ഇനി പതഞ്‌ജലിയുടെ സ്വദേശി ജീന്‍സും

പതഞ്‌ജലിയുടെ സ്വദേശി ജീന്‍സ് പുറത്തിറങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ, ട്വീറ്ററില്‍ പരിഹാസ ശരങ്ങളും ഉയര്‍ന്നു വന്നു. ആയുര്‍വേദിക്ക് ജീന്‍സ് എങ്ങനെയായിരിക്കും എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തന്നെ ഈ സംരംഭത്തിന് വേണ്ടത്ര പ്രചാരണം നല്‍കുന്നുണ്ട്.

ഇനി പതഞ്‌ജലിയുടെ സ്വദേശി ജീന്‍സും

ജീന്‍സ് വിപണിയില്‍ ഒരു കൈ നോക്കാന്‍ ബാബാ രാംദേവിന്റെ പതഞ്‌ജലി കമ്പനിയും ഒരുങ്ങുന്നു. നിലവില്‍ കമ്പനി വസ്ത്രനിര്‍മ്മാണമേഖലയിലേക്ക് കടന്നിട്ടില്ല.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പരമ്പരാഗതവും നവീനവുമായ വസ്ത്രങ്ങളാണ് കമ്പനി നിര്‍മ്മിക്കുവാന്‍ തയ്യാറെടുക്കുന്നതെന്ന് ബാബാ രാംദേവ് അറിയിച്ചു. പതഞ്‌ജലി ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ്‌ ആയി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കമ്പനിയുടെ ശ്രമം.

'സ്വദേശി' ജീന്‍സുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുവാക്കളില്‍ നിന്നും ഉയര്‍ന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് കമ്പനി ജീന്‍സ് നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. വിദേശ ഉത്പന്നങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള ജീന്‍സാണ്‌ പതഞ്‌ജലി നിര്‍മ്മിക്കുന്നതെന്നും രാംദേവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.


അനുവാദം ലഭിച്ചാല്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഫാക്ടറികള്‍ ആരംഭിക്കുവാന്‍ താന്‍ തയ്യാറാണ്. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പതഞ്‌ജലി ഉത്പന്നങ്ങള്‍ എത്തിക്കുവാന്‍ ആലോചിക്കുന്നത് ബഹുരാഷ്ട്രകമ്പനിയുടെ വികസനതന്ത്രങ്ങളില്‍ ഒന്നു മാത്രമാണ്. നിലവില്‍ നേപ്പാളില്‍ പതഞ്‌ജലിയ്ക്ക് യൂണിറ്റുകളുണ്ട്.

2007ല്‍ പ്രാദേശിക വില്പന ലക്ഷ്യമിട്ട് ആരംഭിച്ച ഒരു ഫാര്‍മസിയില്‍ നിന്നും പതഞ്‌ജലി ബഹുരാഷ്ട്രകമ്പനിയെന്ന മേല്‍വിലാസം സ്വന്തമാക്കുവാനുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം പതഞ്‌ജലിയുടെ വിറ്റു വരവ് 5000 കോടി രൂപയായിരുന്നു. ഡാബര്‍, ഇമാമി തുടങ്ങിയവയെക്കാള്‍ ഉയര്‍ന്ന വിറ്റു വരവാണിത്.

കഴിഞ്ഞ വര്‍ഷം നൂഡില്‍സ് നിര്‍മ്മാണത്തിലേക്ക് കടന്നപ്പോഴാണ് പതഞ്‌ജലി ബിസിനസ്സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്‌. തുടര്‍ന്ന്‍, ആട്ട, തേന്‍ ഇതര ഭക്ഷ്യോത്പന്നങ്ങളുമായി അവര്‍ വിപണിയില്‍ സജീവ സാന്നിധ്യമായി. പിന്നീടു ടോയിലെറ്റ് ഉത്പന്നങ്ങളും പതഞ്‌ജലി പുറത്തിറക്കി.

മുസ്ലിം ജനവിഭാഗം കൂടുതലുള്ള ബംഗ്ലാദേശിലും പതഞ്‌ജലി വ്യാപിപ്പിക്കുമെന്നും, അവിടെ നിന്നും ലഭ്യമാകുന്ന ലാഭം ആ രാജ്യത്തിന്‍റെ വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും രാംദേവ് പറയുന്നു.

ബി.ജെ.പി അധികാരത്തില്‍ എത്തിയതിനാലാണ് പതഞ്‌ജലിയുടെ ഉയര്‍ച്ച ഉണ്ടായതെന്ന ആരോപണത്തെ ബാബാ രാംദേവ് എതിര്‍ത്തു. കഴിഞ്ഞ 20 വര്‍ഷമായി 200ലധികം ശാസ്ത്രജ്ഞന്‍മാരുടെ ശ്രമഫലമാണ് ഈ വിജയം എന്നായിരുന്നു രാംദേവിന്‍റെ മറുപടി.

പതഞ്‌ജലിയുടെ സ്വദേശി ജീന്‍സ് പുറത്തിറങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ, ട്വീറ്ററില്‍ പരിഹാസ ശരങ്ങളും ഉയര്‍ന്നു വന്നു. ആയുര്‍വേദിക്ക് ജീന്‍സ് എങ്ങനെയായിരിക്കും എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തന്നെ ഈ സംരംഭത്തിന് വേണ്ടത്ര പ്രചാരണം നല്‍കുന്നുണ്ട്.