നെഞ്ചു പൊട്ടുന്ന വിധി: പെണ്ണിന്റെ മാനത്തിന്റെ വില പ്രതിയുടെ എഴുവര്‍ഷമോ? വേദന മറച്ചു വെക്കാന്‍ കഴിയാതെ പൊതുസമൂഹം

നെഞ്ചു പൊട്ടുന്ന വിധിയെന്നായിരുന്നു സൗമ്യയുടെ അമ്മ സുമതിയുടെ വിധി കേട്ടു കഴിഞ്ഞതിനു ശേഷമുളള പ്രതികരണം. സൗമ്യയ്ക്ക് നീതി കിട്ടിയില്ല. വാദിക്കാന്‍ അറിയാത്ത വക്കീലിനെ വെച്ചാണ് കേസ് ഈ നിലയിലാക്കിയത്. ഒന്നുമറിയാത്ത വക്കീലിനെ കേസ് ഏല്‍പ്പിച്ചതാണ് പരാജയത്തിനു കാരണം.

നെഞ്ചു പൊട്ടുന്ന വിധി: പെണ്ണിന്റെ മാനത്തിന്റെ വില പ്രതിയുടെ എഴുവര്‍ഷമോ? വേദന മറച്ചു വെക്കാന്‍ കഴിയാതെ പൊതുസമൂഹം

കൊച്ചി: നെഞ്ചു പൊട്ടുന്ന വിധിയെന്നായിരുന്നു സൗമ്യയുടെ അമ്മ സുമതിയുടെ വിധി കേട്ടു കഴിഞ്ഞതിനു ശേഷമുള്ള പ്രതികരണം.

സൗമ്യയ്ക്ക് നീതി കിട്ടിയില്ല. വാദിക്കാന്‍ അറിയാത്ത വക്കീലിനെ വെച്ചാണ് കേസ് ഈ നിലയിലാക്കിയത്. ഒന്നുമറിയാത്ത വക്കീലിനെ കേസ് ഏല്‍പ്പിച്ചതാണ് പരാജയത്തിനു കാരണം. ഹൈക്കോടതിയിലും കീഴ്‌കോടതിലും വാദിച്ച വക്കീലിനെ മാറ്റിയതാണ് തിരിച്ചടിയായത്. സര്‍ക്കാരിന്റെ വീഴ്ചയാണിത്. ഇത്രയ്ക്കും തെളിവുണ്ടായിട്ടും കൊലയാളിയെ വെറുതെ വിട്ടതാണ്.

അവളുടെ നഖത്തിനുളളില്‍ നിന്ന് അവന്റെ തൊലി ലഭിച്ചില്ലേ.. അവന്റെ പിന്നില്‍ ആരോ ഉണ്ട്. എന്തു കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ഇങ്ങനെ ഒരു വിധിയുണ്ടായി. ഇനിയും ഒരുപാട് സൗമ്യമാര്‍ ഉണ്ടാകും. ഗോവിന്ദചാമിക്ക് തൂക്കുകയര്‍ ഇല്ലല്ലോ.... ജീവപര്യന്തം പോലുമില്ല.

നിയമത്തിന്റെ സാങ്കേതികത്വത്തില്‍ മാത്രം ഊന്നിയുളള ഇത്തരം വിധിന്യായം ആ അമ്മ മനസിന് ഇതു വരെ ഉള്‍കൊളളാന്‍ കഴിഞ്ഞിട്ടുമില്ല.. ഈ വാക്കുകള്‍ ചെന്ന് പതിക്കുന്നത് നിരവധി അമ്മമാരുടെ നെഞ്ചിലാണ് പെണ്‍മക്കളെ നെഞ്ചോട് ചേര്‍ക്കുന്ന നിരവധി അമ്മമാരുടെ നെഞ്ചില്‍.

01_tvki_govindhacha_822690f

സൗമ്യയുടെ അമ്മയ്‌ക്കൊപ്പം കേരളവും പ്രതികരിക്കുന്നു. ചങ്കു പൊട്ടുന്ന വിധിയാണിത്. പെണ്‍മക്കളുള്ള അമ്മമാരുടെ ചങ്ക് പൊളിക്കുന്ന വിധി. സാങ്കേതികത്വത്തില്‍ മാത്രം ഊന്നിയുളള ഇത്തരം വിധികളിലൂടെ എങ്ങനെയാണ് സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ സാധിക്കുകയെന്ന് സ്ത്രീജനങ്ങള്‍ പരിഭവിക്കുന്നു. സര്‍ക്കാര്‍ മാറിയതും ഭരണം  മാറിയപ്പോള്‍ വക്കീലിനെ മാറ്റിയതും ഒന്നും അറിഞ്ഞില്ല. സുപ്രീം കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ ശരീരം തളരുന്ന അവസ്ഥയിലാണെന്നും സുമതി പറയുന്നു.

തെളിവുണ്ടോ എന്ന് പരമോന്നത നീതിപീഠം ചോദിക്കുമ്പോള്‍,  തെളിവുണ്ട്,  അത് ഹാജാരാക്കാന്‍ കൂടുതല്‍ സമയം പോലും ചോദിക്കാന്‍ പറ്റാത്ത വക്കീലന്‍മാരെ വെച്ചാണ് സര്‍ക്കാര്‍ കേസ് വാദിച്ചതെന്ന കെപിസിസി അധ്യക്ഷന്റെ വാദത്തെ പൂര്‍ണമായും സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ വിധി തെറ്റായ സന്ദേശമാണ് നല്‍കുക. നിയമവാഴ്ചയില്‍ തന്നെ സാധാരണക്കാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാകും ഇത്തരം വിധിന്യായങ്ങളെന്ന് വിഎം സുധീരന്‍ പറഞ്ഞു വെക്കുന്നു.

സൗമ്യ വധക്കേസില്‍ സ്ത്രീകളിലും കുടുംബങ്ങളിലും ഞെട്ടലുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വിധിയാണിത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. ഗോവിന്ദച്ചാമിമാര്‍ വിഹരിക്കാന്‍ സാധ്യതയുള്ള സമൂഹമായി നമ്മുടെ സമൂഹം മാറാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. കേന്ദ്ര സര്‍ക്കാരും ഇടപെടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അപ്പീല്‍ പരിഗണിക്കവെ കൊലപാതകത്തിന് കോടതി തെളിവുകള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിധി എന്തായിരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തത ലഭിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്.

സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. സൗമ്യ ബലാത്സംഗത്തിന് ഇരയായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി തന്നെ നിരീക്ഷിട്ടും കൊലപാതകം തെളിയിക്കാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ചയായി. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂര്‍ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദച്ചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നായിരുന്നു ഇദ്ദേഹം നേരത്തെ കോടതിയില്‍ വാദിച്ചിരുന്നത്. സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സംഗമായി ചിത്രീകരിച്ച് ഗോവിന്ദച്ചാമിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

Read More >>