മദ്യതൃഷ്ണകള്‍ തേടി ഒരു ഓണക്കാല യാത്ര

മംഗലാപുരം, കുടക്, തമിഴ്നാട് തുടങ്ങി കേരളത്തിന്റെയും ദൂരദേശങ്ങളില്‍ നിന്ന് മദ്യപര്‍ മാഹിയിലേക്ക് എത്തുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം പലയിടത്തായി ഭിക്ഷാടനം നടത്തി മാഹിയിലേക്ക് വന്നു മദ്യപിച്ച് ആഘോഷിക്കുകയും ചെയ്യുന്ന അനേകം പേരെ ഇവിടെ കണ്ടെത്താന്‍ കഴിയും.

മദ്യതൃഷ്ണകള്‍ തേടി ഒരു ഓണക്കാല യാത്ര

കേരളത്തിനകത്തെ അന്യദേശം എന്ന് ഒരൊറ്റ വാക്കില്‍ വിളിക്കാവുന്ന ഒരു ഭൂമി, അതാണ് മയ്യഴി അഥവാ മാഹി. കേരളീയന്റെ തലച്ചോറിലേക്കും കാല്പനികതയിലേക്കും മാഹി കടന്നെത്തിയത് എം മുകുന്ദന്റെ എഴുത്തിലൂടെ ആണ്. ഇതിനപ്പുറത്ത് മാഹിക്ക്, മയ്യഴിക്ക്, ഫ്രഞ്ചുകാരന് ഏറ്റവും പ്രിയപ്പെട്ട ഈ ഇന്ത്യന്‍ മണ്ണിന് മറ്റൊരു വിലാസമുണ്ട്. ആ വിലാസം തേടിയുള്ള ഒരു ഓണക്കാല കൗതുക യാത്രയാണ് ഇത്.

'സാര്‍, അതുതാന്‍ സെരിയാന കടവുളോടെ എടം'

പൊള്ളാച്ചിയില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു ഗ്രാമത്തില്‍ നിന്നുമാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പളനിയപ്പ അതിരാവിലെ എത്തുന്നത്. കഠിനാദ്ധ്വാനിയായ ഒരു കര്‍ഷകനാണ് പളനിയപ്പ. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ഒരു യാത്രയുണ്ടത്രേ പളനിയപ്പക്ക്. തൈപ്പൂസത്തിന് പളനിമലയിലേക്കും യാത്രയുണ്ട്. തനിക്ക് പേര് സമ്മാനിച്ച ദൈവത്തെക്കാണാന്‍ പോകണം. അതുപോലെതന്നെ മറ്റൊരു ആത്മീയത തേടിയാണ് ഇപ്പോഴത്തെ യാത്രയും.


കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മംഗലാപുരത്തിനെ ലക്ഷ്യമാക്കി പുലര്‍ച്ചെ 6:30ന് കുതിപ്പ് തുടങ്ങുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ പളനിയപ്പയുടെ യാത്ര തലശ്ശേരിയില്‍ അവസാനിക്കും. പിന്നെ നേരെ മാഹിയിലേക്ക്. ഒരാഴ്ചയോളം നീളുന്ന ലഹരിയുടെ ആത്മീയ ദിനരാത്രങ്ങള്‍. ഒരു ഓണക്കാലത്ത് തീവണ്ടിമുറിയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു - എന്തുകൊണ്ടാണ് അണ്ണാ, മാഹി? ഉത്തരത്തിന് ഒട്ടും താമസമുണ്ടായില്ല - 'സാര്‍, അതുതാന്‍ സെരിയാന കടവുളോടെ എടം'.

ദൈവം വസിക്കുന്നത് സ്വര്‍ഗ്ഗലോകത്താണെന്നാണ് മതം പഠിപ്പിക്കുന്നത്. സ്വര്‍ഗ്ഗലോകത്തെ മദ്യപ്പുഴകളെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് സെമിറ്റിക് മതങ്ങള്‍ വിശ്വാസികളെ കൊതിപ്പിക്കുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ പളനിയപ്പ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. മാഹി ദൈവത്തിന്റെ നാടാണ്. ഏതു പാവപ്പെട്ടവനും കുടിച്ചുല്ലസിക്കാവുന്ന വീഞ്ഞുപുഴകളാല്‍ സമ്പന്നമായ സ്വര്‍ഗം.

