നട്ടെല്ല് തല്ലിതകര്‍ത്തിട്ടും സുരേഷിനെ പൊലീസ് വെറുതെ വിടുന്നില്ല: കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദവും ഭീഷണിയും; മൂന്നാംമുറ പാടില്ലെന്ന നിലപാട് എടുത്ത പിണറായി സര്‍ക്കാരിന് മൗനം

ഇടക്കൊച്ചി സ്വദേശി കേളമംഗലം വീട്ടില്‍ സുരേഷിനെ(49) എഴുന്നേല്‍ക്കാന്‍ കഴിയാത്ത പരുവത്തില്‍ നട്ടെല്ല് തല്ലിതകര്‍ത്തിട്ടും ആ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയേയും സ്ഥലം എംഎല്‍എ എം സ്വരാജിനെയും രാഷ്ട്രീയ നേതാക്കളേയും കണ്ട് സുരേഷിന്റെ ഭാര്യ മിനി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമുണ്ടായില്ല.

നട്ടെല്ല് തല്ലിതകര്‍ത്തിട്ടും സുരേഷിനെ പൊലീസ് വെറുതെ വിടുന്നില്ല: കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദവും ഭീഷണിയും; മൂന്നാംമുറ പാടില്ലെന്ന നിലപാട് എടുത്ത പിണറായി സര്‍ക്കാരിന് മൗനം

''അക്രമാസക്തരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ്. മനുഷ്യത്വവും കാര്യക്ഷമതയും പൊലീസ് സേനയുടെ മുഖമുദ്രയാകണം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഭയം തോന്നുന്ന മാനസികാവസ്ഥയല്ല, സംരക്ഷണം നല്‍കുകയും ആശ്വാസം നല്‍കുകയും ചെയ്യുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.''- മുഖ്യമന്ത്രി പിണറായി വിജയന്‍


മൂന്നാം മുറയ്ക്കെതിരെയുള്ള പിണറായി വിജയന്റെ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നെങ്കിലും മൂന്നാംമുറ നിര്‍ത്താന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. ഇടക്കൊച്ചി സ്വദേശി കേളമംഗലം വീട്ടില്‍ സുരേഷിനെ(46) എഴുന്നേല്‍ക്കാന്‍ കഴിയാത്ത പരുവത്തില്‍ നട്ടെല്ല് തല്ലിതകര്‍ത്തിട്ടും ആ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയേയും സ്ഥലം എംഎല്‍എ എം സ്വരാജിനെയും രാഷ്ട്രീയ നേതാക്കളേയും കണ്ട് സുരേഷിന്റെ ഭാര്യ മിനി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമുണ്ടായില്ല. കേസില്‍ നിന്ന് പിന്മാറാന്‍ സുരേഷിനുമേല്‍ പൊലീസിന്റെ ഭീഷണിയും സമ്മര്‍ദ്ദവും മാനസിക പീഡനവും വേറെ. സുരേഷിന്റെ ചികിത്സ പോലും നിഷേധിക്കുന്ന നിലപാടാണ് പൊലീസിന്.

2016 ജൂലൈ ഒന്നാം തീയതി സുരേഷിന്റെ ജീവിതത്തിലെ കറുത്ത വെളളിയാഴ്ചയായിരുന്നു. വില്ലിങ്ങ് ടണ്‍ ഐലന്റന്റ് പോര്‍ട്ട് ട്രസ്റ്റ് സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന സുരേഷ് സ്‌കൂള്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകുന്ന വഴിയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ആറു വയസുകാരനെ സ്‌കൂള്‍ ബസില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം എസ്‌ഐമാരായ ജോസഫ് സാജനും പ്രകാശനും മര്‍ദ്ദിക്കുകയും തല ഇരുകാലുകള്‍ക്കും ഇടയിലൂടെ പുറകോട്ട് വച്ച് കുനിച്ച് നിര്‍ത്തിയ ശേഷം പുറത്ത് മുട്ടുകൈ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും സുരേഷ് പറയുന്നു. മര്‍ദ്ദനത്തില്‍ സുരേഷിന്റെ നട്ടെല്ലിന്റെ രണ്ട് കശേരുക്കളും തകര്‍ന്നു. സംഭവത്തില്‍ രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.

മാമഗലം സ്വദേശിയുടെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്‌കൂളില്‍ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് സുരേഷ് പറയുന്നു.

"വെറും 12 ദിവസമായുളളു ആ കുട്ടി എന്റെ വണ്ടിയില്‍ വരാന്‍ തുടങ്ങിയിട്ട്. ആറു ദിവസം ഞാനും ആറു ദിവസം വേറോരു ഡ്രൈവറുമാണ് വണ്ടി ഓടിച്ചിരുന്നത്. ഞാന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അവര്‍ പറയുന്നത്. നീ നിന്റെ ഭാര്യയോടും ഇപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസുകാര്‍ എന്നോട് ചോദിച്ചത്".

