കൊച്ചിക്കാരെ വിഷം കുടിപ്പിച്ചു കൊല്ലാന്‍ സിഎംആര്‍എല്‍; പെരിയാറിലേക്ക് ഒഴുക്കി വിടുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ രാസമാലിന്യം; പെരിയാര്‍ ചുവന്നൊഴുകിയിട്ടും അനക്കമില്ലാതെ മലിനീകരണ നിയന്

ഇന്നലെ രാത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും മാലിന്യമൊഴുക്കുന്നതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു

കൊച്ചിക്കാരെ വിഷം കുടിപ്പിച്ചു കൊല്ലാന്‍ സിഎംആര്‍എല്‍; പെരിയാറിലേക്ക് ഒഴുക്കി വിടുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ രാസമാലിന്യം; പെരിയാര്‍ ചുവന്നൊഴുകിയിട്ടും അനക്കമില്ലാതെ മലിനീകരണ നിയന്

കൊച്ചി:  കരിമണല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായി ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ കമ്പനി പെരിയാറിലേക്കൊഴുക്കുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ രാസവിഷമാലിന്യം. ഇടയാറിലെ സിഎംആര്‍എല്‍ കമ്പനിയുടെ ഔട്ട്‌ലെറ്റിലൂടെയാണു രാസവിഷമാലിന്യം പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. അയണ്‍ അടങ്ങിയ ഫെറസ് ക്ലോറൈഡ് കലര്‍ന്ന മാലിന്യമാണു കമ്പനി പുഴയിലേക്ക് തള്ളുന്നത്. ഇന്നലെ രാത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും മാലിന്യമൊഴുക്കുന്നതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. മുമ്പു നിരവധി തവണ പെരിയാര്‍ ചുവന്നൊഴുകിയിട്ടും, മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടും വിഷവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കഴിഞ്ഞിരുന്നില്ല.
(ഇന്നലെ രാത്രി പരിസ്ഥിതി പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ )

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സാംപിള്‍ ശേഖരിച്ചു പോയതല്ലാതെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ വൈകുകയാണ്. ഏലൂര്‍ എൻവയോൺമെന്റ് സര്‍വേലെയ്ന്‍സ് സെന്റര്‍ എഞ്ചിനീയർ ത്രിദീപ്കുമാറിനോട് ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ തണുപ്പന്‍ പ്രതികരണമാണു ലഭിച്ചത്. ചെയര്‍മാനും ചീഫ് എഞ്ചിനീയര്‍ക്കും റിപ്പോര്‍ട്ടു നല്‍കിയെന്നായിരുന്നു മറപടി. ഒന്നുമറിയില്ലെന്നു മലിനീകരണ നിയന്ത്രബോര്‍ഡ് ചെയര്‍മാന്‍ ഇ സജീവനും, ഒരു റിപ്പോര്‍ട്ടും കിട്ടിയില്ലെന്നു ചീഫ് എഞ്ചിനീയറും പറഞ്ഞു.

ചുവന്നൊഴുകുന്ന പെരിയാര്‍


1997 മുതല്‍ പെരിയാര്‍ ചുവന്നൊഴുകുന്നതു പതിവു സംഭവമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ കഴിഞ്ഞ മാസം 18 വരെ ഏഴു കിലോമീറ്ററോളം ദൂരത്തില്‍ 23 തവണ പെരിയാര്‍ ചുവന്നൊഴുകി. ഇതിനു ശേഷമുള്ള ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി പുഴ നിറം മാറിയൊഴുകുകയാണ്. വിഷമാലിന്യത്തിലുള്ള  ഫെറസ് ക്ലോറൈഡും വെള്ളത്തിലെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണു ജലത്തിന്റെ നിറം മാറുന്നത്. ഇല്‍മനൈറ്റ് സംസ്‌കരിച്ച് സിന്തറ്റിക് റൂട്ടെയ്ല്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നങ്ങളാണ് ഫെറിക് ക്ലോറൈഡും ഫെറസ് ക്ലോറൈഡും. ഇങ്ങനെ കെട്ടിക്കിടക്കുന്ന ഫെറസ് ക്ലോറൈഡാണ് വന്‍ തോതില്‍ പുഴയിലേക്കൊഴുക്കി വിടുന്നത്.

