ഓണമെത്തിയപ്പോൾ കൊള്ളലാഭം കൊയ്തു കച്ചവടക്കാര്‍

സാധനങ്ങള്‍ക്കൊന്നും കൃത്യമായ വിലയില്ല. ഒരേ സാധനത്തിനുതന്നെ പല വില. അതും വലുപ്പത്തിനനുസരിച്ച് തിരിഞ്ഞു വച്ചിരിക്കുന്നു. അതിനനുസരിച്ചാണ് ആവശ്യക്കാരനോട് വില ഈടാക്കുന്നത്. പാളയം, ചാല ചന്തകളിലെ സാധനങ്ങളുടെ വിലകള്‍ തമ്മില്‍ വലിയ തോതിലുള്ള അന്തരമുണ്ട്. ഒരേ സാധനങ്ങളുടെ വിലയിലാണ് ഈ മാറ്റം.

ഓണമെത്തിയപ്പോൾ കൊള്ളലാഭം കൊയ്തു കച്ചവടക്കാര്‍

തിരുവനന്തപുരം: ഓണത്തിന് പഴവും പച്ചക്കറിയും വാങ്ങാന്‍ പോകുന്ന തിരുവനന്തപുരത്തുകാര്‍ പാളയം ചന്തയിലെത്തിയാല്‍ ഒന്ന് ശങ്കിക്കും. സാധനങ്ങള്‍ക്കൊന്നും കൃത്യമായ വിലയില്ല. ഒരേ സാധനത്തിനുതന്നെ പല വില. അതും വലുപ്പത്തിനനുസരിച്ച് തരംതിരിച്ചു വെച്ചിരിക്കുന്നു. അതിനനുസരിച്ചാണ് വില ഈടാക്കുന്നത്. പാളയം, ചാല ചന്തകളിലെ സാധനങ്ങളുടെ വിലകള്‍ തമ്മില്‍ വലിയ തോതിലുള്ള അന്തരമുണ്ട്. ഒരേ സാധനങ്ങളുടെ വിലയിലാണ് ഈ മാറ്റം.

പാളയം ചന്തയില്‍ ക്യാരറ്റിന് ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് വില ഈടാക്കുന്നത്. കിലോയ്ക്ക് 20 മുതല്‍ 70 രൂപവരെയാണ് വില. ചേമ്പ് ചെറുതിന് കിലോയ്ക്ക് 35, വലുതിന് 80, എന്നിങ്ങനെ പോകുന്നു വിലയിലുള്ള മാറ്റം. പച്ചക്കറിയുടെ നിലവാരത്തിനനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നാണ് കച്ചവടക്കാരുടെ വാദം. എന്നാല്‍ ഒരേ സാധനം തന്നെ വലുപ്പത്തിനനുസരിച്ച് തരംതിരിക്കുമ്പോള്‍ കൊള്ളലാഭം കൊയ്യാനുള്ള സാഹചര്യമാണ് കച്ചവടക്കാരന് തുറന്നുകിട്ടുന്നത്.


പച്ചക്കറിയുടെ വിലയില്‍ മാത്രമല്ല അവശ്യ സാധനങ്ങളായ അരി, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളുടെ വിലയിലുമുണ്ട് ഈ മാറ്റം. മട്ടയരിക്ക് പാളയം ചന്തയില്‍ കിലോയ്ക്ക് 42 രൂപയാണെങ്കില്‍ ചാലയില്‍ 38 രൂപ മുതല്‍ 50 രൂപവരെയാണ് വില. ഒരേ പട്ടണത്തിലെ രണ്ട് ചന്തകളിലാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. ചെറുപയറിന് 85 രൂപയാണ് പാളയം ചന്തയിലെങ്കില്‍ ചാലയില്‍ 70 മുതല്‍ 76 രൂപവരെയാണ്. പാളയം ചന്തയില്‍ ബീന്‍സിന്റെ വിലയിലുമുണ്ട് മാറ്റം 30 മുതല്‍ 60 രൂപവരെയാണ് നല്‍കേണ്ട വില. ഓണം അടുത്തതോടെ ഏത്തക്കായയ്ക്ക് വിലയേറിയിരിക്കുകയാണ്. കറിക്കായയ്ക്ക് 30 വിലയുള്ളപ്പോള്‍ ഏത്തക്കായയ്ക്ക് കിലോയ്ക്ക് 55 രൂപയാണ് ഇപ്പോഴത്തെ വില. ഞാലിപ്പൂവന് കിലോയ്ക്ക് 70 രൂപയാണ് വില.

കച്ചവടക്കാരുടെ കെടുകാര്യസ്ഥത ഇത്തവണ ഓണത്തിന് മങ്ങലേല്‍പ്പിക്കാനിടയുണ്ട്. പച്ചക്കറികളുടെ വിലയിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്പന്നത്തിന്റെ നിലവാരത്തിനനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നായിരുന്നു കച്ചവടക്കാരുടെ മറുപടി. എന്നാല്‍ മറ്റ് അവശ്യ സാധനങ്ങളുടെ വിലയിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയില്ല.

2016 ജനുവരിയിലെ കണക്കു പ്രകാരം അവശ്യ സാധനങ്ങളുടെ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് പച്ചക്കറി ഉത്പാദനം കൂടിയതോടെ പച്ചക്കറി വില താഴുകയാണുണ്ടായത്. എന്നാല്‍ അവശ്യ സാധനങ്ങളുടെ വില കച്ചവടക്കാര്‍ നേരിട്ട് നിശ്ചയിക്കുന്ന സ്ഥിതിയെത്തിയതോടെ തിരുവനന്തപുരത്തുകാര്‍ക്ക് ഇത്തവണത്തെ ഓണാഘോഷം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറി ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വില്‍ക്കുന്നതിനാല്‍ ചെറുകിട കച്ചവടക്കാര്‍ തോന്നുന്ന വിലയ്ക്കാണ് പച്ചക്കറി വില്‍ക്കുന്നത്.

ഇത്തവണ ഓണം ലക്ഷ്യമാക്കി 1,464 ഓണചന്തകള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുറക്കുന്നുണ്ട്. കൂടാതെ സിപിഐ(എം)ന്റെ നേതൃത്വത്തിലുള്ള പച്ചക്കറി ചന്തകള്‍ കൂടി തുറക്കുന്നതോടെ പച്ചക്കറിയുടെ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കുറി ഇതര സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറി ഇറക്കുമതി ചെയ്യുന്നതില്‍ ഗണ്ണ്യമായ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം കൂടിയിട്ടുള്ളതിനാല്‍ ഇത്തവണ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിയുടെ ഇറക്കുമതിയില്‍ കുറവുണ്ടായിട്ടുണ്ട്.

Read More >>