ജിഷ വധം: അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും

ലൈംഗിക വൈകൃത സ്വഭാവമുള്ള പ്രതി അമീറുള്‍ ഇസ്ലാം ജിഷയെ ബലാത്സംഗം ചെയ്യുന്നതിനിടെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്.

ജിഷ വധം: അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

ലൈംഗിക വൈകൃത സ്വഭാവമുള്ള പ്രതി അമീറുള്‍ ഇസ്ലാം ജിഷയെ ബലാത്സംഗം ചെയ്യുന്നതിനിടെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്. ആരുമില്ലെന്നു ഉറപ്പാക്കിയ ശേഷം വീട്ടിലെത്തിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ജിഷ എതിര്‍ത്തപ്പോള്‍ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മരണ വെപ്രാളത്തില്‍ വെള്ളം ചോദിച്ച ജിഷയ്ക്ക് പ്രതി മദ്യം നല്‍കി. ജിഷ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്.


അമീര്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരാണ്. അമീറിന്റെ സുഹൃത്തിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെടുന്നത്. ജൂണ്‍ 16നാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്.