പിണറായിയുടെ ദി ഹിന്ദു ലേഖനം; പരാജയപ്പെട്ട പബ്ലിസിറ്റി തന്ത്രം

മുപ്പതു കൊല്ലത്തെ മാരത്തോൺ ഭരണം പശ്ചിമ ബംഗാളിനു നൽകിയതെന്ത് എന്ന ചോദ്യത്തിന്റെ പ്രതിദ്ധ്വനി ഇനിയും കെട്ടടങ്ങാത്തതുകൊണ്ട്, പിണറായിയുടെ ഭരണത്തെ ഏറെ പ്രതീക്ഷയോടെ വീക്ഷിക്കുന്ന ദേശീയ മാധ്യമങ്ങളുണ്ട്. പിണറായിയിൽ ആരോപിക്കപ്പെടുന്ന മോഡി ശൈലിയും അദ്ദേഹത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.

പിണറായിയുടെ ദി ഹിന്ദു ലേഖനം; പരാജയപ്പെട്ട പബ്ലിസിറ്റി തന്ത്രം

തെരഞ്ഞെടുപ്പു ദിവസം ഏതാണ്ടെല്ലാ പത്രങ്ങളുടെയും ഒന്നാംപേജുകളെ ചുവപ്പിൽ കുളിപ്പിച്ച് ദേശീയ മാധ്യമങ്ങളെയടക്കം ഞെട്ടിച്ച പിണറായി വിജയന് ദി ഹിന്ദുവിലെ നൂറാം ദിവസ ലേഖനത്തിൽ പക്ഷേ, പിഴച്ചു. ആയിരത്തിൽ താഴെ സർക്കുലേഷനുളള പാർടി താത്ത്വിക പ്രസിദ്ധീകരണമായ ചിന്താ വാരികയിലെ സ്ഥിരം ശൈലിയെ ഇംഗ്ലീഷിലേയ്ക്കു കടമെടുക്കാനുളള ബുദ്ധി ഉപദേശിച്ചത് ഏതു മാധ്യമ ഉപദേശകനായാലും പാളിപ്പോയി എന്നു പറയാതെ വയ്യ. അറുബോറൻ ലേഖനമായിരുന്നു സെപ്തംബർ 13ന് ദി ഹിന്ദു, പിണറായിയുടെ പേരിൽ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചത്.


മുപ്പതു കൊല്ലത്തെ മാരത്തോൺ ഭരണം പശ്ചിമ ബംഗാളിനു നൽകിയതെന്ത് എന്ന ചോദ്യത്തിന്റെ പ്രതിദ്ധ്വനി ഇനിയും കെട്ടടങ്ങാത്തതുകൊണ്ട്, പിണറായിയുടെ ഭരണത്തെ ഏറെ പ്രതീക്ഷയോടെ വീക്ഷിക്കുന്ന ദേശീയ മാധ്യമങ്ങളുണ്ട്. പിണറായിയിൽ ആരോപിക്കപ്പെടുന്ന മോഡി ശൈലിയും അദ്ദേഹത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. പക്ഷേ, പിണറായി സർക്കാരിന്റെ വികസന പദ്ധതികളെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെ ഹിന്ദുവിന്റെ എഡിറ്റ്പേജു ലേഖനമെന്ന പബ്ലിക് റിലേഷൻസ് തന്ത്രം നിരാശരാക്കി.

[caption id="attachment_43700" align="aligncenter" width="640"]pinarayi-the-hindu പിണറായിയുടെ ദി ഹിന്ദു ലേഖനത്തിൽ നിന്ന്[/caption]

