മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ് പ്രചാരണം നടത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍

മറ്റൊരു വാട്സാപ്പ് സന്ദേശം 'ശബരിമല അയ്യപ്പനോട് മുഖ്യമന്ത്രി പ്രവർത്തിസമയം കൂട്ടാൻ ആവശ്യപ്പെട്ടു' എന്നാണ് ആരംഭിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ് പ്രചാരണം നടത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സ് ആപ് ഗ്രൂപ്പില്‍ പ്രചാരണം നടത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനിലെ അസ്കറിനെയാണ് ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്പെന്‍ഡ് ചെയ്തത്. ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അടങ്ങിയ 'സഹപ്രവർത്തകർ' എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അസ്‌കർ പ്രചരിപ്പിച്ചത്.

Untitled-3

cm1

പ്രവൃത്തിദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് അസ്കര്‍ വിവാദമാക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഓഫീസുകളിലെ ഓണാഘോഷം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നതുൾപ്പെടെ തെറ്റായ വിവരങ്ങൾ അടങ്ങിയ സന്ദേശത്തിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങളും ഉണ്ട്. ഒരു മലയാളി മുഖ്യമന്ത്രിക്കയക്കുന്ന കത്ത് എന്ന രീതിയിലാണ് സന്ദേശം.


മറ്റൊരു വാട്സാപ്പ് സന്ദേശം 'ശബരിമല അയ്യപ്പനോട് മുഖ്യമന്ത്രി പ്രവർത്തിസമയം കൂട്ടാൻ ആവശ്യപ്പെട്ടു' എന്നാണ് ആരംഭിക്കുന്നത്. ഈ സന്ദേശത്തിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത പരാമർശങ്ങൾ ആണ് ഉള്ളത്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യപ്പനോട് മുഖ്യമന്ത്രി ഷർട്ട് എടുത്തിടാൻ ആവശ്യപ്പെട്ടെന്നും ശബരിമലയിൽ ഇനി പ്രസാദമായി ബീഫ് ചില്ലി നൽകും എന്നുമൊക്കെയാണ് പരാമർശങ്ങൾ.

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അസ്‌കർ നടത്തിയത് ചട്ടവിരുദ്ധമായ പ്രവൃത്തിയാണെന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തന്നെ ആരോപണം ഉന്നയിച്ചതോടെ സംഭവം പുറത്തറിഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അസ്കറിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി പി പി സദാനന്ദന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More >>