വിഷപ്പുക തുപ്പി രണ്ട് ഇരുമ്പുരുക്കു കമ്പനികൾ; ഒരു സമരപ്പന്തലിൽ മാത്രമെത്തിയ വിഎസിന്റെ സന്ദർശനം പാലക്കാട് സിപിഐഎമ്മിൽ വിവാദമാകുന്നു

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ വി എസ് കഴിഞ്ഞ ദിവസം 'ഇമേജ് ' സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഇരുമ്പുരുക്കു കമ്പനികള്‍ വിഎസ് സന്ദർശിച്ചില്ല. ഇതു പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണു വഴി വെച്ചിരിക്കുന്നത്.

വിഷപ്പുക തുപ്പി രണ്ട് ഇരുമ്പുരുക്കു കമ്പനികൾ; ഒരു സമരപ്പന്തലിൽ മാത്രമെത്തിയ വിഎസിന്റെ സന്ദർശനം പാലക്കാട് സിപിഐഎമ്മിൽ  വിവാദമാകുന്നു

പാലക്കാട്: പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി ശരിയാണെന്നു പുതുശേരി പഞ്ചായത്തിലെ കറുത്ത വിഷപ്പുകയില്‍ മൂടിയ കുറെ ജീവിതങ്ങള്‍ കണ്ടാല്‍ മനസിലാകും. ഇരുമ്പുരുക്കു കമ്പനികള്‍ സ്ഥിതി ചെയ്യുന്ന പുതുശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ 220 വീടുകളില്‍  32 ലേറെ കാന്‍സര്‍ രോഗികളാണുള്ളത്. ഒരു വാര്‍ഡിന്റെ മൂന്നിലൊന്നു പ്രദേശത്തു മാത്രം പരിസ്ഥിതി സംഘടന നടത്തിയ സര്‍വെ പ്രകാരമുള്ള കണക്കാണിത്. ശ്വാസകോശ കാന്‍സര്‍ ബാധിച്ചവരാണ് ഭൂരിഭാഗം പേരും. 42 ലേറെ പേര്‍ രോഗത്തിനു കീഴടങ്ങി ജീവിതത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞു.  അടുത്ത ബന്ധുക്കളിൽ നിന്നും രോഗവിവരം  മറച്ചു വെച്ച്, ചികിത്സ പോലും തേടാത്ത കുറേ പേര്‍ വേറെയുമുണ്ട്.


കാൻസറിനു കാരണം ഇരുമ്പുരുക്കു കമ്പനികളാണെന്നതിനുള്ള തെളിവുകളാകും സർവെ പൂർത്തിയാക്കിയാൽ ലഭിക്കുക.  അതിനാൽ സർവെ പോലും  ചിലരുടെ എതിർപ്പു മൂലം നിർത്തി വെക്കേണ്ടി വന്നു. ഒരു ലൈസന്‍സും ഇല്ലാതെയാണ് ഈ ഇരുമ്പുരുക്ക് കമ്പനികള്‍ കഴിഞ്ഞ 22 വർഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഈ പഞ്ചായത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന 'ഇമേജ്' ആശുപത്രിയിലെ  മാലിന്യ സംസ്‌കരണ പ്ലാന്റും സമാനമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമുള്ള ആശുപത്രി മാലിന്യം 'ഇമേജി'ലാണ് സംസ്‌ക്കരിക്കുന്നത്. മലമ്പുഴ ഡാമിനടുത്തായി സ്ഥിതി ചെയ്യുന്ന കമ്പനി രണ്ടു ലക്ഷത്തിലധികം പേരുടെ കുടിവെള്ള സ്രോതസായ മലമ്പുഴയെ പൂർണമായി മലിനമാക്കി. ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിക്കഴിഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇരുമ്പുരുക്കു കമ്പനികളും 'ഇമേജും' നടത്തുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുമ്പോഴാണു സിപിഐഎം വിട്ട ചിലർ കമ്പനികള്‍ക്കെതിരെ സമര പരിപാടികളുമായി രംഗത്തു വരുന്നത്. സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ബാലമുരളിയാണു പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍.  പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ വി എസ് കഴിഞ്ഞ ദിവസം 'ഇമേജ് ' സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല മാലിന്യ സംസ്കരണ പ്ലാന്റ്  അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഇരുമ്പുരുക്കു കമ്പനികള്‍ വിഎസ് സന്ദർശിച്ചില്ല. ഇതു പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണു വഴി വെച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ ലോക്കല്‍-ഏരിയാ കമ്മിറ്റികളെ കൂടി അറിയിക്കാതെയായിരുന്നു വിഎസിന്റെ സന്ദർശനം. 'ഇമേജ' അടച്ചു പൂട്ടണമെന്നതു പാര്‍ട്ടിയുടെ നിലപാടിന് എതിരാണ്. ഇതിനു വിരുദ്ധമായ നിലപാടു സ്വീകരിച്ചാണു 'പാര്‍ട്ടി വിരുദ്ധര്‍' നടത്തിയ സമരത്തിനു പിന്തുണയുമായി വിഎസ് എത്തിയത്. പാര്‍ട്ടി രീതിയനുസരിച്ചു കീഴ്ഘടകത്തിന്റെ നിലപാടു കൂടി അറിഞ്ഞു വേണം പ്രശ്‌നങ്ങളിലിടപെടാന്‍ എന്നിരിക്കെ വിഎസിന്റെ സന്ദശനം പുതുശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ ചർച്ചയായിരുന്നു.