സിപിഎം നേതാക്കളുടെ പതിവു ശൈലി തന്നെയാണ് ഈ ലേഖനത്തിലും ഉപയോഗിച്ചിരിക്കുന്നത്. ജിജ്ഞാസയും കൌതുകവും ജനിപ്പിക്കാത്ത, ഒട്ടുമേ പാരായണക്ഷമമല്ലാത്ത വിരസമായ ശൈലി. പതിവുപോലെ സർക്കാർ വരാനിടയായ സാഹചര്യം, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ ജനങ്ങൾക്കുളള എതിർപ്പിന് ആ വിജയത്തിലുളള സ്ഥാനം, പിന്നെ ആഗോളവത്കരണം, സാമൂഹ്യനീതിയെക്കുറിച്ചുളള നെടുങ്കൻ സങ്കൽപങ്ങൾ, ക്ഷേമ പെൻഷനുകളെക്കുറിച്ചുളള സ്ഥിരം അവകാശ വാദങ്ങൾ... ... എന്നിങ്ങനെ ആകെക്കൂടി പാർടി ക്ലാസുകളിലെ ഉദ്ഘാടന പ്രസംഗത്തിന്റെ കെട്ടും മട്ടും.

ഭാവികേരളത്തെ വാർത്തെടുക്കാൻ പ്രാപ്തനായ നേതാവ് എന്നാണ് പിണറായിയെ വാഴ്ത്തുന്നത്. എന്നാൽ ഭാവി കേരളസൃഷ്ടിയ്ക്ക് അദ്ദേഹത്തിന്റെ കൈയിലുളള ഒറ്റമൂലികളോ? 1996ൽ ആരംഭിച്ച കണ്ണൂർ എയർപോർട്ടിന്റെ പൂർത്തീകരണം മുതലുളള പദ്ധതികളും. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലുളളത് 1500 സ്റ്റാർട്ട് അപ്പുകളും 150 കോടി രൂപയും. യഥാർത്ഥത്തിൽ, കേരളം നേരിടുന്ന പ്രശ്നങ്ങളെന്തെന്നോ അവയെങ്ങനെ പരിഹരിക്കുമെന്നോ പിണറായിയുടെ ലേഖനത്തിൽ പ്രതിപാദിക്കുന്നേയില്ല.  പ്രതീക്ഷകളുടെ വൻഭാരം താങ്ങുമ്പോഴും ആധുനിക കേരള സൃഷ്ടിയ്ക്കുളള തന്റെ കാഴ്ചപ്പാട് എന്തെന്നു വിശദീകരിക്കാൻ പിണറായിയ്ക്കു കഴിയുന്നില്ല എന്നിടത്ത് ഈ ലേഖനം പൂർണമായും പരാജയപ്പെടുന്നു.

ആധുനിക സമൂഹത്തോടു സംവദിക്കാൻ കൈയിലുളള കോപ്പുകളൊന്നും പോരെന്നു കണ്ടാണ് ഇക്കുറി വൻതുക മുടക്കി രാഷ്ട്രീയ പ്രചരണം അഡ്വൈർട്ടൈസിംഗ് ഏജൻസികളെ ഏൽപ്പിച്ചത്. അതിന്റെ മെച്ചം തെരഞ്ഞെടുപ്പിലുണ്ടാവുകയും ചെയ്തു. പക്ഷേ, കിട്ടിയ അധികാരം ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരംഭിക്കുന്ന സംവാദം പഴകിദ്രവിച്ച പരമ്പരാഗത ശൈലിയിൽ ആരംഭിക്കാമെന്ന് പിണറായിയെ ഉപദേശിച്ചവർ വലിയൊരു സാധ്യതയാണ് കൊട്ടിയടച്ചത്.

എന്തൊക്കെ എങ്ങനെയാണ് ചെയ്യാൻ പോകുന്നത് എന്നാണ് കേരളത്തിനകത്തും പുറത്തും ഈ സർക്കാരിനെ സാകൂതം വീക്ഷിക്കുന്നവർക്ക് അറിയേണ്ടത്. അവർക്കു കേൾക്കേണ്ടത് സൈദ്ധാന്തിക ക്ലാസുകളല്ല. ലേഖനം നോക്കൂ. പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കിഫ്ബി വഴിയുളള അടിസ്ഥാന സൌകര്യ വികസനം. ഇന്ത്യയ്ക്കു കേരളത്തിന്റെ മാതൃകയെന്നാണ് അവകാശവാദം. ആ വികസന പദ്ധതിയെ പരിചയപ്പെടുത്തുന്നത് ലേഖനത്തിലെ മൂന്നാം പാരഗ്രാഫിന്റെ മധ്യഭാഗത്താണ്. അതും, ലേഖനത്തിലെ ഏറ്റവും ദയനീയമായ വാചകത്തിനു തൊട്ടു മുന്നേ.

