാസ്റ്റ്‌ജേഡ്ജ്മെന്റ്) വരെ ഉണ്ട്. ഫ്രെസ്‌കോ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച ചുവരുകളും ഭിത്തികളും. ബോട്ടിസെല്ലി. പെർഗിനോ, കൊസിമോറോസേല്ലി , വളരെ പതിഞ്ഞ ശബ്ദത്തിൽ മകന് പറഞ്ഞു കൊടുത്തു. അൾത്താരക്ക് മുകളിൽ ആയി അന്ത്യവിധി വിഷാദ മധുരമായി ചിരിച്ചു. കർദിനാൾ കരഫ ഈ ചിത്രത്തിൽ അശ്ലീലം ആരോപിച്ചു. ആ കാലഘട്ടത്തിൽ വിവാദങ്ങൾ ഉയർത്തിയിരുന്നു. സർഗാത്മകത വിജയം വരിക്കുകയാണ് ഉണ്ടായത്.

Rome_3സിസ്റ്റൈൻചാപ്പലിനു പുറത്തേക്കു കടക്കുമ്പോൾ വത്തിക്കാൻസിറ്റിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന സ്വിസ്സ് ഗാർഡുകളെ കണ്ടു. ചുവപ്പും മഞ്ഞയും നീലയും കലർന്ന വർണ്ണ ശഭളമായ യൂണിഫോം അണിഞ്ഞു കർത്തവ്യനിരതരായി നിൽക്കുന്ന അവരെ കണ്ടപ്പോൾ കൂട്ടത്തിൽ ഉള്ള കുട്ടികൾക്ക് ഉത്സാഹം ആയി. കാത്തലിക് ആയ പത്തൊൻപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള, സ്വിസ്സ് ആംഡ് ഫോർസിൽ നിന്നും ബിരുദവും സ്വഭാവഗുണത്തിന് സർട്ടിഫിക്കറ്റും നേടിയ സ്വിസ്സ് പൗരന്മാർക്ക് മാത്രമേ ഈ ഗാർഡുകൾ ആകാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ.

ഞങ്ങൾ സെന്റ് പീറ്റർ ബസിലിക്കയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. എമെർസന്റെ വാക്കുകൾ കടമെടുത്താൽ സൗന്ദര്യത്തിൽ സ്ഫുടം ചെയ്തെടുത്ത ഭൂമിയുടെ ഒരു ആഭരണമാണ് സെന്റ് പീറ്റർ ബസിലിക്ക. എന്റെ ലക്ഷ്യംപിയാത്ത ആയിരുന്നു. വിശ്വ പ്രസിദ്ധമായ ശിൽപ്പം. ആക്രിളിക് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിനുള്ളിൽ പിയാത്ത സന്ദർശകരെ ആകർഷിച്ചു കൊണ്ടിരുന്നു. 1972 ൽ ഒരുകിറുക്കനായ ഹംഗേരിയൻ ജിയോളജിസ്ടിന്റെ ആക്രമണത്തിൽ ശിൽപ്പത്തിന്റെ ചിലഭാഗങ്ങൾ മുറിഞ്ഞുപോയിരുന്നു എങ്കിലും പിന്നീട് അതെ ശിൽപ്പത്തിലെ മാർബിൾ ശകലങ്ങൾ ഉപയോഗിച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്തു. പിയാത്തയുടെ മുന്നിൽ നിന്നും മാറാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ സമയത്തിന്റെ കുറവ് ഓടി നടന്നോന്നു കണ്ടു. പലതും വിസ്മരിക്കപ്പെട്ടുപോയി. മാർപ്പാപ്പാമാരുടെ ശവകുടീരങ്ങൾ, സ്തൂഭങ്ങൾ, വാസ്തുകലയുടെ വിസ്മയങ്ങൾ എല്ലാം എവിടെയോ പോയി മറഞ്ഞതുപോലെ. പിയാത്ത അത്രമേൽ എന്നെ ഉന്മാദത്തിൽ എത്തിച്ചിരുന്നു. അവിടെ നിന്നിറങ്ങുമ്പോൾ ഒരുശൂന്യതയിലേക്ക് മനസ് എറിയപ്പെട്ടിരുന്നു. ഒന്നിനും പൂർത്തിയാക്കാൻ കഴിയാത്ത ശൂന്യത. അതിന്റെ മുന്നിൽ ഇരുന്നു മണിക്കൂറുകൾ നോക്കാൻ കൊതിച്ചു പോയ മനസിനെ അടക്കി നിർത്തിയപ്പോൾ ലഭിച്ച ശൂന്യത