mahe-barവിലക്കുറവിന്റെ മദ്യോത്സവങ്ങള്‍


കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായതിനാല്‍ ഉള്ള നികുതിഘടനയും വിലക്കുറവുമാണ് മാഹിയെ മദ്യപരുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്. മംഗലാപുരം, കുടക്, തമിഴ്നാട് തുടങ്ങി കേരളത്തിന്റെയും ദൂരദേശങ്ങളില്‍ നിന്ന് മദ്യപര്‍ മാഹിയിലേക്ക് എത്തുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം പലയിടത്തായി ഭിക്ഷാടനം നടത്തി മാഹിയിലേക്ക് വന്നു മദ്യപിച്ച് ആഘോഷിക്കുകയും ചെയ്യുന്ന അനേകം പേരെ ഇവിടെ കണ്ടെത്താന്‍ കഴിയും. തിരിച്ചറിയപ്പെടാതെ പോകുന്ന ഇത്തരം ആളുകളുടെ മരണവും പലപ്പോഴും മാഹിയില്‍ തന്നെയാണ്. ഇത്തരത്തിലുള്ള അനേകം കേസുകള്‍ ആണ് മാഹി പോലീസ് ദൈനംദിനം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവര്‍, ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് ഇറക്കപ്പെട്ടവര്‍, അലഞ്ഞു തിരിയേണ്ടി വന്നവര്‍, ഉന്മാദത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ തീര്‍ത്ഥാടനത്തിനിറങ്ങിയവര്‍ അങ്ങനെ പലരും 'അണ്‍ ഐഡന്റിഫൈഡ് ഡെഡ്‌ബോഡികളായി' മാഹിയില്‍ എരിഞ്ഞടങ്ങുന്നു. അങ്ങകലെ വെള്ളിയാംകല്ലില്‍ മദ്യത്തിനായി ദാഹിക്കുന്ന ഒരുപാട്  'അണ്‍ ഐഡന്റിഫൈഡ്' ആത്മാക്കള്‍ തുമ്പികളായി പറക്കുന്നുണ്ടാവണം.

മദ്യനിരോധനം വിജയമെന്ന് പറയുന്നവര്‍ക്ക് മാഹിയിലേക്ക് സുസ്വാഗതം

മദ്യനിരോധനം വിജയമാണെന്ന് വാദിക്കുന്ന ആദര്‍ശവാന്മാര്‍ മാഹിയിലേക്ക് വരിക. 9.5 ച.കിലോമീറ്റര്‍ ചുറ്റളവിലുള്ള മാഹിയില്‍ 67 മദ്യശാലകള്‍ ആണ് ഉള്ളത്. ഇതില്‍ പകുതിയോളം ഇരുന്നു മദ്യപിക്കാവുന്ന ബാറുകള്‍ തന്നെ. ഇവിടെ വില്‍ക്കപ്പെടുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യം കുടിച്ചു വറ്റിക്കുന്നതില്‍ 95%ഉം മദ്യനിരോധനത്തിന്റെ മേന്മ പറയുന്ന ആദര്‍ശധീരന്റെ നാട്ടുകാരായ കേരളീയര്‍ തന്നെ!

വിനീത് ശ്രീനിവാസന്റെ ആദ്യചിത്രമായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍' തലശ്ശേരി നിവാസികളായ യുവകഥാപാത്രങ്ങള്‍ അവരുടെ ആഘോഷങ്ങള്‍ക്കായി എത്തുന്നത് മാഹിയിലാണ്. കേരളത്തിലെ ബാറുകള്‍ അടച്ചതോടെ തലശ്ശേരിയിലെയും കോഴിക്കോട്ടെയും വയനാട്ടിലെയും, തൃശൂരിലെയും ഒക്കെ 'ഇരുന്നടിക്കാന്‍' ഇടം നഷ്ടപ്പെട്ട മധ്യവര്‍ഗക്കാരന്‍ മാഹിയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഓണം പ്രമാണിച്ച് എറണാകുളത്ത് നിന്നും ഗോവയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിച്ച അഞ്ചംഗ സംഘത്തെ മാഹിയില്‍ വച്ച് കണ്ടു. എല്ലാം 30 വയസ്സില്‍ താഴെയുള്ളവര്‍. മാഹിയില്‍ എത്തിയതും യാത്ര അവസാനിപ്പിച്ചു. ഇനി ഗോവയിലേക്ക് ഇല്ലത്രെ. നാല് ദിവസം മാഹിയില്‍ തമ്പടിച്ച് മദ്യപിക്കണം. പിന്നെ ദൈവത്തിന്റെ ജാഡകളേതുമില്ലാതെ മദ്യം കഴിക്കുകയും ഭക്തന്റെ കൈപിടിച്ച് വിശേഷം തിരക്കുകയും ചെയ്യുന്ന മുത്തപ്പന്റെ പറശ്ശിനി മടപ്പുര വരെ ഒന്ന് പോകണം. ഗോവയിലെ ഉല്ലാസ ലഹരിക്കപ്പുറത്ത് മാഹിയിലെ ലഹരിയില്‍ 'എറണാകുളം ബ്രോസ്' എന്തൊക്കെയോ നേടിക്കഴിഞ്ഞെന്നു തോന്നുന്നു.