കുട്ടിയുടെ പിതാവുമായുണ്ടായ തര്‍ക്കത്തിന് കൂട്ടുകാരനായ രാജീവ് എന്ന പൊലീസുകാരനുമായി ചേര്‍ന്ന് അവര്‍ മനപൂര്‍വ്വം കുടുക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് അഭിഷേകനെന്ന് സുരേഷിന്റെ ഭാര്യ മിനി ആരോപിക്കുന്നു. ഒരു പൊലീസുകാരനുമായി സൗഹൃദമുണ്ടെങ്കില്‍ ആരെ വേണമെങ്കിലും കേസില്‍ കുടുക്കാമെന്ന നിലയാണ് ഇവിടെയുളളതെന്നും മിനി പറയുന്നു.

"സ്റ്റേഷനില്‍ വച്ച് ക്രൂരമായി എന്നെ അവര്‍ മര്‍ദ്ദിച്ചു. രാവിലെ കസ്റ്റഡിയില്‍ എടുത്ത എന്നെ വൈകുന്നേരം ഭാര്യ എത്തിയതോടെയാണ് സെല്ലില്‍ നിന്ന് പുറത്തിറക്കിയത്. ഒരു വക്കീലിനെ ഞങ്ങള്‍ കേസ് വാദിക്കാന്‍ എല്‍പ്പിച്ചിരുന്നു. കേസ് കോടതിയില്‍ വന്നിട്ടില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്കു ലഭിച്ചത്. ആലുവ കോടതിയിലും സെഷന്‍സ് കോടതിയും ചെന്ന് അന്വേഷിച്ചിരുന്നു. കേസ് ആ നാളുകളില്‍ അവിടെയൊന്നും എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്."

സംഗതി വിവാദമായതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് പല തവണ ശ്രമിച്ചതായും ഇവര് പറയുന്നു. പോസ്‌കോ പ്രകാരമുളള കേസ് ആണിതെന്നും മാധ്യമങ്ങള്‍ അറിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കുമെന്നും ഇരുചെവിയറിയാതെ കേസ് ഒത്തു തീര്‍പ്പാക്കാമെന്നുമാണ് എസ്‌ഐ പ്രകാശന്‍ പറഞ്ഞത്.  സുരേഷ് പറയുന്നു.

മുഖ്യമന്ത്രി നിവേദനം വാങ്ങി വെച്ചതല്ലാതെ മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. സ്ഥലം എംഎല്‍എ എം സ്വരാജിനെ നേരില്‍ പോയി ഭാര്യയും ബന്ധുക്കളും കണ്ടുവെങ്കിലും യാതോരു തരത്തിലുളള ആശ്വാസവും ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കിയതാണ് ആകെയുണ്ടായ പുരോഗതി. എഫ്‌ഐആറില്‍ പല തവണ തിരുത്തുണ്ടായതായും ഇവര്‍ പരാതിപ്പെടുന്നു. സുരേഷ് നീലചിത്രം കുട്ടികളെ മൊബൈലില്‍ കാണിച്ച് 50 രൂപ ഈടാക്കുന്നുവെന്ന് വരെ അവര്‍ എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തു. കളമശേരിയിലെ ചങ്ങമ്പുഴ നഗറില്‍ വണ്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യപരാമര്‍ശമെങ്കിലും ആ ഭാഗത്തേക്ക് സ്‌കൂള്‍ ബസിന് റൂട്ടില്ലെന്ന് മനസിലായതോടെ ഇടപ്പളളി പളളിയുടെ മുന്‍വശത്ത് എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്ന് തിരുത്തിയെഴുതിയെന്നും ഇവര്‍ ആരോപിക്കുന്നു.

പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റതിനു ശേഷം മൂന്ന് മാസമായി തുടര്‍ച്ചയായി ചികിത്സയിലാണ്. ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍. ചികിത്സിക്കുന്ന ആശുപത്രികളില്‍ പൊലീസെത്തി ഭീഷണിപ്പെടുത്തുന്നതും ഡോകര്‍മാരെ സ്വാധീനിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതും പതിവാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

പൊലീസിന്റെ സ്വാധീനം ഉപയോഗിച്ച് പൊലീസ് മര്‍ദ്ദിച്ചുവെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. കേസ് അന്വേഷിച്ച മട്ടാഞ്ചേരി അസി. കമ്മീഷണര്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സുരേഷും ഭാര്യയും ആരോപിക്കുന്നു. രണ്ടു വട്ടം മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടു. പൊലീസ് തന്നെ പ്രതിയാകുന്ന കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന നിലപാടാണ് ഇവര്‍ക്ക്. സംഭവത്തില്‍ ഒരു ജനകീയ സമിതി രൂപികരിച്ചിരുന്നു. ഓണത്തിന് ഈ സമിതിയുടെ കീഴില്‍ ഉപവാസം സമരം നടത്തിയിരുന്നു. സുരേഷിന് നീതി ലഭിക്കാന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിലേക്കും ഉപരോധം സംഘടിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

Read More >>