പ്രിയനും ലിസിയും വേര്‍പിരിഞ്ഞു

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനുശേഷം 2014-ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്

പ്രിയനും ലിസിയും വേര്‍പിരിഞ്ഞു

ചെന്നൈ: ചലച്ചിത്ര ദമ്പതിമാരായ പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. ഇതോടുകൂടി പ്രിയദര്‍ശനെതിരെ ലിസി നല്‍കിയിരുന്ന ഗാര്‍ഹിക പീഡന കേസും പിന്‍വലിച്ചു.

കുറച്ചുകാലമായി വേറിട്ട് താമസിക്കുകയായിരുന്ന ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് നേരത്തെ തന്നെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 1990-ലാണ് ലിസിയും പ്രിയനും വിവാഹിതരായത്. 24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനുശേഷം 2014-ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്താണ്.


ഇവര്‍ തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്കത്തിന് നേരത്തെ ജസ്റ്റിസ് കെ.കെ. ശശിധരന്‍ രമ്യമായ പരിഹാരം കണ്ടിരുന്നു.  ധാരണ പ്രകാരം ചെന്നൈ നുങ്കമ്പക്കം ലേക്ക് ഏരിയയിലെ ഗുഡ്‌ലക്ക് പ്രിവ്യു തിയേറ്റര്‍ (ഫോര്‍ ഫ്രെയിംസ്) ലിസിക്ക് ലഭിക്കും. അതേസമയം ഫോര്‍ഫ്രെയിംസ് മിക്‌സിങ് സ്റ്റുഡിയോ പ്രിയദര്‍ശന് ലഭിക്കും.

ചെന്നൈ നുങ്കമ്പക്കം വീരഭദ്ര അയ്യര്‍ സ്ട്രീറ്റിലെ വീടിന്റെ അവകാശം പൂര്‍ണമായും പ്രിയദര്‍ശനാണ്. സിംഗപ്പൂരില്‍ ഇരുവരുടെയും പേരിലുള്ള വസ്തു വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക തുല്യമായി ഭാഗിക്കും. ആറ് കോടി രൂപ മതിക്കുന്ന വസ്തുവാണിത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ദേവ പ്രൊജക്റ്റ് ലിമിറ്റഡിന്റെ ഫ്‌ളാറ്റ് ലിസിക്ക് കൈമാറാമെന്ന് പ്രിയന്‍ സമ്മതിച്ചു. ഈ ഫ്‌ളാറ്റിന്റെ നിര്‍മാതാവിന് നല്‍കാന്‍ ബാക്കിയുള്ള തുക ലിസിയായിരിക്കും നല്‍കുക. തിരുവനന്തപുരം ഗ്രാന്‍ഡ് മോട്ടോഴ്‌സ് സെയില്‍സ് കോര്‍പ്പറേഷനില്‍ തനിക്കുള്ള ഓഹരികള്‍ നിരുപാധികം ലിസിക്ക് കൈമാറാനും പ്രിയന്‍ സമ്മതിച്ചു.

ഇരുവരും ചേര്‍ന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ഇപ്പോള്‍ ലിസിയുടെ കൈവശമാണ്. ഇത് തുടര്‍ന്നും ലിസിക്കുതന്നെ സൂക്ഷിക്കാനാവും. തനിക്കവകാശപ്പെട്ട സ്വര്‍ണം മകള്‍ക്ക് നല്‍കണമെന്ന് പ്രിയന്‍ ആവശ്യപ്പെട്ടു. മകളുടെ കല്യാണത്തിന് എത്ര സ്വര്‍ണം വേണ്ടിവരുമോ അതത്രയും മകള്‍ക്ക് നല്‍കുമെന്ന് ലിസി പറഞ്ഞു.