mahe-policeമദ്യക്കടത്തിന്റെ വീരകഥകള്‍

തച്ചോളി ഒതേനന്റേയും ഉണ്ണിയാര്‍ച്ചയുടെയും തെയ്യങ്ങളുടെയും ഒക്കെ വീരകഥകള്‍ക്കൊപ്പം മാഹിക്ക് ചുറ്റുമുള്ള ജനതക്ക് മാഹിയില്‍ നിന്നും മദ്യം കടത്തി കേരളത്തില്‍ കൊണ്ടുവന്ന് വിറ്റു കാശുണ്ടാക്കി പണക്കാരായവരുടെ കഥകള്‍ കൂടിയാണ്. പണ്ട് തലച്ചുമടായിട്ടായിരുന്നു കൂടുതലും മദ്യം കടത്തിയിരുന്നത്. മാഹി പ്രദേശത്ത് പതിവായി പുല്ലരിയാന്‍ പോവുകയും പുല്ലുകെട്ടിനൊപ്പം മദ്യക്കുപ്പികള്‍ കടത്തിക്കൊണ്ടുവരികയും ചെയ്തിരുന്ന ഒരു സ്ത്രീ പണ്ടുണ്ടായിരുന്നുവത്രെ. വേലിയേറ്റ സമയത്ത് മദ്യക്കുപ്പിയുമായി മാഹിപ്പുഴ നീന്തിക്കടന്ന വീരന്മാര്‍ പോലും ഉണ്ടായിരുന്നത്രെ!

വാമൊഴിയായി പടരുന്ന കഥകള്‍ക്ക് പലതിനും ഒരു മിത്തിന്റെ സ്വഭാവം കൈവന്നിരിക്കുന്നു. യാഥാര്‍ഥ്യത്തിനു മേല്‍ ഭാവനയുടെയും കൂട്ടിപ്പറയലിന്റെയും ഒരു മേലങ്കി. പണ്ട് ബസ്സില്‍ തലശ്ശേരി ഭാഗത്തേക്ക് മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ച സത്യക്രിസ്ത്യാനിയായ ഒരു വല്യമ്മച്ചിയെ ബസ്സില്‍ വച്ച് എക്‌സൈസുകാര്‍ പിടിച്ചിരുന്നെന്നുമുണ്ട് കഥ. മാഹിപ്പള്ളിയില്‍ പോയതാണെന്നും ബാഗില്‍ പച്ചവെള്ളം ആണെന്നും എക്‌സസൈസുകാരോട് വല്യമ്മച്ചി  മറുപടി പറഞ്ഞു. എക്‌സൈസുകാര്‍ ബാഗ് തുറന്നതും ബാഗില്‍ മുഴുവന്‍ ബ്രാണ്ടിയുടെയും വിസ്‌കിയുടെയും കുപ്പികള്‍. ഇതെന്താണെന്ന മട്ടില്‍ വല്യമ്മച്ചിയെ എക്‌സൈസുകാര്‍ നോക്കിയതും വല്യമ്മച്ചി വലിയവായില്‍ നിലവിളിച്ചു - 'ഈശോയെ, അങ്ങുന്നു പച്ചവെള്ളത്തെ വീഞ്ഞാക്കിയെന്ന് കേട്ടിട്ടേയുള്ളൂ, ഇപ്പൊ കാട്ടിത്തന്നല്ലോ '

mahe-barഓണക്കാലത്തെ മദ്യക്കടത്ത് തടയാന്‍ വന്‍ സന്നാഹങ്ങള്‍; അങ്ങോട്ട് ചെന്ന് കുടിക്കാന്‍ തടസ്സമില്ലല്ലോ എന്ന് കുടിയന്മാരും!