അഡലിന അവരുടെ ഭക്ഷണത്തെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കുതിര ഇറച്ചിയും പന്നിയും തവളയുമൊക്കെ അവരുടെ പ്രധാനഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ദോഹയിലെ ഒരുറസ്ടറണ്ടിൽനിന്നും കഴിച്ച ഇറ്റാലിയൻ പാസ്തയുടെ രുചി വെറുതെ നാവിൽ കയറിവന്നു. ഞങ്ങളുടെ പിന്നീടുള്ള യാത്ര കൊളോസിയത്തിലേക്ക് ആയിരുന്നു. പ്രകൃതിയും കള്ളന്മാരും ചേർന്ന് നാശനഷ്ടങ്ങൾ വരുത്തിയ പുരാതന റോമിലെ ആംഫിതീയറ്റർ. ഗ്ലാഡിയെറ്റർ എന്ന് അറിയപ്പെട്ടിരുന്ന മല്ലയുദ്ധം അരങ്ങേറിയ വേദി. പല ലെവലുകളിൽ തീർത്ത ഈ തീയറ്റർ ചക്രവർത്തിക്കും കുടുംബത്തിനും അധികാര വർഗത്തിനും പ്രത്യേകം ഇരിപ്പിടങ്ങളും താഴ്ന്ന നിലയിൽ ജീവിച്ചിരുന്ന അടിസ്ഥാന വർഗത്തിന് പ്രത്യെകവും ആയാണ് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഇരിപ്പിടങ്ങൾ പരുക്കൻതടി കൊണ്ടുള്ളതോ അല്ലെങ്കിൽ അവർ നിൽക്കേണ്ടി വരികയാണ് ഉണ്ടായിരുന്നത്. ശ്മശാനജോലിക്കാരെയും അഭിനേതാക്കളെയും പഴയ ഗ്ലാഡിയെട്ടർമാരെയും ചക്രവർത്തി വിലക്കിയിരുന്നു. കൊളോസിയം കണ്ടുകഴിഞ്ഞു ഞങ്ങൾ ഇലകൾ കൊഴിഞ്ഞു വീണ നിരത്തിലൂടെ ബസ് ലക്ഷ്യമാക്കിനടന്നു. അഡലിന യാത്രപറഞ്ഞു. അവളോടൊപ്പം ഫോട്ടോ എടുക്കാൻ ഉള്ള തിരക്കിൽ എല്ലാവരും മത്സരിച്ചു. അവളുടെ കുട്ടി അങ്ങേയറ്റം അക്ഷമ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ഇനി പോകേണ്ടത് പിസയിലേക്ക് ആണ്. അവിടെ ലോക മഹാത്ഭുതങ്ങളിൽ ഒന്നായ പിസാഗോപുരം കാത്തിരിക്കുന്നു. അതിനിടയിൽ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ ഉച്ചഭക്ഷണം. പിസയും പാസ്തയും അവർ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ സന്തോഷത്തോടെ ആരവം ഉണ്ടാക്കി. കഴിഞ്ഞ കൊറേ ദിവസങ്ങളായി വടക്കേയിന്ത്യൻ രീതിയിൽ ഉള്ള ഭക്ഷണം കഴിച്ചു മടുത്തിരുന്നു.

