വാവര്‍ മുസ്ലീമല്ല എന്ന ശശികലയുടെ പ്രസ്താവനയിൽ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അസ്വസ്ഥരാണെന്ന് രാഹുല്‍ ഈശ്വര്‍

വാവര്‍ കേരളത്തിന്റെ പൊതുപൈതൃകവും ചരിത്രസത്യവുമാണ്. ശശികല ടീച്ചറോടുള്ള ആദരവും ബഹുമാനവും വെച്ചുതന്നെ പറയട്ടെ, അവര്‍ വാവരെ നിഷേധിക്കുന്നത് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാകാം- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വാവര്‍ മുസ്ലീമല്ല എന്ന ശശികലയുടെ പ്രസ്താവനയിൽ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അസ്വസ്ഥരാണെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്ര ഐതീഹ്യത്തില്‍ അയ്യപ്പന്റെ സുഹൃത്തായി അറിയപ്പെടുന്ന വാവര്‍ മുസ്ലീമല്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ രംഗത്ത്. വാവര്‍ എന്ന പേരിലറിയപ്പെടുന്ന ബാബര്‍ മുസ്ലീം കുടുംബാംഗം തന്നെയാണെന്നും അത് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഉണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല അയ്യപ്പനാണ് സന്നിധാനത്ത് വാവര്‍ക്ക് ഇരിക്കുവാനുള്ള ഇടം നല്‍കിയതെന്നുള്ള രാജകൊട്ടാരത്തിലെ ചെമ്പ് ഫലകം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇന്നും ലഭ്യമാണെന്നും അദ്ദേഹം നാരദാ ന്യൂസിനോട് പറഞ്ഞു.


പാത്തുമ്മയുടെയും സെയ്താലിയുടെയും മകനായ വാവര്‍ ഇസ്ലാം മത വിശ്വാസിയല്ല എന്നു പറഞ്ഞാല്‍ അത് തികച്ചും തെറ്റാണ്. ഇക്കാര്യങ്ങളൊക്കെ കോടതിയും സര്‍ക്കാരും അംഗീകരിച്ച കാര്യങ്ങളാണ്. 1950 ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര്‍ ശങ്കരര്‍ ഇത് ശരിവച്ചിരുന്നു. വാവര്‍ കേരളത്തിന്റെ പൊതുപൈതൃകവും ചരിത്രസത്യവുമാണ്. ശശികല ടീച്ചറോടുള്ള ആദരവും ബഹുമാനവും വെച്ചുതന്നെ പറയട്ടെ, അവര്‍ വാവരെ നിഷേധിക്കുന്നത് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാകാം- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്‍ ഹിന്ദുഐക്യവേദിയുടെ അധ്യക്ഷനായിരിക്കുന്ന സമയത്ത് എരുമേലി വാവരുപള്ളിയിലെ മൗലവിയേയും പള്ളിയുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളെയും വിളിച്ച് ആദരിച്ചിരുന്നു. ഹിന്ദു ഐക്യവേദിയുടെ പരിപാടിക്കാണ് ഈ ആദരിക്കല്‍ നടന്നത്. ഇതിന്റെ ഫോട്ടോയും മറ്റും ഇന്നും തെളിവായി നില്‍ക്കുന്നുണ്ട്. അക്കാര്യം കൊണ്ടുതന്നെയാണ് ശശികല ടീച്ചറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പാലക്കാട്കാരിയായ ശശികല ടീച്ചര്‍ക്ക് ഒരു പക്ഷേ തിരുവിതാംകൂറിലെ കാര്യങ്ങളെപ്പറ്റിയുള്ള ബോധ്യക്കുറവുള്ളതും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തായാലും ശശികലടീച്ചറുടെ ഈ പ്രസ്താവന വന്നതോടെ എരുമേലിയിലുള്ള തന്റെ ഹിന്ദു സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്തരാണ്. അവര്‍ എന്നും കാണുന്നതും സന്ദര്‍ശിക്കുന്നതുമായ ഒന്നാണ് വാവരുപള്ളിയും അവിടുത്തെ രീതികളും. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ കാര്യം കൂടിയാണ്. ഇന്ന് വാവര്‍ മുസ്ലീമല്ല എന്നു പറയുന്നത് നാളെ എപിജെ അബ്ദുള്‍കലാം മുസ്ലീമല്ല എന്നു പറയുന്നതുപോലെയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Read More >>