സമസ്ത വെട്ടിയ പികെ ഫിറോസ് യൂത്ത് ലീഗിന്റെ പ്രസിഡണ്ടാകുമോ?

സംഘടനാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ ശേഷിക്കെയാണ് പികെ ഫിറോസിന്റെ നറുക്ക് കീറിയത്. മത്സരിക്കില്ലെന്ന് ഫിറോസ് തീരുമാനിച്ചാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നജീബ് കാന്തപുരമാവും അടുത്ത പ്രസിഡണ്ട്.

സമസ്ത വെട്ടിയ പികെ ഫിറോസ് യൂത്ത് ലീഗിന്റെ പ്രസിഡണ്ടാകുമോ?

കോഴിക്കോട്: സംസ്ഥാന യൂത്ത് ലീഗിലെ ഏറ്റവും പ്രഗത്ഭനായ നേതാവായി ഉയര്‍ന്ന മുന്‍ എംഎസ്എഫ് പ്രസിഡണ്ട് പികെ ഫിറോസിനെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടാക്കില്ല. സമസ്തയുടെ എതിര്‍പ്പ് പരിഗണിച്ച്, പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ഫിറോസിനോട് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ് നേതൃത്വം ധാരണയിലെത്തി.

മത്സരിക്കില്ലെന്ന് ഫിറോസ് തീരുമാനിച്ചാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നജീബ് കാന്തപുരമാവും അടുത്ത പ്രസിഡണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ ശേഷിക്കെയാണ് പികെ ഫിറോസിന്റെ നറുക്ക് കീറിയത്.


പൊതു സ്വീകാര്യനായ യുവനേതാവ്

യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ഫിറോസ് ചുരുങ്ങിയ കാലം കൊണ്ട് സംഘടനയില്‍ ഉയര്‍ന്ന പദവികള്‍ നേടിയ നേതാവാണ്.  എംജി സര്‍വകലാശാലയില്‍ യുഡിഎഫ് പ്രതിനിധിയായ സിണ്ടിക്കേറ്റംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെടി ജലീലിനു ശേഷം ഇത്രയും പൊതു സ്വീകാര്യതയുള്ള നേതാക്കള്‍ സംസ്ഥാന യൂത്ത് ലീഗിന് അധികമുണ്ടായിട്ടില്ല. ജലീലിനെപ്പോലെത്തന്നെ സ്വതന്ത്രമായ അഭിപ്രായങ്ങളാണ് ഫിറോസിനെയും അനഭിമതനാക്കുന്നത്.

ഫിറോസിനെ ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് മുസ്ലിംലീഗിന്റെ ആത്മീയ നേതൃത്വം കയ്യാളുന്ന സമസ്തയെന്ന ഇകെ സുന്നി വിഭാഗവും!

വിനയായത് 'ഫെമിനിസ്റ്റ്' നിലപാടുകള്‍

സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്വീകരിച്ച ചില നിലപാടുകളാണ് സമസ്തക്ക് ഫിറോസിനോടുള്ള എതിര്‍പ്പിനു പിന്നിലെന്ന് സംഘടനയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണമെന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് ഫിറോസ് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു. സമസ്ത നേതൃത്വത്തില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് അന്ന് വഴിയൊരുക്കി.

മദ്രസയിലെ ഉസ്താദില്‍ നിന്നുള്ള പീഡനാനുഭവങ്ങള്‍ മാധ്യമം പത്രത്തിലെ വിപി റജീന തുറന്നെഴുതിയത് വിവാദമായപ്പോഴും ഫിറോസ് ഇകെ സുന്നി വിഭാഗത്തിന്റെ ഔദ്യോഗിക സമീപനങ്ങളെ തുറന്നെതിര്‍ത്തു. മുസ്ലിംലീഗ് നേതൃത്വത്തില്‍ നിന്ന് വിപി റജീന ഉയര്‍ത്തിയ പ്രശ്‌നങ്ങളോട് ഇത്ര അനുഭാവപൂര്‍വം മറ്റധികം നേതാക്കള്‍ അന്ന് നിലപാടെടുത്തിരുന്നില്ല.

ആദ്യവെട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫിറോസിനെ മത്സരിപ്പിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. അന്നാണ് സമസ്തയുടെ എതിര്‍പ്പിന്റെ മൂര്‍ച്ച ഫിറോസ് അറിഞ്ഞത്.

സംഘടനയില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടി അനുഗ്രഹാശിസ്സോടെ ഉയര്‍ന്നുവന്ന ഫിറോസ് അവസാനവട്ട മത്സരപ്പട്ടികയില്‍ ഉണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ പേര് വെട്ടപ്പെട്ടു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സമസ്തയുടെ ഇടപെടലാണ് ഇതിനു കാരണമായതെന്ന് യൂത്ത് ലീഗ് നേതൃത്വത്തില്‍ ഫിറോസിനെ പിന്തുണക്കുന്നവര്‍ വിശ്വസിക്കുന്നു.