romeമൂന്ന് മണിക്കൂറിൽ അധികം വരുന്നയാത്ര. ഉറങ്ങാൻ തോന്നിയില്ല. പുരാതനമായ ആ നഗരത്തിന്റെ പ്രൗഡി വല്ലാതെ ആകർഷിച്ചു കൊണ്ടിരുന്നു. കുട്ടികൾ പലകളികളും ആവിഷക്കരിക്കുകയും പിണങ്ങുകയും ഇണങ്ങുകയും ചെയ്തു കൊണ്ടിരുന്നു. ബസ് ഒരൽപം അകലെ നിർത്തി. വഴിനീളെ ബംഗ്ലാദേശികളും ആഫ്രിക്കൻ വംശജരും തുകൽകൊണ്ട് ഉണ്ടാക്കിയ ബാഗുകളും സുവനീറുകളും വിൽക്കുന്നുണ്ടായിരുന്നു. അവിടെ വിലപേശി നിൽക്കുന്ന ഇന്ത്യാക്കാരെ കണ്ടു. ധാരാളം ടൂറിസ്റ്റുകൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും വന്നവർ. ചരിഞ്ഞ ഗോപുരം വളരെ ദൂരെ നിന്ന് കണ്ടു. അത് ത്താങ്ങി നിർത്തുന്നതായി അഭിനയിച്ചു പോസ് ചെയ്യുന്നവരെ കണ്ടപ്പോൾ രസകരം ആയിതോന്നി. ചിലർ ചെറിയ അരമതിലിൽ കയറിനിന്ന് സർക്കസ് കാട്ടി ചിത്രങ്ങൾ എടുത്തു. മനോഹരം ആയ പിസ കത്തീഡ്രൽ പിൻഭാഗത്താണ് പിസഗോപുരം. ഈ ഗോപുരത്തിന്റെ ആർക്കിറെക്ടുകൾ ആരെന്നത് ഇപ്പോഴും നിഗൂഡമായി തുടരുന്നു.

ടവറിന്റെ അടുത്തേക്ക് ചെല്ലുംതോറും ചരിവ് വ്യക്തമായിതുടങ്ങും. മണിക്കൂറുകൾ കാത്തുനിന്നാലേ അകത്തു കയറാൻ സാധിക്കൂ. തിരികെ ഹോട്ടലിൽ ഏറ്റുമണിക്ക് എങ്കിലും എത്തി ചെരേണ്ടതുണ്ട്. കത്തീഡ്രൽ ചുറ്റും നടന്നുകണ്ടു. ഇതിനകത്ത് ആണ് ഗലീലിയോ തന്റെ പരീക്ഷണങ്ങൾ നടത്തിയതെന്ന് വിശ്വസിക്കുന്നു. രോമുലസിന്റെയും റീമസിന്റെയും പ്രതിമകണ്ടു. അനുവദിക്കപ്പെട്ട സമയം ആയിരിക്കുന്നു. പതുക്കെ നടന്നു ഗ്രൂപ്പിനൊപ്പം ചേർന്നു. ആഫ്രിക്കകാരുടെ തുകൽബാഗുകളെ നോക്കിനടന്നു. ഒന്നോ രണ്ടോ സുവനീറുകൾവാങ്ങി. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുപെൺകുട്ടി ഉച്ചത്തിൽ കരഞ്ഞു വിളിച്ചു. അവളുടെ ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു. കുറച്ചു മുൻപ് ഒരുആൺകുട്ടി അവളെ തട്ടിയിടാൻ നോക്കിയിരുന്നു. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി ആയിരിക്കാം ബാഗ് എടുത്തതെന്ന അനുമാനത്തിൽ എത്തി. തിരികെ മടങ്ങുമ്പോൾ അന്ന് എന്തോ ഉച്ചത്തിൽ ചിരിക്കാറുള്ള പലരും നിശബ്ദർ ആയിരുന്നു. ഞാനും.