[caption id="attachment_44991" align="aligncenter" width="852"]8 വരാപ്പുഴ പാലത്തിനു മുകളില്‍ നിന്നെടുത്ത ചിത്രം.(ഫയല്‍)[/caption]

ഫെറസ് ക്ലോറൈഡിന്റെ പിഎച്ച് മൂല്യം 3.5 ആണ്. ആസിഡ് കലര്‍ന്നിട്ടുള്ളതിനാല്‍ ജലത്തിലെ സൂക്ഷ്മജീവികളെ ഇതു വേഗത്തില്‍ നശിപ്പിക്കും. എന്നാല്‍ സ്ലോ പോയ്‌സണ്‍ ആയതിനാല്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ളവ അത്ര വേഗം ചത്തൊടുങ്ങില്ല. പത്തു വര്‍ഷത്തോളമായി വന്‍തോതില്‍ മാലിന്യം കലരുന്നതിനാല്‍ ഈയടുത്തു നിരവധി മത്സ്യങ്ങല്‍ പെരിയാറില്‍ ചത്തു പൊങ്ങിയതു വാര്‍ത്തയായിരുന്നു.

[caption id="attachment_44992" align="alignleft" width="331"]6 പെരിയാറില്‍ ചത്തു പൊങ്ങിയ മത്സ്യങ്ങള്‍[/caption]

കൊച്ചിന്‍ സര്‍വ്വകലാശാലയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി എന്നിവയുടേതുള്‍പ്പെടെ പെരിയാറിലെ മാലിന്യത്തെക്കുറിച്ച് നൂറോളം പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. പെരിയാറിന്റെ ആവാസ വ്യവസ്ഥ തകര്‍ന്നെന്നു  ചൂണ്ടിക്കാണിക്കുന്നവയായിരുന്നു അവയെല്ലാം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലും പെരിയാറിലേക്കു നേരിട്ട് മാലിന്യമൊഴുക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നിട്ടും ഉന്നത സ്വാധീനമുള്ള കമ്പനിയെ തൊടാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.

കുടിവെള്ളത്തില്‍ വിഷം കലരുമ്പോള്‍

പെരിയാറില്‍ നിന്നു പമ്പ് ചെയ്‌തെടുക്കുന്ന ജലമാണ് എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 80 ശതമാനം ജലവും ശുദ്ധീകരിക്കുന്നത് ആലുവയില്‍ നിന്നാണ്.  ആറ്റുമണല്‍ ബെഡിലേക്ക്(SAND FILTER) വെള്ളം കടത്തിവിട്ടു ക്ലോറിനേറ്റ് ചെയ്താണു ശുദ്ധീകരണം. വെള്ളത്തില്‍ ലയിക്കുന്ന രാസവസ്തുക്കള്‍ ശുദ്ധീകരണ പ്രക്രിയയില്‍ അരിച്ചുമാറ്റന്‍ കഴിയില്ല. അതിനാല്‍ ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ കലരാനുള്ള സാധ്യത ഏറെയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ പറയുന്നു.  ലെഡ്, കാഡ്മിയം, കോപ്പര്‍ തുടങ്ങിയ വിഷവസ്തുക്കളും പുഴയിലേക്കൊഴുക്കുന്ന മാലിന്യത്തിലുണ്ട്. ഇത് അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്ത വെള്ളത്തില്‍ ഉപ്പുരുചി അനുഭവപ്പെട്ടിരുന്നു. ശുദ്ധീകരിച്ച ശേഷവും കുടിവെള്ളത്തില്‍ ഉപ്പു കലര്‍ന്നിട്ടുണ്ടെങ്കില്‍ രാസവസ്തുക്കള്‍ വെള്ളത്തില്‍ ലയിക്കാനും എളുപ്പമാണ്.

മാറ്റമുണ്ടാകേണ്ടതു തലപ്പത്ത്

1990 മുതല്‍ പെരിയാര്‍ ചുവന്നൊഴുകുന്നതു അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ കൂടിയായ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ ആവശ്യം. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് പരാതിയും സമിതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഐടി പാര്‍ക്കുകളുടേയും വ്യവസായങ്ങളുടേയും പേരില്‍ അഭിമാനിക്കുന്നവര്‍ കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തെപ്പറ്റിയും ചിന്തിക്കണമെന്നു പുരുഷന്‍ ഏലൂര്‍ പറയുന്നു.

Read More >>