കാന്തപുരത്തോട് ചായ്‌വ്

ഫിറോസ് കാന്തപുരം അനുകൂലിയാണെന്ന വിമര്‍ശനം ഒരു പക്ഷം ഉന്നയിക്കുന്നുണ്ട്. ഇത് കെടി ജലീലിനെയും മറ്റും ചെയ്ത പോലെ ഫിറോസിനെ സംഘടനയില്‍നിന്ന് പുകച്ചുചാടിക്കാനുള്ള ദുരാരോപണമാണെന്ന് ഫിറോസനുകൂലികള്‍ പറയുന്നു.

കാന്തപുരവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും പികെ ഫിറോസ് 'നാരദ ന്യൂസി' നോട് പറഞ്ഞു.

ഫിറോസിനെ ഒതുക്കുക ഇങ്ങനെ

പികെ ഫിറോസിന്റെ വിവിധ ശേഷികള്‍ കണക്കിലെടുത്ത് കേന്ദ്ര നേതൃത്വമാണ് കൂടുതല്‍ ഇണങ്ങുക എന്നൊരു വാദമാണ് യൂത്ത് ലീഗ് കമ്മറ്റിയില്‍ മുമ്പോട്ടുവക്കാന്‍ ലീഗ് നേതൃത്വം ആലോചിക്കുന്നത്.

എന്നാല്‍, ഈ വാദം എത്രമാത്രം സ്വീകരിക്കപ്പെടുമെന്ന് വ്യക്തമല്ല. ഫിറോസിനെ യൂത്ത് ലീഗ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിയമിച്ചപ്പോള്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് മുസ്ലിംലീഗ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തിയിരുന്നു.

മുമ്പ് ഇങ്ങനെ 'കേന്ദ്ര നേതൃത്വത്തിലേക്ക് അയക്കപ്പെട്ടവര്‍' ഒതുക്കപ്പെട്ടവര്‍ കൂടിയായിരുന്നുവെന്ന് ഇപ്പോഴുണ്ടാക്കിയ ധാരണയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇ ടി. മുഹമ്മദ് ബഷീറിന്റെ ഉദാഹരണം അതില്‍ അവസാനത്തേതായി അവര്‍ എടുത്തുകാട്ടുന്നു.

നജീബിന്റെ പ്ലസ് മാര്‍ക്കുകള്‍

കാന്തപുരം വിഭാഗവുമായുള്ള  ബന്ധമാണ് ഫിറോസിനെതിരായ മുഖ്യ ആരോപണമെങ്കില്‍, നജീബ് കാന്തപുരത്തിന് മുഖ്യ പ്ലസ് മാര്‍ക്ക് ഇകെ സുന്നി വിഭാഗവുമായി നിലനിര്‍ത്തുന്ന ദൃഢബന്ധമാണ്. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി എന്ന് സംഘടനയിലുള്ളവര്‍ വിശ്വസിക്കുന്നതും നജീബ് കാന്തപുരത്തെയാണ്. ഫിറോസിനെ പിന്തള്ളി പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് വരുമെന്ന് കരുതുന്നവര്‍ ഉറപ്പിനു പറയുന്നത് ഈ ന്യായങ്ങളാണ്.

എന്നാല്‍, കുഞ്ഞാലിക്കുട്ടിയുമായുള്ള നജീബ് കാന്തപുരത്തിനുണ്ടെന്നു പറയുന്ന അടുപ്പം പെരുപ്പിച്ചു പ്രചരിപ്പിക്കുന്നതാണെന്ന് നജീബിന്റെ എതിരാളികള്‍ പറയുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമാണ് നജീബ്.

സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പികെ ഫിറോസിനുള്ള ജനപ്രിയത കുഞ്ഞാലിക്കുട്ടി സംഘടനയുടെ മുതല്‍ക്കൂട്ടാക്കുമെന്നും ഇവര്‍ ഇപ്പോഴും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

മത്സരം നടന്നാല്‍ കടുത്തതാവും

പികെ ഫിറോസിനെയും നജീബ് കാന്തപുരത്തെയും ഒരുപോലെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഈ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരം കടുത്തതാവും.

കെപിഎ മജീദോ എംകെ മുനീറോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ അന്തിമ തീരുമാനം കുഞ്ഞാലിക്കുട്ടിയുടേത് തന്നെയായിരിക്കും.

അഞ്ചുവര്‍ഷത്തിനിടെയുള്ള പുനഃസംഘടന

പ്രായപരിധി കഴിഞ്ഞതിനാല്‍ ഇപ്പോള്‍ സംസ്ഥാന  സമിതിയിലുള്ള  പികെ ഫിറോസും എംഎ സമദും ഒഴികെ മറ്റെല്ലാവരും പുറത്താകും. മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിനിടെ പുന:സംഘടന നടന്നിട്ടില്ല.

സംഘടനയുടെ ഭരണഘടനയനുസരിച്ച് നാല് വൈസ് പ്രസിഡന്റുമാരും നാല് ജോയിന്റ് സെക്രട്ടറിമാരുമുണ്ടാകും. എന്നാല്‍ ഈ സ്ഥാനങ്ങളില്‍ ഒമ്പതു വീതം ആളുകള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഇതെല്ലാം ഉടച്ചുവാര്‍ക്കുകയാണ് ലക്ഷ്യം.

Read More >>