ഓണം ലക്ഷ്യമിട്ട് മാഹിയില്‍ കേരളത്തിലേക്ക് മദ്യക്കടത്ത് വര്‍ധിച്ചതോടെ എക്‌സൈസ്-പോലീസ് സംഘങ്ങള്‍ പരിശോധനകള്‍ ശക്തിപ്പെടുത്തി. വാഹനങ്ങളില്‍ രഹസ്യ അറ ഉണ്ടാക്കി മദ്യം കടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ ഇവ കണ്ടെത്താന്‍ പോലീസ് നായയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. മദ്യത്തിന്റെ മണം കണ്ടുപിടിക്കാനുള്ള പ്രത്യേക പരിശീലനം നേടിയ 'രാശി' എന്ന നായയുടെ സഹായത്തോടെ അഴിയൂര്‍ ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന വടകര, തലശ്ശേരി ഭാഗങ്ങളില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഫ്‌ളയിങ് സ്‌ക്വാഡ്, പ്രത്യേക സംഘങ്ങള്‍ എന്നിവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഴിയൂര്‍, ന്യൂ മാഹി ചെക്‌പോസ്റ്റുകളിലും കോപ്പാലം, മാക്കുനി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയതോടെ മദ്യക്കടത്ത് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് എക്‌സൈസ്-പോലീസ് വകുപ്പുകള്‍. മദ്യക്കടത്തുകാര്‍ക്ക് ഈ സന്നാഹങ്ങള്‍ വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും സാധാരണ കുടിയന്‍മാര്‍ക്ക് അതൊരു പ്രശ്‌നമേ അല്ല. 'മാഹിയില്‍ നിന്ന് കൊണ്ടുവരാനല്ലേ നിരോധനമുള്ളൂ, അങ്ങോട്ട് ചെന്ന് കുടിക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലല്ലോ' എന്നാണ് തലശ്ശേരിക്ക് സമീപമുള്ള ഒരാള്‍ പ്രതികരിച്ചത്.

വേണ്ട, ഞങ്ങള്‍ മാഹിക്കാര്‍ക്ക് മദ്യനിരോധനം വേണ്ട!

കേരളത്തില്‍ ബാര്‍ നിരോധനം നടപ്പായ സാഹചര്യത്തില്‍ മാഹിയിലെ മദ്യഷോപ്പുകളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്യ നിരോധന/പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നിരുന്നു. വലിയ പൊതുജന പ്രക്ഷോഭം നടത്തും എന്നൊക്കെ അവകാശവാദങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. കാരണം മറ്റൊന്നുമല്ല. മദ്യപിക്കുന്നവര്‍ തുലോം കുറവാണെങ്കിലും മാഹിക്കാര്‍ക്ക് മദ്യനിരോധനത്തോട് വലിയ താല്‍പ്പര്യം ഇല്ല.

വിവിധ മാഹി സ്വദേശികളോട് സംസാരിച്ചപ്പോള്‍ തന്നെ അക്കാര്യം ബോധ്യമായി. ഫ്രഞ്ച് സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നതിനാല്‍ ആവണം  മദ്യത്തിനെതിരെ അവര്‍ക്കൊന്നും കടുത്ത നിലപാടുകള്‍ ഒന്നും ഇല്ല. മാഹിയുടെ സത്വം മദ്യം ആണെന്ന് പലരും തിരിച്ചറിയുന്നുണ്ട്. അതാണ് മാഹിയുടെ വിലാസം. എന്നോ വീഞ്ഞുണ്ടാക്കി കടന്നുപോയ ഫ്രഞ്ചുകാരുടെ ഭൂതകാലം മാഹി ടൗണിലെ ഓപ്പണ്‍ ടോപ്പ് ഫ്രഞ്ച് ബാറിന്റെ ടെറസില്‍ നിന്നാല്‍ അനുഭവിക്കാം. ആ വിലാസം തേടിയാണ് ധനികനും ദരിദ്രനും എല്ലാം മാഹിയിലേക്ക് ഒഴുകുന്നത്. മാഹിക്ക് വിട, ഇനി നിരോധനത്തെ മറികടക്കുന്ന മദ്യതൃഷ്ണകളുടെ പാലക്കാടന്‍ അതിര്‍ത്തികളിലേക്ക്...

Story by
Read More >>