ഇതാണ് ആ വാചകം : An ordinance was passed to attract investments outside the budget, of up to Rs.50,000 crore in the next five years for land acquisition, to construct big roads, bridges, industrial parks and to develop IT and tourism. അമ്പതിനായിരം കോടി കേരളത്തിലേയ്ക്ക് ഒഴുക്കാൻ മുട്ടി നിന്നവർ കാത്തിരുന്നത് ഈയൊരൊറ്റ ഓർഡിനൻസായിരുന്നല്ലോ.

കിഫ്ബി വഴി എങ്ങനെയാണ് അമ്പതിനായിരം കോടി കൊണ്ടുവരാൻ പോകുന്നത്? ഹിന്ദു ലേഖനം വഴി കിഫ്ബിയെ പരിചയപ്പെടുന്നവർ ലേഖനത്തിൽ തേടുന്നത് ആ ചോദ്യത്തിന്റെ ഉത്തരമാണ്. പക്ഷേ, തൊട്ടടുത്ത ഖണ്ഡിക ആരംഭിക്കുന്നത് Infrastructure is the backbone of industrial development and a quick and convenient transportation system is an absolute necessity for a modern society എന്ന വാചകത്തിലാണ്. സ്ക്കൂൾ ക്ലാസുകളിലെ നിലവാരമുളള കോമ്പോസിഷനുകളിപ്പോലും ഇക്കാലത്ത് കാണാൻ കഴിയാത്ത വാചകം.

ചിന്താ വാരികയിലെ ലേഖനമെഴുത്തു ശൈലിയിൽ ദേശീയ, ആഗോള സമൂഹങ്ങളെ അഭിസംബോധന ചെയ്തുകളയാമെന്നു കരുതിയത് കടന്ന ബുദ്ധി തന്നെയാണ്.  ദേശീയ മാധ്യമങ്ങളെക്കുറിച്ച് യാതൊരു വീക്ഷണവുമില്ലാതെയാണ് ഈ ലേഖനം തയ്യാറാക്കിയത്.  ഈ ലേഖനം തയ്യാറാക്കിയവർക്ക് ദേശീയ മാധ്യമങ്ങളെക്കുറിച്ച് യാതൊരു വീക്ഷണവുമില്ലെന്ന്  പിണറായി സർക്കാർ അവകാശപ്പെടുന്ന ചടുലതയുടെ തരംഗങ്ങളൊന്നും ഈ ലേഖനം പ്രസരിപ്പിക്കുന്നേയില്ല.

തെരഞ്ഞെടുപ്പു പ്രചരണം മുദ്രാ കമ്മ്യൂണിക്കേഷൻസിനെയും പ്രോജക്ട് കേരളയെയുമൊക്കെ ഏൽപ്പിച്ചവർക്ക് ദേശീയപത്രത്തിലെ ലേഖനങ്ങൾ തയ്യാറാക്കാൻ കറതീർന്ന പ്രൊഫഷണലുകളുടെ സേവനം തരപ്പെടുത്താൻ സൈദ്ധാന്തിക ബുദ്ധിമുട്ടു തോന്നേണ്ട കാര്യമില്ല. പഠന കോൺഗ്രസുകളിലെ സ്ഥിരം പ്രതിനിധികൾക്കപ്പുറം ഒരു ലോകമുണ്ട്. അവരോടു സംവദിക്കാനും അവരിലേയ്ക്കു കാര്യങ്ങളെത്തിക്കാനും വേണ്ട പ്രചരണമികവു കൂടി പിണറായിയ്ക്കു പരീക്ഷിക്കാവുന്നതാണ്. അങ്ങനെയൊരു വീക്ഷണത്തിൽ പരാജയപ്പെട്ട തന്ത്രമാണ് സെപ്തംബർ 13ന്റെ ഹിന്ദു ലേഖനം.

Read More >>