കാന്‍സര്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും വേണ്ടി കാരുണ്യ ഗ്രാമം പാലക്കാട് ഒരുങ്ങുന്നു

റീജിണല്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് പുനരധിവാസപദ്ധതിയിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള കെട്ടിട നിര്‍മ്മാണത്തിനായി ഓരോ വ്യക്തികളില്‍ നിന്നും ഒരു ഇഷ്ടിക സംഭാവനയായി സ്വീകരിക്കും. ഇതിനായി 'ഡൊണേറ്റ് എ ബ്രിക്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും

കാന്‍സര്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും വേണ്ടി  കാരുണ്യ ഗ്രാമം പാലക്കാട് ഒരുങ്ങുന്നു

പാലക്കാട് : കാന്‍സര്‍ രോഗബാധിതര്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിനായി രാജ്യത്തെ ആദ്യ കാരുണ്യ ഗ്രാമം പാലക്കാട്ട് ഒരുങ്ങുന്നു. കാന്‍സര്‍ രോഗബാധിതര്‍ക്കു വേണ്ടി കേരള വികാസ് കേന്ദ്രം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് രണ്ടേക്കര്‍ ഭൂമിയില്‍ പാലക്കാട്- കോയമ്പത്തൂര്‍ ദേശീയ പാതക്കരികില്‍ പുതുശ്ശേരി പഞ്ചായത്തില്‍ കാരുണ്യഗ്രാമം തയ്യാറാക്കുന്നത്.
40 കുടുംബങ്ങളെ ദത്തെടുത്ത് ഇവിടെ പുനരധിവസിപ്പിക്കും. ഇവര്‍ക്കു വേണ്ടി 40 വീടുകൾ , 25 കിടപ്പുരോഗികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍, ഹെല്‍ത്ത് ക്ലിനിക്ക്, പുനരധിവസിപ്പിക്കപ്പെുന്ന കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെറുകിട വ്യവസായ സംരംഭങ്ങള്‍, മികവിന്റെ പരിശീലന കേന്ദ്രങ്ങള്‍, അഗ്രൊ, ബയോ, പൗള്‍ട്രി, ഗ്യാസ് വേസ്റ്റ് മാനെജ്‌മെന്റ് മുതലയാവ ഉള്‍ക്കൊള്ളുന്ന ഒരു സ്വാശ്രയ ഗ്രാമമെന്ന നിലയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


CNM1

തിരുവനന്തപുരം റീജിയണല്‍കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് പുനരധിവാസപദ്ധതിയിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഏഴുകോടിരൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള കെട്ടിട നിര്‍മ്മാണത്തിനായി ഓരോ വ്യക്തികളില്‍ നിന്നും ഒരു ഇഷ്ടിക സംഭാവനയായി സ്വീകരിക്കും. ഇതിനായി 'ഡൊണേറ്റ് എ ബ്രിക്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും.

കെട്ടിട നിര്‍മ്മാണവേളയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളുടെയും, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെയും സഹകരണം തേടും. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയുടെ ചുറ്റിലുമായി താമസിക്കുന്നവരില്‍ പ്രത്യേകിച്ച് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഈ മേഖലയില്‍തന്നെ പദ്ധതി വിഭാവനം ചെയ്യാന്‍ കാരണമായതെന്ന്  കേരളവികാസ് കേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫൗസിയആസാദ് പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ ചികിത്സക്കൊടുവില്‍ മരണത്തിന് കീഴ്‌പ്പെടുകയും കുടുംബം വഴിയാധാരമാകുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതാണ് പദ്ധതിക്ക് പ്രചോദനമായത്. സുസ്ഥിര പുനരധിവാസ പദ്ധതിയാണ് കാരുണ്യ ഗ്രാമത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി സുരേന്ദ്രജീത്ത് സിംഗ് അലുവാലിയ നിര്‍വഹിക്കും.

Read More >>