പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സുരേഷിനെ അറസ്റ്റ് ചെയ്തു

പൊലീസ് മര്‍ദ്ദത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്‌കൂള്‍ ഡ്രൈവര്‍ ഇടക്കൊച്ചി സ്വദേശി കേളമംഗലം വീട്ടില്‍ സുരേഷിനെ(46) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സുരേഷിനെ അറസ്റ്റ് ചെയ്തു

കൊച്ചി: പൊലീസ് മര്‍ദ്ദത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്‌കൂള്‍ ഡ്രൈവര്‍ ഇടക്കൊച്ചി സ്വദേശി കേളമംഗലം വീട്ടില്‍ സുരേഷിന്റെ(46) അറസ്റ്റ് എളമക്കര പൊലീസ് രേഖപ്പെടുത്തി. വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കഴിയുന്ന സുരേഷിനെ ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2016 ജൂലൈ ഒന്നാം തീയതി പൊലീസ് കസ്റ്റഡിയില്‍ എടുത്ത സുരേഷിന്റെ അറസ്റ്റ് ഇതു വരെ രേഖപ്പെടുത്തിയിരുന്നില്ല.


കളമശേരി സിഐ ജയകൃഷ്ണന്‍, എളമക്കര എസ്ഐ ദിലീപ് കുമാര്‍ എന്നിവരും ആലുവ കോടതിയിലെ മജിസ്ട്രേറ്റും സംഘത്തില്‍ ഉണ്ടായിരുന്നു. സുരേഷിനെ ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ചതിനു ശേഷം വൈദ്യപരിശോധന നടത്തുകയും പിന്നീട് കച്ചേരിപ്പടിയിലെ ആശുപത്രിയില്‍  തിരികെയെത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ തന്നെ റിമാന്‍ഡില്‍ കഴിയാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. നീരിക്ഷണത്തിന് രണ്ട് പൊലീസുകാരെയും നിര്‍ത്തിയിട്ടുണ്ട്.

വില്ലിങ്ങ് ടണ്‍ ഐലന്റ് പോര്‍ട്ട് ട്രസ്റ്റ് സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന സുരേഷ് 2016 ജൂലൈ ഒന്നാം തീയതി സ്‌കൂള്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകുന്ന വഴിയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ആറു വയസുകാരനെ സ്‌കൂള്‍ ബസില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുരേഷും കുടുംബവും ആരോപിച്ചു.

ഹാര്‍ബര്‍ സ്റ്റേഷനിലെ എസ്ഐമാരായ ജോസഫ് സാജന്റെയും പ്രകാശന്റെയും ക്രൂര മര്‍ദ്ദനത്തില്‍  സുരേഷിന്റെ നട്ടെല്ലിന്റെ രണ്ട് കശേരുക്കളും തകര്‍ന്നിരുന്നു. സംഭവത്തില്‍ രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പൊലീസ് മര്‍ദ്ദിച്ചുവെന്ന കേസ് പിന്‍വലിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായും ചികിത്സ നിഷേധിക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ചികിത്സിക്കുന്ന ആശുപത്രികളില്‍ പൊലീസെത്തി ഭീഷണിപ്പെടുത്തുന്നതും ഡോകര്‍മാരെ സ്വാധീനിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതും പതിവാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

പൊലീസിന്റെ സ്വാധീനം ഉപയോഗിച്ച് പൊലീസ് മര്‍ദ്ദിച്ചുവെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. കേസ് അന്വേഷിച്ച മട്ടാഞ്ചേരി അസി. കമ്മീഷണര്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സുരേഷും ഭാര്യയും ആരോപിക്കുന്നു. രണ്ടു വട്ടം മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടു. പൊലീസ് തന്നെ പ്രതിയാകുന്ന കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന നിലപാടാണ് ഇവര്‍ക്ക്.

Read More >>