'ഇമേജിനെതിരെ' ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചില സംഘടനകള്‍ ഇമേജിനെതിരെ സമരം പ്രഖ്യാപിക്കുകയും ചെയ്ത അവസരത്തിലാണ് വി എസിന് അവിടെ പോകേണ്ടി വന്നതെന്നാണു വി എസുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇരുമ്പുരുക്കു കമ്പനികളിൽ കൂടി വിഎസ് സന്ദർശനം നടത്തുമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീടു തീരുമാനം  മാറ്റുകയായിരുന്നു. ഇരുമ്പുരുക്കു കമ്പനികള്‍ക്ക് എതിരേയും ശക്തമായ സമരം നടത്തുന്നതു  സിപിഐഎം വിട്ടവർ തന്നെയാണ്. 'ഇമേജ്' സന്ദര്‍ശിച്ച ശേഷം പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പുള്ളതിനാലാണു വി എസിന് ഇരുമ്പുരുക്കു കമ്പനികള്‍ സന്ദര്‍ശിക്കാന്‍ കഴിയാതെ പോയതെന്നു പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.
പുതുശേരി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഒരു വളപ്പിനകത്താണ് 'പാരഗണ്‍','എസ്എംഎം' എന്നീ  ഇരുമ്പുരുക്കു കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു പേരിലാണെങ്കിലും രണ്ടും ഒരs മാനേജ്‌മെന്റിന്റെ കീഴിലാണ്. ഈ പഞ്ചായത്തില്‍ നേരത്തെ 42 ൽ അധികം  കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇതിൽ  12 എണ്ണം അടച്ചു പൂട്ടി.

IM9

ഈ രണ്ടു കമ്പനികൾ ഒഴികെ ബാക്കിയെല്ലാം ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. വലിയ തോതിലുള്ള വിഷപ്പുകയാണ് ഈ കമ്പനികളില്‍ നിന്നു പുറത്തു വിടുന്നത്. വായുവില്‍ കലരുന്ന പുക നാലഞ്ചു കിലോമീറ്റര്‍ ദൂരത്തേക്കു വ്യാപിക്കാറുണ്ട്. ജനവാസ മേഖലയില്‍ യാതൊരു വിധ ലൈസന്‍സും ഇല്ലാതെയാണ് പാരഗണും എസ് എം എം കമ്പനിയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. മലിനീകരണ നിയന്ത്രണ സംവിധാനം ഈ കമ്പനികളിലില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

രാത്രി കാലങ്ങളിലാണു ഒരു നിയന്ത്രണവുമില്ലാതെ പുക പുറത്തു വിടുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ് എം എം എന്ന കമ്പനിക്കു പേരിനു പോലും ഒരു ലൈസന്‍സില്ല. പാരഗണിനാണെങ്കില്‍ പഞ്ചായത്ത് ലൈസന്‍സ് ഉണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം ഉണ്ടെങ്കിലെ പഞ്ചായത്തിനു ലൈസന്‍സ് കൊടുക്കാന്‍ കഴിയൂ. ഈ ചട്ടം മറികടന്നാണു പഞ്ചായത്ത് പാരഗണിനു ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

IMAGEEE
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതലാണു ഇരുമ്പുരുക്കു കമ്പനികള്‍ക്കെതിരെ ജനങ്ങള്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ബോധവല്‍കരണ ക്ലാസ്സുകള്‍, വായ മൂടിക്കെട്ടി സമരം, കിണ്ണം കൊട്ടി സമരം, ഇരകളുടെ പാര്‍ലിമെന്റ്, കലക്ട്രേറ്റ് മാര്‍ച്ച് തുടങ്ങിയ സമരങ്ങളായിരുന്നു നടത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കമ്പനികള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനു വന്നിട്ടില്ല. സമരത്തെ തുടർന്നു പുതുശേരി പഞ്ചായത്ത് രണ്ടു കമ്പനികള്‍ക്കും സ്റ്റോപ്പ് മെമ്മോയും, ഷോക്കോസ് നോട്ടീസും നൽകി. എന്നാൽ ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

pk1

pk2

pk3

കമ്പനി അറ്റകുറ്റ പണിക്കു വേണ്ടി അടച്ചിട്ട ദിവസമാണു ചിമ്മിനി വഴി പുറത്തേക്കു വിടുന്ന പുകയുടെ അളവെടുക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും  ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതു  വലിയ പ്രതിഷേധത്തിനു കാരണമായി.  ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ കമ്പനിക്കകത്തു പൂട്ടിയിട്ടു.  പോലീസെത്തിയാണു ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരും കമ്പനി മാനേജ്മെന്റും  തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നാണു പ്രതിഷേധക്കാർ പറയുന്നത്.
വിഷപുകയില്‍ നീറുന്ന കുറെ പേരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ വി എസ് വരുമെന്നാണു കരുതിയിരുന്നതെങ്കിലും അതുണ്ടാകാതെ പോയതാണു വീണ്ടും ചര്‍ച്ചകള്‍ക്കു വഴി വെച്ചത്. പ്രശ്നങ്ങളുടെ വ്യാപ്തി വി എസ് അറിഞ്ഞിട്ടില്ലെന്നും അതാണു വരാതിരിക്കാന്‍ കാരണമായതെന്നും ഒരു വിഭാഗം നാട്ടുകാര്‍ കരുതുന്നുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചാണു വിഎസ് സന്ദർശനം റദ്ദാക്കിയതെന്നു വിശ്വസിക്കുന്നവരുമുണ്ട്. സമയക്കുറവു മൂലമാണ് വിഎസ് ഇരുമ്പുരുക്കു കമ്പനി സന്ദർശിക്കാതിരുന്നതെന്നാണു വി എസുമായി ബന്ധപ്പെട്ടവര്‍ നൽകുന്ന വിശദീകരണം.