'പ്രോജക്ട് ലൈഫ് 2016'ന് കേരളപ്പിറവി ദിനത്തില്‍ തുടക്കം

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുടെ സമ്പൂര്‍ണ പുനരധിവാസം പദ്ധതിയിലൂടെ നടപ്പാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് വച്ചുനല്‍കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ 'പ്രോജക്ട് ലൈഫ് 2016'ന് കേരളപ്പിറവി ദിനത്തില്‍ തുടക്കം. സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന ഭൂരഹിത- ഭവനരഹിത കുടുംബങ്ങളുടെ സമ്പൂര്‍ണ പുനരധിവാസം പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.

ആദ്യ ഘട്ടത്തില്‍ 6000 കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തോളം സമയം ഇതിന് വേണ്ടിവരുമെന്നാണ് നിഗമനം. തൊട്ടുപിന്നാലെ അഞ്ചു വര്‍ഷത്തോളം നീളുന്ന രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന എല്ലാ ഭൂരഹിതരുടേയും പുരധിവാസം നടപ്പിലാക്കും. ഇത്രയും കുടുംബങ്ങള്‍ക്ക് 3 സെന്റ്‌ എന്ന ക്രമത്തില്‍ വീട് വച്ചുനല്‍കാന്‍ ഏക്കര്‍കണക്കിന് ഭൂമി ആവശ്യമായി വരുമെന്നതിനാല്‍ ഹൗസിംഗ് കോംപ്ലക്സുകളാണ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.


തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും സംയുക്ത സംരംഭമാണ് പ്രോജക്റ്റ് ലൈഫ് 2016. പദ്ധതിക്ക് ഫണ്ട്‌ കണ്ടെത്താനായി കോര്‍പറേറ്റ് കമ്പനികളുടെയും വിദേശ മലയാളികളുടെയും എന്‍ജിഓകളുടെയും സഹായം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.